അയോധ്യ: നടക്കുന്നത് പ്രാണപ്രതിഷ്ഠയല്ല, മറിച്ച് മതേതരത്വത്തിന്റെ മൃത്യുപ്രതിഷ്ഠ
1992 ഡിസംബര്‍ 6ന് തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ഇന്ന് പ്രാണ പ്രതിഷ്ഠ നടക്കുകയാണ്. ഹിന്ദു വിശ്വാസ പ്രകാരം ഏതൊരു മനുഷ്യനും വസിക്കേണ്ടത് ആത്മിക ചൈതന്യമുള്ള ഒരു സ്ഥലത്തായിരിക്കണമെന്നാണ്. മനുഷ്യവാസമുള്ളിടത്തെല്ലാം ഈ ദൈവികചൈതന്യം സ്ഥാപിക്കുകയാണ് പ്രാണ പ്രതിഷ്ഠയിലൂടെ ഹിന്ദു ആചാര്യന്മാര്‍ ചെയ്യുന്നത്. ഈ കര്‍മ്മമാണ് അയോധ്യയില്‍ ഇന്ന് നടക്കുന്നത്. ശ്രീരാമന്റെ പൈതല്‍ വിഗ്രഹമാണ് ഇതിന്റെ ഭാഗമായി അയോധ്യയില്‍ സ്ഥാപിക്കപ്പെടുന്നത്.
ഹിന്ദുസഹോദരങ്ങളുടെ വിശ്വാസത്തെയും ആചാരങ്ങളെയും നാം മാനിക്കുക തന്നെ ചെയ്യുന്നു. ഓരോ മതക്കാര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പ്രധാനമാണല്ലോ. അതേ സമയം, തന്റെ അച്ഛന്‍ രണ്ടാനമക്ക് നല്കിയ വാക്ക് പാലിക്കാനായി, ചുണ്ടിനും കപ്പിനും ഇടയിലെത്തിയ അധികാരം പോലും വേണ്ടെന്ന് വെച്ച്, പതിനാല് വര്‍ഷത്തെ വനവാസം സ്വയം തെരഞ്ഞെടുത്തതിന്റെ നാമമാണ് ശ്രീരാമന്‍, ആ കഥയാണ് പ്രധാനമായും രാമായണം. എന്നാല്‍, ഇന്ന് അതേ ശ്രീരാമന്റെ നാമമാണ് അധികാരത്തിനായി ഉപയോഗിക്കപ്പെടുന്നതും ഇതരമതസ്ഥരായ സഹോദരങ്ങളെ വേദനിപ്പിക്കാനും അതിലൂടെ വീണ്ടും വീണ്ടും അധികാരകസേരകള്‍ ഉറപ്പിക്കാനും പ്രയോഗിക്കപ്പെടുന്നത്.
അഞ്ച് നൂറ്റാണ്ടിലേറെ മുസ്‍ലിംകള്‍ ആരാധനാകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച പള്ളി തകര്‍ത്ത് അവിടെ ക്ഷേത്രമുണ്ടാക്കി പ്രതിഷ്ഠ നടത്തുന്നത്, മതഭ്രാന്ത് തലക്ക് പിടിച്ച ഏതാനും വ്യക്തികളല്ല, മറിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ എല്ലാ ഔദ്യോഗിക സംവിധാനങ്ങളുമുപയോഗപ്പെടുത്തി, സ്വയം തന്ത്രിയായി ചമഞ്ഞുകൊണ്ടാണെന്നത് മതേതര ഇന്ത്യയുടെ ഏറ്റവും വലിയ അപമാനമാണ്. താമസിയാതെ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് തന്നെയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് ശങ്കരാചാര്യന്മാര്‍ പോലും തുറന്ന് പറഞ്ഞതും നാം കണ്ടതാണ്. ഔദ്യോഗിക ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കില്ലെന്ന് പറഞ്ഞതും, മതകീയാചാര്യത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിലെ അതൃപ്തി കൊണ്ട് തന്നെ. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ ടി പത്മനാഭനും സച്ചിദാനന്ദനും പരസ്യമായി ഇതിനെതിരെ രംഗത്ത് വന്നതും പ്രത്യേകം പ്രശംസിക്കാതെ വയ്യ. സമകാലിക ഇന്ത്യയിലെ ഏറ്റവും വിപണന മൂല്യമുള്ള വസ്തു ശ്രീരാമനാണെന്നായിരുന്നു പത്മനാഭന്റെ പ്രതികരണം.
അതേ സമയം, മതേതര രാഷ്ട്രീയ സംഘടനകളിലധികവും കൃത്യവും ശക്തവുമായ നിലപാടെടുക്കാനാവാതെ ഇപ്പോഴും കുഴങ്ങുകയാണ്. സീതാറാം യെച്ചൂരിയെ പോലെ, ഇടത് പക്ഷ കക്ഷികളിലെ ചില പ്രമുഖര്‍ വളരെ ശക്തമായി ഇതിനെതിരെ രംഗത്ത് വന്നത് ശുഭോദര്‍ക്കമാണ്. മതപരമായ ആചാരത്തെ, സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്നതിലെ ശരിയില്ലായ്മയും നീതികേടും അദ്ദേഹം തുറന്ന് പറയുകയും ചെയ്തു.
എന്നാല്‍, പ്രമുഖ പാര്‍ട്ടിയെന്ന് ഇപ്പോഴും പൊതുജനം ഗണിക്കുന്ന കോണ്‍ഗ്രസ്, തീവ്രഹിന്ദുത്വയെ മൃദു ഹിന്ദുത്വം കൊണ്ട് മറികടക്കാനാവുമെന്ന അബദ്ധ ധാരണം ഇപ്പോഴും മാറ്റിയിട്ടില്ല. ഉന്നത നേതാക്കളില്‍ പലരും ക്ഷണം നിരസിക്കുമ്പോഴും ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനെതിര ദേശീയ നേതൃത്വത്തിന് ഒന്നും പറയാനാവാത്തത്, ഇതിനെ എങ്ങനെ നേരിടണമെന്നതിലെ അവരുടെ നിസ്സാഹയതയും നയരാഹിത്യവുമാണ് വിളിച്ചറിയിക്കുന്നത്.
മതം എന്നത് മനുഷ്യനെ മനുഷ്യനാക്കാനുള്ള ഏറ്റവും വലിയ ഉപാധിയാണ്. അതിന് സാധിക്കാത്ത ഏത് പ്രത്യയശാസ്ത്രത്തെയും, അത് എത്ര തന്നെ വളര്‍ന്നാലും അധികാരത്തിന്റെ ഏത് സീമകളിലെത്തിയാലും, മദം (ഭ്രാന്ത്) എന്നേ വിളിക്കാനാവൂ. അതാണ് ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മതം മദമായി മാറിയ ഏതാനും ചിലര്‍ ഹിന്ദു മതത്തെ പരസ്യമായി വ്യഭിചരിക്കുന്നതിനും അതിനായി മേതതര ഇന്ത്യയുടെ ഔദ്യോഗിക പദവികളും സംവിധാനങ്ങളും ദുരുപയോഗം ചെയ്യുന്നതിനുമാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത്. മതേതര ഇന്ത്യക്കേറ്റ ആദ്യപ്രഹരവും അപമാനവും രാഷ്ട്രപിതാവിന്റെ കൊലപാതകമായിരുന്നെങ്കില്‍ രണ്ടാമത്തേതായിരുന്നു ബാബരി ധ്വംസനം. അത് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും, ഇന്ത്യ മതാന്ധതയുടെ തമോഗര്‍ത്തങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നതാണ് ഇത് വിളിച്ചുപറയുന്നത്. അഥവാ, ആ ഇരുട്ടിന്റെ ശക്തികള്‍ വെറുപ്പും വിദ്വേഷവും ഉല്‍പാദിപ്പിച്ച്, അധികാരം ഉറപ്പിക്കുന്ന നെറികെട്ട കളികള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നര്‍ത്ഥം.
ഇതിനെതിരെ രംഗത്ത് വരേണ്ട ഒന്നാമത്തെ ഉത്തരവാദിത്തം ഹിന്ദു ആചാര്യന്മാര്‍ക്കും സഹോദരങ്ങള്‍ക്കും തന്നെയാണ്. അയോധ്യയില്‍ ഇന്ന് നടക്കുന്നത് എന്റെ രാമന്റെ പ്രതിഷ്ഠയല്ലെന്ന്, കവി സച്ചിദാനന്ദനെ പോലെ തുറന്ന് പറയാന്‍ ഓരോരുത്തരും ധൈര്യം കാണിക്കണം. അതോടൊപ്പം തന്നെ, മതേരത്വത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന മതകീയാചാരങ്ങള്‍ക്ക്, അതും ഇന്ത്യയിലെ മുസ്‍ലിംകളെയും ഇതര ന്യൂനപക്ഷങ്ങളെയും മതേതരസ്നേഹികളെയും ഒരു പോലെ വേദനിപ്പിച്ച ബാബരി ഭൂമിയില്‍ തന്നെ നടക്കുന്ന ഈ ചടങ്ങുകള്‍ക്ക് ഇന്ത്യന്‍ പ്രധാന മന്ത്രി തന്നെ നേതൃത്വം നല്കുന്നതിനെ, ആദ്യഘട്ടത്തില്‍ തന്നെ ശക്തമായി എതിര്‍ക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കുക പോലും വേണ്ടതില്ലായിരുന്നു കോണ്‍ഗ്രസിന്.
യഥാര്‍ത്ഥ ഹിന്ദുമതവും സനാതന ധര്‍മ്മവും എന്താണെന്ന് തിരിച്ചറിഞ്ഞ് അവയുടെ പുനസ്ഥാപനത്തിനായി ഹിന്ദുസഹോദരങ്ങളും മതേരത്വത്തിന്റെ സംരക്ഷണത്തിനായി ആത്മാര്‍ത്ഥവും ശക്തവുമായി മതേതര കക്ഷികളും രംഗത്ത് വരാന്‍ എത്രമാത്രം വൈകുന്നുവോ അത്രയും മതേതര ഇന്ത്യയുടെ മൃത്യുപ്രതിഷ്ഠ നടന്നുകൊണ്ടേയിരിക്കും.
Leave A Comment