ഒരു വാക്കിന്റെ സ്വാധീനം
- അബൂ അഹ്മദ് വാളക്കുളം
- Feb 4, 2026 - 12:47
- Updated: Feb 4, 2026 - 12:48
താബിഉകളില്‍ പ്രമുഖനായിരുന്നു റബീഉബ്നുഖൈസം(റ). ആരാധനയിലും ഭയഭക്തിയിലും സമകാലികര്‍ക്കിടയില്‍ അദ്ദേഹം ഏറെ പ്രസിദ്ധനായിരുന്നു. അദ്ദേഹത്തോട് അസൂയ തോന്നിയ ചിലര്‍ അദ്ദേഹത്തെ എങ്ങനെയെങ്കിലും ഒന്ന് അപകീര്‍ത്തിപ്പെടുത്തണമന്ന് ഉദ്ദേശിച്ചു. അതിനായി അവര്‍ സുന്ദരിയായ ഒരു സ്ത്രീയെ സമീപിച്ചു. റബീഇനെ വീഴ്ത്തിയാല്‍ ആയിരം ദിര്‍ഹം പാരിതോഷികം നല്കാമെന്ന് അവര്‍ ആ സ്ത്രീക്ക് വാക്ക് നല്കി.
കാര്യം ഏറ്റെടുത്ത ആ സ്ത്രീ, കുളിച്ച് ആകര്ഷകമായ വസ്ത്രങ്ങള്‍ ധരിച്ച് ആരെയും മയക്കുന്ന സുഗന്ധവും പൂശി റബീഅ് പള്ളിയില്‍നിന്ന് വരുന്ന വഴിയില്‍ കാത്ത് നിന്നു. അവളെ കണ്ട റബീഅ് ഒരു നിമിഷം ആ സൗന്ദര്യത്തില്‍ അല്‍ഭുതം കൂറി. സമയം ഒട്ടും പാഴാക്കാതെ അവള്‍ അദ്ദേഹത്തിന്റെ അടുത്തെത്തി കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കാന്‍ തുടങ്ങി. ഉടനെ റബീഅ്(റ) അവളോട് ചോദിച്ചു, നിനക്ക് നന്നായി ഒന്ന് പനി പിടിച്ചാല്‍ നിന്റെ അവസ്ഥ എന്താകും, ഈ കാണുന്ന അഴകും സൗന്ദര്യവുമെല്ലാം തല്ക്കാലത്തേക്കെങ്കിലും നീ മറക്കില്ലേ. ഇനി മരണത്തിന്റെ മാലാഖ നിന്റെ സമീപമെത്തിയാലോ. ഖബ്റിലെ നിന്റെ അവസ്ഥ എന്തായിരിക്കും, മുന്‍കറിന്റെയും നകീറിന്റെയും ചോദ്യത്തിന് മുന്നില്‍ ഈ സൗന്ദര്യം കൊണ്ട് വല്ല കാര്യവുമുണ്ടാവുമോ.
ഇത്രയും കേട്ടതോടെ ആ സ്ത്രീക്ക് എന്തെന്നില്ലാത്ത മാനസിക പ്രയാസം തോന്നി, ഒരു അട്ടഹാസത്തോടെ അവള്‍ ബോധം കെട്ട് താഴെ വീണു. അല്പം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ അവള്‍ ആകെ മാറിപ്പോയിരുന്നു. പിന്നീടങ്ങോട്ട് ആ സ്ത്രീയുടെ ജീവിതം ആരാധനയില്‍ മാത്രമായിരുന്നുവത്രെ. ഓരോ ദിവസം കടന്നുപോവും തോറും വരാനിരിക്കുന്ന ഭീകരതകളെ കുറിച്ച് ആലോചിച്ച്, അല്ലാഹുവിന് മുന്നില്‍ കരഞ്ഞ് കരഞ്ഞ് സങ്കടം പറഞ്ഞ്, അവള്‍ ഉരുകിയുരുകി ഇല്ലാതായി. അവസാനം മരണം ആസന്നമായപ്പോഴേക്ക് അവര്‍ കരിഞ്ഞുണങ്ങിയ ഒരു ഈത്തപ്പന മട്ടല്‍ പോലെ ആയി മാറിയിരുന്നുവെന്ന് ദൃക്സാക്ഷികള് പറയുന്നു.
നോക്കൂ, ഇതാണ് യഥാര്ത്ഥ സ്വാധീനം. ഒരു വാക്ക് മതി, വേണ്ടവിധം സ്വാധീനിച്ചാല് ജീവിതം ആകെ മാറ്റിമറിക്കാന്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.



Leave A Comment