അലാഹാമിശിത്തഫാസീര്‍: വഴി തുറക്കുന്നത് കൂടുതല്‍ ചര്‍ച്ചകളിലേക്കാണ്

സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ തങ്ങള്‍ എന്ന പാനൂര്‍ തങ്ങളുടെ അലാ ഹാമിശിത്തഫാസീര്‍ കടന്നുചെല്ലാത്ത മേഖലകളില്ലെന്ന് തന്നെ പറയാം. പലരും ഉള്‍പ്പെടുത്താന്‍ മടിക്കുന്ന ഖുര്‍ആനും ശാസ്ത്രവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും അദ്ദേഹം തന്റെ കൃതിയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നുണ്ടെന്ന് മാത്രമല്ല, പലതിനെയും യുക്തി ഭദ്രമായി അവതരിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്. 

ശാസ്ത്രമെന്നാല്‍ കണ്ടെത്തലുകളും അന്വേഷണങ്ങളും ഭൗതിക പ്രതിഭാസങ്ങളും, വാന-ഭുവന ലോകങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങളെ കണ്ടെത്തലുമാണ്. ഈ ശാസ്ത്രവും അവയേക്കാളെല്ലാം അല്‍ഭുതകരമായ ഖുര്‍ആനും അല്ലാഹു എന്ന ഒരേ ശക്തിയില്‍ നിന്നുള്ളതാണ്. അത് കൊണ്ട് തന്നെ, അവസാനകാലം വരാനിരിക്കുന്നതെല്ലാം ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെടുക സ്വാഭാവികം. ശാസ്ത്രീയമായ പുതിയ കണ്ടെത്തലുകളും അത്തരത്തില്‍ ഖുര്‍ആനില്‍ കടന്നുവരാതിരിക്കാന്‍ വഴിയില്ല. അത് കൊണ്ട് തന്നെ അവ തമ്മില്‍ വൈരുദ്ധ്യമില്ല എന്ന് മാത്രമല്ല, പരസ്പരം ശക്തിപ്പെടുത്തുന്നവയുമായിരിക്കും, തീര്‍ച്ച. ഈ തത്വത്തിലൂന്നിയാണ് അദ്ദേഹം ഖുര്‍ആനിലെ ശാസ്ത്രീയ സൂചനകളെയെല്ലാം സമീപിച്ചതെന്ന് പറയാം.
 
വായിക്കപ്പെടുന്ന ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍. ഈ പ്രപഞ്ചവും അങ്ങനെത്തന്നെ. പ്രപഞ്ചത്തെയും അതിലെ അല്‍ഭുതങ്ങളെയും വീക്ഷിച്ച് മനസിലാക്കി അല്ലാഹുവിന്റെ ആസ്തിക്യത്തിലേക്ക് നടന്നടുക്കണമെന്നാണ് ഖുര്‍ആന്‍ തന്നെ പറയുന്നത്. അത് കൊണ്ട് തന്നെയാമ്, ഖുര്‍ആനിലെ ഓരോ വാക്കുകളിലും ഒളിഞ്ഞിരിക്കുന്ന ദൈവാസ്തിക്യത്തിന്‍റെ ഭൗതിക ദൃഷ്ടാന്തങ്ങളിലേക്കുള്ള ഒരു അന്വേഷണം കൂടി അലാ ഹാമിത്തഫാസീറിലൂടെ ഗ്രന്ഥകാരന്‍ നിര്‍വ്വഹിക്കുന്നത്. ചില ഉദാഹരണങ്ങള്‍ നോക്കാം.
 
സൂറത്തുല്‍ ഖമറിലെ ഒന്നാമത്തെ ആയത്ത്, 
ٱقۡتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلۡقَمَرُ അന്ത്യനാള്‍ സമീപസ്ഥമാവുകയും ചന്ദ്രന്‍ പിളരുകയും ചെയ്തു, എന്നതു കൊണ്ട് ചന്ദ്രന്‍ പിളര്‍ന്നിട്ടുണ്ടെന്നും അത് ഒരു നാളില്‍ സംഭവിച്ച, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണെന്നും ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു.

സൂറത്തു സുമറിലെ അഞ്ചാമത്തെ ആയത്തില്‍ 
یُكَوِّرُ ٱلَّیۡلَ عَلَى ٱلنَّهَارِ وَیُكَوِّرُ ٱلنَّهَارَ عَلَى ٱلَّیۡلِۖ
രാത്രിയെ പകലിന്മേലും പകലിനെ രാത്രിയുടെ മേലും അവന്‍ ആവരണം ചെയ്യുമെന്ന് പറയുന്നുണ്ട്. كور يكور
ഗോളാകൃതിക്ക് മുകളില്‍ പൊതിയുക എന്നര്‍ത്ഥമുള്ള يكوّر എന്ന പദം ഉപയോഗിച്ചതുകൊണ്ട് ഈ ആയത്തില്‍ നിന്ന് ഭൂമി ഗോളാകൃതിയില്‍ ഉള്ളതാണെന്ന് മനസിലാക്കിയെടുക്കാന്‍ പറ്റുമെന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു.
 
സൂറത്തുനംലിലെ 88-ാമത്തെ ആയത്ത് ഇങ്ങനെ മനസ്സിലാക്കാം, പര്‍വതങ്ങള്‍ ദൃഷ്ടിയില്‍ പെടുമ്പോള്‍ അടിയുറച്ചു നില്‍ക്കുകയാണെന്നാണ് തോന്നുക. എന്നാലവ മേഘം കണക്കെ ദ്രുതസഞ്ചാരം നടത്തുകയാണ്.

പര്‍വ്വതങ്ങള്‍ മേഘപാളികളെ പോലെ പറന്നു പോകുന്നത് അന്ത്യനാളിലെ ഒരു സംഭവവികാസത്തിലേക്കുള്ള സൂചനയാണെന്ന ചില പണ്ഡിതരുടെ അഭിപ്രായത്തെ നിരാകരിച്ചുകൊണ്ട്, ഗ്രന്ഥകാരന്‍ പറുയന്നത് ഇങ്ങനെയാണ്, അങ്ങനെ  പറയുന്നത് ശരിയല്ല, കാരണം അന്ത്യനാള്‍ സംഭവിക്കുമ്പോള്‍ പര്‍വ്വതങ്ങള്‍ ഉടഞ്ഞ് ഇല്ലാതായിട്ടുണ്ടാകും.  സൂറത്തുല്‍ വാഖിഅയിലെ 5, 6 സൂക്തങ്ങള്‍ അതാണ് പറയുന്നത്. 
മലകള്‍ തകര്‍ക്കപ്പെടുകയും അങ്ങനെയവ വിതറപ്പെട്ട ധൂളിയാവുകയും ചെയ്യും. സൂറത്തുല്‍ ഹാഖയിലെ നാലാം സൂക്തത്തിലും സമാനമായ പരാമര്‍ശം കാണാവുന്നതാണ്. അഥവാ, പര്‍വ്വതങ്ങള്‍ മേഘങ്ങളെ പോലെ പാറിപ്പറക്കുന്നത് കാണുക അസാധ്യമാണെന്നര്‍ത്ഥം.

Read More: അലാ ഹാമിശിത്തഫാസീര്‍, തഫ്സീര്‍ ലോകത്തിന് ആധുനിക കേരളത്തിന്റെ സംഭാവന

അത് കൊണ്ട് തന്നെ, പര്‍വ്വതങ്ങളിലേക്ക് നോക്കുമ്പോള്‍ അവ അനങ്ങാത്തതായി തോന്നുമെങ്കിലും അവയിലും അവയുടേതായ സഞ്ചാരങ്ങള്‍ നടക്കുന്നുണ്ടെന്ന് ആയത്തിന്‍റെ വെളിച്ചത്തില്‍ നമുക്ക് മനസിലാക്കാമെന്നാണ് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നത്. ഇങ്ങനെ ഓരോ ആയത്തിലും പ്രഥമദൃഷ്ട്യാ ഗ്രഹിച്ചെടുക്കാന്‍ പറ്റിയ സത്യങ്ങള്‍ക്കപ്പുറത്ത് അവയുള്‍ക്കൊള്ളുന്ന പ്രാപഞ്ചിക സത്യങ്ങളും പ്രകൃതി പ്രതിഭാസങ്ങളും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും നമുക്ക് ഗ്രഹിച്ചെടുക്കാന്‍ കഴിയുമെന്ന് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു.

സൂറത്തുല്‍ ബഖറയിലെ 22-ാം സൂക്തത്തില്‍ ഭൂമിയെ നിങ്ങള്‍ക്ക് ഒരു വിരിപ്പാക്കി അവന്‍ മാറ്റി തന്നു എന്ന് പറയുമ്പോള്‍, ഭൂമി പരന്നതാണ് എന്നൊരു അര്‍ത്ഥമാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെങ്കിലും, ഗോളാകൃതിയായിരിക്കുമ്പോള്‍ തന്നെ നമുക്ക് പരന്നതായി അനുഭവപ്പെടുന്നതും അതിലെ കരയും കടലും കരയേക്കാള്‍ വലുതായിട്ടും മനുഷ്യ വാസത്തിന് യോജിച്ച രീതിയിലുള്ള അവയുടെ സന്തുലിതാവസ്ഥയും ജലത്തിനടിയിലെ ചൂടും സമ്മര്‍ദ്ദങ്ങളും അവയെല്ലാം അതിജീവിക്കുന്നതുമൊക്കെ ഈ പശ്ചാത്തലത്തില്‍ അദ്ദേഹം ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ രീതിയിലായിരിക്കണം ഖുര്‍ആനിക സൂക്തങ്ങളെ ആഴത്തില്‍ പഠിക്കുന്ന ഒരാളുടെ ശ്രദ്ധയും ചിന്തയും ആവേണ്ടതെന്ന് കൂടി ഗ്രന്ഥകാരന്‍ ഇതിലൂടെ നമ്മെ ബോധ്യപ്പെടുത്തുകയാണ്. 

പുതിയൊരു ശാസ്ത്രീയ കണ്ടെത്തലുണ്ടാകുമ്പോഴേക്ക് ഇസ്‍ലാം അപ്രസക്തമാവുന്നുവെന്ന് വീരവാദം മുഴക്കുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നവര്‍ ഇസ്‍ലാമിന്‍റെ യഥാര്‍ത്ഥ തേജസ് കാണാത്തവരാണെന്നാണ് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നത്. ഈ ഗ്രന്ഥത്തില്‍ പല ശാസ്ത്രജ്ഞന്‍മാരെയും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ അതിനര്‍ത്ഥം, ഖുര്‍ആന്‍ സത്യമാണെന്ന് തെളിയിക്കാന്‍ അവരെ കൂട്ട് പിടിക്കേണ്ടി വന്നു എന്നല്ലെന്നും മറിച്ച് ഖുര്‍ആന്‍ സത്യമാണ്, ആ സത്യത്തിലേക്ക് വലിയ ബുദ്ധിമതികളെന്ന് ലോകം വിശ്വസിക്കുന്ന അവരുടെ ചിന്തകള്‍ പോലും എത്തിയിട്ടുണ്ട് എന്നേ ഉദ്ദേശിക്കുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ശാസ്ത്രം പറഞ്ഞതു കൊണ്ട് ഖുര്‍ആന്‍ ശരിയാണ് എന്ന രീതിയില്‍ അവതരിപ്പിക്കുന്നത് അപകടമാണെന്നും, ഖുര്‍ആന്‍ പറഞ്ഞ ശരിയിലേക്ക് ശാസ്ത്രവും എത്തി എന്ന രീതിയിലാവണം ഈ സൂചനകളെ നാം സമീപിക്കേണ്ടതെന്നും അദ്ദേഹം തന്റെ ഗ്രന്ഥത്തിലൂടെ കാണിക്കുന്നു. 
 
ഖുര്‍ആനിനെ സമീപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പൊതുവായും ശാസ്ത്രീയ സൂചനകള്‍ തേടി അതിനെ സമീപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവയെ പ്രത്യേകമായും ഗ്രന്ഥകാരന്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. മനുഷ്യബുദ്ധിക്കെല്ലാം അപ്പുറത്തുള്ള ആഴവും വ്യാപ്തിയുമാണ് ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റേത് എന്നത് തന്നെ കാരണം. ശൈഖ് ത്വന്‍ത്വാവിയെ ഉദ്ധരിച്ച് കൊണ്ട് അദ്ദേഹം പറയുന്നു, ഖുര്‍ആനില്‍ 129 ആയത്തുകളിലായി എല്ലാ ഹുക്മുകളും (വിധിവിലക്കുകള്‍) പരാമര്‍ശിച്ചു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികം, രാഷ്ട്രീയം, മാനസിക സംസ്കരണം എന്ന് വേണ്ട നഗരനിര്‍മ്മാണം വരെയുള്ള മുഴുവന്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. 

ബാക്കിയുള്ള സൂക്തങ്ങളെല്ലാം കഥകളും ചരിത്രങ്ങളും ഗുണപാഠങ്ങളുമാണ്. ഈ ചെറിയ ഗ്രന്ഥം അതിന്‍റെ ആകര്‍ഷകമായ ശൈലിക്ക് ഒട്ടും കോട്ടം തട്ടാതെ മതം, രാഷ്ട്രം, സമ്പത്ത്, പരിഷ്കരണം, ഇഹപരലോകങ്ങള്‍ തുടങ്ങിയ നിയമസംഹിതകകളും മനുഷ്യന് ആവശ്യമുള്ള മുഴുവന്‍ കാര്യങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. വളരെ സമഗ്രമായി ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുമ്പോഴും, യാതൊരു വിധ മാറ്റത്തിരുത്തലുകളും ഇല്ലാതെ 1400 വര്‍ഷങ്ങള്‍ക്കിപ്പുറത്തും മനുഷ്യന് ആവശ്യമായ സകല നിയമങ്ങളിലേക്കും കൃത്യമായ രീതിയില്‍ അത് വിരല്‍ചൂണ്ടുന്നു എന്നത് ഖുര്‍ആനിന്‍റെ ഒരു അമാനുഷികത തന്നെയാണ്. അത് കൊണ്ട് അവയില്‍ നിന്ന് വിവിധ വിജ്ഞാനശാഖകള്‍ നിര്‍ദ്ധാരണം ചെയ്യുന്നതും അവക്ക് ആശയങ്ങളും അര്‍ത്ഥ തലങ്ങളും നല്കുന്നതും ഏറെ ശ്രദ്ധയോടെയായിരിക്കണം, അദ്ദേഹം ഉണര്‍ത്തുന്നു.

തഫ്സീര്‍ ഇബ്നു കസീര്‍, തഫ്സീര്‍ റാസി, റൂഹുല്‍ മആനി, അള് വാഉല്‍ ഖുര്‍ആന്‍, അസാസുത്തഫാസീര്‍, ഫീ ളിലാലില്‍ ഖുര്‍ആന്‍ തുടങ്ങിയ ഗ്രന്ഥങ്ങളെയാണ് ഈ രചനക്കായി അദ്ദേഹം പ്രധാനമായും അവലംബിക്കുന്നത്. പക്ഷെ, ഇതില്‍ നിന്ന് ഉദ്ധരിക്കുമ്പോഴും കൃത്യമായി അതിന്‍റെ അവലംബം രേഖപ്പെടുത്തിയിട്ടില്ല. കാരണം അദ്ദേഹം മുമ്പ് വായിച്ച ഓര്‍മ്മകളില്‍ നിന്നാണ് ഉദ്ധരിച്ചിരിക്കുന്നതെന്ന് ഗ്രന്ഥകാരന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതുകൊണ്ട്, ഓര്‍മ്മകളില്‍ നിന്ന് നഷ്ടപ്പെടുന്ന ചിലത് ഓര്‍മ്മവരുമ്പോള്‍ ചേര്‍ത്തിട്ടുമുണ്ട്.

സയ്യിദ് ഖുതുബിന്‍റെ ഫീ ളിലാലില്‍ ഖുര്‍ആനില്‍ നിന്ന് ഒരുപാട് ഉദ്ധരണികള്‍ ഇതില്‍ കാണാവുന്നതാണ്. പൂര്‍വ്വീക തഫ്സീറുകളിലെ വിഷയങ്ങളെ വളരെ നല്ല ശൈലിയില്‍ ഉള്‍ക്കൊള്ളിച്ച് രചിക്കപ്പെട്ട ഗ്രന്ഥമാണ് ഫീ ളിലാലില്‍ ഖുര്‍ആന്‍ എന്നതാണ് അതിന് കാരണം. അതിന്റെ ഗ്രന്ഥകാരനായ സയ്യിദ് ഖുത്ബിനെ കുറിച്ച് നിലനില്‍ക്കുന്ന വീക്ഷണ വൈജാത്യങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് തന്നെയാണ് അദ്ദേഹം ഈ രീതി തുടരുന്നത്. തീരം കാണാത്ത മഹാസമുദ്രത്തിലെ പടുകൂറ്റന്‍ കപ്പലിന് സമാനമാണ് സയ്യിദ് ഖുത്ബിന്റെ ഈ കൃതിയെന്നും ഹൃദയാന്തരങ്ങളെ പിടിച്ച് കുലുക്കുന്ന, സ്വര്‍ഗത്തിലേക്ക് കൈപിടിച്ചാനയിക്കുന്ന ഗ്രന്ഥമാണതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. പാശ്ചാത്യ-പൗരസ്ത്യ വിജ്ഞാനങ്ങളെ ഒരു പോലെ കൈകാര്യം ചെയ്തിരുന്ന, കാലിക അറിവുകളെ ഗ്രഹിച്ചെടുത്ത് ചുറ്റുമുള്ള ജനങ്ങളെ ഇലാഹീ പാതയിലേക്ക് നയിച്ച അപൂര്‍വ്വ വ്യക്തിത്വമായിരുന്നു സയ്യിദ് ഖുത്ബെന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്.

ഈ തഫ്സീറില്‍ ഗ്രന്ഥകാരന്‍ ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ടും ഖുര്‍ആനിനെ ഹദീസ് കൊണ്ടും വ്യാഖ്യാനം ചെയ്യുന്ന രീതികള്‍ ഉപയോഗിച്ചിട്ടുണ്ട്. തന്റെ രചനയിലുള്ളതെല്ലാം സത്യമാണെന്ന അവകാശവാദം ഉന്നയിക്കുന്നതിന് പകരം, അവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുകയും പഠിക്കപ്പെടുകയും വേണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. വിമര്‍ശിക്കാന്‍ വേണ്ടിമാത്രമല്ലാതെ, ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും വെളിച്ചത്തില്‍ ഈ തഫ്സീറും പഠന വിധേയമാക്കുകയും അതിലെ സത്യങ്ങള്‍ കണ്ടെത്തുകയും ചെയ്യണം എന്ന് അദ്ദേഹം തന്നെ പലയിടത്തും പറയുന്നുണ്ട്.
 
അവസാനം അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, ഈ രചനക്ക് തഫ്സീറുല്‍ ഖുര്‍ആന്‍ എന്ന് പറയാന്‍ എനിക്ക് ധൈര്യമില്ല. കാരണം സര്‍വ്വവസതുക്കളുടെയും വിശദീകരണമായി വന്ന
 وَنَزَّلۡنَا عَلَیۡكَ ٱلۡكِتَـٰبَ تِبۡیَـٰنࣰا لِّكُلِّ شَیۡءࣲ ഒരു ഗ്രന്ഥത്തെ അതിനെ അവതരിപ്പിച്ച നാഥനല്ലാതെ വിശദീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അതിന്‍റെ ഓരത്തിലൂടെയുള്ള ഒരു നടത്തം മാത്രമാണ്. ഖുര്‍ആനിലെ സൂചനകള്‍, ദര്‍ശനങ്ങള്‍, ഗുണപാഠങ്ങള്‍, കല്‍പ്പനകള്‍, യുക്തികള്‍, ചിന്തകള്‍ എല്ലാം മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനുള്ള എളിയൊരു ശ്രമമായി മാത്രമേ ഞാനിതിനെ കാണുന്നുള്ളൂ.
 
നിഷ്പക്ഷമായി ഈ ഗ്രന്ഥം പഠനവിധേയമാക്കാണ് ഗ്രന്ഥകാരന്‍ നിരന്തരം ഉണര്‍ത്തുന്നത്. ചിന്തിക്കാനുള്ള കാര്യങ്ങള്‍, ചിന്തിക്കുന്നവര്‍ക്കുള്ള കൗതുകങ്ങള്‍, ഇസ്‍ലാമിന്‍റെ കാലിക വായനകള്‍ തുടങ്ങി പലതും ഈ ഗ്രന്ഥത്തില്‍ കാണാം. ഗ്രന്ഥകാരന്റെ ആഗ്രഹം പോലെ തന്നെ, ഈ ഗ്രന്ഥം ഇനിയും കേരളീയ-കേരളേതര വിജ്ഞാന മണ്ഡലങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടട്ടെ എന്ന് നമുക്കും ആഗ്രഹിക്കാം, വരുംദിനങ്ങളില്‍ അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter