തഫ്സീറു റൂഹുൽ മആനി, വിവിധ വ്യാഖ്യാനങ്ങളുടെ സംഗ്രഹരൂപം

വളരെ പ്രസിദ്ധമായതും ഇക്കാലത്ത് അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ ഒരു തഫ്സീർ ആണ് ആലൂസിയുടെ റൂഹുൽ മആനി. 'റൂഹുൽ മആനി ഫീ തഫ്സീരിൽ ഖുർആൻ വസ്സബ്ഇൽ മസാനി' എന്നാണ് തഫ്സീറിന്റെ പൂർണ്ണനാമം. ശിഹാബുദ്ദീൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഹുസൈനി അൽ ആലൂസി എന്നവരാണ് ഇതിന്റെ ഗ്രന്ഥകർത്താവ്. 1802 (ഹിജ്റ 1217)ൽ ജനിച്ച അദ്ദേഹം പത്തൊമ്പതാം നൂറ്റാണ്ടിലെ അറിയപ്പെട്ട പണ്ഡിതനായിരുന്നു. ബഗ്ദാദിൽ മുഫ്തിയായി സേവനമനുഷ്ഠിച്ചു കൊണ്ടിരുന്ന ആലൂസി, ആശയങ്ങളില്‍ വഹാബിസം കലര്‍ന്നിരിക്കുന്നു എന്ന സംശയത്തില്‍ പിന്നീട് മുഫ്തി സ്ഥാനത്തുനിന്നും ഒഴിവാക്കപ്പെട്ടു. 

ഒരു വെള്ളിയാഴ്ച രാത്രി കണ്ട സ്വപ്ന സന്ദേശത്തോടെയാണ് ആലൂസി ഈ തഫ്സീര്‍ രചന തുടങ്ങുന്നത് എന്നാണ് പറയപ്പെടുന്നത്. പിന്നീടങ്ങോട്ടുള്ള സമയം മുഴുക്കെയും അതിനായി അദ്ദേഹം മാറ്റി വെക്കുകയായിരുന്നു. ഇന്ന് നിരവധി വാള്യങ്ങളായി അച്ചടിക്കപ്പെട്ട ഈ തഫ്സീർ ഗ്രന്ഥം അതിന്റെ തെളിവാണ്. രചനയിലും വിജ്ഞാന ശേഖരണത്തിലും നിത്യ ദാഹി ആയിരുന്ന അദ്ദേഹം സമൂഹത്തിനുവേണ്ടി അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് റൂഹുൽ മആനി തഫ്സീർ രചന പൂര്‍ത്തിയാക്കി എന്ന് വേണം പറയാന്‍. ഏകദേശം ഏഴായിരത്തോളം വരുന്ന പേജുകളിലായി നിരവധി വാള്യങ്ങളിൽ രചിക്കപ്പെട്ട ഗ്രന്ഥം നിരവധി എതിർപ്പുകളും നേരിട്ടിട്ടുണ്ട്.

തഫ്സീർ ഇബ്നു അത്വിയ്യ, തഫ്സീർ ഇബ്നു ഹയ്യാൻ, തഫ്സീറുൽ കശ്ശാഫ്, തഫ്സീർ അബൂസഊദ് തുടങ്ങി നിരവധി പ്രസിദ്ധമായതും അടിസ്ഥാനമുഉള്ളതുമായ തഫ്സീറുകളിൽ നിന്നും ആലൂസി തന്റെ റൂഹുൽ മആനിയില്‍ ഉദ്ധരിക്കുന്നതായി കാണാം. സൂറത്തുൽ ഫാത്തിഹയുടെ തഫ്സീർ മാത്രം 570 പേജുകളിലായി വിശദീകരിച്ചിട്ടുണ്ട്. സൂറത്തുൽ ഫാത്തിഹയിൽ മക്കിയ (മക്കയിൽ അവതരിച്ചത് ഹിജ്റക്ക് മുമ്പ്) ആണോ മദനിയ്യ (ഹിജ്റക്ക് ശേഷം മക്കയിലോ മദീനയിലോ അവതരിച്ചത്) തുടങ്ങി നിരവധി പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും ചേർത്തുകൊണ്ടാണ് തഫ്സീറിന്റെ പ്രാരംഭം. വിശ്വാസപരമായ കാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രതിപാദിക്കുന്നതൊടൊപ്പം നിരവധി കർമശാസ്ത്രവിധികളും ഉൾപ്പെടുത്തിയിരിക്കുന്നു. 

സമഖ്ശരി ഇമാമിന്റെ കശ്ശാഫിലെ പല പരാമര്‍ശങ്ങളെയും റാഫിള, മുഅ്തസില  തുടങ്ങിയ ആശയങ്ങളെയും അദ്ദേഹം എതിർക്കുന്നുണ്ട്. അതോടൊപ്പം തന്നെ, ഖുര്‍ആനിലെ പ്രാപഞ്ചിക കാര്യങ്ങളും റൂഹുൽ മആനി ചർച്ച ചെയ്യുന്നുണ്ട്. ഖുർആനിക പദങ്ങളുടെ ഉച്ചാരണ ശൈലി, ഓരോ വചനത്തിലും ഉള്‍ക്കൊള്ളുന്ന തെളിവുകള്‍, അവകളിൽ വരുന്ന നിയമങ്ങള്‍, തുടർന്ന് വചനത്തിന്റെ അർത്ഥം, ഇങ്ങനെയാണ് റൂഹുൽ മആനിയുടെ ക്രമീകരണ രീതി. വ്യാകരണത്തിൽ ആലൂസി അഗ്രഗണ്യനായിരുന്നു. ഇസ്രാഈലിയ്യാത് അല്പം പോലും കടന്നുവരാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. മുൻകഴിഞ്ഞ വ്യാഖ്യാതാക്കളുടെ രചനകൾ എല്ലാം താരതമ്യം ചെയ്ത് ആവശ്യമുള്ളവ ക്രോഡീകരിക്കാനും തന്റേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ആലൂസി ശ്രമിച്ചിട്ടുണ്ട്.

ഡോക്ടർ മുഹമ്മദ് ബിൻ മുഹമ്മദ് അബൂശഹബ റൂഹുൽ മആനിയുടെ ശൈലിയെയും അതിൻറെ പ്രാധാന്യത്തെയും കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്, "റൂഹുൽ മആനിക്ക് ഏറെ പ്രാധാന്യമുണ്ട്. ഒട്ടുമിക്ക ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളുടെയും സംഗ്രഹം വായിച്ചെടുക്കാനുള്ള എളുപ്പ മാർഗ്ഗം റൂഹുൽ മആനി പാരായണം ചെയ്യുക എന്നതാണ്."

റൂഹുൽ മആനിക്ക് ശേഷം ഗറാഇബുൽ ഇഗ്തിറാബ്, നുസ്ഹത്തുൽ അൽബാബ് തുടങ്ങിയ ഗ്രന്ഥങ്ങളും ആലൂസിയുടെ രചനകളാണ്. കർമ്മശാസ്ത്ര പണ്ഡിതനായും ഹദീസ് പാണ്ഡിത്യത്തില്‍ അഗ്രഗണ്യനായും രചനാ മേഖലകളിൽ നിറസാന്നിധ്യമായി അരങ്ങത്ത്  ഉണ്ടായിരുന്ന, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതരില്‍ ഒരാളായിരുന്നു ആലൂസി. ശാഫിഈ, ഹനഫി മദ്ഹബുകളില്‍ ഒരു പോലെ അദ്ദേഹം ഫത്‍വ നല്കിയിരുന്നു. തുടക്കത്തിൽ ശാഫിഈ ആയിരുന്ന അദ്ദേഹം പിന്നീട് ഹനഫിയിലേക്ക് മാറുകയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.

യൂഫ്രട്ടീസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലായിരുന്നു ആലൂസിയുടെ ജനനം. റൂഹുല്‍ മആനിയിലൂടെ തഫ്സീറിന്റെ ലോകത്തേക്ക് പാലം പണിത അദ്ദേഹം, 1854 (ഹിജ്റ 1270) ൽ നാഥനിലേക്ക് മടങ്ങി. ബഗ്ദാദിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter