ദി കേരളാ സ്റ്റോറി: താഴെ വീണെങ്കിലും ആ ആയുധം നിര്‍വീര്യമായിട്ടില്ല
സുദീപ്തോ സെൻ സംവിധാനം നിര്‍വ്വഹിച്ച് സണ്‍ഷൈന്‍ പിക്ചേഴ്സ് പുറത്തിറക്കാനിരിക്കുന്ന ദി കേരളാ സ്റ്റോറി, ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. മതവിദ്വേഷങ്ങള്‍ കാര്യമായി ഏശാത്ത കേരളം എന്നും സംഘ് പരിവാറിന് ബാലികേറാമലയാണ്. എന്ത് വില കൊടുത്തും അവിടെയും ധ്രുവീകരണം ഉണ്ടാക്കിയെടുക്കുക എന്നതാണ് അവരുടെ മുന്നിലുള്ള ഏക മാര്‍ഗ്ഗം. അതിനുള്ള ശ്രമങ്ങളുടെ ഭാഗമായേ ഈ സിനിമയെയും കാണാനൊക്കൂ.
സംഘപരിവാറിന്റെ ആശയ ആദർശങ്ങൾ വേര് പിടിക്കാത്ത സംസ്ഥാനത്തെക്കുറിച്ച് വെറുപ്പ് വിതറുക എന്നതാണ് പരമലക്ഷ്യം. കാലങ്ങളായി മറ്റു സംസ്ഥാനങ്ങളിൽ തുടരുന്ന ഈ നയം വിജയിച്ചിട്ടുമുണ്ട്. വിദ്വേഷങ്ങൾ പരത്തി വോട്ട് ബാങ്കുകൾ ഉണ്ടാക്കി അധികാരമുറപ്പിക്കുക എന്നത് ആർ.എസ്.എസിന്റെ സോഷ്യൽ എഞ്ചനീയറിങ് ആണ്. അതിന് വേണ്ടി പല മാധ്യമങ്ങളെയും ഉപയോഗിക്കുന്നുണ്ട്. ജനങ്ങളുടെ മസ്തിഷ്‌കത്തെ മയക്കുന്ന ദൃശ്യ ആവിഷ്കാരമാണ് അവയിലെ ഒരു ടൂള്‍. അത് സ്റ്റാറ്റസ് വീഡിയോ മുതൽ ജനപക്ഷ സിനിമകൾ വരെയുണ്ട്. താഴെ തട്ടിലുള്ള സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ഇന്നും ഏറ്റവും നല്ല ഉപാധി അത് തന്നെയാണ്. അല്ലാത്തവരുടെ ഇടയിലേക്ക് മറ്റു പദ്ധതികളും അവരുടെ കൈകളിലുണ്ട്. സിനിമയിലൂടെ പ്രൊഫഷണൽ ജനവിഭാഗത്തെകൂടി ലക്ഷ്യം വെക്കുന്നുണ്ട്. സിനിമ റഫറൻസ് കൂടിയാണ്. കാലങ്ങളായി ഉപയോഗിക്കപ്പെടാനുള്ള ദീർഘകാല വിസ്ഫോടന ശേഷിയുള്ള ആയുധം ആണ് അത്. അതിന്റെ നിർമ്മാണത്തിൽ കൃത്യമായ പദ്ധതിയും സംഘ്പരിവാറിനുണ്ട്.
ദ കേരള സ്റ്റോറിക്ക് മുമ്പും സംവിധായകൻ സുദീപ്തോ സെൻ വിവാദം സൃഷ്ടിച്ചിരുന്നു. 2018 ഏപ്രിലിൽ, ഇൻ ദി നെയിം ഓഫ് ലൗവ് എന്ന ഡോക്യുമെന്ററി കേരളത്തിലെ സ്ത്രീകളുടെ മതപരിവർത്തനത്തെക്കുറിച്ചായിരുന്നു അത്. 2009 മുതൽ - കേരളത്തിൽ നിന്നുള്ള 17,000-ത്തിലധികം പെൺകുട്ടികളും മംഗലാപുരത്ത് നിന്ന് 15,000-ത്തിലധികം പെൺകുട്ടികളും ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്ന് ഇസ്‍ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു എന്നായിരുന്നു അതിലെ വാദം. അവരിൽ ഭൂരിഭാഗവും സിറിയ, അഫ്ഗാനിസ്ഥാൻ, മറ്റ് ISIS, താലിബാൻ സ്വാധീനമുള്ള രാജ്യങ്ങളിൽ പോയി എന്നും ചിത്രം ആരോപിക്കുന്നു. കണക്കുകളിൽ പെരുപ്പം അദ്ദേഹത്തിന് ഒരു ത്രില്ല് എന്നാണ് തോന്നുന്നത്. അന്നത്തെ പതിനേഴായിരത്തെ ഇപ്പോൾ മുപ്പത്തിരണ്ടായിരത്തിലേക്ക് എത്തിച്ചതും അത് കൊണ്ടാവാം. തെളിവുകൾ അന്വേഷിച്ച് സത്യം തേടി പോകുമ്പോഴേക്കും ഇത്തരം കെട്ടുകഥകൾക്ക് വൻ പ്രചാരം നേടും. അതാണ് അവരുടെ ലക്ഷ്യവും. സെന്നിന്റെ അവകാശവാദങ്ങളെ സ്ഥിരീകരിക്കാൻ സർക്കാർ സംവിധാനങ്ങളിൽ തെളിവുകളൊന്നുമില്ല എന്ന് വസ്തുത പരിശോധിക്കുന്ന വാർത്താ വെബ്സൈറ്റായ AltNews വ്യക്തമാക്കുന്നു. സിനിമയെ പിന്തുണക്കുന്നവർ കണക്കിനെക്കുറിച്ചുള്ള ധാരണ ആവശ്യമില്ല എന്നാണ് വാദിക്കുന്നത്. എന്നാൽ സിനിമ ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. ഇത് തന്നെയാണ് സിനിമ ഉദ്ദേശിക്കുന്ന ലക്ഷ്യവും. ലൗജിഹാദ് ആരോപണത്തിന് ജനകീയത നൽകുക എന്നതാണ് മറ്റൊരു അജണ്ട.
സിനിമയിലും ട്രൈലറിലും പാർലമെൻറിലുമടക്കം ലൗജിഹാദിൻറെ ഔദ്യോഗിക റഫറൻസ് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ്. തിരുത്താനോ നിലപാട് മാറ്റാനോ ഇതുവരെ വി.എസ് തയ്യാറായിട്ടില്ലെന്നത് ഇത്തരം ഊഹാപോഹങ്ങളും വെറുപ്പുകളും എത്രമാത്രം കയറിക്കഴിഞ്ഞു എന്നതിന്റെ തെളിവ് കൂടിയാണ്. ലവ് ജിഹാദ് നുണക്കഥയാണെന്ന് ഇന്ത്യൻ പാർലമെന്റിനെ അറിയിച്ചത് ബി.ജെ.പി സർക്കാരാണ്. സത്യാനന്തരകാലത്ത് സിനിമ വിജയം നേടാനുള്ള വഴികൂടിയാണ് പെരുപ്പിച്ച കള്ളം പാടിനടക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു പ്രോപഗണ്ട സിനിമയാണ്. കേരളത്തിൽ നിന്ന് പ്രണയ വിവാഹം മതം മാറ്റത്തിലേക്ക് എത്തിക്കുന്നു എന്ന ബോധനിർമ്മാണവും സിനിമയിലൂടെ ഉറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് രാഷ്ട്രീയ പ്രത്യയശാസ്ത്രം കൂടിയാണ്. അത് ഏറ്റെടുക്കാൻ സംഘപരിവാറിനൊപ്പം ഇടത് പക്ഷത്തിന് കൂടി സാധിക്കുന്നു എന്നത് ഏരെ സങ്കടകരമാണ്. സംഘപരിവാർ അതിനെ ആയുധമായി കൂടി പ്രയോഗിക്കുകയും ചെയ്യുന്നു.
സിനിമയുടെ ഉദ്ദേശ്യലക്ഷ്യം സാമൂഹിക ഭീതി സൃഷ്ടിക്കുക എന്നതാണ്. സമൂഹത്തിൽ അസ്വസ്ഥതയുണ്ടാക്കുക, ഒരു സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്തുക, അപരവൽക്കരണത്തിന് വിധേയരാക്കുക, വംശഹത്യ അനുഭവിക്കേണ്ടവരാണെന്ന ബോധം മറ്റു മതസ്ഥരിലേക്ക് പ്രവേശിപ്പിക്കുക തുടങ്ങിയ ദൗത്യത്തെ പൂർത്തീകരിക്കാനുള്ള വിവിധ പദ്ധതികളിലൊന്നാണ് കേരളാ സ്റ്റോറി. കേരളത്തിൽ ഒരു പക്ഷെ വലിയ വിജയം കണ്ടുകൊള്ളണമെന്നില്ല. എന്നാൽ ഉത്തരേന്ത്യയിൽ എങ്ങനെ പ്രതിരോധിക്കുമെന്ന് ധാരണ തന്നെയില്ല എന്ന് പറയാം. കേരളത്തില്‍ പരാജയപ്പെട്ടാലും ഇത്തരം സൃഷ്ടികള്‍ കേരളത്തിന് പുറത്ത് വലിയ തോതില്‍ ഉപയോഗിക്കപ്പെടുമെന്നത് തീര്‍ച്ചയാണ്.
അതേസമയം, ഇടത്പക്ഷത്തുള്ളവര്‍ അടക്കം സിനിമക്കെതിരെ രംഗത്ത് വന്നത് പ്രതീക്ഷക്ക് വക നല്കുന്നു. പെരുപ്പിച്ച കണക്കുകള്‍ പച്ചക്കള്ളമാണെന്നും അത് തെളിയിക്കുന്നവര്‍ക്ക് ഒരു കോടി രൂപം ഇനാം നല്കാമെന്നും ഉറക്കെ പറഞ്ഞതിലൂടെ, മുഖം മൂടി അഴിഞ്ഞ് വീഴുന്നത് കേരളം നേരില്‍ കണ്ടു. മുപ്പത്തിരണ്ടായിരം എന്നത് വെറും മൂന്നിലേക്ക് ചുരുങ്ങി കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ താഴെ വീഴുന്നതാണ് നാം കണ്ടത്. മൌനമാണ് ഫാഷിസത്തിന്റെ ഏറ്റവും വലിയ ആയുധമെന്നത് കേരളസമൂഹം തിരിച്ചറിഞ്ഞു എന്നതില്‍ സന്തോഷിക്കാം. ഇവിടെയും മൌനം ദീക്ഷിച്ചിരുന്നുവെങ്കില്‍ ഈ കണക്ക് അംഗീകരിക്കപ്പെടുകയും അടുത്ത തവണ അത് ലക്ഷങ്ങള്‍ കടക്കുകയും ചെയ്തേനെ.
അതിലുപരി, തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരിച്ചിട്ടും, അധികാരം ഉറപ്പിക്കാനും വ്യാപിപ്പിക്കാനും ഇപ്പോഴും ഇത്തരം നാലാംകിട തന്ത്രങ്ങള്‍ തന്നെ പയറ്റേണ്ടിവരുന്നു എന്നത് അതിലേറെ സങ്കടകരമാണ്. ഭരണനേട്ടങ്ങളൊന്നും പറയാനില്ലെന്ന സ്വയം തിരിച്ചറിവിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത് എന്ന് കൂടി പറയാതെ വയ്യ.
Leave A Comment