സ്റ്റീഫൻ കോ: ഇന്തോനേഷ്യൻ സമൂഹത്തെ മാറ്റിമറിച്ച പ്രബോധകൻ
ചെറുപ്പത്തിൽ തന്നെ ഇസ്‌ലാം മതം സ്വീകരിച്ച് ഇസ്‌ലാമിക പ്രബോധകനായും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രമുഖനായും മാറിയ പ്രഭാഷകനും മുസ്‍ലിം ആക്ടിവിസ്റ്റുമായ സ്റ്റീഫൻ കോ ഇന്ദ്ര വിബോവോയുടെ മരണവാർത്തയാണ് ഇന്തോനേഷ്യന്‍ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ വാരം നിറഞ്ഞുനിന്നത്. രാജ്യത്തെ സാമൂഹിക ജീവിതത്തെ പരിവർത്തനം ചെയ്ത നാൽപ്പത്തൊന്നുകാരനായ കോക്ക് വേണ്ടി രാജ്യത്തെ വിവിധ പള്ളികളിൽ പ്രാർത്ഥനകളും നടന്നിരിക്കുന്നു.
മധ്യ ജാവയിലെ ജോഗ്‌ജക്കാർത്തയിലെ ഒരു ചൈനീസ് കുടുംബത്തിൽ നിന്നാണ് സ്റ്റീഫൻ കോ വരുന്നത്. കത്തോലിക്കനായിരുന്ന അദ്ദേഹം പത്തൊമ്പതാം വയസ്സിലാണ് (2000ല്‍) ഇസ്‌ലാം സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഫെഡറേഷൻ ഓഫ് ചർച്ചസ് ഓഫ് ഇന്തോനേഷ്യയിലെ അംഗമായിരുന്നു. തന്റെ മകൻ ഇസ്‌ലാമിലേക്ക് മാറിയ വിവരം അറിഞ്ഞതോടെ, അദ്ദേഹത്തെ വീട്ടിൽ നിന്ന് പുറത്താക്കുകയും അനന്തരാവകാശം വരെ നിഷേധിക്കുകയും ചെയ്തിരുന്നു.
2003-ൽ, ഇന്തോനേഷ്യയിൽ ഇസ്‌ലാമോഫോബിയ ശക്തമായ കാലത്ത്, സ്റ്റീഫൻ കോ, ഇസ്‍ലാമിലേക്ക് കടന്നു വന്ന മറ്റു മൂന്ന് ചെറുപ്പക്കാരുമായി ചേർന്ന് "ഇന്തോനേഷ്യ ഓതർ" എന്ന കേന്ദ്രം സ്ഥാപിച്ചു. പുതുതായി ഇസ്‍ലാം സ്വീകരിക്കുന്നവരെ പഠിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത്. 2015 ആയപ്പോഴേക്ക്, 76 ശാഖകളുള്ള വലിയൊരു സംരംഭമായി അത് മാറിയിരുന്നു. രജിസ്റ്റർ ചെയ്യപ്പെട്ടത് പ്രകാരം, 2005 മുതല്‍ 63,000-ത്തിലധികം ആളുകള്‍ പുതുതായി ഇസ്‍ലാമിലേക്ക് കടന്നുവരികയും ഈ കേന്ദ്രത്തിന്റെ സഹായം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 15 വർഷത്തിനുള്ളിൽ കേന്ദ്രത്തിലൂടെ ഇത്രയും മുസ്ലിംകൾ ഇസ്‌ലാമിലേക്ക് വന്നത് കോക്കും സംഘത്തിനും ഇന്തോനേഷ്യയിൽ വലിയ സ്വീകാര്യത ലഭിക്കാന്‍ കാരണമായി. നവമുസ്‍ലിംകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരങ്ങള്‍ കാണാനായി, ഇന്തോനേഷ്യൻ നഗരമായ ബന്ദൂങ്ങിലെ പ്രശസ്തമായ ദാർ അൽ-തൗഹിദ് ഇൻസ്റ്റിറ്റ്യൂട്ട് കോംപ്ലക്സിൽ ഒരു പൊതു സമ്മേളനം പോലും അദ്ദേഹം നടത്തി.
ജീവ കാരുണ്യ രംഗമായിരുന്നു കോയുടെ മറ്റൊരു പ്രവര്‍ത്തന മേഖല. സുനാമി അടക്കമുള്ള പ്രകൃതി ദുരന്തങ്ങളിലെല്ലാം, ആവശ്യമായ സഹായഹസ്തങ്ങളുമായി കോയും സംഘവും എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. കൊറോണ കാലത്ത്, പലരുടെയും ബിസിനസ്സ് നിലച്ചപ്പോള്‍, സ്റ്റീഫൻ കോ ഒരു പുതിയ ബിസിനസിന്റെ പണിപ്പുരയിലായിരുന്നു. കൊറോണയെ പ്രതിരോധിക്കാൻ ആവശ്യമായ വസ്തുക്കൾ നിർമിക്കുന്ന സ്ഥാപനമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളത് ലഭ്യമാക്കുക എന്നതായിരുന്നു അതിന് പിന്നിലെ അദ്ദേഹത്തിന്റെ ഉദ്ദേശ്യം. മെഡിക്കൽ ടീമുകൾക്കുള്ള സംരക്ഷണ വസ്ത്രങ്ങളുടെ നിർമ്മാണത്തിലും, ഭക്ഷണം വിതരണം ചെയ്യുന്നതിലും, മാസ്കുകൾ, അണുവിമുക്തമാക്കൽ, മെഡിക്കൽ സപ്ലൈസ്, ആവശ്യമുള്ളവർക്ക് സഹായം എന്നിവ ലഭ്യമാക്കുന്നതിലും എപ്പോഴും മുമ്പിൽ തന്നെ ഉണ്ടായിരുന്നു അദ്ദേഹം. 28 പ്രവിശ്യകളിലായി വ്യാപിച്ചുകിടക്കുന്ന 43 നഗരങ്ങളിൽ ഈ സഹായം വിതരണം ചെയ്തു എന്നത് ശ്രദ്ധേയമാണ്. ഇതെല്ലാം ജാതി-മത വ്യത്യാസങ്ങള്‍ക്ക് അതീതമായാണ് അദ്ദേഹം ചെയ്തത്. അതിലുപരി, തന്റെ സ്വകാര്യ ആസ്തികളെല്ലാം വിറ്റാണ് പലപ്പോഴും അദ്ദേഹം ഇതിനുള്ള ചെലവുകള്‍ കണ്ടെത്തിയതും.
അദ്ദേഹം നടത്തിയ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്, 2020-ൽ, ഇന്തോനേഷ്യൻ പത്രമായ റിപ്പബ്ലിക്ക, സ്റ്റീഫൻ കോയെ പരിവര്‍ത്തനം സാധ്യമാക്കിയ നേതാക്കളില്‍ ഒരാളായി ആദരിച്ചു. അതോടനുബന്ധിച്ച് അദ്ദേഹം പത്രത്തിന് നല്കിയ അഭിമുഖത്തില്‍, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യമായിരുന്നു അദ്ദേഹം പങ്ക് വെച്ചത്. പണം ദൈവത്തിന്റെ ഔദാര്യമാണെന്നും അത് കൈയ്യിലുള്ളവര്‍ക്ക്, ഇല്ലാത്തവരെ പരിഗണിക്കേണ്ട ഉത്തരവാദിത്തം കൂടിയുണ്ടെന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചതെന്ന് അതില്‍ അദ്ദേഹം പറയുന്നുണ്ട്.
ഇന്ത്യനേഷ്യൻ ജനതക്ക് സഹായഹസ്തവും രാജ്യത്താകമാനം ഇസ്‍ലാമിന് അത് മുന്നോട്ട് വെക്കുന്ന മാനവികതക്ക് വലിയ പ്രചാരവും പുതുജീവനും നല്കി എന്നതായിരുന്നു അദ്ദേഹം ചെയ്ത സംഭാവന. അവയെല്ലാം സ്വീകരിച്ച് അദ്ദേഹത്തിന്റെ പരലോക ജീവിതം നാഥന്‍ ധന്യമാക്കട്ടെ.
Leave A Comment