മഹല്ലുകളും കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റവും

നമ്മുടെ സങ്കുചിതമായ മനോനിലവാരത്തിലിരുന്ന് ചിന്തിക്കുന്നതുകൊണ്ടാണ് മഹല്ല് സംവിധാനങ്ങളില്‍ ആതുര-വിദ്യാഭ്യാസ നവോത്ഥാന ചിന്തകള്‍ സാധ്യമല്ല എന്ന ധാരണ രൂപപ്പെടുന്നത്. കേരളത്തിലെ ഇന്ന് നാം ആസ്വദിക്കുന്ന വിദ്യാഭ്യാസ-ബഹുസ്വര-സഹവര്‍ത്തിത്വ-ആതുര മുന്നേറ്റങ്ങള്‍ക്കെല്ലാം അടിസ്ഥാനം ഇവിടത്തെ വ്യവസ്ഥാപിതമായ മഹല്ല് സംവിധാനം തന്നെയാണെന്നു കണ്ടെത്താന്‍ കഴിയും. അക്കാദമിക മേഖലകളില്‍ വരെ അത്തരം ധാരാളം പഠനങ്ങള്‍ വന്നിട്ടുണ്ട്. ഉത്തരേന്ത്യയിലെ മഹല്ലില്ലായ്മ മനസ്സിലാക്കുമ്പോഴേ കേരളത്തില്‍ മഹല്ലുകള്‍ എന്തു ചെയ്യുന്നുവെന്ന് മനസ്സിലാക്കാനാവുകയുള്ളൂ.

പ്രമുഖമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്പിറ്റലുകളും മെഡിക്കല്‍ കോളേജുകളും വരെ നടത്തുന്ന ധാരാളം മഹല്ലുകള്‍ കേരളത്തിലുണ്ട്. പ്രായം ചെന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന മഹല്ലുകളുണ്ട്. വിദ്യാഭ്യാസ-കരിയര്‍ മേഖലകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നിരന്തരം ഗൈഡന്‍സ് നടത്തുന്ന മഹല്ലുകളുണ്ട്. അവിടത്തെ നല്ല നേതൃത്വവും നല്ല സംവിധാനങ്ങളുമാണ് ഇതിനു കാരണം. ഉദാഹരണത്തിന് തിരുവനന്തപുരത്തെ കെ.ടി.സി.ടി മഹല്ല് ജമാഅത്തും കാസര്‍ക്കോട്ടെ കൈതക്കാടും നിങ്ങള്‍ക്ക് പരിശോധിക്കാം. രണ്ടറ്റത്തെ രണ്ട് ഉദാഹരണങ്ങള്‍ പറഞ്ഞെന്നു മാത്രം. ഇങ്ങനെ ആയിരം ഉദാഹരണങ്ങള്‍ എടുത്തു കാണിക്കാന്‍ കഴിയും. വിവാഹധാര്‍മികത, ജീവിത രീതി, സ്ത്രീ അച്ചടക്കം, ലഹരി മുക്തി തുടങ്ങിയവയിലെല്ലാം ആളുകളെ നിയന്ത്രിക്കുന്നത് നമ്മുടെ മഹല്ല് സംവിധാനം തന്നെയാണ്. ഇങ്ങനെ, മുസ്‌ലിം പുരോഗതിയുടെ കേരളമോഡല്‍ എന്ന് പേര് പറയാന്‍ മാത്രം ഉത്തരേന്ത്യയില്‍നിന്നും കേരളത്തെ വ്യതിരിക്തമാക്കിയ ഒരേയൊരു കാര്യം ഇവിടത്തെ വ്യവസ്ഥാപിതമായ മഹല്ല് സംവിധാനവും അവിടത്തെ ഉലമ-ഉമറാ നേതൃത്വവുമാണ്. അത് രണ്ടും ഇല്ലാതെ പോയതാണ് ബാംഗാളിനെയും യു.പിയെയും സൃഷ്ടിക്കുന്നത്. ഇന്ത്യയുടെ മതേതര സംവിധാനത്തിലെ മതാത്മക കൂട്ടായ്മകളാണ് സത്യത്തില്‍ മഹല്ലുകള്‍. ഇതിനെ ചെറുതായി കാണുന്നത്ത് നമ്മുടെ വങ്കത്തമെന്നല്ലാതെ മറ്റെന്തു പറയാന്‍.

പിന്നെ, കേരളത്തിലെ മഹല്ല് രീതികളോട് ആര്‍ക്കെങ്കിലും ചെറിയ പുച്ഛവും വെറുപ്പും വന്നിട്ടുണ്ടെങ്കില്‍ അതിനു കാരണം 1990 നു ശേഷമുള്ള ചിലരുടെ അരങ്ങേറ്റമാണ്. നിലവിലെ മഹല്ലുകളെ പൊളിച്ച് നാട്ടുകാര്‍ക്കും കുടുംബങ്ങള്‍ക്കുമിടയില്‍ വിഘടനത്തിന്റെ വിത്ത് പാകുകയായിരുന്നു അവര്‍. സ്‌നേഹവും സാഹോദര്യവും നിലനിന്നിരുന്ന കുടുംബങ്ങളിലും നാടുകളിലും അവര്‍ പിളര്‍പ്പിന്റെ ഭിത്തികള്‍ പണിതു. അതോടെ, പള്ളിയും മദ്‌റസയും ഉള്ളിടത്ത് ധിക്കാരത്തിന്റെ പുതിയ പള്ളിയും മദ്‌റസകളും വന്നു. പള്ളിയും മദ്‌റസയുമുണ്ടാക്കാന്‍ മഹല്ലുകള്‍ തകര്‍ക്കപ്പെട്ടു. പിന്നെ, അടിപിടിയും രക്തച്ചൊരിച്ചിലും വന്നു. 90 കള്‍ക്കു ശേഷം വന്ന അര്‍ബുധം ചികിത്സിച്ച് മാറ്റുകയോ മുറിച്ചുമാറ്റുകയോ ആണ് നിലവിലെ മഹല്ലുകളിലെ അരക്ഷിതാവസ്ഥ മാറ്റാന്‍ ഏറ്റവും അനിവാര്യമായും ചെയ്യേണ്ടത്. അല്ലാതെ, കേരളത്തിലെ മഹത്തായ മഹല്ല് സംവിധാനങ്ങളെ ചെറുതായി കാണുന്നത് നമ്മുടെ അറിവില്ലായ്മയുടെ അടയാളമായേ മനസ്സിലാക്കാനാവൂ.

മഹല്ല് വിരുദ്ധതയും സംഘടാനാവിയോജിപ്പുമാണ് ഇന്ന് പല സ്വതന്ത്ര കൂട്ടായ്മകള്‍ക്കും ഉയിര് നല്‍കുന്നത്. ഇത് ആള്‍ക്കൂട്ടത്തിന്റെ നന്മ ഉദ്ദേശിക്കുകയെന്നതിലപ്പുറം തെറിച്ച് നില്‍ക്കുന്നവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഒരിടം പണിയുക എന്നതുമാത്രമാണ് ചെയ്യുന്നത്. പ്രത്യക്ഷത്തില്‍ ആളുകളെ ആകര്‍ഷിക്കാന്‍ ഉതകുന്നതാണ് ഇത്തരം കൂട്ടായ്മകളുടെ പ്രവര്‍ത്തന രീതിയെങ്കിലും പള്ളി പണിത് മഹല്ല് പൊളിച്ചപോലെ നിലവിലെ സംവിധാനങ്ങളെ തകര്‍ക്കുന്ന 'ആവേശ യുവ രക്ത'ങ്ങളായേ ഇവയെ കാണാനാവൂ. അതുകൊണ്ട്, മഹല്ലുകളോട് ചേര്‍ന്നുനിന്ന് ഇത്തരം സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴേ നന്മ ഉദ്ദേശിക്കുന്ന സമൂഹത്തിനു പ്രതീക്ഷയുള്ളൂ. അല്ലാത്തപക്ഷം, അതും നിലവിലെ വിഘടനങ്ങള്‍ക്ക് ആക്കംകൂട്ടുന്ന മറ്റൊരു ശ്രമമായി പരിണമിക്കുന്നതായിരിക്കും. പുതിയ കാലത്ത് ഒന്നിനെ തകര്‍ത്ത് മറ്റൊന്നിനെ ഉണ്ടാക്കുകയെന്നതിലപ്പുറം ഉള്ളതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശക്തിപ്പെടുത്തലാവുമല്ലോ ഉചിതം.

മഹല്ലുകള്‍ വിദ്യാഭ്യാസത്തെ എങ്ങനെ ബലപ്പെടുത്തുന്നു?

'കേരള മോഡല്‍' മുസ്‌ലിം വിദ്യാഭ്യാസ വിപ്ലവത്തില്‍ മഹല്ലുകള്‍ക്ക് പങ്കുണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ചരിത്രത്തില്‍നിന്നും വര്‍ത്തമാനത്തില്‍നിന്നും അനവധി തെളിവുകള്‍ ഇതിനു നിരത്താന്‍ കഴിയും. ചിലത് ഇങ്ങനെ വായിക്കാം:

1. കേരള മുസ്‌ലിം വൈജ്ഞാനിക ജാഗരണത്തിന് നിരവധി നിമിത്തങ്ങളുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മറ്റ് പലയിടങ്ങളിലും കാണാത്ത വിധം മനോഹരമായി സംവിധാനിക്കപ്പെട്ട കേരളത്തിലെ മഹല്ല് സംവിധാനം. മുസ്‌ലിം രാജ്യങ്ങളില്‍ എല്ലാ അര്‍ത്ഥത്തിലും അനുകൂല സാഹചര്യങ്ങളായതിനാല്‍ ഈ പേരിന് അവിടെ പ്രസക്തിയില്ല. മതേതര രാജ്യമായ ഇന്ത്യയില്‍ മുസ്‌ലിംകള്‍ തങ്ങളുടെ മതാന്തരീക്ഷം നിലനിര്‍ത്താന്‍ സംവിധാനിച്ച ഒരു സംവിധാനം എന്ന നിലക്ക് ഇതിനെ മനസ്സിലാക്കുമ്പോഴേ അതിന്റെ  പ്രസക്തി തിരിച്ചറിയാനാവുകയുള്ളൂ. മദീനയാണ് ഇസ്‌ലാമിക മഹല്ല് സംവിധാനത്തിന്റെ ആദ്യ മാതൃക. ഇസ്‌ലാമിക മത സംങ്കല്‍പത്തിന്റെ പൂര്‍ണത സംജാതമാക്കുകയെന്നതാണ് ഇതിലൂടെ ഉണ്ടാകുന്നത്. അപ്പോള്‍, വ്യവസ്ഥാപിതമായൊരു മഹല്ല് സംവിധാനത്തിലൂടെ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ ഇസ്‌ലാമികമായൊരു തളിര്‍പ്പ് നമുക്ക് കാണാന്‍ കഴിയുന്നു. ഇസ്‌ലാം എത്തിയതു മുതല്‍ തന്നെ കേരളത്തില്‍ അതിന്റെ കുതിപ്പ് കണ്ടു തുടങ്ങി. മാലിക് ദീനാറിന്റെ നേതൃത്വത്തില്‍ 10 പള്ളികള്‍ പണിത്, അതിനു ചുറ്റും മുസ്‌ലിം അധിവാസം സൗകര്യപ്പെടുത്തി, അങ്ങനെ ഇവിടെ 10 മഹല്ലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ഇവിടെ മുസ്‌ലിം മുന്നേറ്റം ആരംഭിക്കുന്നത് തന്നെ. അപ്പോള്‍ മഹല്ലുകളാണ് ഇസ്‌ലാമിക ജാഗരണത്തിന്റെ മൂല ശില എന്നു ബോധ്യമായി. (for more details see: തുഹ്ഫതുല്‍ മുജാഹിദീന്‍, സൈനുദ്ദീന്‍ മഖ്ദൂം, Other Books, Kozhikode)

2. പൊന്നാനി, ചാലിയം, താനൂര്‍, തളങ്കര തുടങ്ങി ആദ്യകാല ഇസ്‌ലാമിക കേന്ദ്രങ്ങളെല്ലാം പള്ളിയെ കേന്ദ്രീകരിച്ചാണ് വളര്‍ന്നുവികസിച്ചത്. പൊന്നാനിയില്‍ സൈനുദ്ദീന്‍ മഖ്ദൂമുമാരും കോഴിക്കോട് ഖാസിമാരും പള്ളി കേന്ദ്രീകരിച്ചാണ് തങ്ങളുടെ വൈജ്ഞാനിക വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. വൈജ്ഞാനിക സ്ഥാപനങ്ങള്‍ ഉണ്ടാക്കുക, നാട്ടുകാര്‍ക്ക് ബോധം നല്‍കുക, അധര്‍മങ്ങളില്‍നിന്നും തടഞ്ഞുനിര്‍ത്തുക, വൈജ്ഞാനിക പടുക്കളെ വാര്‍ത്തെടുക്കുക പോലെയുള്ളതെല്ലാം പൊന്നാനിയെ കേന്ദ്രീകരിച്ചു നടന്നിരുന്നു. ചാലിയത്തും താനൂരും തളങ്കരയുമെല്ലാം ഇത് കാണാവുന്നതാണ്. പള്ളി കേന്ദ്രീകൃത (അതിനെത്തന്നെയാണ് നമ്മള്‍ മഹല്ല് എന്ന് പറയുന്നത്) വൈജ്ഞാനിക വിപ്ലവത്തിന്റെ കഥ മാത്രമേ കേരളത്തിന് പറയാനുള്ളൂ. (മഖ്ദൂമും പൊന്നാനിയും, ഡോ. ഹുസൈന്‍ രണ്ടത്താണി, ജുമാഅത്ത് പള്ളി, പൊന്നാനി)

3. ഈ പള്ളി കേന്ദ്രീകൃത സംവിധാനത്തെ കേവലം 'മതകീയം' എന്ന ലേബലില്‍ ചുരുക്കാനാവില്ല. മതം, ഭൗതികം എന്നിങ്ങനെ ബ്രിട്ടീഷ് കാലത്ത് ഇവിടെ വിദ്യാഭ്യാസം രണ്ടായി പകുക്കപ്പെടുന്നതിനു മുമ്പ് എല്ലാ വിദ്യാഭ്യാസങ്ങളും പള്ളികളില്‍നിന്നു തന്നെയാണ് നല്‍കപ്പെട്ടിരുന്നത്. കേരളത്തെക്കുറിച്ച് ആദ്യത്തെ ചരിത്ര ഗ്രന്ഥം രചിച്ച മഖ്ദൂമും മലബാറിന്റെ ചരിത്രമെഴുതിയ കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാരും വിസ്മരിക്കപ്പെടരുത്. Maths, Medical Science തുടങ്ങിയ മേഖലയിലെല്ലാം അനവധി രചനകള്‍ അന്നിവിടെ വന്നിരുന്നു. പിന്നെ, ഓത്തുപള്ളിയും പിന്നീട് മദ്‌റസയും പിന്നീട് അറബിക് കോളേജുകളും വന്നു. ഇവയെല്ലാം മഹല്ല് സംവിധാനത്തിന്റെ വികസിത രൂപങ്ങളായിട്ടാണ് വളര്‍ന്നുവന്നിരുന്നത്. (കേരളത്തിലെ മുസ്‌ലിം പള്ളികള്‍: സമന്വയ സാക്ഷികള്‍, പി.കെ. മുഹമ്മദ് കുഞ്ഞി, IPH, Kozhikkode)

4. കേരളത്തിലെ പഴയകാല പള്ളി നിര്‍മാണത്തിന് സ്വീകരിക്കപ്പെട്ട രീതികളിലുമുണ്ട് ഇവിടത്തെ മഹല്ല് സംവിധാനത്തിന്റെയും വൈജ്ഞാനിക മികവിന്റെയും അനവധി തെളിവുകള്‍. രണ്ടു നില പള്ളികളേ അധികവും ഇവിടെ നിര്‍മിക്കപ്പെട്ടിരുന്നുള്ളൂ. മുകളില്‍ വിദ്യാ പഠനവും അടിയില്‍ നമസ്‌കാരവും നിലനിര്‍ത്താനായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഓരോ നാട്ടിലും അവിടത്തുകാര്‍ക്ക് വിദ്യ പഠിക്കാനുള്ള അവസരങ്ങള്‍ ഉണ്ടായി. നാട്ടുകാര്‍ വൈജ്ഞാനികമായി മികവ് നേടി. എന്നാല്‍ ഉത്തരേന്ത്യയില്‍ ഈ സിസ്റ്റം കാണാന്‍ കഴിയില്ല. അവിടെ കേരളം പോലെ അറിവ് പരന്നതുമില്ല. (Scholars of Farangimahal, Barbara Metcalf, )

5. മഹല്ല് എന്നാല്‍ കേവലം ഒരു ഭൗമിക പ്രതലം മാത്രമല്ല. ്അതിന് സവിശേഷമായൊരു ക്രമമുണ്ട്. ഉലമ-ഉമറ സംവിധാനവും അവരില്‍ പൊതുജനത്തിനുള്ള വിശ്വാസവുമാണ് ഇതിന്റെ കാമ്പ്. ഉലമ ചിന്ത നല്‍കുകയും ഉമറ അത് നടപ്പാക്കുകയും ചെയ്യുന്നു. ഭയഭക്തിയുള്ള ഈ രണ്ടു വിഭാഗവും മുമ്പില്‍ നടക്കുന്നതിനാല്‍ നാട്ടില്‍ ഇസ്‌ലാമികാന്തരീക്ഷം നിലനില്‍ക്കുന്നു. മൂല്യമുള്ള സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു (). സയ്യിദുമാരും സൂഫികളുമാണ് ഇതിന്റെ മറ്റു രണ്ടു ഭാഗങ്ങള്‍. ഇവരുടെ നേതൃത്വവും അനുഗ്രഹം പകരുന്നു.

6. അബുല്‍ ഹസന്‍ അലി നദ് വി, അല്ലാമാ ഇഖ്ബാല്‍, അബുല്‍ കലാം ആസാദ് പോലെയുള്ള വിശ്വപ്രസിദ്ധരായ പണ്ഡിതരും ചിന്തകരുമുണ്ടായിട്ടും ഉത്തരേന്ത്യ എന്തുകൊണ്ട് സാമൂഹികമായും വിദ്യാഭ്യാസപരമായും ഇത്ര അധപതിച്ചു. മഖ്ദൂം മുതല്‍ തുടങ്ങിവെച്ച ഒരു മഹല്ല് സംവിധാനം ഇവിടെ ഇല്ലാതെ പോയി എന്നതുതന്നെ. പണ്ഡിതരുടെ ചിന്തകള്‍ക്ക് സാമൂഹിക സ്വാധീനമുണ്ടാവാനും അതിന് പിന്തുടര്‍ച്ചയുണ്ടാവാനും മഹല്ല് പോലെയുള്ള സംവിധാനം വേണം. അത് നടപ്പാക്കാന്‍ പണവും പ്രാവര്‍ത്തികമാക്കാന്‍ വഴിയും നല്‍കാന്‍ ഉമറയും വേണം. അത് അവിടെ ഉണ്ടായില്ല. പക്ഷെ, കേരളത്തിലത് ഉണ്ടായി.

7. ഒരു സ്ഥലത്ത് കുറേ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായാല്‍ ആ നാട്ടില്‍ ഇസ്‌ലാമിക ഉത്ഥാനം നടക്കുമെ ധാരണ മൗഢ്യമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ദയൂബന്തും ലക്‌നോയിലെ നദ് വയും സ്ഥിതി ചെയ്യുന്നത് യു.പിയിലാണ്. ഇന്ത്യയില്‍ തലയില്ലാത്ത ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്നതും യു.പിയില്‍ തന്നെ. എന്തുകൊണ്ട്? അവിടെനിന്നും പുറത്തിറങ്ങുന്ന പണ്ഡിതരുടെ ചിന്തകളെ സമൂഹത്തിലെത്തിക്കുന്ന സംവിധാനങ്ങള്‍ അവിടെ ഇല്ല എന്നതു തന്നെ. ബാഖിയാത്തും നിസാമിയ്യയും കേരളത്തിലല്ല. അനവധി പണ്ഡിതര്‍ അവിടെനിന്നും പഠിച്ചിറങ്ങുന്നു. എന്നിട്ടും തമിഴ്‌നാടിനും ആന്ധ്രക്കും കേരളം പോലെ മുസ്‌ലിം വിദ്യാഭ്യാസത്തില്‍ വളരാനായില്ല. എന്തുകൊണ്ട്? നമ്മുടെ സംവിധാനം അവിടെ ഇല്ല എന്നതു തന്നെ. 

ജാമിഅ മില്ലിയ്യയും ഡല്‍ഹി യൂണിവേഴ്‌സിറ്റിയും ഹംദര്‍ദും JNU ഉം എല്ലാം ഉത്തരേന്ത്യയില്‍ തന്നെ. അവിടെ ധാരാളം ഉത്തരേന്ത്യന്‍ മുസ്‌ലിം കള്‍ പഠിക്കുന്നുമുണ്ട്. എന്നിട്ടും അവര്‍ക്ക് കേരളം പോലെ വളരാനായില്ല. എല്ലാവരും ഒറ്റഒറ്റയായി കഴിയുന്നു. നമ്മുടെ സംവിധാനമുണ്ടായിരുന്നുവെങ്കില്‍ വലിയ മാറ്റം നടക്കും.

അതുകൊണ്ടാണ് കേരളത്തിലെ പല സംഘടനകളും ഉത്തരേന്ത്യയില്‍ പോയി ആദ്യം അവിടെ മദ്‌റസയും മക്തബും പള്ളിയും പണിത് മഹല്ല് സംവിധാനം പണിയാന്‍ ശ്രമിക്കുന്നത്. എങ്കിലേ അവിടെ ഒരു വൈജ്ഞാനിക ഉത്ഥാനം സ്വപ്‌നം ക ാണാനാവൂ.

8. ഇന്ന് കേരളത്തില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മഹല്ല് ജമാഅത്തുകള്‍ നേതൃത്വം നല്‍കുന്നവയാണ്. മദ്‌റസകളുടെ കാര്യം പറയേണ്ടതില്ല. 10,000 ക്കണക്കിന് മദ്‌റസകള്‍ നിയന്ത്രിക്കുന്നത് മഹല്ലുകളാണ്. ഇംഗ്ലീഷ് മീഡിയങ്ങള്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ തുടങ്ങിയവും. 

9. സ്ഥാനം ചോദിച്ചുവാങ്ങാത്ത നേതൃത്വം മഹല്ലുകള്‍ക്ക് മുമ്പില്‍ നടന്നാല്‍ ആ നാട്ടില്‍ വലിയ വളര്‍ച്ച കാണാം. ജനം തിരഞ്ഞെടുത്ത നേതൃത്വമുള്ളിടത്തെല്ലാം ഇത് കാണാം. പലരും സ്വയം സ്ഥാനമാനങ്ങള്‍ക്കു വേണ്ടി കയറിയിരിക്കുമ്പോഴാണ് അധപതനം ഉണ്ടാകുന്നത്.

10. കേരള മോഡല്‍ വൈജ്ഞാനിക വിപ്ലവത്തിന് മഹല്ലുകള്‍ വഴിയൊരുക്കി എന്ന് മനസ്സിലാക്കാന്‍ ഇത്ത്രയും കാര്യങ്ങള്‍ ബുദ്ധിയുള്ളവര്‍ക്ക് മതിയെന്ന് വിശ്വസിക്കുന്നു. 

ചുരുക്കത്തില്‍, മഹല്ല് സംവിധാനം കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റത്തില്‍ കാര്യമായ പങ്ക് തന്നെ വഹിച്ചതായി ഇതില്‍നിന്നെല്ലാം വ്യക്തമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഹല്ലുകളുടെ അഭാവം വരുത്തുന്ന വിനകള്‍ ഇതിനു കൂടുതല്‍ ശക്തി പകരുകയും ചെയ്യുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter