ഹദീസ് ഗ്രന്ഥങ്ങള്‍ വിവിധയിനം

ക്രോഡീകരണത്തിന്റെ ശൈലിക്കും മാനദണ്ഡങ്ങള്‍ക്കുമനുസരിച്ച് ഹദീസ് ഗ്രന്ഥങ്ങള്‍ വിവിധ പേരുകളിലാണറിപ്പെടുന്നത്. അവയെക്കുറിച്ചുള്ള ലഘുപരിചയമാണ് താഴെ:

1. സ്വിഹാഹ്: ഹദീസ് നിവേദന ശാസ്ത്രമനുസരിച്ച് സ്വഹീഹായ ഹദീസുകള്‍ മാത്രം ക്രോഡീകരിച്ചതാണ് സ്വിഹാഹ്. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം, സ്വഹീഹു ഇബ്‌നു ഖുസൈമ എന്നിവ ഉദാഹരണം.

2. ജാമിഅ്: വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഹദീസുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ജാമിഅ്. വിശ്വാസം (അഖാഇദ്), വിധികള്‍ (അഹ്കാം), അധ്യാത്മികത, സംസ്‌കാരം (ആദാബ്), വ്യാഖ്യാനം (തഫ്‌സീര്‍), ചരിത്രം (താരീഖ്, സിയര്‍), വിപത്തുകള്‍ (ഫിതന്‍), വ്യക്തിവിശേഷണം (മനാഖിബ്) എന്നിങ്ങനെ എട്ടു വിഷയങ്ങള്‍ ജാമിഉകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ജാമിഉത്തിര്‍മിദിയാണ് ഏറെ പ്രസിദ്ധം. ബുഖാരിയും, മുസ്‌ലിമും, ജാമിആണെങ്കിലും, ജാമിഇനെക്കാള്‍ ഉന്നത സ്ഥാനത്താണ് സ്വിഹീഹ് എന്നതിനാല്‍ സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്നൊക്കെയാണ് പറയാറ്.

3. സുനന്‍: കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ വിഷയക്രമമനുസരിച്ച് വിധികള്‍ക്കും കര്‍മങ്ങള്‍ക്കും പ്രാധാന്യം നല്‍കി ക്രോഡീകരിക്കപ്പെട്ടവയാണിവ. സുനനുന്നസാഈ, സുനനു ഇബ്‌നുമാജ, സുനനു അബീദാവൂദ് എന്നിവയാണ് അറിയപ്പെട്ട സുനനുകള്‍. ‘തുഹ്ഫത്തുല്‍ അഹ്‌വദി’യുടെ ആമുഖത്തില്‍ പതിനഞ്ചിലധികം സുനനുകളെക്കുറിച്ച് പറയുന്നുണ്ട്.

4. മുസ്‌നദ്: ഹദീസ് നിവേദനം ചെയ്ത സ്വഹാബികളുടെ ക്രമമനുസരിച്ചോ, അക്ഷരമാലാ ക്രമമനുസരിച്ചോ ക്രോഡീകൃതമായ ഹദീസ് ഗ്രന്ഥങ്ങളാണിവ. മുസ്‌നദ് അഹ്മദ് ആണ് ഏറെ പ്രശസ്തമായത്. തുഹ്ഫത്തുല്‍ അഹ്‌വദിയുടെ ആമുഖത്തില്‍, മുബാറക് ഫൂരി നാല്‍പതിലധികം മുസ്‌നദുകളെ പ്രതിപാദിക്കുന്നുണ്ട്.

5. മആജിം: ഹദീസ് നിവേദനം ചെയ്ത ശൈഖുമാരുടെ (ഗുരുനാഥന്‍മാര്‍) ക്രമമനുസരിച്ചാണ് ഇതിലെ ക്രോഡീകരണം. അക്ഷരമാലാ ക്രമത്തിലാണ് ഗുരുനാഥന്‍മാര്‍ക്ക് പൊതുവെയും മുന്‍ഗണന നല്‍കുന്നത്. ആദ്യത്തെ ഗുരുനാഥന്‍, തഖ്‌വയും സൂക്ഷ്മതയും കൂടുതലുള്ളവര്‍ എന്നിങ്ങനെയും മുന്‍ഗണന നല്‍കാറുണ്ട്. ഇമാം ഥബ്‌റാനിക്ക് ഈ ഗണത്തില്‍ ഗ്രന്ഥങ്ങളുണ്ട്.

6. മുസ്തദ്‌റക്: മറ്റു ഗ്രന്ഥങ്ങളില്‍ നിവേദനം ചെയ്യപ്പെടാത്ത ഹദീസുകളെ തെരഞ്ഞുപിടിച്ച് ക്രോഡീകരിക്കപ്പെട്ടവയാണിത്. ഹാകിമിന്റെ അല്‍മുസ്തദ്‌റക് അലസ്സ്വഹീഹൈനി ഇതിനുദാഹരണമാണ്.

7. മുസ്തഖ്‌റജ്: മറ്റുള്ള ഗ്രന്ഥങ്ങളില്‍ നിവേദനംചെയ്യപ്പെട്ട ഹദീസുകള്‍, സ്വീകാര്യമാണെന്നു സമര്‍ത്ഥിക്കുന്നതിന് മറ്റു നിവേദനശൃംഖലയിലൂടെയും അതേ ഹദീസുകള്‍ നിവേദനംചെയ്യുന്ന രീതി, ഇത്തരം ഹദീസുകളെ ക്രോഡീകരിച്ച ഗ്രന്ഥമാണ് മുസ്തഖ്‌റജ്. മുസ്തഖ്‌റജു അബീ അഹന ഉദാഹരണമാണ്.


Also Read: ഹദീസ് ക്രോഡീകരണം


8. അല്‍ അഫ്‌റാദ് വല്‍ ഗറാഇബ്: ചില ഗുരുനാഥന്‍മാരില്‍നിന്നു മാത്രം കേട്ട ഒറ്റപ്പെട്ട ഹദീസുകളുടെ സമാഹാരം. ദാറഖുഥ്‌നിയുടെ കിതാബുല്‍ അഫ്‌റാദ് ഇതിനുദാഹരണമാണ്.

9. അല്‍ഇലല്‍: ഹദീസിലോ അദ്ധ്യായത്തിലോ നിവേദക ശൃംഖലയേയും നിവേദകന്‍മാരിലെ അന്തരങ്ങളെയും ക്രോഡീകരിക്കുന്ന രീതി.

10. അല്‍അമാലീ: ഗുരുനാഥന്‍മാരില്‍ നിന്ന് ശിഷ്യഗണങ്ങള്‍ ഹദീസ് കേള്‍ക്കുകയും ശിഷ്യന്‍മാര്‍ ക്രോഡീകരിക്കുകയും ചെയ്തത്.

11. അല്‍ അര്‍ബഈനാത്: നാല്‍പതു ഹദീസുകള്‍ മാത്രം ക്രോഡീകരിച്ച ഗ്രന്ഥം. വിശ്വാസപരവും അദ്ധ്യാത്മികപരവുമായ ഹദീസുകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഇമാം നവവി(റ)യുടെ മത്‌നുല്‍ അര്‍ബഈന്‍ അന്നവവിയ്യ ഏറെ പ്രശസ്തമാണ്.

12. അത്തആലീഖ്: നിവേദക ശൃംഖല പറയാതിരിക്കുകയും നിവേദിത വചനം മാത്രം ഉള്‍ക്കൊള്ളിക്കുകയും ചെയ്തവ. ബഗ്‌വി(റ)യുടെ മസ്വാബീഹ് ഉദാഹരണം.

തറാജീം, അജ്‌സ്വാഅ്, മുസല്‍ബലാത്, അഥ്‌റാഫ് എന്നിങ്ങനെ ഇനിയും ധാരാളം വകുപ്പുകള്‍ ഉണ്ട്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter