ഞാന്‍ എന്നും മുസ്‌ലിമായിരുന്നു

ലേഡി സൈനബ് എവ്‌ലിന്‍ കബോള്‍ഡ് തന്റെ ഇസ്‌ലാമാശ്ലേഷത്തെക്കുറിച്ച്:

ഞാന്‍ എപ്പോള്‍, എങ്ങനെ ഇസ്‌ലാം സ്വീകരിച്ചുവെന്ന് പലപ്പോഴും പലരും എന്നോട് ചോദിക്കാറുണ്ട്. ഇസ്‌ലാമിന്റെ പ്രകാശം എപ്പോഴാണ് എന്റെ ഹൃദയത്തിലേക്ക് പതിഞ്ഞതെന്ന് എനിക്ക് കൃത്യമായി പറയാന്‍ സാധിക്കുകയില്ല എന്നാണ് അവരോടുള്ള എന്റെ മറുപടി. ഞാന്‍ എന്നും മുസ്‌ലിമായിരുന്നുവെന്നാണ് എനിക്ക് തോന്നിയത്. ഇതൊരു വിചിത്രമായ സംഗതിയൊന്നുമല്ല. കാരണം, ഇസ്‌ലാം സത്യസന്ധവും മനുഷ്യപ്രകൃതിയുടെ ശബ്ദവുമാണ്.  ഏതൊരു കുട്ടിയും മുസ്‌ലിമാവാന്‍ പാകത്തിലാണ് ജനിക്കുന്നത്.

ഒരു കുട്ടിയെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ സ്വച്ഛമായ ചുറ്റുപാടില്‍ വളരാന്‍ വിട്ടാല്‍ ആത്യന്തികമായി അവന്‍ ഇസ്‌ലാമായിരിക്കും തെരഞ്ഞെടുക്കുക; മറ്റൊന്നുമല്ല-തീര്‍ച്ച. വിമര്‍ശകനും എഴുത്തുകാരനുമായ ഒരു യൂറോപ്യന്‍ നിരീക്ഷിക്കുന്നതുപോലെ, 'ഇസ്‌ലാമാണ് സാമാന്യ ബുദ്ധിയുള്ളവരുടെ മതം.' 
എല്ലാ മതങ്ങളെയും തമ്മില്‍ ഒരു താരതമ്യപഠനം നിങ്ങള്‍ നടത്തുകയാണെങ്കില്‍, ഇസ്‌ലാമാണ് ഏറ്റവും സമ്പൂര്‍ണവും പ്രകൃതവും ഏറ്റവും യുക്തിയുക്തവുമായ മതമെന്ന് നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. ഇസ്‌ലാമെന്ന ഒരൊറ്റ ശക്തി കാരണം ലോകത്ത് ഒരുപാട് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും മനുഷ്യനു ശാന്തിയും സമാധാനവും ലഭിക്കുകയും ചെയ്യുന്നു. മനുഷ്യന്‍ പാപിയായാണ് ജനിക്കുന്നതെന്നും അതിന് അവന്‍ ആ ലോകത്തു വച്ച് തന്നെ പ്രായശ്ചിത്തവും പാപപരിഹാരവും ചെയ്യണമെന്നുമുള്ള വിശ്വാസ പ്രമാണത്തെ ഇസ്‌ലാം എന്നും പാടേ തള്ളിക്കളയുന്നു. മുസ്‌ലിംകള്‍ ഏകനായ അല്ലാഹുവിലാണ് വിശ്വസിക്കുന്നത്. അവരുടെ ദൃഷ്ടിയില്‍ മൂസ(അ)ഉം ഈസ(അ)ഉം മുഹമ്മദ് നബി(അ)ഉം അവരെപ്പോലെയുള്ള മനുഷ്യരാണ്.  

മനുഷ്യരെ നേരായ മാര്‍ഗത്തിലേക്കു നയിക്കാന്‍ വേണ്ടിയാണ് അല്ലാഹു അവരെ പ്രവാചകന്‍മാരായി തെരഞ്ഞെടുത്തത്. പ്രായശ്ചിത്തം ചെയ്യാനും മാപ്പപേക്ഷിക്കാനും പ്രാര്‍ത്ഥിക്കാനും അല്ലാഹുവിന്റെയും അവന്റെ അടിമയുടെയും ഇടയില്‍ ഒരു മധ്യവര്‍ത്തിയും ഇസ്‌ലാമില്‍ ഇല്ലതന്നെ. അല്ലാഹുവിനോട് നമുക്ക് നമ്മുടേതായ കാര്യങ്ങള്‍ക്ക് ഏതു സമയത്തും എവിടെ വച്ചും ചോദിക്കാം. നാം എന്ത് ചെയ്തുവോ അതിനെ നാം ഉത്തരവാദിയാകുന്നുള്ളൂ. 

'അല്ലാഹുവിനു സ്വയം കീഴടങ്ങുകയും മുഹമ്മദ് നബി(സ്വ)യില്‍ വിശ്വസിക്കുകയും ചെയ്യുക' എന്നീ രണ്ടു കാര്യങ്ങളാണ് ഇസ്‌ലാം എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 
ഇസ്‌ലാം രണ്ട് മൗലിക തത്വങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്ന്: അല്ലാഹു ഏകനും മുഹമ്മദ് നബി(സ്വ) അല്ലാഹു അയച്ച അവസാനത്തെ പ്രവാചകനുമാണ്. രണ്ട്: അന്ധവിശ്വാസങ്ങളില്‍ നിന്നും അവാസ്തവവും അടിസ്ഥാനരഹിതവുമായ മുഴുവന്‍ വിശ്വാസങ്ങളില്‍ നിന്നും മനുഷ്യന്‍ പൂര്‍ണമായും മുക്തമായിരിക്കണം. 
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ ഹജ്ജ് ജനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുകയും അത് അവരുടെ മേല്‍ ഒരു വലിയ പ്രഭാവലയമായി മാറുകയും ചെയ്യുന്നു. വര്‍ഗ-വര്‍ണ-വംശ വ്യത്യാസമില്ലാതെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിനു മുസ്‌ലിംകള്‍ ഒരുമിച്ചു കൂടുന്ന ഇസ്‌ലാമിലെ ഈ ആരാധനയെക്കാളും അത്രയും ഉത്തുംഗമായ ഏത് ആരാധനാ രൂപമാണ് മറ്റു മതങ്ങളിലുള്ളത്? പ്രവാചകന്‍ ഇസ്‌ലാമിനെ പ്രചരിപ്പിക്കുകയും ഇസ്‌ലാമിന്റെ ശത്രുക്കളോട് യുദ്ധം ചെയ്യുകയും ചെയ്ത ഈ അനുഗൃഹീത ഭൂമിയില്‍ മുസ്‌ലിംകളുടെ തോളോട് തോളുരുമ്മിയുള്ള ആ ആരാധന അവര്‍ക്കിടയില്‍ ശക്തമായ സ്‌നേഹവും ആത്മബന്ധവും ഉണ്ടാക്കുമെന്ന കാര്യം ചീര്‍ച്ചയാണ്. അതിലൂടെ അവര്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും ചെയ്യും.

അല്ലാഹു കാണിച്ചുതന്ന നന്മയുടെ മാര്‍ഗത്തില്‍ പരസ്പരം സഹകരിക്കുമെന്ന് അവര്‍ അവിടെവച്ച് ഒരിക്കല്‍ കൂടെ പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു. ലോക മുസ്‌ലിംകള്‍ ഹജ്ജിലൂടെ പരസ്പരം കണ്ടുമുട്ടുകയും അവരുടെ വ്യക്തിപരമായ അനുഭവങ്ങള്‍ പരസ്പരം പങ്കുവയ്ക്കുകയും ചെയ്യുന്നുവെന്നതാണ് അതിന്റെ മറ്റൊരു ഉപകാരം. നാട്ടിലും വീട്ടിലുമായിരിക്കുമ്പോള്‍ തങ്ങള്‍ എവിടേക്കാണോ തിരിയുന്നത് അവിടേക്ക് തിരിഞ്ഞ് ഒരേ വസ്ത്രത്തില്‍ ഒരേ ശരീരവുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ഒരുമിച്ചുകൂടുകയും അല്ലാഹുവിന് സ്വയം കീഴടങ്ങുകയും ചെയ്യുന്നു. 

ഇസ്‌ലാമിന്റെ മഹത്വം മനസ്സിലാക്കാന്‍ ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജ് കണ്ടാല്‍ മതി. ഈ ഉന്നതമായ മതത്തിലേക്ക് കാലെടുത്തുവച്ചതില്‍ പിന്നെ വലിയ ആനന്ദവും സംതൃപ്തിയും ഞാന്‍ അസ്വദിച്ചുകൊണ്ടിരിക്കുന്നു. 

വിവ: സയ്യിദ് മുഹമ്മദ് ജാബിര്‍ അദ്ദാഇ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter