തസ്നീഫാത്ത്: ജ്ഞാനസപര്യയുടെ അൽഭുതലോകം
വിശുദ്ധ ഇസ്‌ലാമിന്റെ വളർച്ചയും വികാസവും രൂപപ്പെടുന്നത് ജ്ഞാനോത്പാദനത്തിലൂടെയും കൈമാറ്റത്തിലൂടെയുമാണ്. അല്ലാഹു ജിബ്‌രീൽ(അ) മുഖേനെ തിരുനബി(സ)ലേക്ക് അവതരിപ്പിച്ച വെളിപാടിന്റെ പൊരുളുകളാണ് വിശുദ്ധ ഖുർആനായും തിരുഹദീസുകളായും രൂപപ്പെട്ടത്. പ്രസ്തുത ദ്വിപ്രമാണങ്ങളുടെ അന്തസാരങ്ങളിൽ നിന്നാണ് ചരിത്രം, ശാസ്ത്രം തുടങ്ങി സർവ ജ്ഞാന മണ്ഡലങ്ങളും വ്യവഹാരങ്ങളും വികസിച്ചതും ലോകത്തിന്റെ നാനാദിക്കുകളിലേക്കു വ്യാപിച്ചതും. വിവിധ കാരണങ്ങളാൽ മതത്തിന്റെ ആദ്യ കാലങ്ങളിൽ പ്രബോധനം വാമൊഴിയിലൂടെയായിരുന്നു. എന്നാൽ ഇസ്‌ലാമിക സാമ്രാജ്യം വികസിക്കുകയും വാമൊഴിയായി മാത്രമുള്ള അറിവിന്റെ കൈമാറ്റവും ഉത്പാദനവും അസാധ്യമാകുകയും ചെയ്തു. ജനങ്ങൾക്കു ഹൃദിസ്ഥമാക്കാനുള്ള ശേഷി ക്ഷയിക്കുകയും അറിവു തേടിയുള്ള വിദൂര സഞ്ചാരങ്ങൾ കുറയുകയും ചെയ്തു. അതിനു പുറമെ ഖുർആൻ, ഹദീസ് എന്നതിനപ്പുറം ഇസ്‌ലാമിക ലോകത്ത് കൂടുതൽ ജ്ഞാനശാഖകൾ രൂപപ്പെടുന്നുമുണ്ടായിരുന്നു. ഈ പാശ്ചാത്തലത്തിലാണ് പണ്ഡിതൻമാർ ഗ്രന്ഥരചനാ രംഗത്തു സജീവമാകുന്നത്.
ആദ്യ കാലങ്ങളിൽ മതപരമായ അനിവാര്യതകളിൽ നിന്നാണ് ഗ്രന്ഥരചനകൾ ഉടലെടുത്തത്. വിശിഷ്യാ ഹദീസ് രംഗത്ത് പണ്ഡിതര്‍ കൂടുതൽ സക്രിയമായി ഇടപെട്ടു. കാലങ്ങൾ പിന്നിടുന്തോറും ശരീഅത്തിന്റെ മൗലിക തത്വങ്ങളായ ഹദീസുകൾ ഹൃദിസ്ഥമാക്കിയ ഇമാമുമാർ മൺമറയുകയും അതുവഴി ആയിരക്കണക്കിനു തിരുമൊഴികൾ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇനിയും ഗ്രന്ഥങ്ങളിൽ ക്രോഡീകരിച്ചു വെച്ചിട്ടില്ലെങ്കിൽ തിരുനബി(സ)യുടെ മഹദ്‍വചനങ്ങളും സുന്നത്തുകളും ഉമ്മത്തിനു നഷ്ടപ്പെടുമെന്ന ഗൗരവതരമായ ചിന്തയിൽ നിന്നും ദീർഘവീക്ഷണങ്ങളിൽ നിന്നുമാണ് ഇമാമുമാർ ഗ്രന്ഥങ്ങൾ രചിക്കുന്നത്. ഖുലഫാഉർറാശിദുകളുടെ കാലശേഷം ഉടലെടുത്ത അവാന്തരവിഭാഗങ്ങൾ തങ്ങളുടെ വാദങ്ങൾക്കനുസരിച്ച് വ്യാജഹദീസുകൾ വ്യാപകമായി നിർമിച്ചെടുത്തതും ഇതിനു നിദാനമായി. ഹദീസ് ക്രോഡീകരണ രംഗത്തും നിദാനശാസ്ത്ര രംഗത്തും ഇമാമുമാർ സജീവമായതോടെ ഇസ്‌ലാമിലെ ജ്ഞാന വ്യവഹാര രംഗം കൂടുതൽ സജീവമായി. ഹദീസിന്റെ വഴിയേ തഫ്‌സീർ, ഫിഖ്ഹ്, താരീഖ്, മൻത്വിഖ് തുടങ്ങി സർവ മേഖലകളിലും മഹാജ്ഞാനികളായ ഇമാമുമാർ കനപ്പെട്ട നിരവധി രചനകൾ നടത്തി.
പൂർവസൂരികളായ ഇമാമുമാർക്ക് ഗ്രന്ഥ രചന ഉദ്യോഗമായിരുന്നില്ല. പ്രത്യുത, ഇസ്‌ലാമിന്റെ സന്ദേശവും ദർശനങ്ങളും സമൂഹത്തിനും ലോകത്തിനും പകർന്നു നൽകുക വഴി ദൈവിക പ്രീതി കരഗതമാക്കലായിരുന്നു അവരുടെ ലക്ഷ്യം. ഇലാഹിയ്യായ ലക്ഷ്യത്തിനപ്പുറം ഭൗതിക ലാഭങ്ങൾ ഒന്നും അവർ ഇഛിക്കുകയോ തേടുകയോ ചെയ്തില്ല. ഏതു ജ്ഞാന ശാസ്ത്രത്തിലുള്ള അവരുടെ ഗ്രന്ഥ രചനകളുടെ പശ്ചാത്തലം പരിശോധിച്ചാലും സമൂഹത്തിന്റെ സമുദ്ധാരണവും പുരോഗതിയുമായിരുന്നു ലക്ഷ്യമെന്നു മനസ്സിലാക്കാം. ശുദ്ധമായ ഈ ഉദ്ദേശ ലക്ഷ്യത്തിന്റെ ഫലമാണ് നൂറ്റാണ്ടുകൾ പലതും പിന്നട്ടിട്ടും അവരുടെ ഗ്രന്ഥങ്ങൾ വായിക്കപ്പെടുന്നത്. ഭൂഖണ്ഡങ്ങൾ ഭേദിച്ച് അവകൾ പലവരു പ്രസിദ്ധീകരിക്കപ്പെടുന്നത്, പ്രസ്തുത ഗ്രന്ഥങ്ങൾ അടിസ്ഥാനപ്പെടുത്തി നൂറു കണക്കിനു വ്യാഖ്യാനങ്ങളും അനുബന്ധ രചനകളും എഴുതപ്പെട്ടത്.
വിരൽതുമ്പ് കൊണ്ട് സർവ ജ്ഞാനകോശവും കൺമുമ്പിൽ ലഭ്യമാകുന്ന ആധുനിക ലോകത്തു നിന്നു കൊണ്ട് ചിന്തിക്കുമ്പോൾ ഗ്രന്ഥരചനകൾ അനായസവും എളുപ്പവുമായേക്കാം, വിശിഷ്യാ നൂതന സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടവും നിർമിത ബുദ്ധിയുടെ അതി വളർച്ചയും മനുഷ്യനെ നിയന്ത്രിക്കുന്ന കാലത്ത് പുസ്തകമെഴുത്ത് പോലും കമ്പ്യൂട്ടർ നിർവഹിക്കുമ്പോൾ, മുന്‍കാലങ്ങളില്‍ ഒരു ഗ്രന്ഥം എഴുതാനുള്ള അധ്വാനവും ത്യാഗവും മനുഷ്യനു ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. എന്നാൽ സഞ്ചാര വഴികൾ ദുർഘടവും അറിവിന്റെ സ്രോതസ്സുകൾ നന്നേ ദുർലഭവുമായ കാലത്താണ് പൂർവസൂരികളായ ഇമാമുമാർ നൂറു കണക്കിനു വാള്യങ്ങളുള്ള ഗ്രന്ഥങ്ങൾ രചിച്ചത് എന്നത് ഇന്നും വിസ്മയവഹമാണ്. ഗ്രന്ഥമെഴുത്തിനുള്ള വിവര ശേഖരണത്തിനവർ നാഴികകൾ താണ്ടി. താൻ കരുതുന്ന അറിവിന്റെ സ്രോതസ്സുള്ള ഒരു പണ്ഡിതനെ കാണാൻ വേണ്ടി മാത്രം അവർ നൂറു കണക്കിനു കിലോമീറ്ററുകൾ സഞ്ചരിച്ചു, അവരിൽ ചിലർ ജീവിതത്തിന്റെ സിംഹഭാഗവും കിതാബുകൾ രചിക്കാൻ മാറ്റിവെച്ചു. ചിലർ ജീവിച്ച കാലവും രചിച്ച ഗ്രന്ഥങ്ങളും എണ്ണിത്തിട്ടപ്പെടുത്തിയാൽ രചനകളുടെ എണ്ണം അവരുടെ ആയുസ്സിനെ മറികടന്നു. എഴുത്തിനിടയിൽ അവർ ദുൻയാവിനെ മറന്നു. ലക്ഷ്യം അല്ലാഹുവിന്റെ പ്രീതി മാത്രമായതിനാൽ സൃഷ്ടികളുടെ ഭീഷണികളും ഭയപ്പെടുത്തലുകളും അവർക്കു പ്രതിബന്ധമായില്ല. അതിനാൽ പലർക്കും ജയിലിൽ കിടക്കേണ്ടി വരെ വന്നു. ജീവിതത്തിൽ എഴുതിയ നൂറു മുതൽ അറുന്നൂറു വരെയുള്ള രചനകളെല്ലാം കനപ്പെട്ടതാക്കിത്തീർക്കാൻ അവർക്കു കഴിഞ്ഞു.
കിതാബുകൾ രചിക്കാനുള്ള വിവര ശേഖരണാർഥം ഇമാമുമാർ സഞ്ചരിച്ച യാത്രകളുടെ ചരിത്രം ഇക്കാലത്ത് പലർക്കും ആശ്ചര്യജനകമായേക്കാം. ജ്ഞാനവും അവ സ്വായത്തമാക്കിയ ജ്ഞാനികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചു കിടക്കുന്നതിനാൽ ഗ്രന്ഥരചനക്കുള്ള അറിവു തേടി പണ്ഡിതര്‍ ലക്ഷക്കണക്കിനു നാഴികകൾ താണ്ടി. ജനിച്ചിടത്തു തന്നെ ജീവിച്ചവരും മരിച്ചവരും മുൻകാല മുസ്‌ലിം പണ്ഡിതരിൽ അപൂർവമായത് അതുകൊണ്ടാണ്. ഹദീസിന്റെ ശേഖരണത്തിനു വേണ്ടിയുള്ള ഇമാമുമാരുടെ യാത്രകൾ സുവിദിതമാണ്.
ഇമാം ബുഖാരി(റ) (ഹി. 194-256) പതിനാറാം വയസ്സിൽ ആരംഭിച്ച ജ്ഞാന സഞ്ചാരത്തിന്റെ സാക്ഷാത്കാരമാണ് വിശുദ്ധ ഖുർആനിനു ശേഷമുള്ള സർവാംഗീകൃത ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരി. കൂഫ, ബസ്വറ, ഹിജാസ്, ശാം തുടങ്ങി നിരവധി രാജ്യങ്ങളിലൂടെ പലവുരു സഞ്ചരിച്ച് നൂറുകണക്കിനു ഉസ്താദുമാരിൽ നിന്നാണ് മഹാനവർകൾ ഹദീസുകൾ കടഞ്ഞെടുക്കുന്നത്. യമൻ, ഇറാഖ്, പേർഷ്യ തുടങ്ങി വിവിധ നാടുകളിൽ സഞ്ചരിച്ചാണ് ഇമാം അഹ്മദ് ബിന്‍ ഹമ്പൽ(റ) മുസ്‌നദ് രചിക്കുന്നത്. നിരന്തരമുള്ള സഞ്ചാരങ്ങൾക്കിടയിൽ വിശപ്പോ അനാരോഗ്യമോ അവരെ അലട്ടിയതേയില്ല. ഇമാം അഹ്മദ്(റ) അബ്ദുർറസാഖ് ബ്ൻ ഹുമാം സൻആഈ(റ)യെ കാണാൻ വേണ്ടി യമനിലേക്ക് പുറപ്പെട്ടു. യാത്രാമധ്യേ കൂടെ കരുതിയ ഭക്ഷ്യവസ്തുക്കളെല്ലാം തീർന്നു. അവസാനം വിശപ്പ് സഹിക്കാനാവാതെ അൽപ്പം ഭക്ഷണത്തിനു വേണ്ടി പച്ചക്കറി വിൽക്കുന്നയാളുടെ അടുത്ത് ചെമ്പു പാത്രം പണയം വെച്ചു. എന്നിട്ടും തിരുഹദീസുകൾ പകർത്താനും ഗ്രന്ഥങ്ങളിലൂടെ വരും തലമുറക്ക് കൈമാറാനുമുള്ള നിശ്ചയദാർഢ്യം മഹാനവർകൾ ദുൻയാവിനു മുമ്പിൽ പണയം വെച്ചില്ല.
കയ്യിൽ ഒരു ദിർഹമുമായാണ് ഹദീസ് തേടിയുള്ള യാത്രക്കിടയിൽ അബൂ ദാവൂദ്(റ) കൂഫയിൽ എത്തുന്നത്. മഹാനവർകൾ പ്രസ്തുത ദിർഹം കൊണ്ട് മുപ്പത് മുദ്ദ് ബാഖില്ലാഅ് (പയർ) വാങ്ങി. ഈ ഭക്ഷണം കൊണ്ട് മഹാനവർകൾ രണ്ടു മാസത്തിനുള്ളിൽ മുപ്പതിനായിരം ഹദീസുകളാണ് അബ്ദുല്ലാഹി ബ്ൻ സഈദ്(റ)ൽ നിന്ന് എഴുതിയെടുത്തത്. വിശ്രുത ഹദീസ് പണ്ഡിതൻ അബൂബക്കറിൽ ബുർഖാനി(റ) ഇസ്ഫറായീനിൽ എത്തിയ സമയത്ത് മഹാനവർകളുടെ കൈവശമുണ്ടായിരുന്നത് മൂന്നു ദീനാറുകളും ഒരു ദിർഹമുമായിരുന്നു. നിർഭാഗ്യവശാൽ മൂന്ന് ദീനാറുകൾ നഷ്ടപ്പെട്ടു. ശേഷിക്കുന്ന ഒരു ദിർഹം അദ്ദേഹം പത്തിരി വിൽപ്പനക്കാരനു നൽകുകയും പകരം ദിനേനെ രണ്ടു പത്തിരി വാങ്ങുകയും ചെയ്തു. ഒരു മാസക്കാലം മഹാനവർകൾ ഇതു തുടരുകയും ഒരു മാസം കൊണ്ട് മുപ്പത് വാള്യം ഹദീസുകൾ എഴുതുകയും ചെയ്തു. ഒരു ദിർഹമിനു ലഭിക്കാവുന്ന തോത് തീർന്നതോടെയാണ് മഹാനവർകൾ ഇസ്ഫാറയീൻ ഉപേക്ഷിക്കുന്നത്. ചരിത്രത്തിൽ സമാനമായ നിരവധി സംഭവങ്ങൾ ഇനിയും കാണാൻ കഴിയും. ഇമാം അബൂ മുഹമ്മദ് അബ്ദുർറഹ്മാനിൽ മർവസി(റ) ഹദീസ് തേടിയുള്ള യാത്രയിൽ ജീവൻ നിലനിർത്താൻ അഞ്ചു തവണ മൂത്രം കുടിച്ചിട്ടുണ്ട്. അഥവാ അറിവിന്റെ മാർഗത്തിൽ വിശപ്പ് അവർക്ക് പ്രതിബന്ധമായില്ലെന്നാണ് പ്രസ്തുത സംഭവങ്ങൾ പറഞ്ഞുവെക്കുന്നത്.
മുസ്‌നദുസ്സ്വഹീഹ് അടക്കം അറുപതോളം ഗ്രന്ഥങ്ങളുടെ രചയിതാവായ ഇമാം അബൂ ഹാതിം മുഹമ്മദ് ബ്ൻ ഹിബ്ബാൻ(റ) (ഹി. 280- 354) ശാശിനും അലക്‌സാണ്ട്രിയക്കുമിടയിലെ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് രണ്ടായിരത്തോളം ഉസ്താദുമാരുമായാണ് കണ്ടുമുട്ടിയത്. പൗരസ്ത്യൻ ദേശങ്ങൾ മുതൽ പശ്ചിമദേശങ്ങളിൽ പെട്ട തുർക്ക് നാടുകൾ വരെയുള്ള നൂറുകണക്കിനു പ്രദേശങ്ങളിൽ നിന്ന് 655ഓളം ഉസ്താദുമാരിൽ നിന്ന് പകർത്തിയ അറിവിന്റെ വെളിച്ചത്തിലാണ് അബൂ ഖാസിമിൽ ഹുദലി(റ) (ഹി. 395-465) കാമിൽ അടക്കമുള്ള കനപ്പെട്ട രചനകൾ നടത്തുന്നത്. താരീഖ്, ഹദീസ് അടക്കം വിവിധ മേഖലകളിലായി അമ്പതിലേറെ ഗ്രന്ഥങ്ങൾ എഴുതിയ അബുൽ ഖാസിം ഇബ്ൻ അസാകിർ(റ) (ഹി. 499-571) ന് എണ്‍പത് നിതകളടക്കം ആയിരത്തി മുന്നൂറ് ഉസ്താദുമാരുണ്ട്. ഇത്രയധികം ഗുരുവൃന്ദത്തിന്റെ ഉടമയാകാൻ മാത്രം മഹാനുഭാവൻ നടത്തിയ സഞ്ചാരത്തിന്റെ ദൈർഘ്യം നിർവാച്യമാണ്. ഇറാഖ്, മക്ക, ഇസ്ബഹാൻ, നൈസാബൂർ, മർവ്, തിബ്‍രീസ്, മീഹന:, ഖുസ്‌റൂജിർദ്, ബിസ്ത്വാം, റയ്യ്, ദാമിഗാൻ, സർഖസ്, അമ്പാർ, ഹറാത്ത്, ഹുൽവാൻസ മുശ്കാൻ തുടങ്ങി അമ്പതിലേറെ നാടുകളിലൂടെ മഹാനവർകൾ സഞ്ചരിച്ചിട്ടുണ്ട്. സംഭവബഹുലമായ നീണ്ട സഞ്ചാരങ്ങളുടെ ഫലങ്ങളാണ് എണ്‍പത് വാള്യങ്ങളുള്ള താരീഖുദിമശ്ഖ് അടക്കമുള്ള മഹാനവർകളുടെ അമൂല്യ രചനകൾ. നാൽപ്പതു നാടുകളിൽ നിന്നായി നാൽപതു വ്യത്യസ്ത ഉസ്താദുമാരിൽ നിന്ന് റിപ്പോർട്ട് ചെയ്ത നാൽപ്പതു ഹദീസുകൾ ഉൾപ്പെടുത്തി 'അറബഈനൽ ബുൽദാനിയ്യ:' എന്ന ഗ്രന്ഥം ഇബ്ൻ അസാകിർ(റ)യുടെ രചനാലോകത്തെ ശ്രദ്ധേയമായ ഒന്നാണ്.
കൈമാറ്റം ചെയ്യുന്ന അറിവ് സത്യസന്ധവും വിശ്വസ്തവുമാവണമെന്ന് ശാഠ്യമുണ്ടായിരുന്ന പുർവസൂരികൾ തങ്ങളുടെ രചനകളിൽ അതീവ സൂക്ഷ്മത പുലർത്തി. ആറു ലക്ഷം ഹദീസുകളിൽ നിന്ന് കേവലം ഏഴായിരത്തി ഇരുന്നൂറ്റി അമ്പത്തിയേഴ് ഹദീസുകൾ മാത്രമാണ് ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ ഉൾപ്പെടുത്തിയത്. സഹസ്രം ഹദീസുകൾ ഹൃദിസ്ഥമാക്കിയ പണ്ഡിതരിൽ നിന്ന് ചെറിയൊരു ന്യൂനത കാണാനിടയായതിന്റെ പേരിൽ മാത്രം അവരുടെ ഹദീസുകൾ തന്റെ വിഖ്യാത ഗ്രന്ഥത്തിൽ മഹാനവർകൾ ഉൾപ്പെടുത്തിയില്ല. തന്റെ സ്വഹീഹിൽ ഓരോ ഹദീസ് രേഖപ്പെടുത്തുമ്പോഴും റണ്ടു റക്അത്ത് സുന്നത്ത് നിസ്‌കാരം നിർവഹിച്ചിരുന്നു.
ഹദീസ് സ്വീകാര്യമാകാൻ ഉദ്ധരിക്കപ്പെടുന്ന വ്യക്തി സമകാലികനാകണമെന്ന് ഇമാം മുസ്‌ലിം(റ)യും നേരിട്ട് കണ്ടുമുട്ടണമെന്ന് ബുഖാരി(റ)യും ഉപാധി വെച്ചത് തങ്ങളുടെ ഗ്രന്ഥങ്ങളിൽ പഴുതിനും ആരോപണങ്ങൾക്കും ഒരു സാധ്യതയും ഉണ്ടാകരുതെന്നതിനാലാണ്. ശാഫിഈ മദ്ഹബിലെ അതികായനും ആറു സ്വഹീഹുകളിലൊന്നിന്റെ കർത്താവു കൂടിയായ ഇമാം നസാഈ(റ) (ഹി. 230-303) ഹദീസ് റിപ്പോർട്ട് ചെയ്യുന്നവരുടെ നിബന്ധനകളിൽ ഇമാം ബുഖാരി, മുസ്‌ലിം(റ) എന്നിവരേക്കാൾ കണിശത പുലർത്തിയിരുന്നുവത്രെ.
തങ്ങളുടെ രചനകൾ സമഗ്രവും സമ്പൂർണവുമാകണമെന്നായിരുന്നു നിഷ്‌കാമകർമികളായ ഇവരെല്ലാം ആഗ്രഹിച്ചത്. അഥവാ, വരും തലമുറകള്‍ക്ക് കൈമാറുന്നത് സംശയലേശമന്യേ ബോധ്യപ്പെട്ടതേ ആകാവൂ എന്നര്‍ത്ഥം. രചിക്കുന്ന മേഖലയിൽ വായിക്കുന്നവർക്ക് ഉപകാരപ്രദവും തദ്ഫലമായി പാരത്രിക ലോകത്തെ പ്രതിഫലവുമാണ് അവർ കൊതിച്ചത്. അതിനാൽ പലരും രചനകൾ പൂർത്തിയാക്കാൻ പതിറ്റാണ്ടുകളെടുത്തു. ഇമാം മാലിക്(റ) മുവത്വയും ഇബ്നുഹജറിൽ അസ്ഖലാനി(റ) അൽഇസാബ ഫീ തംയീസിസ്സ്വഹാബയും നാൽപ്പതോളം വർഷമെടുത്താണ് രചന പൂർത്തിയാക്കിയത്. ഇബ്നുഅബ്ദിൽബർറ്(റ) തംഹീദ് മുപ്പത് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ഇബ്നുഹജറിൽ അസ്ഖലാനി(റ) ഫത്ഹുൽ ബാരി (ഹി. 817- 842) രചിക്കുന്നതിനു ഇരുപത്തിയഞ്ച് വർഷവും, ഇമാം മുസ്‌നി(റ) ഫിഖ്ഹിലെ തന്റെ മുഖ്തസർ രചിക്കാൻ ഇരുപതു വർഷവുമെടുത്തു. ഏഴു തവണ എഡിറ്റ് ചെയ്തതിനു ശേഷമാണ് ശാഫിഈ മദ്ഹബിലെ പിൽക്കാല രചനകളുടെയെല്ലാം സ്രോതസ്സായ മുഖ്തസറുൽമുസ്‌നി രചിക്കപ്പെടുന്നത്. പത്തു വർഷം കൊണ്ട് രചന പൂർത്തിയാക്കിയ ഗ്രന്ഥങ്ങളിൽ പെട്ടതാണ് ഇമാം സർഖസി(റ)യുടെ മബ്‌സൂത്വും ഇമാം ശീറാസി(റ)യുടെ മുഹദ്ദബും.
ജീവിതത്തിൽ ജ്ഞാനസമ്പാദനവും ജ്ഞാനപ്രസരണവുമല്ലാത്ത മറ്റൊന്നും അവർക്ക് ലക്ഷ്യമായുണ്ടായിരുന്നില്ല. അതിനാൽ ലക്ഷക്കണക്കിനു പേജുകളിൽ അവരുടെ കൈപ്പട കൊണ്ടു മഷി പുരണ്ടു. പലരും വിവാഹം പോലും കഴിച്ചില്ല. വൈവാഹിക ജീവിതത്തേക്കാൾ അവർ ആനന്ദം കണ്ടെത്തിയത് ഗ്രന്ഥരചനയിലും അറിവിന്റെ പ്രചാരണത്തിലുമായിരുന്നു. പ്രസവിച്ച് കുട്ടി പുറത്തുവരുന്നത് കാത്തുനിൽക്കുന്ന ഭർത്താവിനെ പോലെയാണ് കിതാബ് പ്രിന്റ് ചെയ്തു പുറത്തിറങ്ങാൻ കാത്തിരിക്കുന്ന പണ്ഡിതൻ എന്ന വാമൊഴി അക്ഷരാർഥത്തിൽ വാസ്തവമാണ്. രചനാരംഗത്ത് സജീവമായ ഇമാമുമാരിൽ പലരും അവിവാഹിതരായിരുന്നു. ഇരുന്നൂറിലേറെ രചനകൾ നടത്തിയ മഅ്മറുബ്നു മുസന്ന(റ) (ഹി. 110-219), മആനിൽഖുർആൻ, അംസാൽ തുടങ്ങിയ വിശ്രുത കിതാബുകൾ രചിച്ച യൂനുസ്(റ), ഇസ്‍ലാമിക ലോകത്ത് ഏറ്റവും കൂടുതൽ രചനകൾ നടത്തിയ ഇബ്നുജരീർ ത്വബ്‌രി(റ) (ഹി. 224-310), മുപ്പതോളം രചനകളുള്ള അബൂബക്കർ ഇബ്‌നിൽഅൻബാരി(റ), ഈളാഹ് അടക്കമുള്ള ഇരുപത്തിയഞ്ച് ഗ്രന്ഥങ്ങളുടെ മുസന്നിഫായ അബൂഅലിയ്യിൽ ഫാരിസി(റ) (ഹി. 288-377), ഇമാം നവവി(റ) (ഹി. 631-676) എന്നിവർ ഗ്രന്ഥ രചനയില്‍ മഴുകി മംഗല്യം പോലും വേണ്ടെന്ന് വെച്ചവരാണ്. അവിവാഹിതരായ പണ്ഡിതരെ പരിചയപ്പെടുത്തിക്കൊണ്ട് മാത്രം അബ്ദുൽഫത്താഹ് അബൂ ഗുദ്ദ: 'അൽഉലമാഉൽ ഉസ്സാബ്' എന്ന പേരിൽ ഗ്രന്ഥമെഴുതിയിട്ടുണ്ട്.
പതിനായിരക്കണക്കിനു ഗ്രന്ഥങ്ങളും പുസ്തകങ്ങൾക്കുമിടയിൽ ജീവിച്ചിട്ടും, നൂറു പേജുകളുള്ള ചെറു പുസ്തകങ്ങൾ പോലും തയ്യാറാക്കാൻ വിരക്തി കാണിക്കുന്ന ലോകത്തു നിന്ന് വേണം മുൻഗാമികളുടെ രചനാവൈഭവത്തെ കുറിച്ച് വായിക്കാൻ. പേപ്പറുകളും മഷിയും ദുർലഭമായ കാലത്താണ് ലക്ഷക്കണക്കിനു പേജുകളിൽ അറിവിന്റെ വരികൾ കുറിച്ചിട്ടത്. ഇബ്നു ശാഹീൻ(റ) മഷി വാങ്ങാൻ വേണ്ടി മാത്രം 200 ദിർഹം വരെ ചെലവഴിച്ചിരുന്നു. ജീവിച്ച കാലത്തേക്കാൾ കൂടുതൽ ഗ്രന്ഥങ്ങൾ എഴുതിയവർ പോലും അവരിൽ ഉണ്ടെന്നത് അമ്പരിപ്പിക്കുന്നതാണ്.
അവ കേവലം ഒരു ജ്ഞാന ശാസ്ത്രങ്ങളിൽ മാത്രം ഒതുങ്ങിയില്ല. മതത്തിനപ്പുറം ഭൗതികജ്ഞാനങ്ങളിലും അനുപമമായ രചനകളാണ് അവർ നടത്തിയത്. രചനാലോകത്ത് അൽഭുതം തീർത്ത ഇബ്ൻ ജരീർ ത്വബ്‌രി(റ) എഴുതിയ ഗ്രന്ഥങ്ങളുടെ മുഴുവൻ പേജുകളുടെ എണ്ണം മൂന്നു ലക്ഷത്തി അമ്പത്തിയെട്ടായിരമാണ്. മഹാനവർകളുടെ തഫ്‌സീറും താരീഖും മാത്രം ആറായിരം പേജുകൾ അടങ്ങിയിട്ടുണ്ട്. ദിനേനെ മഹാനവർകൾ നാൽപ്പത് പേജുകൾ എഴുതിയിരുന്നു. എമ്പത്തിയാറു വർഷം ജീവിച്ച മഹാനവർകളുടെ രചനകളുടെ പേജുകളും യൗവനം മുതലുള്ള ആയുസ്സിലെ ദിനങ്ങളും തുലനം ചെയ്താൽ ഒരു ദിവസം പതിനാലു പേജുകൾ വരും. മൂന്നു ലക്ഷം കവിതാ ശകലങ്ങൾ ഹൃദിസ്ഥമായിരുന്ന അബൂബക്കറിൽ അൻബാരി(റ)യുടെ രചനാലോകത്ത് അമ്പതിനായിരത്തിലേറെ പേജുകൾ കിതാബുകൾ എഴുതി. മുന്നൂറോളം രചനകൾ നടത്തിയ ഹാഫിള് ഇബൻ ശാഹീൻ(റ) (ഹി. 297-385)ന്റെ തഫ്‌സീർ ആയിരവും ഹദീസ് ആയിരത്തി മുന്നൂറോളവും താരീഖ് നൂറ്റിയമ്പതും സുഹ്ദ് എന്ന പേരിലുള്ള അധ്യാത്മിക രചന നൂറും വാള്യങ്ങളുള്ളതായിരുന്നു. ഇബ്ൻ മാലിക്(റ)ന്റെ അൽഫിയ്യക്ക് ശറഹ് എഴുതിയ ഇബ്ൻ ഉഖൈൽ(റ) (ഹി. 694-769) എണ്ണൂറു വാള്യങ്ങളുള്ള അൽ ഫുനൂൻ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. നിദാന ശാസ്ത്രത്തിലെ അതികായനായിരുന്ന അബൂബക്കറിൽ ബാഖില്ലാനി(റ) ദിനേന മുപ്പത്തിയഞ്ച് പേജ് എഴുതിയിട്ടല്ലാതെ ഉറങ്ങാറുണ്ടായിരുന്നില്ല.
ആയിരത്തിലേറെ ഗ്രന്ഥങ്ങൾ രചിച്ച ഇബനുൽ ജൗസി(റ) (ഹി. 508-597) ദിനേന നാലു ചെറു ഗ്രന്ഥങ്ങൾ (കുർറാസ) എഴുതിയിരുന്നു. മഹാനവർകളെ പോലെ ഗ്രന്ഥങ്ങൾ എഴുതിയ ഒരാളും ചരിത്രത്തിൽ ഇല്ലെന്ന് ഹാഫിളുദ്ദഹബി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നുൽ ജൗസി(റ) വഫാത്തായ സമയത്ത് മഹാനവർകൾ ഉപയോഗിച്ചിരുന്ന പേനയുടെ അവശിഷ്ടങ്ങൾ കൊണ്ടാണ് മയ്യിത്ത് കുളിപ്പിച്ച വെള്ളം തിളപ്പിച്ചത്. എന്നിട്ടും പേനയുടെ അവശിഷ്ടങ്ങൾ ബാക്കിയായിരുന്നുവത്രെ. അബൂ ജഅ്ഫറിത്ത്വഹാവി(റ) (ഹി. 238-321) ഖിറാൻ, ഇഫ്‌റാദ്, തമത്തുഅ് എന്നീ മൂന്നു രൂപങ്ങളിൽ നിന്ന് ഏതിലാണ് തിരുനബി(സ) ഹജ്ജ് നിർവഹിച്ചത് എന്ന മസ്അല വിശദീകരിക്കാൻ മാത്രം ആയിരം പേജുള്ള കിതാബ് എഴുതിയിട്ടുണ്ട്. കേവലം നാൽപ്പതിയഞ്ച് വയസ്സ് മാത്രം ജീവിച്ച ഇമാം നവവി(റ)യും 39 വയസ്സ് മാത്രം ജീവിച്ച അബ്ദുൽ ഹയ്യ് ലഖ്‌നവി(റ) (വ: ഹി. 1304)യും (നൂറ്റിപ്പത്ത് രചനകൾ) രചനാലോകത്ത് നൽകിയ സംഭാവനകൾ അതുല്യമാണ്. ജ്ഞാനവഴിയിലെ തിരക്കിട്ട സഞ്ചാരത്തിനിടെ, ഒരാൾ വിവാഹക്കാര്യം ഓർമിപ്പിച്ചപ്പോൾ, നിങ്ങൾ എന്തേ നേരത്തെ ഓർമിപ്പിക്കാതിരുന്നതെന്ന് ഇമാം നവവി(റ) തിരിച്ചു ചോദിച്ചുവത്രെ. മഹാനവർകൾ രചിച്ച ഗ്രന്ഥങ്ങളും ജീവിച്ച ആയുസ്സും തുലനം ചെയ്താൽ മഹാനവർകളുടെ ആയുസ്സിലെ ഓരോ ദിനങ്ങൾക്കും മഹാനവർകളുടെ ചെറു രചനകളിൽ രണ്ടെണ്ണം വീതം ഭാഗിക്കാൻ കഴിയുമായിരുന്നു. മുപ്പതാം വയസ്സിലാണ് മഹാനവർകൾ രചനാരംഗത്ത് ചുവടു വെക്കുന്നതെന്നും ഓർക്കുക. അറുന്നൂറിലേറെ ഗ്രന്ഥങ്ങൾ എഴുതിയ ഇമാം ജലാലുദ്ധീൻ സുയൂത്വി(റ) (ഹി. 849-921) ചരിത്രത്തിൽ ഇബ്‌നുൽ കുതുബ് (ഗ്രന്ഥപുത്രൻ) എന്നാണ് അറിയപ്പെട്ടത്. നാൽപതാം വയസ്സു് മുതൽ മഹാനവർകൾ ജീവിതം ഗ്രന്ഥരചനക്കു വേണ്ടി ഉഴിഞ്ഞുവെച്ചു. നിമിഷക്കവിതകൾക്കു സമാനമായി ജീവിതത്തിൽ നടക്കുന്ന ഓരോ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലും സുയൂത്വി(റ) കിതാബുകൾ രചിച്ചു. നീണ്ട തലപ്പാവ് ധരിച്ച സുൽത്താൻ ഖായ്തബായിയെ കാണാൻ പോയതിന്റെ പേരിൽ ആളുകൾ ആക്ഷേപിച്ചപ്പോൾ മഹാനവർകൾ അൽഅഹാദീസുൽ ഹിസാൻ ഫീ ഫളാഇലി ത്വയ്‌ലസാൻ എന്ന കിതാബ് എഴുതിയാണ് മറുപടി നൽകിയത്.
ഗ്രന്ഥരചനക്കു വേണ്ടി ജീവിതത്തിലെ അനിവാര്യകാര്യങ്ങൾ പോലും മാറ്റിവെക്കാൻ ആ പണ്ഡിതര്‍ തയ്യാറായി. ഇമാം നവവി(റ) രണ്ടു വർഷം കിടന്നുറങ്ങിയിട്ടേ ഇല്ല എന്നാണ് ചരിത്രം. രചനകൾ നടത്തുന്ന കാലത്ത് മഹാനവർകൾ ദിവസവും ഒരു നേരം മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇശാഇനു ശേഷം അൽപ്പം ഭക്ഷണവും അത്താഴ സമയത്ത് വെള്ളവും കുടിച്ചാൽ പ്രസ്തുത ദിവസം മറ്റൊന്നും കഴിക്കാറുണ്ടായിരുന്നില്ല. ശരീരം നനയുക വഴി ഉറക്കം വരുമെന്ന് ഭയന്ന് ഫലലതാദികളും മഹാനവർകൾ വർജിച്ചു. മന്ത്രിയും ഭരണരംഗത്ത് ഉന്നതപദവികൾ വഹിക്കുന്ന വ്യക്തിയുമായിട്ടും അബുൽഫള്ൽ മുഹമ്മദ് ബ്ൻ മുഹമ്മദിൽ ബൽഖി(റ) (വ: ഹി. 234) കൂടെ എപ്പോഴും പേപ്പറും മഷിയും കരുതിയിരുന്നു. സുൽത്താന്റെ മന്ത്രിയായിരുന്നിട്ടു പോലും സന്ദർശകർ വന്ന സമയത്തും മഹാനവർകൾ ഗ്രന്ഥരചനയിൽ മുഴുകും. ഒരിക്കൽ അമീറായ അബൂ അലിയ്യ് ബ്ൻ ബക്ർ കാണാൻ വന്നപ്പോൾ സന്ദർശനത്തിനുള്ള സമയം അല്ലാത്തതിനാൽ തിരിച്ചയച്ചുവത്രെ.
ഇബ്ൻ ജൗസി(റ)യുടെ ജീവിതത്തിൽ രചനയിലോ നിസ്‌കാരത്തിലോ വായനയിലോ അല്ലാത്ത ഒരു നിമിഷവും കണ്ടിട്ടില്ലെന്ന് ശിഷ്യഗണങ്ങൾ അയവിറക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ ചെലവഴിച്ച സമയത്തിന്റെ പേരിൽ ഇമാം ഫഖ്‌റുദ്ദീൻ റാസി(റ) ഖേദിച്ച സംഭവം ഖാളി ശംസുദ്ധീനിൽ ഖൂഈ(റ) ഉദ്ധരിക്കുന്നുണ്ട്. ഫിഖ്ഹിലും വൈദ്യരംഗത്തും അതിനിപുണനായിരുന്ന അലാഉദ്ധീൻ ഇബ്നുന്നഫീസ്(റ) ( ഹി. 610-687) ഗ്രന്ഥങ്ങൾ പരിശോധിക്കാതെ ഹൃദിസ്ഥാക്കിയ അറിവുകൾ കൊണ്ട് കിതാബുകൾ എഴുതിയ മഹാനാണ്. ഒരിക്കൽ കുളിക്കുന്നിതിനിടെ മഹാനവർകൾ പുറത്തു വരികയും പേനയും പേപ്പറും കൊണ്ടു വരാൻ കൽപ്പിക്കുകയും ചെയ്തു. ശ്വാസമിടിപ്പിനെ കുറിച്ചുള്ള ലേഖനമെഴുതാൻ വേണ്ടിയായിരുന്നു കുളി നിർത്തിവെച്ച് ഇറങ്ങിവന്നത്. ലേഖനം പൂർത്തിയാക്കിയതിനു ശേഷം മഹാനവർകൾ ബാത്‌റൂമിലേക്ക് മടങ്ങി കുളി തുടർന്നു.
പകൽ സമയം അധ്യാപനത്തിനും രാത്രിയുടെ അവസാനഭാഗങ്ങൾ ഗ്രന്ഥരചനക്കും മാറ്റി വെച്ച വിഖ്യാത ഖുർആൻ വ്യാഖ്യാതാവ് മഹ്മൂദുൽ ആലൂസി(റ) (ഹി. 1217-1270) മരണശയ്യയിൽ വരെ ഗ്രന്ഥരചന നടത്തിയിരുന്നു. നിദാന ശാസ്ത്രത്തിലെ അതികായനായിരുന്ന അബൂബക്കറിൽ ബാഖില്ലാനി(റ) (ഹി. 338-403) ദിനേനെ മുപ്പത്തിയഞ്ച് പേജ് ഗ്രന്ഥമെഴുതിയിട്ടല്ലാതെ ഉറങ്ങാറില്ലായിരുന്നു. ഇബ്ൻ ഉഖൈൽ(റ) സമയം ലാഭിക്കാൻ വേണ്ടി ഉണക്ക റൊട്ടി ഒഴിവാക്കി പൊടിപ്പത്തിരിയാണ് അന്നമായി തെരഞ്ഞെടുത്തത്. ബുഖാരി(റ), മുസ്‌ലിം(റ) തുടങ്ങി നിരവധി ഇമാമുമാരുടെ ഗുരുവായ ഉബൈദ് ബിന്‍ യഈശിൽ കൂഫി(റ) മുപ്പത് വർഷം സ്വന്തം കൈ കൊണ്ടു ഭക്ഷണം കഴിച്ചിട്ടില്ല. മഹാനവർകൾ ഹദീസ് എഴുതുമ്പോൾ സഹോദരി ഭക്ഷണം വാരിക്കൊടുക്കലായിരുന്നുവെന്ന് ഇമാം ദഹബി(റ) സിയറു അഅ്‌ലാമിന്നുബലാഇൽ പരാമർശിക്കുന്നുണ്ട്.
ഗ്രന്ഥരചനയിൽ മുഴുകി ഭൗതിക ലോകവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ട് അറിവിന്റെ ലഹരിയിൽ മത്തു പിടിച്ചവരും ചരിത്രത്താളുകളിലുണ്ട്. മാലികീ പണ്ഡിതനായ മുഹമ്മദ് ഇബ്നു സഹ്നൂനിൽ ഖൈറുവാനി(റ) (ഹി. 2022-256)യുടെ ജീവിതം ഇതിനുദാഹരണമാണ്. ഒരു രാത്രി മഹാനവർകൾ കിതാബ് രചിച്ചു കൊണ്ടിരിക്കെ അടിമ സ്ത്രീയായ ഉമ്മു മുദാം ഭക്ഷണവുമായി വന്നു. ഭക്ഷണം കഴിക്കാനുള്ള ഒരുക്കങ്ങൾ ചെയ്യട്ടെ എന്ന് ഉമ്മു മുദാം ചോദിച്ചപ്പോൾ താൻ ഇപ്പോൾ തിരക്കിലാണെന്ന് മറുപടി പറഞ്ഞു. ഒരുപാട് നേരം കാത്തിരുന്നിട്ടും ഇബ്ൻ സഹ്നൂൻ(റ) ഭക്ഷണം കഴിക്കാനുള്ള ലക്ഷണം കാണിക്കാതിരുന്നതോടെ അവൾ മഹാനവർകൾക്ക് വാരിക്കൊടുത്തു. അങ്ങനെ രാത്രി പിന്നിട്ടു. സുബ്ഹി ബാങ്ക് കൊടുത്തപ്പോഴാണ് മഹാനവർകൾ രചനയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നത്. രചനയിൽ മുഴുകി രാത്രി ഭക്ഷണം കഴിച്ചിട്ടില്ലല്ലോ എന്ന് അപ്പോഴാണ് ഓർമ വന്നത്. ഉടനെ തന്റെ അടിമസ്ത്രീയോട് ഭക്ഷണം കൊണ്ടു വരാൻ പറഞ്ഞു. അത് ഞാൻ രാത്രി തന്നെ നിങ്ങൾക്ക് വാരിനൽകിയിട്ടുണ്ടെന്ന ഉമ്മു മുദാമിന്റെ മറുപടി കേട്ട് ഇബ്ൻ സഹ്നൂൻ(റ) മറുപടി പറഞ്ഞു: 'അത് ഞാൻഅറിഞ്ഞിട്ടില്ലല്ലോ,'! ഖാളി ഇയാള്(റ) തർതീബുൽ മദാരികിൽ ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്. രചനയുടെ ലഹരിയിൽ മതിമറന്ന് ഐഹിക ലോകവുമായി വേർപിരിഞ്ഞ ഇബ്‌നു സഹ്നൂനുമാരെ ചരിത്രത്തിൽ ഇനിയും ഏറെ ദർശിക്കാനാകും.
അല്ലാഹുവിന്റെ മാർഗത്തിലുള്ള പ്രയാണത്തിൽ മഹാരഥൻമാരായ പണ്ഡിതര്‍ സൃഷ്ടികളെ ഭയന്നതേയില്ല. സത്യം വിളിച്ചു പറയാൻ തങ്ങളുടെ തൂലികകൾ അവർ വിനിയോഗിച്ചു. അതിന്റെ പേരിൽ കൊടിയ പീഢനങ്ങളും രക്തസാക്ഷിത്വം വരെയും അവർ ഏറ്റുവാങ്ങി. വിശ്രുത ഹദീസ് പണ്ഡിതനും സ്വിഹാഹുസ്സിത്തയിലൊന്നിന്റെ രചയിതാവുമായ ഇമാം നസാഈ(റ) സത്യത്തിനു വേണ്ടി ശബ്ദിച്ചതിന്റെ പേരിൽ കടുത്ത പരീക്ഷണങ്ങൾ ഏറ്റുവാങ്ങിയവരാണ്. ഹജ്ജ് യാത്രാമധ്യേ, മഹാനവർകൾ ഈജിപ്തിൽ നിന്നു ദമസ്‌കസിൽ എത്തിയ സമയത്ത് അവിടെയുള്ളവർ അലി(റ)നെ കടുത്ത ഭാഷയിൽ വിമർശിക്കുന്നതും പരിഹസിക്കുന്നതും ദൃഷ്ടിയിൽ പെട്ടു. അന്ന് അമവി ഖിലാഫത്തായിരുന്നു ദമസ്‌കസ് അടക്കമുള്ള ശാം ഭരിച്ചിരുന്നത്. അല്ലാഹുവിന്റെ ഹബീബിന്റെ മരുമകനും നാലാം ഖലീഫയുമായ അലി(റ)നെ ക്രൂശിക്കുന്നതിൽ മനം നൊന്ത മഹാനവർകൾ അവരുടെ മഹത്വവും സ്ഥാനവും വ്യക്തമാക്കുന്ന ഹദീസുകൾ ഉൾപ്പെടുത്തി തഹ്ദീബു ഖസാഇസിൽ ഇമാം അലി(റ) എന്ന ഗ്രന്ഥം രചിച്ചു. ഇതറിഞ്ഞ ദമസ്‌കസിലുള്ളവർ മഹാനവർകളെ ചോദ്യം ചെയ്യുകയും മുആവിയ(റ)നെ കുറിച്ചുള്ള ഹദീസുകൾ പറയാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അതിനു മഹാനുഭാവൻ കൂട്ടാക്കാതിരുന്നതോടെ അമവി മസ്ജിദിൽ നിൽക്കുകയായിരുന്ന അദ്ദേഹത്തെ ആളുകൾ മർദ്ദിക്കുകയും പള്ളിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ റംലയിലേക്കു കൊണ്ടു വരികയും അവിടെ വെച്ച് അദ്ദേഹം ശഹീദാകുകയും ചെയ്തു. സത്യത്തിന്റെ മാർഗത്തിൽ തൂലിക ചലിപ്പിച്ചതിന്റെ പേരിൽ കടുത്ത പീഢനങ്ങൾ അനുഭവിച്ച അനേകം പണ്ഡിതമഹത്തുക്കളുടെ പ്രതീകമാണ് ഇമാം നസാഈ(റ).
രചനാ ലോകത്ത് അൽഭുതങ്ങൾ സൃഷ്ടിച്ചവരിൽ കേരളീയ പണ്ഡിതരെയും കാണാൻ കഴിയും. സമസ്ത സ്ഥാപകൻ മൗലാനാ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ(ന:മ)ക്ക് തുഹ്ഫയുടെ ഹാശിയ അടക്കം മുപ്പതോളം ഗ്രന്ഥങ്ങളുണ്ടായിരുന്നു. പൊതുവെ രചനലോകത്തിൽ നിന്ന് അന്യം നിൽക്കുന്ന കേരളീയ പണ്ഡിത പൊതുബോധത്തിൽ നിന്ന് വ്യത്യസ്തമായി നിരന്തരം ഗ്രന്ഥ രചനകൾ നടത്തികൊണ്ടിരിക്കുന്ന കേരളീയ പണ്ഡിതരാണ് വാളക്കുളം അബ്ദുല്‍ബാരി മുസ്‍ലിയാരും. കോടമ്പുഴ ബാവ മുസ്‍ലിയാരെ പോലെ ഗ്രന്ഥ രചനയില്‍ സജീവമായ പണ്ഡിതര്‍ നമ്മുടെ കാലത്തും ഉണ്ട്.
അത്യാധുനികതയുടെ കാലത്തു നിന്നും മുൻകാല ഉലമാഇന്റെയും ഇമാമുമാരുടെയും രചനാലോകം പരിചയപ്പെടുമ്പോൾ പലതും അവിശ്വസനീയമായി തോന്നിയേക്കും. പ്രതിസന്ധികളും പ്രയാസങ്ങളും പ്രതിബന്ധങ്ങളും നിറഞ്ഞിട്ടും അവയെല്ലാം അതിജീവിച്ച് അനശ്വരമായ രചനകൾ നടത്തിയാണ് അവർ കടന്നു പോയത്. ദൈവിക പ്രീതിക്കപ്പറും മറ്റു ലക്ഷ്യങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അല്ലാഹുവിന്റെ സഹായം അവർക്കുണ്ടായി എന്നേ കരുതാനാവൂ. അതിനാൽ മണിക്കൂറുകൾ കൊണ്ട് സാരസമ്പൂർണമായ അനേകം രചനകൾ നടത്താൻ അവര്‍ക്ക് കഴിഞ്ഞു. സമർപ്പിത മനസ്സും ത്യാഗമനോഭാവവും മൂലമാണ് അതിനവർക്കു സൗഭാഗ്യം സിദ്ധിച്ചത്. സുഖാനുഭൂതികളും സാങ്കേതിക സൗകര്യങ്ങളും വർധിക്കും തോറും മനുഷ്യനു ആലസ്യവും വളർന്നുവെന്നതാണ് സത്യം. അറിവും അത് പകർത്താനുള്ള ഉപകരണങ്ങളും കൺമുമ്പിൽ ലഭ്യമായിട്ടും അതുപയോഗപ്പെടുത്തി ജ്ഞാനമണ്ഡലത്തിൽ തന്റേതായ കയ്യൊപ്പ് ചാർത്താൻ ഇന്ന് പലര്‍ക്കും കഴിയുന്നില്ല. അറിവിന്റെ കമാനങ്ങൾ മലർക്കെ തുറക്കപ്പെട്ടിട്ടും രചനാരംഗത്ത് തന്റേതായ സംഭാവനകൾ നൽകാൻ കഴിഞ്ഞില്ലെങ്കിൽ പിൽക്കാലത്ത് ഖേദിക്കേണ്ടി വരുമെന്നത് തീർച്ച.
ഏറെ ത്യാഗങ്ങൾ സഹിച്ചാലും ഉമ്മത്തിനുപകാരപ്പെടുന്ന രചനകളിലൂടെ സമൂഹത്തിൽ ചിരഞ്ജീവികളാകാമെന്ന പാഠമാണ് ഗ്രന്ഥലോകത്തെ ഉലമാ ആക്ടിവിസം പുതുതലമുറയോടു വിളിച്ചു പറയുന്നത്. വർഷങ്ങൾ പരശ്ശതം പിന്നിട്ടിട്ടും ഇമാം നവവിയും ഇമാം ബുഖാരിയും നിരന്തരം വായിക്കപ്പെടുന്നതും ചർവിത ചർവണം ചെയ്യപ്പെടുന്നതും പുതുതലമുറയിലും അത്തരം പണ്ഡിത പ്രതിഭകൾ വളരാനുള്ള ചോദനകളാവട്ടെ.
Leave A Comment