മുസ്തഫ സ്വബരി ഇഫന്ദി: കമാലിയൻ ചിന്തകള്‍ത്ത് പ്രതിരോധം തീർത്ത ജീവിതം
മുസ്‍സിം പണ്ഡിതർ എന്നും വിജ്ഞാന ലോകത്ത് മായാത്ത മുദ്രകൾ പതിപ്പിച്ചവരാണ്. എന്നാൽ, പണ്ഡിതനായിരിക്കെത്തന്നെ രാഷ്ട്രീയ ലോകത്തും ഓളങ്ങൾ സൃഷ്ടിക്കാൻ ചിലർക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ, അത്തരത്തിൽ ഒരാളായിരുന്നു മുസ്തഫ സ്വബരി ഇഫന്ദി. ഒരു വശത്ത് ഭക്തനായ മുസ്‍ലിം പ്രബോധകനായും തത്വചിന്തകനായും ഇരിക്കുമ്പോള്‍ തന്നെ, മറുവശത്ത് തുർക്കിയിൽ മുസ്തഫ കമാൽ പാഷയുടെ പരിധി വിട്ട പരിഷ്കാരങ്ങൾക്കെതിരെ ശക്തിയുക്തം നിലകൊണ്ട രാഷ്ട്രീയ നായകന്‍ കൂടിയായിരുന്നു അദ്ദേഹം.
മുസ്തഫ സ്വബരി: ജനനവും പഠനവും
തുർക്കിയിലെ അനാട്ടോളിയിലെ തോക്കാദിൽ ഹിജ്റ വർഷം 1286 റബീഉൽ അവ്വൽ 12 ന് ജനിച്ച മുസ്തഫ സ്വബരി ഇഫന്ദി, പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍ നിന്ന് തന്നെ കരസ്ഥമാക്കുകയും അതോടൊപ്പം തന്നെ പത്താം വയസ്സിൽ പരിശുദ്ധ ഖുർആൻ മനപ്പാഠമാക്കുകയും ചെയ്തു. പിന്നീട് പഠനാവശ്യാർത്ഥം തുർക്കിയിലെ ഖൈസരിയിലേക്ക് യാത്രതിരിച്ച അദ്ദേഹം അവിടുത്തെ പ്രഗൽഭ പണ്ഡിതരിൽ നിന്നും അറബി സാഹിത്യവും സംവാദകല അടക്കമുള്ളവയും അഭ്യസിച്ചു. ശേഷം ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി അക്കാലത്ത് ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിൽ പ്രസിദ്ധമായിരുന്ന ജാമിയ സുൽത്താൻ മുഹമ്മദ് അൽഫാത്തിഹിൽ ചേർന്ന് സർവകലകളിലും പരിജ്ഞാനം നേടി.
സ്വബരിയുടെ സംവാദ മേഖലയിലെ പ്രാവീണ്യത്തിൽ ആകൃഷ്ടരായ യൂണിവേഴ്സിറ്റി അധികൃതർ അദ്ദേഹത്തെ അവിടെത്തന്നെ അധ്യാപകനായി നിയമിച്ചു. അങ്ങനെ 22 വയസ്സ് പൂർത്തിയാവുന്നതിനു മുമ്പ് തന്നെ ജാമിഅ അല്‍ഫാത്തിഹിൽ ഉയർന്ന അധ്യാപകനായി അദ്ദേഹം മാറി. 1890 കളിൽ അവിടെ അധ്യാപനം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപകനായിരുന്നു മുസ്തഫ സ്വബരി. പിന്നീട് 1898 ൽ സുൽത്താൻ അബ്ദുൽഹമീദ് അദ്ദേഹത്തെ, റമദാനിലെ പ്രത്യേക വിജ്ഞാന സദസ്സിലെ അംഗമായി നിർണയിച്ചു. ഇതോടുകൂടി അദ്ദേഹത്തിന്റെ പാണ്ഡിത്യവും പ്രസക്തിയും കൂടുതല്‍ പരന്നു. അങ്ങനെ 1900 ൽ അദ്ദേഹം ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന രഹസ്യ സൂക്ഷിപ്പ് വിഭാഗത്തിന്റെ തലവനായി അവരോധിതനായി. മാത്രവുമല്ല ഉന്നത പണ്ഡിതസഭക്കു കീഴിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ബയാനുൽഹഖ് മാസികയുടെ നേതൃസ്ഥാനവും അദ്ദേഹത്തിന് കൈവന്നു. അതുകൂടാതെ അക്കാലത്ത് പ്രസിദ്ധമായ ഖസ്ർ എൽസർ ലൈബ്രറിയുടെ കാര്യദര്‍ശിയായി നിയമിക്കപ്പെട്ടു. അതിലൂടെ എണ്ണമറ്റ ഗ്രന്ഥങ്ങൾ വായിക്കാനും പരിശോധനയ്ക്ക് വിധേയമാക്കാനും സാധ്യമായത്, ഒരു സുവർണവസരമായിരുന്നു എന്ന് പിന്നീട് അദ്ദേഹം ഓര്‍ക്കുന്നുണ്ട്.
ഉസ്മാനി ഖിലാഫത്തിലെ അവസാന ശൈഖുൽഇസ്‍ലാം ആയിരുന്നു അദ്ദേഹം. ആ പദവിക്ക് പുറമെ, ഉസ്മാനി പണ്ഡിത സഭയുടെ ആജീവനാന്ത അംഗം കൂടിയായിരുന്നു അദ്ദേഹം. ഉസ്മാനി സുൽത്താൻ സ്ഥാനപദവികൾ ഏറ്റെടുക്കാന്‍ ആവശ്യപ്പെടുമ്പോൾ പരമാവധി മാറി നിൽക്കലായിരുന്നു അദ്ദേഹത്തിൻറെ പതിവ്. പക്ഷേ, പലപ്പോഴും സുൽത്താന്റെ നിർബന്ധത്തിനു വഴങ്ങി ഏറ്റെടുക്കേണ്ടി വരികയായിരുന്നു.
മുസ്തഫ സ്വബരി: രാഷ്ട്രീയ നിലപാടുകൾ
ഒരു പണ്ഡിതൻ എന്നതിനപ്പുറം ഒരു രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു മുസ്തഫ സ്വബരി. 1920കളിലെ മുസ്തഫ കമാൽ പാഷയുടെ ആധുനിക പരിഷ്കാരങ്ങൾക്കെതിരെ ഇസ്‍ലാമിക ആദർശങ്ങൾ മുൻനിർത്തി ശക്തിയുക്തം ചെറുത്തുനിന്നത് അദ്ദേഹമായിരുന്നു. 1904ൽ മുസ്തഫ സ്വബരി തന്റെ ഔദ്യോഗിക ഉദ്യോഗങ്ങളിൽ നിന്ന് വിരമിച്ച് പൂർണമായും അധ്യാപനമേഖലയിലേക്ക് തിരിഞ്ഞു, ഉദ്യോഗങ്ങളിൽ നിന്ന് ഒഴിഞ്ഞെങ്കിലും പിന്നീടുള്ള കാലവും അദ്ദേഹം തന്റെ പേരിനൊപ്പമുള്ള ഇഫന്ദി എന്ന നാമത്തിൽ തന്നെ അറിയപ്പെട്ടു.
അദ്ദേഹം ജാമിയ സുലൈമാനിയയിൽ ഹദീസ് വിഭാഗം അധ്യാപകനാവുന്നതോടൊപ്പം ആ വർഷം പ്രഖ്യാപിക്കപ്പെട്ട തുർക്കി ഭരണഘടനയുടെ കീഴിൽ തോക്കാദി മണ്ഡലത്തിലെ പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഹിസ്ബുൽ ഇഅ്‌തിലാഫി വൽ ഹുരിയ്യയുടെ ഭാഗമായിരുന്നു അദ്ദേഹം. അന്ന് തുർക്കിയിൽ പ്രധാനമായും രണ്ട് പാർട്ടികളാണ് ഉണ്ടായിരുന്നത്, ഒന്ന് മുസ്തഫ സ്വബരിയുടെ പാർട്ടിയായിരുന്ന ഹിസ്ബുൽ ഇഅ്‌തിലാഫി വൽഹുരിയ്യയും മറ്റൊന്ന് തീവ്ര വലതുപക്ഷ പാർട്ടിയായിരുന്ന ജംഇയ്യത്തുൽ ഇത്തിഹാദ് അത്തൂർക്കിയും. മുസ്തഫ സ്വബരിയും പാർട്ടിയും ജംഇയ്യത്തുൽ ഇത്തിഹാദിനെതിരെ ശക്തിയുക്തം നിലകൊണ്ടുവെന്ന് മാത്രമല്ല, അവർക്ക് യഹൂദികളും ക്രിസ്ത്യന്‍ മിഷിനറികളുമായി ഉണ്ടായിരുന്ന രഹസ്യബന്ധങ്ങളെ തൻ്റെ എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു. ഇതു കാരണമായി ജംഇയത്തുൽ ഇത്തിഹാദ് തങ്ങളുടെ ശത്രുവിനെ സർവ വിധേനയും പൂട്ടാനുള്ള കുൽസിത ശ്രമങ്ങൾ നടത്തി. അവസാനം നാടുവിടേണ്ടി വന്ന മുസ്തഫ സ്വബരി, 1913ൽ അഭയം തേടി ഈജിപ്തിലേക്ക് പലായനം ചെയ്തു. അവിടെ നിന്ന് ഹിജാസിലെ ഭരണാധികാരി ഷെരീഫ് ഹുസൈന്റെ വിളി പ്രകാരം മക്കയിലേക്ക് യാത്രതിരിച്ചു. അവിടെ എത്തിയെങ്കിലും മക്കയിലെ അസഹനീയമായ ചൂടുകാരണം ലബ്നാനിലേക്ക് പോയി. അവിടെ താമസിക്കുന്ന കാലയളവിലാണ് സ്വബരി, കമാലിനെയും അനുയായികളെയും വിമർശിച്ചുകൊണ്ടുള്ള തന്റെ പ്രസിദ്ധ ഗ്രന്ഥമായ النكير على منكر النعمة من الدين والاله والخلافة രചിക്കുന്നത്. പിന്നീട് റോമാനിയയിലേക്ക് യാത്ര തിരിച്ചെങ്കിലും അവിടെയും അദ്ദേഹത്തിന് കമാലികളുടെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു.
റോമാനിയയില്‍ താമസിക്കുന്നിതിനിടെ, ഖദ് എന്ന നാമത്തിൽ അദ്ദേഹം ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഈ കാലയളവിൽ അവിടെ അധിനിവേശം നടത്തിയിരുന്ന ജർമൻ സൈന്യം അദ്ദേഹത്തെ പിടികൂടി തുർക്കിയിലെ ജംഇയ്യത്തുൽ ഇത്തിഹാദിന് കൈമാറുകയും 1922ൽ തുർക്കി ഗവണ്‍മെൻറ് അദ്ദേഹത്തെ സർവ്വ സ്ഥാനങ്ങളിൽ നിന്നും ഭ്രഷ്ടനാക്കുകയും തുർക്കി പൗരത്വം തന്നെ നീക്കം ചെയ്യുകയും അതേതുടര്‍ന്ന് പല മുസ്‍ലിം രാജ്യങ്ങളോടും അഭയം തേടി അലയേണ്ടിവരികയും ചെയ്തു. അവസാനം 1932 ൽ ഈജിപ്ത് ഭരണകൂടം അദ്ദേഹത്തിന് അങ്ങോട്ട് പ്രവേശനാനുമതി നൽകി. ശേഷിച്ച കാലം അദ്ദേഹം അവിടെ സ്ഥിരതാമസമാക്കുകയും ഒരു രണ്ടാം കിട പൗരനായി കഴിച്ച് കൂട്ടുകയും ചെയ്തു.
വളരെ ത്യാഗമേറിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അഭയം തേടിയുള്ള അലച്ചിലിനിടയില്‍ പലപ്പോഴും മുഴുപട്ടിണിയായിരുന്നു. വിശപ്പടക്കാൻ താൻ രചിച്ച പുസ്തകങ്ങൾ വരെ വിൽക്കേണ്ടി വന്ന അവസരങ്ങള്‍ പോലും അദ്ദേഹത്തിനുണ്ടായി എന്ന് ചരിത്രങ്ങളിൽ കാണാം. അപ്പോഴും ദൈവ വിശ്വാസത്തിൽ ഉറച്ച് നിന്ന് എല്ലാം സഹിച്ച് ഒരു പോരാളിയായി സത്യത്തിനു വേണ്ടി നിലകൊള്ളുകയായിരുന്നു മുസ്തഫ സ്വബരി.
രചനകളും നിരൂപണവും
തന്റെ ജീവിതം മുഴുവനും അനീതിക്കും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടങ്ങൾ ആയതിനാൽ മുസ്തഫ സ്വബരിക്ക് സ്വസ്ഥമായി രചനകൾ നടത്താനായില്ല എന്നതൊരു വസ്തുതയാണ്. എന്നിരുന്നാലും കമാലിയൻ പരിഷ്കാരങ്ങൾക്കെതിരെയും ഈജിപ്ഷ്യൻ അനാചാരങ്ങൾക്കെതിരെയും പ്രതികരിച്ച് സുപ്രധാനവും സ്തുത്യർഹവുമായ ചില ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയിൽ നിന്ന് ചിലത് ചുവടെ ചേർക്കുന്നു:
- النكير على منكر النعمة من الدين والاله والخلافة
മുസ്തഫ സ്വബരി മിസ്റിൽ നിന്ന് ലബ്നാനിൽ പോയ സമയത്താണ് ഈ ഗ്രന്ഥം രചിക്കുന്നത്. തുർക്കിയിൽ കമാല്‍ പാഷയുടെ കീഴിൽ നടമാടിക്കൊണ്ടിരുന്ന വികല പരിഷ്കാരങ്ങളെ വിമർശിച്ചുകൊണ്ടായിരുന്നു ഇത്. ഗ്രന്ഥത്തിൻറെ മുഖവുരയിൽ ഖിലാഫത്തിന്റെ തകർച്ചയ്ക്ക് ശേഷം മുസ്‍ലിം ലോകത്തിന്റെ അവസ്ഥയും, സത്യം വെട്ടിത്തുറന്ന് പറയുന്നതിൽ പണ്ഡിതരുടെ അമാന്തതയും പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തിൻറെ അവസാനഭാഗത്ത് മുസ്‍ലിംകളെ അഭിമുഖീകരിച്ച് ഖിലാഫത്തിന്റെ മഹത്വത്തെയും കാര്യങ്ങളെ അന്ധമായി വിശ്വസിക്കുന്നതിൽ മുസ്‍ലിമിൻറെ പരാജയത്തെയും കുറിച്ചും സംസാരിക്കുന്നുണ്ട്.
- مسألة ترجمة القرآن
ഖുർആൻ തുർക്കി ഭാഷയിലേക്ക് പരിവർത്തനം ചെയ്ത് പാരായണം ചെയ്യാമെന്ന് പറഞ്ഞ ഫരീദ് വജ്ദിയേയും ശൈഖുൽ അസ്ഹർ ആയിരുന്ന മുസ്തഫ മറാഖിയുടെ ഫത്‌വകളെയും വിമർശിച്ചുകൊണ്ടാണ് മുസ്തഫ സ്വബരി ഈയൊരു ഗ്രന്ഥം രചിച്ചിട്ടുള്ളത്. പ്രസ്തുത ഗ്രന്ഥം പ്രധാനമായും രണ്ട് ഭാഗങ്ങളായാണ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്, ആദ്യഭാഗത്ത് മുൻകഴിഞ്ഞ കാലത്തെ ഈ വിഷയത്തിലുണ്ടായ സംശയങ്ങളെയും വാദങ്ങളെയും നിരത്തിയും ആവശ്യമായവക്ക് മറുപടി പറഞ്ഞും രണ്ടാം ഭാഗത്ത് സമകാലികമായി പണ്ഡിതർ ഉന്നയിച്ച ഫത്‌വകളെ വിമർശിച്ചുകൊണ്ടുമാണ് ഇത് രചിച്ചിരിക്കുന്നത്.
- قولي في المرأة
എഴുപതോളം പേജുകളിലായി ക്രമീകരിക്കപ്പെട്ട ഈ പുസ്തകത്തിൽ പ്രധാനമായും അൽഫത്ഹ് പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് ലേഖനങ്ങളാണ് ചർച്ച ചെയ്യുന്നത്. ഹിജാബ്, ബഹുഭാര്യത്വം എന്നിവ ചർച്ചചെയ്യുന്ന ഗ്രന്ഥം, വിമർശനാത്മക നിലപാടുകളെ യുക്തിഭദ്രമായി അഭിമുഖീകരിക്കുന്നുണ്ട്.
- موقف العقل والعلم والعالم من رب العالمين وعباده المرسلين
മുസ്തഫ സ്വബരിയുടെ മാസ്റ്റർപീസ് ഗ്രന്ഥമായി കണക്കാക്കപ്പെടുന്നതാണ് ഇത്. നൂറ്റാണ്ടിന്റെ ഗ്രന്ഥം എന്നാണ് സമകാലികനായ പണ്ഡിതൻ അബ്ദുൽ ഫത്താഹ് അബൂ ഖദ്ദ ഇതിനെ വിശേഷിപ്പിച്ചത്. ഈജിപ്തില്‍ ബ്രിട്ടന്റെ സ്വാധീനത്തോടുകൂടി ഇസ്‍ലാമിക പരിഷ്കാരികളായി രംഗത്ത് വന്ന ഫരീദ് വജ്ദി, ഹുസൈൻ ഹൈക്കൽ, മുസ്തഫ മറാഖി എന്നിവരെ വിമർശിച്ചുകൊണ്ടും മതനിരാസം, ദൈവനിഷേധം പോലുള്ള വികലാശയങ്ങളെ വിമർശിച്ചുകൊണ്ടുമാണ് ഈ ഗ്രന്ഥം എഴുതിയിരിക്കുന്നത്.
4 അധ്യായങ്ങളായാണ് ഈ ഗ്രന്ഥം ക്രമീകരിച്ചിട്ടുള്ളത്. ആദ്യ അധ്യായത്തിൽ അല്ലാഹുവിന്റെ ഉണ്മ സ്ഥിരപ്പെടുത്തുന്നതെങ്ങനെ എന്ന് വിശകലനം ചെയ്യുന്നു. ഇതിൽ തന്നെ രണ്ട് മുഖവുരയായി മതത്തിൻറെ പ്രാധാന്യവും ക്രിസ്തുമതത്തിൽ ഈസ നബി കൊണ്ടുവന്ന ആദർശങ്ങളും കൂട്ടിച്ചേർക്കപ്പെട്ടവയും എങ്ങനെയാണ് വേർതിരിക്കുന്നത് എന്നും പ്രതിപാദിക്കുന്നു. ബൗദ്ധിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ വാദത്തെ അദ്ദേഹം സ്ഥിരീകരിക്കുന്നത്. പിന്നീടുള്ള അധ്യായങ്ങളിൽ ലോകം ആദിപുരാതനമല്ലെന്നും അത് പുതുതായി ഉണ്ടായതാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കുന്നു. അതോടൊപ്പം ഇബ്നു റുഷ്ദ്, ഇബ്നു തൈമിയ്യ എന്നീ പണ്ഡിതരുടെ വീക്ഷണ കോണുകളെ നിരൂപണാത്മകമായി സമീപിക്കുന്നുമുണ്ട്. ഒരു അധ്യായത്തിൽ ഉടനീളം ദീനും രാഷ്ട്രവും രണ്ടായി നിലകൊള്ളണമെന്ന അഭിപ്രായത്തെ ശക്തിയുക്തം എതിർത്ത് അതിൻറെ പ്രത്യാഘാതങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്നുണ്ട്.
അവസാനഭാഗത്ത് മജല്ലത്തുൽ അസ്ഹർ പിടിച്ചടക്കി മുസ്‍ലിം പരിഷ്കാരികളുടെ സഹായത്തോടെ ഇസ്‍ലാമിക ലോകത്ത് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച ബ്രിട്ടൻ വികലതയെ തുറന്ന് കാണിക്കുന്നു. അതുപോലെതന്നെ അന്ന് പ്രധാന വിഷയമായിരുന്ന ഇജിതിഹാദ് അവസാനിച്ചോ എന്ന വിഷയത്തിൽ ഇസ്‍ലാ മിന്റെ നിലപാടും വ്യക്തമാക്കുന്നു.
ദൈവനിഷേധത്തെയും പടിഞ്ഞാറൻ ആശയവികലതയേയും തടുക്കുന്നതിൽ ഈ കൃതി വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്നും പല പണ്ഡിതരും ഇതിനെ നൂറ്റാണ്ടിന്റെ ഗ്രന്ഥമായി തന്നെ കണക്കാക്കുന്നു.
നിസ്സഹായതയുടെ ദിനങ്ങള്‍
അവസാന കാലത്ത് ഗ്രീസിലെ ഏതന്‍സിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആ സമയത്ത് അദ്ദേഹത്തെ വല്ലാതെ അലട്ടിയ ഒരു ചിന്തയുണ്ടായിരുന്നു, ക്രൈസ്തവ പ്രവിശ്യയായ ഏതൻസിൽ വെച്ച് മരണമടഞ്ഞാൽ അവരുടെ സെമിത്തേരിയിലാകുമല്ലോ താൻ അടക്കം ചെയ്യപ്പെടുക എന്ന വ്യാകുലതയായിരുന്നു അത്. ഇത് സഹിക്കാനാവാതെ, ഈജിപ്ത്, സിറിയ, ഇറാഖ് തുടങ്ങി പല ഇസ്‌ലാമിക ഭരണകർത്താക്കൾക്കും അദ്ദേഹം ഇങ്ങനെ കത്തുകളെഴുതി.
"ഉഥ്മാനി ഖിലാഫത്തിലെ ശൈഖുൽ ഇസ്‌ലാം ആയിരുന്ന ഞാൻ നിലവിലെ കലുഷിത സാഹചര്യങ്ങൾ മൂലം ഇപ്പോൾ ഏതൻസിലാണ് താമസം. ഒരു സന്ദർശകനായിട്ടോ അഭയാർത്ഥിയായിട്ടോ, എനിക്ക് നിങ്ങളുടെ നാട്ടിലേക്ക് വരാനുള്ള യാത്രാനുമതി നൽകണം. അതിനുവേണ്ട പാസ്പോട്ടും അനുബന്ധ രേഖകളും തന്ന് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏതൻസിലെ നിങ്ങളുടെ എംബസിയെ അക്കാര്യം ഉണർത്താനും അപേക്ഷിക്കുന്നു".
ഏതാണ്ട് ഇങ്ങനെയായിരുന്നു ആ കത്തുകളിലെ ഉള്ളടക്കം. മുസ്‌ലിം ലോകത്തെ ഒരു 'ശൈഖുൽ ഇസ്‌ലാം' അഭ്യർത്ഥനാ സ്വരത്തിൽ ഇങ്ങനെ പലര്‍ക്കും എഴുതിയിട്ടും നിരാശയായിരുന്നു ഫലം. സാങ്കേതിക ബുദ്ധിമുട്ടുകൾ നിരത്തി അവരെല്ലാം കൈമലർത്തി.
മുസ്‌ലിം ഭരണകർത്താക്കളുടെ ഈ നിസ്സഹായ നയത്തിൽ ക്ഷുഭിതനായ മുസ്വ്‌ത്വഫാ സ്വബ്‌രി രൂക്ഷമായ ഭാഷയിൽ രണ്ടാമതൊരു കത്തെഴുതി. അതിങ്ങനെയായിരുന്നു:
"നിങ്ങളുടെ കാര്യം അതിശയം തന്നെ! ഒരു ശൈഖുൽ ഇസ്‌ലാമിന് വിസ നൽകാൻ പോലും നിങ്ങൾക്ക് കഴിയില്ലെങ്കിൽ, പിന്നെന്തിനാണ് നിങ്ങൾ നിങ്ങളുടെ അധികാര കസേരകളിലും സിംഹാസനങ്ങളിലും അള്ളിപ്പിടിച്ചിരിക്കുന്നത്?! നിങ്ങളല്ലേ നിങ്ങളുടെ രാഷ്ട്രങ്ങളിൽ തീരുമാനങ്ങളെടുക്കുന്നത്?! ഏതൻസിൽ വെച്ച് മരണപ്പെടുകയും അന്യമതസ്ഥരുടെ ശ്മശാനത്തിൽ അടക്കം ചെയ്യപ്പെടുകയും ചെയ്യുമോയെന്ന് ഞാൻ ഭയപ്പെടുന്നു. അങ്ങനെയുണ്ടാവുന്ന പക്ഷം, കോടിക്കണക്കിന് വരുന്ന മുസ്‌ലിം ജനസഞ്ചയത്തിൻ്റെ 'ശൈഖുൽ ഇസ്‌ലാം' അന്യമതസ്ഥരുടെ ശ്മശാനത്തിൽ അടക്കം ചെയ്യപ്പെടുന്നതിൻ്റെ പാപ ഭാരം ആര് പേറും?! അപ്പോൾ പിന്നെ നിങ്ങളുടെ സ്ഥാനമാനങ്ങൾക്കൊണ്ട് ആർക്കെന്ത് പ്രയോജനം?!!"
ഈ കത്തുകൾ അയച്ച ശേഷം അദ്ദേഹം ഏതൻസിലെ ഈജിപ്ഷ്യൻ എംബസിയിൽ ചെന്ന് അവിടുത്തെ ഉദ്യോഗസ്ഥനെ കാര്യങ്ങൾ പറഞ്ഞ് തെര്യപ്പെടുത്തി. ശൈഖിൻ്റെ ആശങ്കയും വ്യാധിയും മനസ്സിലാക്കിയ ഉദ്യോഗസ്ഥൻ ഇപ്രകാരം പറഞ്ഞു: "ബഹുമാനപ്പെട്ടവരെ! ക്രൈസ്തവരുടെ സമുന്നത നേതാവായ മാർപ്പാപ്പക്കാണ് ഇങ്ങനെയൊരു ഗതി വരുന്നതെങ്കിൽ ക്രൈസ്തവ ലോകം സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് ഒന്ന് ആലോചിച്ചു നോക്കൂ?! നമ്മുടെ സമുദായം മാത്രമെന്തേ ഇങ്ങനെ ആയിപ്പോയത്?! എന്നാൽ, അങ്ങ് ഭയപ്പെടേണ്ട! വേണ്ടതെല്ലാം ഞാൻ ചെയ്ത് തരാം. ഇതിൻ്റെ പേരിൽ രാഷ്ട്രീയ കുറ്റം ചുമത്തി അവരെന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടേക്കാം, ചിലപ്പോൾ തടങ്കിലാക്കിയേക്കാം, ചിലപ്പോൾ തൂക്കുകയർ വിധിച്ചെന്നും വരാം. എനിക്കത് പ്രശ്നമല്ല. നിങ്ങൾക്ക് വേണ്ട യാത്രാ രേഖകൾ ഞാൻ ശരിയാക്കിത്തരാം!!"
അങ്ങനെ ശൈഖ് മുസ്വ്‌ത്വഫ സ്വബ്‌രി ഈജിപ്തിലേക്ക് തിരിക്കുകയും ശിഷ്ടകാലം അവിടെ കഴിച്ചു കൂട്ടുകയും ചെയ്തു. 1954 ല്‍ ആ മഹാത്മാവ് അല്ലാഹുവിലേക്ക് മടങ്ങി. ഈജിപ്തില്‍ തന്നെയാണ് അദ്ദേഹം മറവ് ചെയ്യപ്പെട്ടതും.



Leave A Comment