കടല്‍കടന്നെത്തുന്ന പ്രവാചക ഇഷ്ടങ്ങള്‍
അബൂദാബി എന്ന അറബ് നാട് യു.എ.ഇയുടെ ഭാഗമാണ്. അവിടെ മാലികി മദ്ഹബനുസരിച്ച് മുസ്‌ലിം ജനത അവരുടെ ജീവിത നടപ്പുകള്‍ ചിട്ടപ്പെടുത്തുന്നു. ഇസ്‌ലാമിന്റെ ഇസ്സത്തു നിവര്‍ത്തിപ്പിടിക്കാന്‍ പോന്ന ചിഹ്നങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ആ നാട്ടില്‍ രണ്ടു പതിറ്റാണ്ടിലേറെ കാലം മത രംഗത്ത് സേവനം ചെയ്തിട്ടുണ്ട്.
തങ്ങളുടെ നന്മകള്‍ക്കൊക്കെയും അവകാശിയും സാക്ഷിയുമായ നബി മുത്തിനെ ജീവിതത്തിന്റെ ആണിവേരിനോട് ചേര്‍ത്തുപിടിച്ച അവരുടെ നിലപാടുകള്‍ ആകെ മുസ്‌ലിംകള്‍ക്കും മാതൃക നിറഞ്ഞിരിക്കുന്നു. ഗദ്യത്തിലും പദ്യത്തിലും ആ പുണ്യപൂവിനെ കീര്‍ത്തിക്കാന്‍ വലിയ ത്യാഗം ചെയ്യുന്ന അവര്‍ തങ്ങള്‍ക്ക് ‘നാറ്’ ‘നൂറാ’ക്കിത്തന്ന ഒരു മഹാനേതാവിനെയോര്‍ത്ത് ആത്മാവ് ആനന്ദം കൊള്ളുന്നു. അതിനേക്കാള്‍ വലിയ ഒരു പെരുന്നാള്‍ തങ്ങള്‍ക്കില്ലെന്ന ധീരം ആരോടും പറയാന്‍ അവര്‍ക്കാകുമെന്നപോലെ.
ഞാന്‍ ആദ്യമായി പങ്കെടുത്ത മീലാദ് പരിപാടി 1977 (1397 റബീഉല്‍ അവ്വല്‍)ലാണ്. അന്ന് പള്ളിയില്‍ ഖുതുബയോതുന്നതോടൊപ്പം ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിപ്പിക്കുന്നുമുണ്ട്. അബൂദാബിയിലെ വലിയ പള്ളിയില്‍ വെച്ചായിരുന്നു നബിയുടെ ജന്മദിനം ആഘോഷിക്കുന്ന ആ മൗലിദ് പരിപാടി. യു.എ.ഇ. ഗവണ്‍മെന്റാണ് അത് സംഘടിപ്പിച്ചത്. അന്നത്തെ ഔഖാഫ് മന്ത്രി സഈദ് ഹാരിബായിരുന്നു അധ്യക്ഷന്‍. ഖാരിഅ് അബ്ദുല്‍ ബാസിത്ത് ഈ സംഗമത്തില്‍ ഖുര്‍ആന്‍ പാരായണം നടത്തി. സൂറത്തുല്‍ ഫത്ഹിലെ 29-ാം സൂക്തമാണ് ഓതിയത്. അതില്‍ പുണ്യനബിയുടെ സ്വഭാവഗുണങ്ങള്‍ നിറഞ്ഞുപറയുന്നുണ്ട്.
ശേഷം തിരുമേനി(സ)യുടെ പ്രവാചകത്വത്തിന് മുമ്പുള്ള ജീവിതമുറകളെ കുറിച്ച് ശൈഖ് അദ്‌നാന്‍ സുറൂര്‍ വിശദമായി സംസാരിച്ചു. പ്രവാചകത്വം മുതല്‍ ഹിജ്‌റ വരെ എന്ന വിഷയം ശൈഖ് മുഹമ്മദ് ഹിശാം ബുര്‍ഹാനി അവതരിപ്പിച്ചു. ഞാനും ആ സംഗമത്തില്‍ സംസാരിച്ചു. എന്റെ വിഷയം ഹിജ്‌റയായിരുന്നു. ശേഷം മദീനാ മുനവ്വറയിലെ നബിയുടെ ജീവിതത്തെ കുറിച്ച് ശൈഖ് ബഷീര്‍ അശ്ശഖ്ഫാന്‍
പ്രസംഗിച്ചു.
അന്നത്തെ ഔഖാഫ് വക്കീലും ഈ മൗലിദ് പരിപാടിയില്‍ പങ്കെടുത്തിരുന്നു. മുഹമ്മദ് ജുമുഅ അല്‍ ബഖാഷ് എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹവും വിഷയം അവതരിപ്പിച്ച് സംസാരിച്ചു. മൗലിദിനെ കുറിച്ചും പ്രവാചകനെ പിന്തുടരുന്നതിനെ(ഇത്തിബാഅ്) കുറിച്ചുമായിരുന്നു അത്. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോള്‍ അറബികള്‍ കുടിക്കുന്ന ഖഹ്‌വ കൊണ്ടുവന്നുകൊടുത്തിരുന്നു. ഈത്തപ്പഴവും കൊടുക്കും. സദസ്സ് ഒന്നാകെ ഊദ് പുകച്ചിരുന്നു. ഈ പരിപാടി യുഎഇ ടിവിയും റേഡിയോയും ലൈവായി പ്രക്ഷേപണം ചെയ്തു. അന്ന് ഈജിപ്ത് പണ്ഡിതനും ഈ മൗലിദ് സദസ്സില്‍ പങ്കെടുത്തു. അദ്ദേഹം ബുര്‍ദ പാടി. സദസ് ആകെ അതില്‍ പങ്കുചേര്‍ന്നു. ഏകദേശം 15ഓളം വരികള്‍ ആ പണ്ഡിതന്‍ അവിടെ ചൊല്ലി. എല്ലാ വരികളുടെയും അവസാന വാക്ക് പലരും ഏറ്റുചൊല്ലിയത് വലിയ ഹൃദയഹാരിയായിരുന്നു.
* * *
പരിപാലകന്റെ നൂറും പദവി നിറയ്ന്ത സിര്‍റുമായ പുന്നാര നബിയെ ആരും പുകഴ്ത്തുന്നത് തോല്‍വി ഉറപ്പിച്ചുകൊണ്ടാണ്. തന്റെ നാഥന്‍ പോലും ആ പുണ്യ മുസ്ത്വഫാ(സ)യെ വാഴ്ത്തിയെന്ന് മനസ്സിലാക്കുന്ന മനുഷ്യന്‍ താന്‍ എങ്ങനെ കീര്‍ത്തിക്കാതിരിക്കുമെന്ന് തിരിച്ചറിയുന്നതോടൊപ്പം തന്റെ കീര്‍ത്തനം എവിടേക്കുമെത്തുന്നില്ലെന്നും ഉറപ്പാക്കുകയാണ്. തന്റെ വാഴ്ത്തല്‍ എവിടെയുമെത്തില്ലല്ലൊ എന്നു വെച്ച് കീര്‍ത്തിക്കാതെ പിന്‍മാറുകയല്ല. കീര്‍ത്തിച്ചു കീര്‍ത്തിച്ചു മനസ്സകത്തേക്ക് മുത്ത് മുസ്ത്വഫയെ കയറ്റിയിരുത്തി സായൂജ്യമടയുകയാണ് ഓരോ പ്രേമിയും. ആ ഇഷ്ടത്തിലായി മരിച്ചാലും ജീവിക്കണമെന്ന് അവര്‍ കൊതിക്കും.
1978-ല്‍ അബൂദാബിയിലെ ഒരു വലിയ പളളിയില്‍ വെച്ചായിരുന്നു ഞാന്‍ പങ്കെടുത്ത രണ്ടാമത്തെ മീലാദ് പരിപാടി. അന്ന് റബീഉല്‍ അവ്വല്‍ 12 ആയിരുന്നു. സുബ്ഹിക്ക് തന്നെയാണ് തുടങ്ങിയത്. ശൈഖ് മുഹമ്മദ് അല്‍ ഫഖീഹ് എന്ന ഒരു മഹാന്റെ ക്ഷണപ്രകാരമാണ് ഞാന്‍ അവിടെ പങ്കെടുക്കുന്നത്. അതില്‍ അസയ്യിദ് ഖൈശ് ഹദ്ദാര്‍, അസയ്യിദ് മുഹമ്മദ് ഹസന്‍ ജിഫ്‌രി, അശൈഖ് മുഹമ്മദ് ഹദ്ദാദ്ദ് ബാ അലവി തുടങ്ങിയ യമനീ പണ്ഡിതന്‍മാരും ദര്‍വേശ് ഇബ്‌നുകറം, സഈദ് ഇബ്‌നു ഗുബ്ബാശ്, മുഹമ്മദ് ഖമീസ് അര്‍റുമൈസി, സഈദ് മുഹമ്മദ് അര്‍റുമൈസി, അസയ്യിദ് മുഹമ്മദ് ഹസന്‍ അസ്സഖാഫ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ബര്‍സഞ്ചി മൗലിദാണ് അന്ന് അവിടെ ഓതിയത്. അവസാനം വരെ ഓരോരുത്തര്‍ മാറി ഓതിത്തീര്‍ത്തു. ശേഷം വിവിധങ്ങളായ സ്വീറ്റ്‌സുകള്‍, പഴങ്ങള്‍, ഈത്തപ്പഴം, ഖഹ്‌വ തുടങ്ങിയവ എല്ലാവര്‍ക്കും വിതരണം ചെയ്തു.
* * *
1978-ല്‍ തന്നെ വേറൊരു മീലാദ് പരിപാടിയില്‍ കൂടി ഞാന്‍ പങ്കെടുത്തു. ദുബൈയിലെ റാഷിദിയ്യയിലായിരുന്നു അത്. അവിടെ താമസിക്കുന്ന മുഹമ്മദ് ബാ അലവി അല്‍ ഹദ്ദാദ് എന്നവര്‍ നടത്തിയതായിരുന്നു ആ പരിപാടി. അന്ന് എല്ലാവരും ആദ്യം ബുര്‍ദ ചൊല്ലി ആനന്ദം കൊണ്ടു. വലിയ ഖൈമ കെട്ടി ധാരാളം പണ്ഡിതന്‍മാര്‍ പങ്കെടുത്ത പരിപാടിയായിരുന്നു അത്. മൈക്ക് ഒക്കെ ഘടിപ്പിച്ച് സൗകര്യപ്പെടുത്തിയിരുന്നു. ബുര്‍ദ ചൊല്ലി കഴിഞ്ഞ ശേഷം എല്ലാവരും അറബി നാഷ്ത കഴിച്ചു. സരീദ്, ഹരീസ്, റിഗാംഗ് തുടങ്ങിയ അറബി ഭക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഖഹ്‌വയും സുലൈമാനിയുമുണ്ടായിരുന്നു. വീണ്ടും ആ പരിപാടി തുടര്‍ന്നു. ദുബൈ ഔഖാഫ് മുദീര്‍ സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ എല്ലാവരെയും സ്വാഗതം ചെയ്തു. ശൈഖ് മുഹമ്മദ് ദീക്ക് അശ്‌റഫുല്‍ ഖല്‍ഖിന്റെ വിവിധങ്ങളായ മുഅ്ജിസത്തുകളെ കുറിച്ച് സംസാരിച്ചു. ശേഷം മൂന്ന് ഈജിപ്ത്യന്‍ പണ്ഡിതന്‍മാര്‍ ചേര്‍ന്ന് പദ്യ-ഗദ്യ രൂപത്തിലുള്ള തവസ്സുല്‍(ഇബ്തിഹാല്‍) നടത്തി. അതുകഴിഞ്ഞ് അശൈഖ് മുഹമ്മദ് തന്ദി സുദീര്‍ഘമായി സംസാരിച്ചു. കുട്ടികള്‍, കുടുംബങ്ങള്‍, പത്‌നിമാര്‍, പത്‌നിമാരുടെ കൂട്ടുകാരികള്‍, ജീവജാലങ്ങള്‍ എന്നിവരോടുള്ള പ്രവാചകരുടെ സമീപനത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗമാകെയും. ഈ പ്രസംഗ പരിപാടി ളുഹ്ര്‍ വരെ നീണ്ടുപോയി. ളുഹ്ര്‍ വാങ്ക് കൊടുത്ത ശേഷം കൂടിയ എല്ലാവരും ഓരോരുത്തരായി ഓരോ ജുസുഅ് ഖുര്‍ആന്‍ പാരായണം നടത്തി. ശേഷം സയ്യിദ് അലവിയ്യിബ്‌നു മുഹമ്മദ് അല്‍ഗബ്ശിയുടെ സ്വിമതുദുറര്‍ എന്ന മൗലിദ് ഓരോരുത്തര്‍ ഓരോ ഹദീസായി ഓതി. അശ്‌റഖ ചൊല്ലി അത് അവസാനിച്ചു. അതിനെ തുടര്‍ന്ന് നിസ്‌കാരം കഴിഞ്ഞ് കൂടിയവരെല്ലാം ഭക്ഷണം കഴിച്ചു. ഓരോ വലിയ തളികയില്‍ ആട് പൊരിച്ച് വെച്ച ബിരിയാണി കൊണ്ടുവച്ചിരിക്കുകയായിരുന്നു. അത് എല്ലാവരും വട്ടത്തില്‍ കൂടിയിരുന്ന് കഴിച്ച് ഹസ്തദാനം നടത്തി പിരിഞ്ഞു.
അവിടെ താമസിക്കുന്ന മലയാളികള്‍ റബീഉല്‍ അവ്വല്‍ വരുമ്പോള്‍ പല റൂമുകളില്‍ വെച്ചും മലയാളി ഇമാമുമാരുടെ പള്ളികളില്‍ വെച്ചും നമ്മുടെ നാട്ടില്‍ നടന്നുവരാറുള്ള പോലെ മൗലിദ് പരിപാടികള്‍ കേമത്തോടെ നടത്താറുണ്ട്.
അബൂദാബി സുന്നി സെന്റര്‍, അല്‍ ഐന്‍ സുന്നി യൂത്ത് സെന്റര്‍, ജംഇയ്യത്തുല്‍ ഇമാം ബുഖാരി എന്നീ സംഘടനകളുടെ കീഴില്‍ വമ്പിച്ച രീതിയില്‍ മീലാദ് പരിപാടികള്‍ നടക്കുമായിരുന്നു. റാസല്‍ഖൈമയില്‍ ജംഇയ്യത്തുല്‍ ഇമാം ബുഖാരിയുടെ കീഴില്‍ പരിപായുണ്ടാകും. ശാര്‍ജ, അജ്മാന്‍, ദിബ്ബ, ഖല്‍ബ, ഫുജൈറ, സൈത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ സുന്നി യുവജന സംഘം, സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ കീഴില്‍ വളരെ വിപുലമായി മൗലിദ് ആഘോഷം ഉണ്ടാകാറുണ്ട്. അബൂദാബിയില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ മേല്‍നോട്ടത്തിലും പരിപാടിയുണ്ടാകാറുണ്ട്. പത്ത് ക്വിന്റല്‍ അരിയും പത്ത് കിന്റല്‍ ആട്ടിറച്ചിയും സംഭാവന ചെയ്ത അബ്ദുറഹീം ബുഖാരിയെ എനിക്ക് ഓര്‍മ വരികയാണ്. അബൂദാബി സുന്നി യൂത്ത് സെന്ററിന്റെ മീലാദ് പരിപാടിക്കായിരുന്നു ഇത് നല്‍കിയത്.
* * *
അതിരറുത്ത് പ്രവഹിക്കുന്ന ഇശ്ഖിന്റെ ഒഴുക്ക് പ്രേമിയെ നിരന്തരം ഉയര്‍ത്തികൊണ്ടുപോവുകയാണ്. സ്വന്തത്തെ ഉയര്‍ത്തുന്നവര്‍ തനിയെ താഴ്ന്നു പോകുന്നു. പക്ഷേ, സ്വന്തത്തെ നിസാരമാക്കി പ്രേമഭാജനത്തെ ആകാശത്തേക്കാള്‍ ഉയരത്തില്‍ കൊണ്ടുവെക്കുമ്പോള്‍ കൂടെ അനുരാഗിയും ഉയര്‍ന്നു പോകുന്നു. സ്രഷ്ടാവ് കഴിഞ്ഞാല്‍ മനുഷ്യന്‍ ഏറെ സ്‌നേഹിക്കേണ്ട ഈ നബി മുത്തിനെ മറന്ന് എങ്ങനെ കഴിയും. മനുഷ്യന്റെ മനസ്സില്‍ എന്നും കത്തി പൂത്തുനില്‍ക്കുന്ന വിളക്കാകണം ഈ പുണ്യവാന്‍(സ). ഏതു ഇരുള്‍ പരന്ന പാതിരാവിലും അവനു കടന്നുപോകാന്‍ വെളിച്ചമായി അതു മതിയാകും.
1985 കാലം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും അബൂദാബി മര്‍കസു തര്‍ബിയ്യതില്‍ ഇസ്‌ലാമിയ്യഃ (കാര്‍ത്തല) കമ്മിറ്റിയുടെ ക്ഷണപ്രകാരം ആദ്യമായി യു.എ.ഇയില്‍ വന്നിരിക്കുന്നു. അന്ന് യു.എ.ഇ. രാഷ്ട്രപതിയും രാഷ്ട്രപിതാവുമായ ശൈഖ് സായിദിന്റെ അഡൈ്വസര്‍ സയ്യിദ് അലിയ്യുല്‍ ഹിശിമിയുടെ വീട്ടില്‍ ധാരാളം പണ്ഡിതന്മാരെയും അറബി-അനറബി പ്രധാനികളെയും പങ്കെടുപ്പിച്ച് മൗലിദ് സദസ്സ് സംഘടിപ്പിച്ചിരുന്നു. തങ്ങളും കുഞ്ഞാലിക്കുട്ടിയും അതില്‍ പങ്കെടുത്തു. തങ്ങളുടെ മാധുര്യമേറിയ അറബി തനിമയുള്ള പ്രസംഗം എനിക്ക് ഇന്നും കേള്‍ക്കുന്ന പോലെ ബാക്കിയുണ്ട്.
യു.എ.ഇ. മുന്‍ ഡെലിഗേഷന്‍ മിനിസ്റ്റര്‍ അസയ്യിദ് ഹാശിം രിഫാഇയുടെ വീട്ടില്‍ വെച്ച് അതിവിപുലമായ മീലാദ് പരിപാടി നടന്നിരുന്നു. 1985-ലെ ആ പരിപാടിയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. മഗ്‌രിബിന് ശേഷമായിരുന്നു അത്. അന്ന് പല പണ്ഡിതന്‍മാരും അവിടെ പങ്കെടുത്ത് പ്രസംഗിച്ചു. ബര്‍സഞ്ചി മൗലിദും ബുര്‍ദയുമാണ് അന്ന് ചൊല്ലിയത്. വിവിധങ്ങളായ ഭക്ഷണങ്ങള്‍ അവിടെ ഒരുക്കിവച്ചിട്ടുണ്ടായിരുന്നു.
അശൈഖ് ഖാമുല്‍ ഇബ്‌നുഗൈസ് എന്ന പണ്ഡിതന്‍ അബൂദാബിയിലെ മുശ്‌രിഫിലാണ് താമസിക്കുന്നത്. അവിടത്തെ തന്റെ വസതിയില്‍ വെച്ച് വിപുലമായ മൗലിദ് പരിപാടി വര്‍ഷംതോറും അദ്ദേഹം നടത്താറുണ്ട്. അതില്‍ ഞാനും പങ്കെടുത്തിരുന്നു.
ശൈഖ് അഹ്മദ് മശ്ഹൂര്‍ ത്വാഹാ അല്‍ ഹദ്ദാദ് അല്‍ അലവി മഹാപണ്ഡിതനും സൂഫിയുമാണ്. ശാദുലി, അലവി, ഖാദിരി ത്വരീഖത്തുകളുടെ ശൈഖാണ് അദ്ദേഹം. ഹദ്ദാദ് റാതീബ് എന്ന പേരില്‍ തിരുനബി(സ) ചൊല്ലിയ ചില പ്രത്യേക ദിക്‌റുകളും ഓതിയ ആയത്തുകളും ക്രോഡീകരിച്ച അബ്ദുല്ലാഹില്‍ ഹദ്ദാദ് തങ്ങളുടെ പേരമക്കളില്‍പ്പെടുന്നു. എനിക്ക് അദ്ദേഹവുമായി വലിയ വ്യക്തിബന്ധം സ്ഥാപിക്കാന്‍ സാധിച്ചു.
ഇവരുടെ ജിദ്ദയിലെ വീട്ടില്‍ വെച്ച് 1399 റബീഉല്‍ അവ്വലില്‍ നടത്തിയ മൗലിദ് സദസ്സില്‍ അസയ്യിദ് ഹാദി അല്‍ ഹദ്ദാദ്, അസയ്യിദ് അബ്ദുറഹ്മാന്‍ ഇബ്‌നു അലി ബാ അലവി, ഗ്വാലിബ് അലി സഈദ് അല്‍ ജാബിരി എന്നീ പ്രമുഖരോടൊപ്പം ഞാനും അവിടെ സംബന്ധിച്ചിരുന്നു. അറബികള്‍ പൊതുവെ മൗലിദില്‍ തല്‍പരരാണ്. ബര്‍സഞ്ചി മൗലിദാണ് അവിടെ ഓതുക. തുടര്‍ന്ന് അശ്‌റഖയും ചൊല്ലും. അന്നും പതിവുപോലെ ഞങ്ങള്‍ ചൊല്ലിയത് ബര്‍സഞ്ചി മൗലിദായിരുന്നു അതിനു ശേഷം പുണ്യനബിയുടെ ഗുണഗണങ്ങള്‍ പറഞ്ഞു.
* * *
മുത്ത് നബിയെ മനുഷ്യനായി സൃഷ്ടിച്ചതില്‍ മനുഷ്യര്‍ക്ക് അഭിമാനിക്കാനായി. അല്ലാഹുവിനെ വാഴ്ത്തി മാത്രം കഴിയുന്ന മലക്കുകളേക്കാള്‍ ഉയരത്തിലേക്ക് ചവിട്ടിയ ഒരു മനുഷ്യന്‍.
മലക്കോ ജിന്നോ ആയാണ് സൃഷ്ടിച്ചതെങ്കില്‍ ഒരു നാളും അവസാനിക്കാത്ത കൊതി ആ നബിയോട് അവര്‍ വെച്ചു പുലര്‍ത്തും. ഇങ്ങനെ ഒരാള്‍ തന്നെയുള്ളൂ. ‘അഹദ്’ എന്നാല്‍ അല്ലാഹുവിന്റെ പേരാണ്. ഏകന്‍ എന്നാണ് അര്‍ത്ഥം. അതില്‍ മീം ചേരുമ്പോള്‍ ‘അഹ്മദ്’ ഉണ്ടാകുന്നു. അല്ലാഹു തന്നെ അടിമയെ അഭിമുഖീകരിച്ച പേരാണിത്. അതു കൊണ്ട് സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം എന്നെങ്കിലും വാഴ്ത്താതെ ആരും ഭൂമിയില്‍ കഴിഞ്ഞുപോകരുത്.
1986 ഫെബ്രുവരി 22 എനിക്ക് ഓര്‍മയാവുന്നു. ഞാന്‍ മസ്‌കത്തിലെ ഖസബില്‍ പോയതാണ്. അന്ന് അബ്ദുല്ല അരീം എന്ന അറബിയുടെ വീട്ടില്‍ വെച്ച് നടന്നിരുന്ന മൗലിദ് പരിപാടിയില്‍ ശൈഖ് സായിദിന്റെ ബോഡിഗാഡ് സഈദ് ഈസ ഖതാമിയു ഞാനും പങ്കെടുത്തു.
അന്ന് ചെറിയ പെണ്‍കുട്ടികളും ഏകദേശം പതിനഞ്ചില്‍ താഴെ പ്രായമുള്ള ആണ്‍കുട്ടികളും തലയില്‍ ഒരേരീതിയിലുള്ള പ്രത്യേക തലപ്പാവ് ധരിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഗോള്‍ഡന്‍ കളറുള്ള ധാരാളം മുത്തുകള്‍ തൂങ്ങുന്ന, മുടി വെളിയില്‍ കാണാത്ത വിധമുള്ള പ്രത്യേക തൊപ്പിയും ശരീരം മുഴുവന്‍ മറയുന്ന ഉടുപ്പുകളും ധരിച്ചിരിക്കുന്നു.
ആണ്‍കുട്ടികളുടെ കയ്യില്‍ ചെറിയ ചൂരല്‍ വടിയും പെണ്‍കുട്ടികളുടെ കയ്യില്‍ ദഫുമുണ്ട്. ആണ്‍കുട്ടികള്‍ വടി അലങ്കാരരീതിയില്‍ വീശിക്കൊണ്ടിരിക്കും. പെണ്‍കുട്ടികള്‍ ദഫ്മുട്ടുകയും ചെയ്യും. അങ്ങനെ അവര്‍ വളരെ ആസ്വാദകരമായ നബികീര്‍ത്തനങ്ങള്‍ പാടിക്കളിച്ചു. തിരുനബിയെ ഓര്‍ത്തുള്ള അവരുടെ ആനന്ദപ്രകടനങ്ങള്‍ ആരെയും ആകര്‍ഷിപ്പിക്കുംവിധമായിരുന്നു. ധാരാളം അറബികള്‍ പങ്കെടുത്ത സദസ്സായിരുന്നു അത്. അന്നത്തെ പരിപാടിയില്‍ എന്നോട് നിര്‍ബന്ധിച്ച് ബൈത്ത് ചൊല്ലാന്‍ പറഞ്ഞു.
‘അഹ്‌യാ റബീഉല്‍ ഖല്‍ബി ശഹ്‌റല്‍ മൗലിദി’ എന്ന് തുടങ്ങുന്ന മന്‍ഖൂസ് മൗലിദിലെ അവസാന ഭാഗം ഞാന്‍ ചൊല്ലിക്കൊടുത്തു. ‘വല്‍വഹ്ശു വല്‍ അശ്ജാറു ഖദ് സജദത്ത്‌ലഹു’ എന്ന് ചൊല്ലിയെത്തിയപ്പോള്‍ ശൈഖ് ഹദ്ദാര്‍ എന്ന പണ്ഡിതന്‍ പൊട്ടിക്കരഞ്ഞു. അതു വലിയ സദസ്സായിരുന്നു. യു.എ.ഇ, മസ്‌കത്ത്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വിവിധങ്ങളായ ഭക്ഷണങ്ങള്‍ അവിടെ ഒരുക്കിവെച്ചിരുന്നു. ആ സദസ്സില്‍ നബി(സ)യുടെ ഇസ്‌റാഅ്-മിഅ്‌റാജിനെയും ഹിജ്‌റയെ കുറിച്ചും ചില കാര്യങ്ങള്‍ സയ്യിദ് അഹ്മദ് അല്‍ജാബിരിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ സംസാരിച്ചു. ഇതു കേട്ട സയ്യിദ് അബ്ദുല്ല അരീം 4000 മസ്‌കത്ത് ദീനാര്‍ വിലപിടിപ്പുള്ള കോട്ട് എനിക്ക് അണിയിച്ചു തന്നു. ശൈഖ് ഖാബൂസിന് നാഷണല്‍ ഡേക്ക് കൊടുക്കാന്‍ തുന്നിവെച്ചതായിരുന്നു അത്. മാത്രവുമല്ല, അയ്യൂബ് നബി(അ)ന്റെ ഖബ്‌റിനു മുകളില്‍ വിരിച്ചിരുന്ന, അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്ന മൂന്ന് പട്ടുകളില്‍ ഒന്നും എനിക്ക് നല്‍കി. അവ അദ്ദേഹത്തിന് അവിടത്തെ മുതവല്ലി കൊടുത്തതായിരുന്നു.
Leave A Comment