സലാം പറയല്‍
അബൂഹുറൈറ (റ) വില്‍നിന്നു നിവേദനം: റസൂല്‍ (സ) പറഞ്ഞു: ''പരിപൂര്‍ണ വിശ്വാസികളാകുന്നതുവരെ നിങ്ങള്‍ സ്വര്‍ഗസ്ഥരാകുകയില്ല; പരസ്പരം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ പൂര്‍ണ വിശ്വാസികളുമാകില്ല. നിങ്ങളെ പരസ്പര സ്‌നേഹികളാക്കുന്ന ഒരു വസ്തുവിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്കറിയിച്ചുതരട്ടെയോ? നിങ്ങള്‍ക്കിടയില്‍ സലാമിനെ പ്രചരിപ്പിക്കുക''. (മുസ്‌ലിം).
ഇത് സാംസ്‌കാരിക ജീര്‍ണതകളെ പരിഷ്‌കാരമായിക്കാണുന്ന നവയുഗമാണ്. വൃത്തികേടുകളിലും വേണ്ടാത്തരങ്ങളിലും ആനന്ദം കണ്ടെത്തുന്ന പുതിയ തലമുറക്ക് ഇന്ന് വഴികാട്ടുന്നത് പടിഞ്ഞാറിന്റെ അസാംസ്‌കാരികമായ ഈടുവെപ്പുകളാണ്. സമൂഹ ജീവിയായ മനുഷ്യനെ ആള്‍കൂട്ടത്തിലെ ഒറ്റയാനാക്കുന്നതാണ് ഇന്നത്തെ സംസ്‌കാരം. ഇവിടെ 'ഗുഡ്‌മോര്‍ണിങി'നും 'ഗുഡ് ആഫ്റ്റര്‍ നൂണി'നും 'ഗുഡ് നൈറ്റി'നുമൊക്കെയേ പ്രസക്തിയുള്ളൂ. അതെ, ഏതു കാര്യമെടുത്താലും അവയിലെല്ലാം ഇംഗ്ലീഷ് രുചിക്കുന്ന പരിഷ്‌കൃത വിഭവങ്ങളാണുള്ളതെന്ന് ചുരുക്കും.
ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തുമായി കണ്ടുമുട്ടുമ്പോള്‍ അവര്‍ പരസ്പരം അഭിവാദനങ്ങള്‍ കൈമാറുന്ന രീതിക്ക് മനുഷ്യന്റെ ഉല്‍പ്പത്തിയുടെ അത്രതന്നെ പഴക്കമുണ്ട്. പരസ്പരം സ്‌നേഹം വളര്‍ത്താനും വിദ്വേഷങ്ങളും പകയും നിര്‍വീര്യമാക്കാനും ഉത്തമമായ ഉപാധിയാണ് ഇത്തരം അഭിവാദനരീതികള്‍. എന്നാല്‍, ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിന്റെ നിഖില മേഖലകളിലും അവസാനി വാക്കായി ഗണിക്കപ്പെടുന്നത് ദൈവികമായി നിര്‍ദ്ദേശിക്കപ്പെടുന്ന അനുഷ്ഠാന രീതികളായിരിക്കണമെന്നത് പരക്കെ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. ആ നിലക്ക് നാം ചിന്തിക്കുമ്പോള്‍ എല്ലാ കര്‍മങ്ങളിലുമെന്ന പോലെ പരസ്പരമുള്ള അഭിവാദനരീതിയിലും ഒരു നിര്‍ദിഷ്ട രൂപം ഇസ്‌ലാമിലുള്ളതായിക്കാണാന്‍ സാധിക്കുന്നു. ഒരു മുസ്‌ലിം തന്റെ സഹോദരനായ ഇതര മുസ്‌ലിമുമായി കണ്ടുമുട്ടുന്ന അവസരത്തില്‍ 'അസ്സലാമു അലൈക്കും' എന്ന് അഭിവാദ്യമര്‍പ്പിക്കണമെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. സ്രഷ്ടാവായ നാഥന്റെ രക്ഷയുണ്ടാകുവാനുള്ള ഒരു പ്രാര്‍ത്ഥന കൂടി ഈ അഭിവാദനരീതിയില്‍ അന്തര്‍ലീനമാണെന്നതാണ് ഈ രീതിയുടെ മാറ്റു കൂട്ടുന്നത്.
എത്ര അറുപഴഞ്ചനായി മുദ്രകുത്തപ്പെട്ടാലും ഇസ്‌ലാമികമായ മറ്റേത് ആചാരങ്ങളെയും പോലെ അതിന്റെ ഈ അഭിവാദനരീതിയും ഇന്നും പുതുമയാര്‍ന്നതാണെന്നതാണ് വാസ്തവം. ''സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടേതല്ലാത്ത വീടുകളില്‍, ആ വീട്ടുകാരോട് സമ്മതം ചോദിക്കുകയും സലാം പറയുകയും ചെയ്യുന്നതുവരെ പ്രവേശിച്ചുപോകരുത്'' എന്ന ഖുര്‍ആനികാധ്യാപനം സലാമിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചറിയിക്കുന്നതാണ്. മേലുദ്ധരിച്ച ഹദീസിലൂടെ പ്രവാചക തിരുമേനി (സ) വിശ്വാസികളെ ഉദ്ബുദ്ധരാക്കുന്നത് സലാം പതിവാക്കുന്നതിന്റെ പരിണിത ഫലങ്ങളെക്കുറിച്ചാണ്. ഹദീസിന്റെ വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍, ഒരു വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യമായ ദൈവിക പ്രീതിയും സര്‍ഗപ്രാപ്തിയും ലഭ്യമാക്കണമെങ്കില്‍ സലാം പതിവാക്കല്‍ നിര്‍ബന്ധമാണെന്ന വസ്തുത നമുക്ക് ഗ്രഹിക്കാന്‍ സാധിക്കുന്നു.
സ്വര്‍ഗപ്രാപ്തിക്ക് ഹേതുവായി റസൂല്‍ വിവരിക്കുന്ന പരിപൂര്‍ണ വിശ്വാസവും പരസ്പര സ്‌നേഹവും ആവിര്‍ഭവിക്കുന്നത് സലാം പറച്ചില്‍ കൊണ്ടു മാത്രമാണെന്നതാണ് ഹദീസ് വചനത്തില്‍ അന്തര്‍ലീനമായ സത്യം. അതുകൊണ്ടുതന്നെ പരിഷ്‌കൃതങ്ങളായ അഭിവാദനരീതികളുടെ പിറകില്‍ ഒരു വിശ്വാസി ഗമിക്കുക ഏറെ ഗൗരവമായിക്കാണേണ്ട വിഷയമാണ്. വാഹനപ്പുറത്ത് യാത്ര ചെയ്യുന്നവന്‍ കാല്‍നട യാത്രക്കാരനോടും നടക്കുന്നവന്‍ ഇരിക്കുന്നവനോടും ചെറു സംഘം വലിയ ആള്‍കൂട്ടത്തോടുമാണ് സലാം പറയേണ്ടത് എന്ന് പഠിപ്പിച്ച പ്രവാചകന്‍, സലാം കൊണ്ട് സംസാരം തുടങ്ങുന്നവന്‍ അല്ലാഹുവിനോട് ഏറ്റവും അടുത്തയാളാണെന്ന പ്രഖ്യാപനത്തിലൂടെ, ഏവരും നിസാരമായിക്കാണുന്ന കേവലമൊരഭിവാദനത്തിനുപോലും മഹത്തായ പ്രതിഫലമുണ്ടെന്നാണ് സമൂഹത്തെ പഠിപ്പിച്ചത്.
രണ്ടു പേര്‍ തമ്മിലുണ്ടാകുന്ന വാക്ക് തര്‍ക്കങ്ങളും പിണക്കങ്ങളും സലാം കൊണ്ട് പരിഹൃതമാകുമെന്നതാണ് ഇസ്‌ലാമിക ഭാഷ്യം. കാരണം, പരസ്പരം ഐക്യവും സ്‌നേഹവും കെട്ടിപ്പടുക്കാനുള്ള ഏറ്റവും ഉത്തമമായ ഉപാധിയായി റസൂല്‍ നിര്‍ദ്ദേശിച്ചതാണ് ഈ സംശുദ്ധമായ അഭിവാദനരീതി എന്നതുതന്നെ.
തന്നെക്കാള്‍ മുതിര്‍ന്നവരോട് ഒരു പിഞ്ചുബാലന്‍ ബഹുമാനസൂചകമായി സലാം പറയുമ്പോള്‍ അതിന്റെ പ്രതിഫലനമെന്നോണം മുതിര്‍ന്നവര്‍ വാത്സല്യപൂര്‍വം അവന് പ്രത്യഭിവാദ്യം ചെയ്യുന്നു.
ഇങ്ങനെ വലിപ്പ ചെറുപ്പ വ്യത്യാസങ്ങളില്ലാതെ, കുബേര കുചേല ഭേദമന്യേ മാനുഷികമായ മമതയും സ്‌നേഹവും സമൂഹത്തില്‍ നിലനിന്നുപോരാന്‍ ഏറ്റവും അനുയോജ്യമായ രീതിയാണ് ഇസ്‌ലാം സലാമിലൂടെ വിഭാവനം ചെയ്യുന്നത്. ആധുനികതയുടെ മിഥ്യയും നശ്വരവുമായ അനുഭൂതികള്‍ കൊതിച്ച് മതത്തിന്റെ നിശ്ചിതങ്ങളായ അനുഷ്ഠാന കര്‍മങ്ങളോട് വിമുഖത കാണിക്കുന്നവര്‍ അവക്കുള്ളില്‍ മാഞ്ഞുകിടക്കുന്ന രഹസ്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ് ഇസ്‌ലാമിന്റെ ഋജുവായ മാര്‍ഗത്തിലേക്ക് കടന്നുവരുന്നെങ്കില്‍, ഇവിടെ പ്രശ്‌നരഹിതമായ ഒരു സ്‌നേഹലോകത്തിന്റെ പുനഃസൃഷ്ടി ഒരിക്കലും അസാധ്യമല്ലതന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter