ഫ്രണ്ട്ഷിപ്പ്: ചില തേര്‍ഡ് ജനറേഷന്‍ വിചാരങ്ങള്‍
നിര്‍വചിക്കാന്‍ വാക്കുകള്‍ തികയാതെ വരുന്ന ഇലാഹീ ബന്ധമാണ് സൗഹൃദം. ഹൃദയങ്ങള്‍ തമ്മിലെ കൈമാറ്റമാണ് സൗഹൃദത്തിലൂടെ നടക്കുന്നത്. അടുപ്പവും പ്രതിബത്തിയും ചേര്‍ന്നാല്‍ സൗഹൃദമായെന്നാണ് മനശാസ്ത്ര മതം. ഇവ നഷ്ടപ്പെടുമ്പോഴാണ് സൗഹൃദം കാമത്തിലേക്കും തെറ്റായ പ്രണയത്തിലേക്കുമൊക്കെ വഴിമാറുന്നത്. സ്‌നേഹത്തിലൊന്നിച്ച് സ്‌നേഹത്തില്‍ പിരിഞ്ഞ സുഹൃത്തുക്കള്‍ക്ക് അല്ലാഹു അര്‍ശിന്റെ തണല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സത്യം എന്നര്‍ത്ഥം വരുന്ന സ്വിദ്ഖ് എന്ന വാക്കില്‍ നിന്നാണ് സ്വദീഖ് (സുഹൃത്ത് )എന്ന പദം ഉത്ഭവിച്ചത്. സൗഹൃദവും സത്യവും ഇത്രമേല്‍ ഗാഢമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നര്‍ത്ഥം. ഇതേ അര്‍ത്ഥത്തിലാണ് മലയാളത്തില്‍ സ്‌നേഹിതന്‍ എന്ന വാക്കും. സ്‌നേഹത്തില്‍ നിന്നാണ് സ്‌നേഹിതന്‍ രൂപപ്പെടുന്നത്. തന്റെ ഇഷ്ടപ്രവാചകനായ ഇബ്‌റാഹീമിന് അല്ലാഹു നല്‍കിയ ഏറ്റവും വലിയ വിശേഷണമാണ് ഖലീല്‍ എന്നത്. സ്‌നേഹത്തിനും സൗഹൃദത്തിനും എന്നും പരിഗണനയും പ്രോത്സാഹനവും നല്‍കിയ മതമാണ് പരിശുദ്ധ ഇസ്‌ലാം. യുദ്ധവേളയില്‍, മരണവേളയില്‍ ജീവജലം സുഹൃത്തിന് കൊടുക്കാന്‍ കല്‍പ്പിച്ച് രക്തസാക്ഷിത്വം വഹിച്ച പ്രവാചകാനുയായികളാണ് ഇസ്‌ലാമിലെ സൗഹൃദ അടയാളങ്ങള്‍. ഇസ്‌ലാം സൗഹൃദത്തിന്റെ വില നല്‍കുന്നതിനുദാഹരണമാണ് മൂന്നുനാളിലധികം പിണങ്ങി നില്‍ക്കുന്നതില്‍ നിന്ന് ഇസ്‌ലാം വിലക്കുന്നത്. ഒരിക്കല്‍ ഒരു സ്വഹാബി വന്ന് പ്രവാചകരോട് പറഞ്ഞു: ഞാന്‍ ഒരാളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു നബിയേ. ഉടന്‍ പ്രവാകന്‍ സ്വഹാബിയോട് ആരാഞ്ഞു: ''നീ ഇക്കാര്യം അവനോടറിയിച്ചോ?''. ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു നബിയേ എന്ന് പറഞ്ഞ സുഹൃത്തിനോട് ''അന്‍ത മഅമന്‍ അഹ്ബബ്ത'' എന്നാണ് പ്രവാചക പ്രതികരണം. മുത്തുനബിയുടെ ഏറ്റവും വലിയ സുഹൃത്തായിരുന്നു ഹസ്‌റത്ത് സിദ്ദീഖ് (റ). മക്കയിലെ ഖുറൈഷികളുടെ ഭീഷണിക്കു മുമ്പില്‍ പതറാതെ പ്രവാകരോടൊന്നിച്ചു നിന്ന സ്വിദ്ദീഖ് ലോകത്തിലെ സര്‍വ സൗഹൃദത്തിനും മാതൃകയാണ്. അവരെ പറ്റി ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് സൗഹൃദത്തിന്റേ പേരിലാണ്. 'ലാ തഹ്‌സന്‍', സമാശ്വസത്തിന്റെ ലവറയില്ലാത്ത വാക്കുകള്‍.  പ്രവാകരറിയാതെ അവര്‍ക്കുവേണ്ടി സ്വന്തം കാല്‍ കൊണ്ട് ഗുഹയിലെ പൊത്തടച്ച സുഹൃത്ത്, മിഅ്‌റാജ്  വേളയില്‍ സര്‍വ്വരും പ്രവാചകരില്‍ വിശ്വസിക്കാന്‍ വൈമനസ്യം കാണിച്ചപ്പോഴും ശങ്കയേതുമില്ലാതെ പ്രവാചകരില്‍ വിശ്വസിച്ച സുഹൃത്ത്, പ്രതിസന്ധിഘടങ്ങളില്‍ കൂടെ നിന്ന സ്വിദ്ദീഖ്, പ്രവാചകര്‍ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ സര്‍വരും വിശ്വസിക്കാന്‍ കഴിയാതെ സ്തബ്ധരായി നിന്നപ്പോള്‍ മനസാനിധ്യം കൈവിടാതെ സ്ഥൈര്യത്തോടെ ലോകത്തിനും മുമ്പില്‍ സത്യം വിളിച്ചു പറഞ്ഞ് അവരെ ബോധവത്ക്കരിച്ച യഥാര്‍ത്ഥ സുഹൃത്ത്. അങ്ങനെ സ്വിദ്ദീഖ്(റ)വിന്റെ വിശേഷണങ്ങള്‍ അതിരുകളില്ലാതെ നീളുന്നു. ഇവരാണ് പ്രവാചക സൗഹൃദത്തിന്റെ മാതൃകകള്‍. സൗഹൃദത്തിന്റെ പുതിയ നിര്‍വ്വചനമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്. ഇവിടെ വികാരങ്ങളേക്കാള്‍ പ്രാധാന്യം ലൈക്കുകള്‍ക്കും പോക്കുകള്‍ക്കുമാണ്. സൗഹൃദം പോലും ഉപഭോഗവത്കരിച്ചു വെന്ന് വ്യജ്ഞം. കൃത്രിമ സ്‌നേഹ പ്രകടനങ്ങളും അവസരോചിതമായ സൗഹൃദമാറ്റങ്ങളുമൊക്കെയാണ് ഇതില്‍ നടക്കുന്നത്. സൗഹൃദസമാഗമങ്ങളുടെ അരങ്ങാണ് ഓരോ കാമ്പസും. ഇണക്കങ്ങളും പിണക്കങ്ങളും മാറിമാറി വരുന്ന ഇത്തരം മേഘലകളിലാണ് യഥാര്‍ത്ഥ സൗഹൃദങ്ങള്‍ രൂപപ്പെടേണ്ടത്. കൂരിട്ടുള്ള ഇടവഴികളില്‍ നിന്ന് സുഹൃത്തിന് വഴികാണിച്ചു കൊടുക്കേണ്ടയാളാണ് യഥാര്‍ത്ഥ സുഹൃത്ത്. വിഖ്യാത അറബി സാഹിത്യകാരന്‍ മുസ്ഥഫാ   ലുഥ്ഫി മന്‍ഫലൂഥി ഇത്തരമൊരു സൗഹൃദത്തിന്റെ കഥ പറയുന്നുണ്ട്. കഥയിലെ നായകന്‍ നിസ്സഹായനായി മരിക്കാന്‍ കിടക്കുന്ന സുഹൃത്തിന്റെ അടുത്തെത്തുന്നു. മദ്യപാനിയായ സുഹൃത്തിനോടാരാഞ്ഞു എന്താണ് നിനക്ക്  ഇങ്ങനെ സംഭവിച്ചത്, നിന്നോട് ഞാനൊരുപാടുപദേശിച്ചില്ലായിരുന്നോ?. അപ്പോള്‍ സുഹൃത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. എന്റെ സുഹൃത്തുക്കളോടൊന്നിച്ചുള്ള എന്റെ ആദ്യത്തെ കുടിയാണ് എന്നെ ഇത്തരമൊരു സ്ഥിതിയില്‍ കൊണ്ടെത്തിച്ചത്. ഖുര്‍ആന്‍ താക്കീത് നല്‍കിയ കൂട്ടുകെട്ടാണത്. പരലോകത്ത് വെച്ച് ഒരു മുഅ്മിന്‍ ഖേദം പ്രകടിപ്പിക്കും ഞാനിയാളെ സുഹൃത്തായി സ്വീകരിച്ചിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നേനേ  എന്ന് ഖേദം പ്രകടിപ്പിക്കും. സെല്‍ഫോണുകളുടെയും ഇന്റര്‍നെറ്റിന്റെയും അനിയന്ത്രിതമായ കടന്നുവരവാണ് പല വ്യാജ സൗഹൃദങ്ങള്‍ക്കും വിത്തുപാകിയത്. ആശയവിനിമയത്തിനുള്ള പുത്തന്‍ ഉപാദികളായി മാത്രമല്ല ഇവ വര്‍ത്തിച്ചചത്, മറിച്ച് വീടരറിയാതെ അന്യരുമായി യധേഷ്ടം ബന്ധപ്പെടാനുള്ള വിശാലമായ ലോകമാണ് ഇത്തരം ദുരുപഭോക്താക്കള്‍ക്ക് ഇവവഴി കിട്ടിയത്. മൊബൈല്‍ കാമുകനെ തേടി റെയില്‍ വേ സ്റ്റേഷനിലെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണവും ഫെയ്‌സ് ബുക്കില്‍ പരിചയപ്പെട്ട യുവാവിനെ തേടിയെത്തിയ പെണ്‍കുട്ടി സുഹൃത്തിന്റെ പ്രായം കണ്ട് മോഹാലാസ്യപ്പെട്ട് വീണ പത്ര റിപ്പോര്‍ട്ടുമെല്ലാം ഇതോടു ചേര്‍ത്തുവായിച്ചാല്‍ മതി. അഭിനവ സമൂഹത്തിന് മാറിച്ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter