ദുബൈ ഭരണാധികാരി തനിച്ച് നടക്കുന്നത് കണ്ട് അത്ഭുതപ്പെട്ട ഒരാള്‍ മുസ്‌ലിമായ കഥ

അന്യമതക്കാര്‍ ഇസ്‌ലാം സ്വീകരിക്കുന്നത് പലപ്പോഴും മതത്തെ കുറിച്ചും അല്ലാഹുവിനെ കുറിച്ചുമുള്ള ഒരു വിശ്വാസിയുടെ നീണ്ട പ്രസംഗം  കേട്ടിട്ടാവണമെന്നില്ല. മറിച്ച് അവന്‍റെ ജീവിതരീതിയും വ്യക്തിത്വവും കണ്ടിട്ടാകാം. ഇതിന് നിരവധി സംഭവങ്ങള്‍ നമുക്ക് ചരിത്രത്തില്‍ നിന്ന് തെളിവായി ഉദ്ധരിക്കാനാകൂം. അത്തരത്തിലൊരു കഥയാണ് ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിന്‍റാഷിദ് ആലുമക്തൂമിന് പറയാനുള്ളത്. പത്രമാധ്യമങ്ങള്‍ക്ക് മുമ്പില്‍ തന്‍റെ അനുഭവം കഴിഞ്ഞ ദിവസമാണ് ശൈഖ് മുഹമ്മദ് റാഷിദ് വെളിപ്പെടുത്തിയത്. സംഭവം ഇങ്ങനെ:ദുബൈയിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ ഒറ്റക്ക് നടക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. പൊതുവെ ആളുകള്‍ കൂടുന്ന ഇത്തരം സ്ഥലങ്ങളെല്ലാം ഇടയ്കിടയ്ക്ക് വെറുതെ സന്ദര്‍ശിക്കുന്നത് അദ്ദേഹത്തിന്‍റെ ഒരു രീതിയുമാണ്. കൂടെ സാധാരണയുണ്ടാകുന്ന സുരക്ഷാസൈനികരും പരിചാരകരും അന്ന് അദ്ദേഹത്തിന്‍റെ ഒപ്പമില്ലായിരുന്നു. മറിച്ച് ചില കൂട്ടുകാരും മറ്റുമായിരുന്നു. അവരാണെങ്കില്‍ അപ്പോള്‍ അല്‍പം മാറി ആ സ്ഥാപനത്തില്‍ മറ്റെവിടയോ ആയിരുന്നു.

അതിനിടക്കാണ് തീര്‍ത്തും അപരിചിതനായ ഒരാള് ശൈഖ് മുഹമ്മദ് ബിന്‍റാഷിദിന്‍റെ അടുത്തേക്ക് വരുന്നത്. ‘നിങ്ങള്‍ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് റാഷിദ് അല്ലേ?’ ‘അതെ. ഞാന്‍ തന്നെയാണ്,’ ശൈഖ് മുഹമ്മദ് പ്രതിവചിച്ചു. ‘നിങ്ങള്‍ തനിച്ചാണോ, സുരക്ഷാസൈന്യം എവിടെ?’ ശൈഖ് റാഷിദ് തന്റെ ചുറ്റും ആ സ്ഥാപനത്തിലുള്ള ആളുകളെ ചൂണ്ടി പറഞ്ഞു. ‘ഇവിടെ നീ കാണുന്ന ഇന്നാട്ടുകാരും മറുനാട്ടുകാരുമായ ആളുകളില്ലേ. അവരെല്ലാമാണ് എന്‍റെ സുരക്ഷാസൈന്യം, പരിചാരകരും.’ അവരവരുടെ കാര്യത്തില്‍ മുഴുകിയിരുന്ന സാധാരണക്കാരെ ചൂണ്ടി അവരാണ് തന്‍റെ സുരക്ഷാസൈന്യമെന്ന് പറഞ്ഞ ഭരണാധികാരിയെ കേട്ട് അപരിചിതന്‍ തെല്ലൊന്ന് ഞെട്ടി. അയാള്‍ തലയാട്ടി മുന്നോട്ട് പോയി. കുറച്ച് കഴിഞ്ഞു അയാള്‍ തന്‍റെ അടുത്തേക്ക് തന്നെ തിരിച്ചുവന്നുവെന്ന് ശൈഖ് മുഹമ്മദ്. എന്നിട്ട് ചോദിച്ചു: എനിക്കും എത്രയും പെട്ടെന്ന് മുസ്‌ലിമാകണമെന്നുണ്ട്. അതിന് ഞാനെന്തു ചെയ്യണം? പ്രബോധമേഖലയില് പ്രവര്‍ത്തിക്കുന്ന ചിലരുമായി താന്‍ ബന്ധപ്പെടുകയും ഇസ്‌ലാമിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ കൈമാറുന്ന പുസ്തകങ്ങള്‍ക്ക് അയാള്‍ക്ക് ഉടനെ തന്നെ ലഭ്യമാക്കുകയും ചെയ്തുവെന്ന് ശൈഖ് മുഹമ്മദ്.  അധികം വൈകിയില്ല, ഈ മതത്തിന്‍റെ മേന്മ തിരിച്ചറിഞ്ഞ് അയാള്‍ വിശുദ്ധ മതത്തിലേക്ക് കടന്നുവന്നുവത്രെ. പലപ്പോഴും വിശ്വാസികളുടെ തെറ്റായ പ്രവര്ത്തനരീതികള്‍ കാരണം മറ്റുള്ളവര്‍ ഈ മതത്തെ വെറുക്കാന്‍ കാരണമാകുന്നത് ഏറെ വേദാനജനകമാണെന്നും അതിന് പകരം നമ്മുടെ നല്ല പെരുമാറ്റവും സ്വഭാവവും മാധ്യമമാക്കി മറ്റുള്ളവരെ കൂടെ മതത്തിലേക്ക് ആകര്‍ഷിക്കാനും വിശുദ്ധ സന്ദേശം പകരാനും വിശ്വാസികളായ ഓരോരുത്തര്‍ക്കും സാധിക്കണമെന്നും പറഞ്ഞാണ് ശൈഖ് മുഹമ്മദ് റാഷിദ് തന്‍റെ അനുഭവ വിവരണം അവസാനിപ്പിച്ചത്.

അവലംബം: ഈലാഫ് അറബിക് പോര്‍ട്ടല്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter