ജനം ഇസ്‌ലാം തെരഞ്ഞെടുക്കുന്നതില്‍ കോടതിക്കെന്താ നീരസം?!
ആയിഷ/ ആതിര കോടതി ഉത്തരവ് പ്രകാരം വീട്ടിലേക്ക് മടങ്ങി. ആയിഷയെ വീട്ടുകാരോടൊപ്പം വിടാൻ കോടതി ഉത്തരവിട്ടത് ആയിഷയുടെ സമ്മതപ്രകാരമാണ്. മതപഠനം നടത്താൻ വീട്ടുകാർ തടസ്സം നിൽക്കുന്നില്ലെങ്കിൽ കൂടെപ്പോവാമെന്ന് ആയിഷ പറഞ്ഞു. യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് വീട്ടുകാരും ഉറപ്പ് കൊടുത്തു, ആയിഷ വീട്ടിൽ പോയി.മതപഠനം വീട്ടിലും തുടരും . അതിന് പ്രയാസം നേരിട്ടപ്പോഴാണ് വീട്ടിൽ നിന്നിറങ്ങിയതെന്നും വീട്ടുകാർ സമ്മതിച്ചാൽ തിരികെ പോരുമെന്നും നാലു ദിവസം മുമ്പു മാധ്യമങ്ങളോട് പറയുകയും ചെയ്‌തിരുന്നു ആയിഷ . ഇത്രയുമാണ് കോടതിയിൽ നടന്നിട്ടുള്ളത്.
ഇവിടെ പ്രസ്‌താവ്യമായിട്ടുള്ള മറ്റൊരു കാര്യം കോടതിയുടെ തീവ്രവാദ ആശങ്കയും അതിന് പിൻബലമേകുന്ന പോലീസ് റിപ്പോർട്ടുമാണ്. പ്രത്യേകിച്ചൊരു തെളിവുമില്ലാതെയാണ് പോലീസ് ആതിരയുടെ മതംമാറ്റ വിഷയത്തിൽ തീവ്രവാദം സംശയിക്കുന്നുവെന്ന് എഴുതിവിട്ടിരിക്കുന്നത്. ആ സംശയത്തിന്റെ പുറത്താണ് ആതിര വീട്ടുകാരോടൊപ്പം പോവണമെന്ന് കോടതി നിർദേശിക്കുന്നത്, ആയിഷയുടെ സമ്മതത്തോടെയാണെങ്കിലും. ഇസ്‌ലാമിലേക്ക് മതം മാറുന്നിടത്ത്, മതം പഠിക്കാൻ പോകുമ്പോൾ മാത്രം ഉണ്ടാകുന്ന വല്ലാത്ത പരിഭ്രാന്തിയാണിത്, ഉടൻ കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്യും , കൂടെ തീവ്രവാദ സംശയവും ഉണ്ടാവും രക്ഷിതാക്കൾക്ക്.
കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാൽ മുസ്‌ലിം മതപരിവർത്തനം നിയമത്തിന്റെ വഴിക്ക് തന്നെ പൂട്ടിക്കാനുള്ള കെണിയാണിത്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശം നിയമപരമായിത്തന്നെ പൊളിക്കുന്ന ഏർപ്പാട്. ഹാദിയയുടെ കേസിലും ഇതേ തീവ്രവാദ സംശയമാണ് കാര്യങ്ങൾ ഇത്രത്തോളമെത്തിച്ചത്.
സംഭവത്തിൽ തീവ്രവാദ ബന്ധം ആരോപിച്ച് പോസ്റ്റിട്ട ഡിഫിക്കാരൻ ശിവപ്രസാദിന്റെ വാളിലൊന്ന് കയറി നോക്കി. മൊത്തം അഭിനന്ദന പോസ്റ്റുകളുടെ ബഹളമാണ്. എന്താണ് പിജിക്ക് പഠിക്കുന്ന ഒരു വിദ്യാർത്ഥിനി ആറു വർഷത്തെ നീണ്ട പഠനത്തിന് ശേഷം മതം മാറുമ്പോഴേക്ക് സഖാക്കളിങ്ങനെ വ്യാകുലരാവുന്നത്? ആതിരയുടെ അച്ഛന് വേണ്ടി ഈ കേസ് വാദിച്ചത് ഹിന്ദു അഡ്വക്കേറ്റ് ഫോറമാണ്.
ലവ് ജിഹാദ് എന്ന ഇല്ലാക്കഥയുടെ മറപിടിച്ചു ഇസ്‌ലാമിലേക്കോ മറ്റ് മതങ്ങളിലേക്കോ പരിവർത്തനം നടത്തിയവർക്കെതിരെ നിയമപോരാട്ടം നടത്തുന്ന ശുദ്ധ സംഘപരിവാർ കൂട്ടായ്‌മയാണിത്. സഖാവ് ശിവപ്രസാദിന് അഭിനന്ദനമർപ്പിക്കുന്നവരിൽ മേൽപറഞ്ഞ ഹിന്ദു ഹെൽപ്‌ലൈനിൻറെ പോസ്റ്ററും എവിടെയോ കണ്ടിരുന്നു. ഹിന്ദു ഹെൽപ്‌ലൈൻ തുടങ്ങിയത് മഹാനായ തൊഗാഡിയയാണ്. കാര്യങ്ങൾ ഇത്രയെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണു.
ചുരുക്കത്തിൽ എസ്.എഫ്.ഐ തയ്പ്പിച്ചു തന്ന നിസ്‌കാരക്കുപ്പായത്തിൽ പക്ഷെ തീവ്രവാദ പേടിയുള്ള ചേട്ടന്മാർ ആയിഷമാരെ നിസ്‌കരിക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ മൊത്തത്തിൽ നാടകമാണെന്ന് പറയേണ്ടി വരും.
Leave A Comment