തഫ്സീർ ഇബ്നു കസീര്‍: സ്വീകാര്യതയുടെ പൊരുള്‍
പരിശുദ്ധ ഖുർആനിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ പ്രശസ്തവും പ്രഗത്ഭവുമായ തഫ്സീറുകളിലൊന്നാണ് "തഫ്സീർ ഇമാദിദ്ദീൻ" എന്ന പേരിൽ അറിയപ്പെടുന്ന തഫ്സീർ ഇബ്നി കസീർ. ഹാഫിള് ഇബ്നുകസീര്‍ എന്ന പേരിലറിയപ്പെടുന്ന, ഇമാദുദ്ദീൻ അബുൽ ഫിദാ ഇസ്മാഈലുബ്നു കസീർ ആണ് പ്രസ്തുത ഗ്രന്ഥത്തിന്റെ രചയിതാവ്. വളരെ ചെറുപ്പത്തിൽ തന്നെ ഖുർആൻ മുഴുവൻ ഹൃദ്യസ്ഥമാക്കിയതിനാലാണ് ഹാഫിള് എന്ന പേരിൽ ഇദ്ദേഹം അറിയപ്പെട്ടത്. ഹിജ്റ 701ല്‍ (ക്രി. 1306), ബസ്റയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഇബ്നു കസീർ ജനിക്കുന്നത്.
ഉദ്ധരണികൾ കൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്ന രീതി (التفسير بالمأثور) ആയിരുന്നു മഹാനാവർകൾ സ്വീകരിച്ചിരുന്നത്. അത് കൊണ്ട് തന്നെ, അഭിപ്രായം കൊണ്ട് വ്യാഖ്യാനിക്കുന്നതില്‍ (تفسير بالرأي) കാണുന്നത് പോലെ സ്വന്തം അഭിപ്രായങ്ങളോ യുക്തിചിന്തകളോ അദ്ദേഹത്തിന്റെ തഫ്സീറിൽ കാണാനാവില്ല. ഖുർആനിനെ ഖുർആന്‍ കൊണ്ട് തന്നെ വ്യാഖ്യാനിക്കുക എന്നതിനും അദ്ദേഹം മുന്‍ഗണന നല്കിയിരുന്നു. ഉദാഹരണമായി സൂറത്തുൽ അഹ്‌സാബിലെ 7ആം സൂക്തത്തെ വ്യാഖ്യാനിക്കാന്‍ അദ്ദേഹം അവലംബിക്കുന്നത് സൂറതു ആലുഇംറാനിലെ 81-ാം സൂക്തം കൊണ്ട് തന്നെയാണ്.
Read More: തഫ്‌സീറുകള്‍ വന്ന വഴി
(പ്രവാചകന്‍മാരില്‍ നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധേയമാണ്.) നിന്റെ പക്കല്‍ നിന്നും നൂഹ്, ഇബ്രാഹീം, മൂസാ, മര്‍യമിന്റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും (നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം) ഗൗരവമുള്ള ഒരു കരാറാണ് അവരില്‍ നിന്നെല്ലാം നാം വാങ്ങിയത് - സൂറതുല്‍അഹ്സാബ് -7)
(അല്ലാഹു പ്രവാചകന്‍മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക): ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതന്‍ നിങ്ങളുടെ അടുത്ത് വരികയുമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്. (തുടര്‍ന്ന്) അവന്‍ (അവരോട്) ചോദിച്ചു: നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തില്‍ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ് - സൂറതു ആലു ഇംറാന്‍-81)
ആയത്തുകളെ വ്യാഖ്യാനിക്കാന്‍ രണ്ടാമതായി അദ്ദേഹം അവലംബിച്ചത് ഹദീസുകളെയാണ്. ഉദാഹരണമായി (യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത് തീര്‍ച്ചയായും ചെയ്യാം എന്ന് നീ പറഞ്ഞുപോകരുത്. അല്ലാഹു ഉദ്ദേശിക്കുന്നവെങ്കില്‍ (ചെയ്യാമെന്ന്) അല്ലാതെ, എന്ന് പറയുന്ന സൂറതുല്‍ കഹ്ഫിലെ വചനത്തെ, സുലൈമാന്‍ നബിയുടെ ചരിത്രം വിവരിക്കുന്ന ഹദീസിന്റെ ഭാഗമായ, അവർ ഇൻശാ അല്ലാഹു എന്ന് പറയുകയും വാഗ്ദാനം ലംഘിക്കാതിരിക്കുകയും ചെയ്തുവെങ്കിൽ അവർക്ക് അവരുടെ ആവശ്യം നിറവേറുമായിരുന്നു എന്ന ഭാഗം കൊണ്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നത്.
ഹദീസുകളില്‍ തന്നെ, പ്രവാചകനിലേക്ക് എത്തിച്ചേരുന്നവക്ക് (مرفوع) ഒന്നാം സ്ഥാനവും സ്വഹാബാക്കളിലേക്ക് എത്തിച്ചേരുന്നവക്ക് (موقوف) രണ്ടാം സ്ഥാനവും താബിഉകളിലേക്ക് എത്തിച്ചേരുന്നവക്ക് (مقطوع) മൂന്നാം സ്ഥാനവുമാണ് അദ്ദേഹം നല്കിയിരിക്കുന്നത്. ഹദീസുകൾ ഉദ്ധരിച്ച ഇടങ്ങളിലൊക്കെയും സനദുകളെ ചേർത്തുപറയുന്നതിൽ അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നതായും കാണാം.
വ്യാഖ്യാനത്തിൽ അറബി ഭാഷയിലെ പ്രധാന സാഹിത്യ പ്രയോഗങ്ങളെ പരാമർശിക്കാനും ശൈലികളെ മനസ്സിലാക്കിത്തരാനും വ്യാഖ്യാതാവ് ശ്രമിച്ചിട്ടുണ്ട്. വ്യത്യസ്ത പാരായണങ്ങളും, കർമ്മ ശാസ്ത്ര വിധികളും, ആയത്തുകളുടെ അവതരണ കാരണങ്ങളും വ്യാഖ്യാനത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. ശാഫിഈ മദ്ഹബ്കാരനായിരുന്നത് കൊണ്ട് തന്നെ തഫ്സീറിലെ കർമ്മ ശാസ്ത്ര വിധികളിൽ ശാഫിഈ മദ്ഹബിനോട് കൂടുതൽ കൂറു പുലർത്തുന്നതായി കാണാം. വ്യാഖ്യാനത്തിൽ ഇസ്റാഈലിയാത്ത് (യഹൂദികൾ പറഞ്ഞു തന്ന ചരിത്ര കഥകൾ)ഉദ്ധരിക്കുന്നതില്‍ ഏറിയ വിയോജിപ്പായിരുന്നു അദ്ദേഹത്തിന്. എല്ലാ ഇസ്റാഈലിയ്യാത്തുകളും പൂർണ്ണമായും വിശ്വാസയോഗ്യമല്ല എന്നറിയിക്കാൻ വേണ്ടി അദ്ദേഹം قال/روي എന്നുള്ള ചില പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്.
ഭൂരിഭാഗ പണ്ഡിതരും തഫ്സീറു ത്വബരിക്ക് ശേഷമാണ് തഫ്സീര്‍ ഇബ്നു കസീറിന് പ്രാമുഖ്യം നൽകിയിരിക്കുന്നത്. അപൂർവ്വം ചിലർ തഫ്സീർ ഇബ്നു കസീറിനെ മുന്തിച്ചതായി കാണാം. മഹാനായ സുയൂഥി ഇമാം ഉൾപ്പെടെ മറ്റുള്ള പല പണ്ഡിതന്മാരും തഫ്സീറു ത്വബരിയെയാണ് തഫ്സീർ ഇബ്നു കസീറിനേക്കാൾ ആധികാരികമായി പ്രഖ്യാപിച്ചത്. ഇമാം സുയൂഥി പറയുന്നു:"ഈ തഫ്സീറിന്റെ ശൈലിയിൽ ഇത്ര സുന്ദരമായി മറ്റൊരു തഫ്സീറും രചിക്കപ്പെട്ടിട്ടില്ല". ത്വബരിക്ക് ശേഷം നമ്മൾ കണ്ട തഫ്സീറുകളിൽ ഏറ്റവും നല്ലതും ഏറ്റവും ഗുണമേന്മയുള്ളതും ഏറ്റവും സൂക്ഷ്മമായതും തഫ്സീർ ഇബ്നു കസീര്‍ തന്നെയാണ്.
വ്യാഖ്യാന ശൈലി
ആയത്തുകളെ വ്യാഖ്യാനിക്കുമ്പോൾ ആദ്യം അർത്ഥം വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ശൈഖ് അഹ്മദ് തന്റെ 'عهدة التفسير' എന്ന ഗ്രന്ഥത്തിന്റെ ആരംഭത്തിൽ ഇബ്നു കസീറിന്റെ വ്യാഖ്യാന രീതിയെ കുറിച്ച് പറയുന്നു: ഇബ്നു കസീർ ഹദീസുകൾ പറയുമ്പോൾ സനദുകളെയും ക്രോഡീകരണങ്ങളെയും ശ്രദ്ധിച്ചിരുന്നു. ബലഹീനമായ ഹദീസുകൾ വളരെ വിരളമായേ കാണുകയുള്ളൂ. അധികവും സ്വഹീഹായവ തന്നെ കൊണ്ടുവരാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ, ഹദീസ് വിദ്യാർഥികൾക്കും ഗവേഷകർക്കും ഈ ഗ്രന്ഥം നല്ലൊരു മാർഗ്ഗദർശിയാണ്. എങ്ങനെ മത്‍നിനെയും സനദിനെയും സ്വഹീഹിനെയും ബലഹീനമായവയേയും തമ്മിൽ വേർതിരിക്കാമെന്നും ഈ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. അദ്ദേഹത്തിന്റെ തഫ്സീറിന് പ്രധാനപ്പെട്ട വലിയ ഒരു മുഖവുരയുണ്ട്. അതിൽ ഖുർആനും തഫ്സീറുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. പക്ഷേ, അതിലധികവും ഇബ്നു തൈമിയ്യയുടെ 'ഉസൂലുതഫ്സീർ' എന്ന ഗ്രന്ഥത്തിൽ പരാമർശിച്ച കാര്യങ്ങളായിരുന്നു. ഹദീസുകൾ പറയുമ്പോൾ അതിന്റെ നിവേദകരെ കൂടി പറഞ്ഞത് ഉദ്ധരണിയുടെ ആധികാരികത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിത്തരുവാൻ വേണ്ടിയാണ്. അദ്ദേഹത്തിന്റെ ശൈലിയിലെ ഒരു പ്രധാന രീതിയാണ് (اقتباس). തന്റെ മുൻ കഴിഞ്ഞുപോയ വ്യാഖ്യാതാക്കളുടെ വ്യാഖ്യാനങ്ങളിൽ നിന്നുള്ള ഭാഗങ്ങളെ അദ്ദേഹം എടുത്തതായി കാണാം. ഇമാം അബൂ ജഅ്ഫർ ത്വബരി, ഇബ്നു ഹാത്തിം, ഇബ്നു ഉത്ബ, ഇബ്നു തൈമിയ എന്നവർ അവരിൽ ചിലരാണ്.
രചനയുടെ കാലഘട്ടം
തഫ്സീർ ഇബ്നു കസീർ രചിക്കപ്പെട്ട വര്‍ഷത്തെ കുറിച്ച് വിവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഹി.759 ജുമാദുൽ ഉഖ്റ പത്തിനാണ് അദ്ദേഹം തഫ്സീർ രചന പൂർത്തിയാക്കിയത് എന്നതാണ് പ്രബലാഭിപ്രായം. കാരണം ഈ തഫ്സീറിന്റെ ഏറ്റവും പഴയ കോപ്പി മക്കയിൽ ആണ് നിലനിൽക്കുന്നത്. അതിന്റെ പിന്നിൽ പ്രസ്തുത തീയതിയില്‍ വിരമിച്ച വിവരം കൊടുത്തിരിക്കുന്നതായി പറയപ്പെടുന്നു. അതിനോടൊപ്പം തന്നെ ബറക്കത്തിനു വേണ്ടിയുള്ള പ്രാർത്ഥനയും ചേർത്ത് എഴുതിയിട്ടുണ്ട്. സൂറത്തുൽ അമ്പിയാഅ് വരെ തഫ്സീർ ചെയ്തതിനു ശേഷം അദ്ദേഹം തന്റെ ഉസ്താദായ മുസി (റ)നെ വിവരം അറിയിക്കുകയും അദ്ദേഹം ഇബ്നു കസീര്‍ അവര്‍കളുടെ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുവെന്ന് ചരിത്രത്തില്‍ കാണാം.
ഇസ്റാഈലിയ്യാത്തിനോടുള്ള നിലപാട്
തഫ്സീർ ഇബ്നു കസീറിൽ ഏതാനും ഇസ്റാഈലിയ്യാത്തുകൾ മാത്രമാണുള്ളത്. അവിടങ്ങളിലെല്ലാം ഇവകൾ ഇസ്‍ലാമിക റിപ്പോർട്ടുകളിലേക്ക് കടന്നു വന്നവയാണ് എന്ന് അദ്ദേഹം ഉണർത്തിയിട്ടുണ്ട്. കളവോ/ വിശ്വാസയോഗ്യമോ അല്ലാത്ത ഇസ്റാഈലിയ്യാത്തുകളെ വേർതിരിച്ച് മനസ്സിലാക്കി തരികയും ചെയ്തിട്ടുണ്ട്. ചില ഇടങ്ങളിൽ ഇസ്റാഈലിയ്യാത്തുകളെ പറയാതെ അതിലേക്കുള്ള സൂചനകൾ നൽകി അതിനെ കുറിച്ചുള്ള നിലപാടും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ഇതിൽ ഇബ്നു തൈമിയ്യയുടെ ശൈലി ആയിരുന്നു അദ്ദേഹം പിന്തുടര്‍ന്നത്.
ഇസ്റാഈലിയ്യാത്തിനെ 3 വിഭാഗമാക്കി ഇബ്നു കസീർ(റ) തരം തിരിച്ചിട്ടുണ്ട്:
1) ഖുർആനിനോടും ഹദീസിനോടും യോജിച്ച് വരുന്നവ. അതിന്റെ ആധികാരികത വ്യക്തമായിരിക്കും. ഖുർആനും ഹദീസുമായി അവകൾ വ്യക്തമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനാല്‍ തന്നെ അവ വിശ്വസിക്കേണ്ടതാണ്.
2)ഖുർആനിനോടോ ഹദീസിനോടോ വൈരുധ്യം പുലർത്തുന്നവ. ഇത്തരത്തിലുള്ളവ വിശ്വസിക്കാന്‍ പാടില്ലാത്തതം കൂടുതല്‍ ജാഗ്രത പുലർത്തേണ്ടതുമാണ്.
3)മൂന്നാമത്തെ വിഭാഗത്തെ കുറിച്ച് മസ്കൂത് എന്ന് പറയാം. അവകൾ മേൽപ്പറഞ്ഞ ഇരു വിഭാഗത്തിലേക്കും ചേർക്കപ്പെടാത്തത് കൊണ്ട് തന്നെ, സാധുതയില്‍ വിധി കല്‍പിക്കാനാവില്ലെന്നതിനാല്‍, അവ ഉദ്ധരിക്കുന്നതിന് വിരോധമൊന്നുമില്ല. വിശ്വസിക്കൽ നിർബന്ധമോ നിഷിദ്ധമോ അല്ല. ഉദാഹരണമായി മൂസാ നബിയുടെ വടി ഏത് മരത്തിൽ നിന്നായിരുന്നു എന്നത്. ഇവ പരാമർശിക്കുന്നത്, തെളിവായി സ്വീകരിക്കാനോ അവലംബിക്കാനോ അല്ല എന്ന് ഇബ്നുകസീർ(റ) പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്.
അല്ലാമ അഹ്മദ് ശാകിർ പറയുന്നു : കളവോ സത്യമോ എന്ന് അറിയപ്പെടാത്ത ഇസ്റാഈലിയ്യാത്തിനെ കുറിച്ച് സംസാരിക്കലും അവ ഉദ്ധരിക്കലും അനുവദനീയമാണ്. ആയത്തുകളുടെ വിശദീകരണത്തിനു വേണ്ടി ഉദ്ധരണികളോ പ്രസ്താവനകളോ ആയി അവയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്രന്ഥകാരന്റെ ശൈഖുമാർ
ഖുർആനിൽ ഇബ്നുകസീര്‍(റ)ന്റെ പ്രധാനാധ്യാപകൻ ഇബ്നു ഐലാന്‍ എന്നവരായിരുന്നു. നഹ്‍വിൽ സാബിന്ദി ളിയാഉദ്ദീന്‍ എന്നവരും ഗണിതവിഷയങ്ങളില്‍ ശൈഖ് ഹാളിരിയുമായിരുന്നു ശൈഖുമാര്‍.
തന്റെ കാലത്ത് ഹദീസ് നിവേദകരെ കുറിച്ച് ഏറ്റവും കൂടുതൽ അറിവുള്ളവരെന്നാണ് ഇബ്നുകസീര്‍(റ) അറിയപ്പെട്ടത്. സമകാലികര്‍ക്കിടയിലെല്ലാം ഇത് അംഗീകൃതമായിരുന്നു. തഫ്സീറിലും താരീഖിലും നിപുണനായിരുന്നുവെന്ന് മാത്രമല്ല, നല്ല ബുദ്ധിയും യുക്തി ഭദ്രമായ ചിന്തകളുമുള്ള ഫഖീഹും കൂടിയായിരുന്നു ഇബ്നുകസീര്‍(റ). ഹി: 774നാണ് മഹാനവർകള്‍ ഇഹലോകവാസം വെടിയുന്നത്.
Leave A Comment