സിദ്ധാര്‍ത്ഥില്‍നിന്ന് ശാദാബിലേക്കുള്ള ദൂരം, ഇസ്‍ലാം സ്വീകരിച്ച ഒരു ഹിന്ദുയുവാവിന്റെ തുറന്ന് പറച്ചിലുകള്‍

എന്റെ ജീവിതത്തിന്റെ സിംഹഭാഗവും മുസ്‍ലിം വിദ്വേഷ പ്രചാരണത്തിനാണ് ഞാന്‍ ഉപയോഗിച്ചത്. പക്ഷേ ഇന്ന് അഭിമാനത്തോടെ ഞാൻ പറയുന്നു, ഞാനൊരു മുസ്‍ലിമാണ്. 2012-ൽ ഇസ്‍ലാമിലേക്ക് കടന്നുവന്ന് ശാദാബ് ആയി മാറിയ സിദ്ധാർഥിന്റെ വാക്കുകളാണിത്. 

കൃത്യമായി ക്ഷേത്രത്തിൽ പോവുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്ന ഒരു ഹിന്ദു മത വിശ്വാസിയായിരുന്നു സിദ്ധാർത്ഥ്. ദൈവങ്ങളെ വിരുന്നൂട്ടാൻ മധുര പലഹാരങ്ങളുമായി ക്ഷേത്രപടികളിൽ പോകുന്നതും അയാളുടെ പതിവായിരുന്നു. പക്ഷേ, ബുദ്ധി വളര്‍ന്നതോടെ സിദ്ധാർത്ഥിന് ഈ ആചാരങ്ങളെ കുറിച്ച് സംശയങ്ങൾ ഉടലെടുത്തു. അവ മാതാപിതാക്കളോട് ചോദിച്ചുനോക്കിയെങ്കിലും മറുപടികളില്‍ തൃപ്തി തോന്നിയില്ല. പാരമ്പര്യമായി കൈമാറി ലഭിച്ച ചടങ്ങുകളെന്നേ അവര്‍ക്ക് പറയാനുണ്ടായിരുന്നുള്ളൂ. അതോടെ, സ്വയം മനസ്സാക്ഷി ആ യുവാവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ആ അന്വേഷണമാണ് സിദ്ധാര്‍ത്ഥിനെ ഇസ്‍ലാമിലെത്തിച്ചത്.

ഇസ്‍ലാമിലേക്ക് ആകൃഷ്ടനായതിനെ കുറിച്ച് പറയുമ്പോള്‍, സിദ്ധാര്‍ത്ഥിന് ആദ്യം പറയാനുള്ളത്, ഇസ്‍ലാം മുന്നോട്ട് വെക്കുന്ന സമത്വത്തെ കുറിച്ചാണ്. "ഭിക്ഷക്കാരൻ ആയാലും സമ്പന്നനായാലും എല്ലാവരും നിരനിരയായി പരസ്പരം തോളോട് തോളുരുമ്മിയാണ് നിസ്കാരം നിർവഹിക്കുന്നത്. അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാൻ സമ്പന്നത ഒരു മാനദണ്ഡമല്ല, ഒരു പ്രത്യേക സമൂഹത്തിലോ വിഭാഗത്തിലോ ജാതിയിലോ ജനിക്കേണ്ടതില്ല, നിറത്തിന്റെയോ വംശത്തിന്റെയോ സാമൂഹിക പശ്ചാത്തലത്തിന്റെയോ പരിഗണനയുടെ ഫലമായല്ല ഇസ്‍ലാം ആളുകളെ കാണുന്നത്. ഇതെന്നെ വല്ലാതെ ആകര്‍ഷിച്ചു, ഷാദാബ് പറയുന്നത് ഇങ്ങനെയാണ്.

 ഇസ്‍ലാമിലേക്കുള്ള യാത്ര

ഇസ്‍ലാം ആശ്ലേഷണത്തിനുള്ള വഴികൾ തുറക്കുന്നത് ഖുർആൻ വായിക്കാൻ തീരുമാനിക്കുന്നത് മുതൽക്കാണ്. "ഒരാൾ അല്ലാഹുവിലേക്ക് നടക്കുമ്പോൾ അല്ലാഹു അവനിലേക്ക് ഓടിവരും എന്നു പറയാറുണ്ട്. പക്ഷേ എന്റെ കാര്യത്തിൽ ഞാൻ ഇഴഞ്ഞ് നീങ്ങുക മാത്രമായിരുന്നു ചെയ്തിരുന്നത്, എന്നാൽ ഇസ്‍ലാമിന്റെ അടിസ്ഥാന തത്വങ്ങൾ കണ്ടെത്താനുള്ള വഴികൾ അല്ലാഹു എനിക്ക് എളുപ്പമാക്കി തന്നു, ശാദാബ് പറയുന്നു.

ഇസ്‍ലാമിനോടുള്ള അദമ്യമായ സ്നേഹം വർദ്ധിക്കുംതോറും ഷാദാബിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ആദ്യമൊക്കെ രഹസ്യമായി നിസ്കരിക്കുകയും നോമ്പ് നോക്കുകയും ചെയ്യുകയായിരുന്നു. മകന്റെ പെരുമാറ്റ രീതിയിലെ വ്യത്യാസം വീട്ടുകാർ അതിസൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. തെളിവുകള്‍ അന്വേഷിച്ച് നടന്ന അവര്‍,  ഷാദാബിന്റെ ബാഗിൽ നിന്ന് തസ്ബീഹ് മാലയും മത ഗ്രന്ഥവും കണ്ടെത്തി. അതോടെ അവര്‍ക്ക് കാര്യം പിടികിട്ടി. 

പരിസരവാസികളും ഷാദാബിനും ആ കുടുംബത്തിനും എതിരായി. പലതവണ ഷാദാബ് പള്ളിയിൽ കയറുന്നത് കണ്ടിട്ടുണ്ടെന്നും എന്താണ് നിങ്ങള്‍ അവനെതിരെ ഒന്നും ചെയ്യാത്തതെന്നും പറഞ്ഞു കുടുംബക്കാരുമായി പ്രശ്നങ്ങളുണ്ടാക്കി. അതോടെ കുടുംബവും ഷാദാബിനെ ഒഴിവാക്കി. ഇരുപത്തിമൂന്നാം വയസ്സിൽ ആയിരുന്നു ഇത്. ഹിന്ദുമതം വിടുന്നതിനേക്കാൾ അവരെ പ്രകോപിപ്പിച്ചത് ഇസ്‍ലാം സ്വീകരിക്കുന്നു എന്നതായിരുന്നുവത്രെ.  തലചായ്ക്കാന്‍ ഒരിടമോ സമയത്ത് കഴിക്കാന്‍ ഭക്ഷണമോ ഇല്ലാതെ അലഞ്ഞുനടന്ന ദിനങ്ങളായിരുന്നു പിന്നീട് ഷാദാബിന്. പീടിക തിണ്ണയിലും പാർക്കുകളിലും അയാൾ അന്തിയുറങ്ങി. വിശപ്പടക്കാനായി പാട് പെട്ടു. പലപ്പോഴും വിശക്കുന്ന വയറോടെയായിരുന്നു അന്തിയുറങ്ങിയത്.

പക്ഷേ, അതൊന്നും ആ ചെറുപ്പക്കാരന്ന് പ്രശ്നമേ ആയില്ല. അധികം വൈകാതെ ഒരു പള്ളിയിൽ വെച്ച് ഔദ്യോഗികമായി ഇസ്‍ലാം പ്രവേശം അദ്ദേഹം പരസ്യപ്പെടുത്തി.

ഇസ്‍ലാം ആശ്ലേഷിച്ച വിവരമറിഞ്ഞപ്പോൾ സുഹൃത്തുക്കളെല്ലാം ഷാദാബിനെ ഉപദേശിച്ചത്, നീ സ്വയം കുഴി തോണ്ടുകയാണെന്ന് പറഞ്ഞായിരുന്നു. അഖ്‍ലാഖും ജുനൈദും പെഹ്‌ലുഖാനുമെല്ലാം കൊല്ലപ്പെട്ടതിന്റെ പൊരുൾ അറിയാമായിരുന്ന ശാദാബിനെ അതൊന്നും തളര്‍ത്തിയില്ല. നിലവിലെ ഇന്ത്യയില്‍ മുസ്‍ലിംകള്‍ സുരക്ഷിതരല്ലെന്നത് അദ്ദേഹത്തിന് നന്നായി അറിയമായിരുന്നു.

ഒരു സുഹൃത്ത് ഷാദാബിന് അഭയം നൽകിയതോടെ കാര്യങ്ങള്‍ ഏറെക്കുറെ എളുപ്പമായി. തന്റെ ചുറ്റുപാടുമുള്ള ലോകം ഇസ്‍ലാമോഫോബിയ കൊണ്ട് നിറഞ്ഞതാണെന്ന് ഷാദാബിന് ബോധ്യപ്പെട്ടു. മുസ്‍ലിം വിരുദ്ധ വികാരങ്ങൾ ശക്തിപ്പെടുന്നതും ആൾക്കൂട്ട കൊലപാതകങ്ങൾ വര്‍ദ്ധിക്കുന്നതുമെല്ലാം അയാള്‍ ഒരു നിസ്സഹായതയോടെ നോക്കി നിന്നു. എങ്കിലും, അതെല്ലാം ആ വിശ്വാസത്തിന് കൂടുതല്‍ കരുത്ത് പകരുകയാണ് ചെയ്തത്. മുസ്‍ലിം ആണെന്ന ബോധം ഷാദാബിന്റെ വ്യക്തിത്വത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കി. ആരാധനാ കാര്യങ്ങളിൽ കാര്യമായ ശ്രദ്ധ കൊടുക്കുകയും കൃത്യസമയത്ത് തന്നെ അവ നിര്‍വ്വഹിക്കന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ദിനംപ്രതി ഇസ്‍ലാമിന്റെ സൗന്ദര്യം അയാളിലേക്ക് സന്നിവേശിച്ചുകൊണ്ടിരുന്നു. 

ശാദാബ് പറയുന്നു, ഇസ്‌ലാമിലേക്ക് മാറുന്നത് വലിയ പാപമായി ചിത്രീകരിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഏതൊരാള്‍ക്കും ഇഷ്ടമുള്ള മതവും വിശ്വാസവും സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 25 അതാണ് ഉറപ്പ് നല്കുന്നത്. ഞാനൊരു പുരുഷനായത് കൊണ്ട് എനിക്ക് പിടിച്ച് നില്ക്കാനായി. സ്ത്രീയാണെങ്കില്‍ ഒരിക്കലും ഇത് സാധിക്കുമായിരുന്നില്ല. 


വിവിധ സംസ്ഥാനങ്ങളിൽ മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കുകയും മുസ്‍ലിം വിദ്വേഷ കഥകളുടെ പ്രചാരണം തകൃതിയായി നടക്കുകയും ചെയ്യുന്നതിനിടയിലാണ്, സിദ്ധാര്‍ത്ഥിന്റെ പരിവര്‍ത്തനം എന്നത് ശ്രദ്ധേയമാണ്. അതും ഇസ്‍ലാമിനെതിരെ വെറുപ്പുല്‍പാദിപ്പിക്കാനായി മാറ്റി വെച്ചിരുന്ന ജീവിതം, ഇസ്‍ലാമിന്റെ വെള്ളിവെളിച്ചത്തിലേക്ക് നടന്നടുക്കുന്ന ഈ പരിവര്‍ത്തനം, ചരിത്രത്തിന്റെ ആവര്‍ത്തനമെന്നേ പറയാനൊക്കൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter