ദിവസം തുടങ്ങുന്നത് സൂര്യോദയത്തിലോ അസ്തമയത്തിലോ

എപ്പോഴാണ് ഒരു ദിവസം ആരംഭിക്കുന്നത്?

ബഹുഭൂരിപക്ഷം ആളുകളെയും സംബന്ധിച്ചിടത്തോളം അത് അർധരാത്രിയാണ്. അതായത്, ക്ലോക്കിൽ 12 ആകുന്നതോടു കൂടി. മറ്റു ചിലര്‍ക്ക് ദിവസാരംഭം സൂര്യോദയത്തോടു കൂടിയോ ദിനചര്യകളും പ്രഭാത ജോലികളും തുടങ്ങുന്നതോടു കൂടിയോ ആയിരിക്കും. ആധുനിക വ്യാവസായിക സമൂഹത്തിന്റെ സമയക്രമം ഈ രീതിയിലായതു കൊണ്ട് തന്നെ ഇതൊരു സാർവ്വത്രിക യാഥാർത്ഥ്യമാണ് എന്നാണ് പൊതുധാരണ. എന്നാൽ, വ്യത്യസ്ത സംസ്കാരങ്ങൾ ദിവസത്തിന്റെ തുടക്കം നിർവചിക്കുന്നത് പ്രകൃതി പ്രതിഭാസങ്ങളായ സൂര്യന്റെ സഞ്ചാരം, ചന്ദ്രന്റെ വിവിധ ഘട്ടങ്ങൾ, കാലാവസ്ഥാ ചക്രങ്ങൾ, പ്രകാശത്തിന്റെ സംക്രമണങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കി വിവിധ രീതിയിലാണെന്നാണ് ചരിത്രം പറയുന്നത്.

ഇസ്‌ലാമിക വീക്ഷണത്തിൽ ഒരു  ദിവസത്തിന്റെ തുടക്കം മഗ്‌രിബിന്റെ സമയം അഥവാ സൂര്യാസ്തമനം മുതലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിമിന്റെ ദൈനംദിന ആരാധനകളും ചന്ദ്രവർഷ കലണ്ടറും മറ്റു പ്രത്യേക ആചരണങ്ങളുമെല്ലാം ക്രമപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന്, പെരുന്നാൾ ദിനങ്ങൾ, ജുമുഅ ദിവസം, തുടങ്ങിയവയെല്ലാം സൂര്യാസ്തമയത്തോടെ തുടങ്ങുകയും അടുത്ത ദിവസം സൂര്യാസ്തമയത്തോടെ അവസാനിക്കുകയും ചെയ്യുന്ന രീതിയിലാണ് ശരീഅത് ക്രമീകരിച്ചിരിക്കുന്നത്. ഖുർആനില്‍, രാത്രി – പകൽ എന്ന ക്രമത്തിൽ പകലുകളേക്കാള്‍ രാത്രികളെ മുന്തിച്ച് പറയുന്നത് കാണാം.  സൂറതു യൂനുസിലെ ആറ്, സൂറതു മുഅ്മിനൂനിലെ എൺപതാം സൂക്തം തുടങ്ങിയവ ഉദാഹരണം.

പ്രമാണങ്ങല്‍ക്കും പ്രവാചകപാരമ്പര്യത്തിനും പുറമെ, പ്രകൃതിയിലെ ജൈവഘടനകളും (biological rhythms) മനുഷ്യന്റെ മാനസിക-ശാരീരിക ഘടനയും ഈ രീതിയിലുള്ള സമയക്രമീകരണമാണ് ആവശ്യപ്പെടുന്നത് എന്ന് കാണാം. മനുഷ്യ ശരീരം സർക്കാഡിയൻ റിഥത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ക്രോണോബയോളജിയിലെ നൂതന ഗവേഷണങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഉറക്കം, ഹോർമോൺ, കോഗ്നിറ്റീവ് പ്രവർത്തനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്ന ഇരുപത്തിനാല് മണിക്കൂർ ജൈവചക്രമാണ് സർക്കാഡിയൻ റിഥം (circadian rhythm). ഈ ജൈവചക്രത്തിന്റെ ആരംഭം പ്രഭാതമല്ല, മറിച്ച് സൂര്യാസ്തമയമാണ്. സന്ധ്യാകാലത്ത് വെളിച്ചം കുറഞ്ഞുവരുമ്പോൾ, തലച്ചോറിലെ പൈനിയൽ ഗ്രന്ഥി മെലറ്റോണിൻ (melatonin) എന്ന ഹോർമോൺ ഉല്പാദിപ്പിക്കാൻ തുടങ്ങുന്നു. ഇത് ശരീരത്തെ പുനഃസ്ഥാപന ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള ഒരു ജൈവസൂചനയായി പ്രവർത്തിക്കുന്നു.

സൂര്യാസ്തമയത്തിനു ശേഷമുള്ള മെലറ്റോണിൻ ഉൽപ്പാദനം നിരവധി നിർണായക ശാരീരിക പ്രക്രിയകൾക്ക് തുടക്കം കുറിക്കുന്നുണ്ട്. ഇത് ജൈവ ചക്രത്തിന്റെ സമതുലിതാവസ്ഥ നിലനിർത്തുകയും നാഡീവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിന് സഹായിക്കുകയും വിശ്രമത്തിനുള്ള തയ്യാറെടുപ്പ് സാധ്യമാക്കുകയും ചെയ്യുന്നു. ഇരുട്ടിന്റെ ആരംഭം ദിനചര്യയുടെ അവസാനമല്ലെന്നും, മറിച്ച് മനുഷ്യശരീരത്തിന്റെ പുനഃസ്ഥാപന-പുനഃക്രമീകരണ ചക്രത്തിന്റെ തുടക്കമാണെന്നുമാന്നാണ് ഇത് വ്യക്തമാക്കുന്നത്.

അർദ്ധരാത്രിയോ അല്ലെങ്കിൽ അതിരാവിലെയോ തുടങ്ങുന്നതിന് പകരം ഒരു ദിവസം സൂര്യാസ്‌തമയത്തോടെ തുടങ്ങുന്നതിന് ധാരാളം മനസികമായ മേന്മകളുമുണ്ട്. സന്ധ്യാസമയത്തെ കേവലം വിശ്രമത്തിനുള്ള സമയം മാത്രമായി കാണുന്നതിന് പകരം ഒരു സ്റ്റാർട്ടിങ് പോയിന്റ് ആയി കാണുമ്പോൾ അശ്രദ്ധമായ സമീപനത്തിന് പകരം കൂടുതൽ അവബോധത്തോടെയും അച്ചടക്കത്തോടെയും സമീപിക്കാൻ നമുക്ക് സാധിക്കും. പ്രാർത്ഥന, ആത്മപരിശോധന തുടങ്ങി ശാന്തവും ക്രമബദ്ധവുമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ സ്വയം പരിശോധിക്കാനും കൃത്യമായി ആ ദിവസത്തെ വിലയിരുത്താനും അടുത്ത പകലിലേക്കുള്ള പ്രവർത്തനങ്ങളെ കൃത്യമായി പ്ലാൻ ചെയ്തു ക്രോഡീകരിക്കാനും സാധിക്കുന്നു.

മാത്രവുമല്ല, നമ്മുടെ ദിനചര്യകൾ ഇരുട്ട്-പ്രകാശം എന്ന പ്രകൃതിപരമായ മാറ്റങ്ങളോട് സമാന്തരമായി പോവുമ്പോൾ അത് ആരോഗ്യകരമായ ഉറക്കരീതിക്ക് സഹായകരമാവുന്നു. ഇത് മനുഷ്യന്റെ കോഗ്നിറ്റീവ് പ്രവർത്തനങ്ങളിലും വളർച്ചയിലും ചെലുത്തുന്ന സ്വാധീനം ചെറുതല്ല. കൃത്യവും ക്രമീബദ്ധവുമായ വിശ്രമം ഓർമ്മശക്തി വർദ്ധിപ്പിക്കുകയും കോൺസെൻട്രേഷൻ അധികരിപ്പിക്കുകയും തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെ വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രഭാതത്തിൽ പ്രൊഡക്ടിവിറ്റി കൂട്ടുകയും ചെയ്യും.

ഇതിനു വിപരീതമായി രാത്രിയെ ദിവസത്തിന്റെ അവസാനമായി കാണുമ്പോൾ നിയന്ത്രണമില്ലാതെയാണ് നാമതിനെ ഉപയോഗപ്പെടുത്തുന്നത്. തൽകാരണം  അമിതമായ സ്ക്രീൻ ഉപയോഗം പോലെ രാത്രി വൈകിയുള്ള പ്രവർത്തനങ്ങൾ മാനസിക ക്ഷീണം, ശ്രദ്ധക്കുറവ്, ഉയർന്ന സമ്മർദ്ദനില എന്നിവയ്ക്ക് കാരണമാകുന്നു. ഇത്തരത്തിൽ സൂര്യാസ്തമയത്തെ ദിനത്തിന്റെ തുടക്കമായി കാണുന്നത് ആത്മീയ-സാംസ്‌കാരിക പരിശീലനം മാത്രമല്ല, മാനസികാരോഗ്യവും വൈകാരിക നിയന്ത്രണവും സമഗ്ര ക്ഷേമവും സാധ്യമാക്കുന്ന ഒരു പ്രായോഗിക സമീപനമാണ് എന്നര്‍ത്ഥം.

സൂര്യാസ്തമയം തന്റെ ദിനത്തിന്റെ തുടക്കമാണെന്ന ധാരണയിൽ കൃത്യമായി രാത്രിയെ ക്രമപ്പെടുത്തുമ്പോൾ മനുഷ്യന്റെ സ്വഭാവവളർച്ചക്കും അത് സഹായകരമാവുന്നു. അടുത്ത ദിനം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയായി കണ്ട് മഗ്‌രിബ് നിസ്കാരത്തിലൂടെ ബോധപൂർവ്വം സമാധാനത്തോടെ അടുത്ത ജൈവചക്രത്തിലേക്ക് ചുവടു വെക്കുമ്പോൾ ആ രാത്രി ആന്തരിക ക്രമപ്പെടുത്തലുകൾക്ക് വേദിയാകുന്നു. ഇതിലൂടെ ഉണ്ടാവുന്നത് കേവലം ഒരു സമയക്രമീകരണം മാത്രമല്ല, ബോധപൂർവം സമയം പാഴാക്കാതെ ജീവിക്കുന്ന ഒരു വ്യക്തിസ്വത്വം കൂടിയാണ്. സമയക്രമീകരണം ധാർമിക-വൈയക്തിക അച്ചടക്കത്തിന്റെ ഒരു ആയുധം കൂടിയാണല്ലോ.

എന്നാൽ, ഇതിൽ നിന്നും വ്യതിരിക്തമായി ജോർജിയൻ കലണ്ടർ അടിസ്ഥാനമാക്കിയുള്ള ആധുനിക സമയക്രമം  എന്തുകൊണ്ടാണ് അർധരാത്രിയെ ദിനത്തിന്റെ തുടക്കമായി കണക്കാക്കുന്നത്? ഇതിന് അടിസ്ഥാനം ആത്മീയമോ സാംസ്കാരികമോ ആയ ഹേതുവല്ല, മറിച്ച് പാശ്ചാത്യ ഉൽപ്പന്നമായ വ്യാവസായി വിപ്ലവം, ഫാക്ടറി ജോലികളുടെ ആരംഭം, ദിനചര്യകൾ ക്രോഡീകരിക്കേണ്ടതിന്റെ അനിവാര്യത തുടങ്ങിയവയാണ്. മനുഷ്യന്റെ സ്വാഭാവിക പ്രകൃതിപരമായ ഘടന പരിഗണിക്കാതെ മനുഷ്യനെ ഒരു യന്ത്രമായി കണക്കാക്കി പരമാവധി ജോലി ചെയ്യിക്കാനും, ഭരണസംവിധാനങ്ങൾക്കും സാമ്പത്തികാവശ്യങ്ങൾക്കും ഏകീകൃതവും എളുപ്പത്തിൽ അളക്കാവുന്നതുമായ ഒരു സമയവിഭജനം അനിവാര്യമായിവന്നത് കൊണ്ടുമാണ്  പ്രഭാതത്തെ ദിനത്തിന്റെ പ്രതീകാത്മക തുടക്കമായി കണക്കാക്കുന്നത്. ലേറ്റ് നൈറ്റ് വർക്കുകളും കൃതിമ വെളിച്ചവും ക്രമരഹിത ദിനചര്യകളും കേവലം മനുഷ്യന്റെ ആന്തരിക ജൈവചംക്രമണത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, ക്ഷീണം, ശ്രദ്ധക്കുറവ്, മാനസികസമ്മർദ്ദം തുടങ്ങിയവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ആധുനിക സംവിധാനങ്ങൾ കാര്യക്ഷമതക്ക് മുൻഗണന നൽകുമ്പോൾ പ്രവർത്തനത്തിനും പുനഃസ്ഥാപനത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥയുടെ ആഴമേറിയ ആവശ്യകതയെ അത് അവഗണിക്കുകയാണ് ചെയ്യുന്നത്.

ചുരുക്കത്തിൽ, ഒരു ദിവസം എപ്പോഴാണ് ആരംഭിക്കുന്നത് എന്ന ചോദ്യം കേവലം സമയക്രമീകരണം മാത്രമായി ബന്ധപ്പെട്ടുള്ളതല്ല, മറിച്ച് മനുഷ്യന്റെ ജീവിതവും ജീവിതക്രമീകരണവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. പ്രഭാതത്തോടെയാണല്ലോ ദിവസം ആരംഭിക്കുന്നതെന്ന് കരുതി രാത്രി സ്ക്രോളിംഗിനും വൈകിയുള്ള ഭക്ഷണ രീതിക്കും അര്‍ദ്ധരാത്രി വരെ ഉറക്കമൊഴിച്ചിരുന്ന് വിവിധ കളിതമാശകളില്‍ ഏര്‍പ്പെടുന്നതിനും  വഴിമാറുമ്പോൾ ശാരീരിക-മാനസിക നഷ്ടങ്ങളിലൂടെ നമ്മൾ നമ്മളെ തന്നെയാണ് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക വീക്ഷണം മുന്നോട്ട് വെക്കുന്നത് പ്രവൃത്തിക്ക് മുമ്പുള്ള ആത്മപരിശോധനയും ഭൗതിക പരിശ്രമത്തിനു മുമ്പുള്ള ആത്മീയ ശക്തി ആര്‍ജ്ജിക്കലും ഉല്പാദന ക്ഷമതക്കു മുമ്പുള്ള ഉദ്ദേശ്യ ക്രോഡീകരണവുമെല്ലാമാണ്. തിരക്കേറിയ പകലുകൾക്കും  വിശ്രമമില്ലാത്ത രാത്രികൾക്കും അടിമപ്പെട്ട മനുഷ്യന് സൂര്യാസ്തമനത്തോടെയുള്ള ദിനാരംഭം ഒരു മികച്ച ബദൽ സംവിദാനമാണെന്നതില്‍ സംശയമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter