സിന്‍വാറിന്റെ വടി ഇസ്റാഈലിനെ പ്രഹരിച്ചു കൊണ്ടേയിരിക്കുകയാണ്
യഹ്‌യ സിൻവാർ, ജീവിതാന്ത്യം വരെ ഇസ്രയേൽ-അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അവിശുദ്ധ ബാന്ധവത്തെ തുറന്നെതിർത്ത പോരാളി, ഇന്നിതാ മരണശേഷവും അതേ സാമ്രാജ്യത്വ ചേരിക്ക് തലവേദന സൃഷ്ടിക്കുകയാണ്.
സയണിസ്റ്റ് വിരുദ്ധത ജനിതകത്തിൽ അലിഞ്ഞ, അസാമാന്യമായ പോരാട്ടവീര്യം കൊണ്ടും സുദൃഢമായ നിലപാടുകൾ കൊണ്ടും ഫലസ്തീൻ പ്രതിരോധത്തിന്റെ പര്യായമായി ജീവിച്ച സിൻവാറിനെക്കാൾ ഇരട്ടിയോളം പ്രഹര ശേഷിയുണ്ട് ശഹീദായ സിൻവാറിനെന്ന് ഇസ്രയേലിന് ബോധ്യപ്പെടുന്ന ദിവസങ്ങളാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മൃതദേഹം പോലും ബന്ധുക്കൾക്ക് വിട്ടു നൽകാതെ അജ്ഞാത സ്ഥലത്തേക്ക് മാറ്റിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇതിനോട് ചേർത്തു വായിക്കണം. യഥാർത്ഥത്തിൽ, അടിസ്ഥാനരഹിതമായ ജല്പനങ്ങൾ കൊണ്ട് ഇസ്രയേൽ കെട്ടിപ്പൊക്കിയ ആരോപണങ്ങളുടെ ചീട്ട് കൊട്ടാരത്തെ ധീരോദാത്തമായ രക്തസാക്ഷിത്വത്തിലൂടെ അദ്ദേഹം തിരുത്തി എഴുതുകയായിരുന്നു. ഇപ്പോഴിതാ, കഴിഞ്ഞദിവസം പുറത്തുവന്ന അദ്ദേഹത്തിൻറെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിച്ച് ആ അര്‍പ്പണബോധത്തിന് മുന്നില്‍ വീണ്ടും ലോകം തല കുനിക്കുകയാണ്.
അവസാന മൂന്നുദിവസം അദ്ദേഹം ഭക്ഷണം പോലും കഴിച്ചിട്ടില്ല എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. വയറൊട്ടിയ സ്വന്തം അനുയായികളോട് രണാങ്കളത്തിലേക്കിറങ്ങാൻ ആഹ്വാനം ചെയ്ത ഒരു നേതാവിന് അല്ലെങ്കിലും എങ്ങനെയാണ് സ്വന്തം വയറുനിറക്കാനാവുക? പോസ്റ്റ്മോർട്ടം നടത്തിയ ഇസ്രയേൽ നാഷണൽ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ചെൻ കുഗേലാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഫലസ്തീനിലേക്ക് എത്തുന്ന സഹായങ്ങളും ഭക്ഷണപദാർത്ഥങ്ങളും ഹമാസ് നേതാക്കൾ കൈക്കലാക്കുന്നുവെന്ന ഇസ്രയേൽ ആരോപണത്തിന്റെ മൂർദ്ധാവിൽ അവസാന ആണിയടിക്കുകയാണ് മരണപ്പെട്ട സിൻവാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്.
ഒരു യഥാർത്ഥ നേതാവ് എങ്ങനെയാകണമെന്നതിന്റെ ഉത്തമ മാതൃക സിൻവാറിന്റെ ജീവിതത്തിലും മരണത്തിലുമുണ്ട്. ഡ്രോൺ അക്രമണത്തിലൂടെ ചെറിയൊരു സുരക്ഷാ ഭീഷണി നേരിട്ടപ്പോഴേക്കും ബങ്കറിലേക്ക് ഓടിപ്പോകുന്ന നെതന്യാഹുവിനെ ലോകം കണ്ടതാണ്. ഇവിടെയാണ് മരണത്തിൻറെ അവസാന നിമിഷവും പോരാടിക്കൊണ്ടിരിക്കുന്ന സിൻവാർ വ്യത്യസ്തനാകുന്നത്. സ്വന്തം അണികളുടെ ദുഃഖങ്ങളിൽ പങ്കുചേരാൻ ആ മനുഷ്യൻ ഒട്ടിയ വയറുമായി പോരാടി. മരിക്കുന്ന സമയത്ത് പോലും അണികളോട് പോരാടാൻ വസിയ്യത്ത് ചെയ്ത അദ്ദേഹം ധരിച്ചിരുന്നത് ഒരു പട്ടാളക്കാരന്റെ വേഷവും മുഖത്തൊരു ഖഫിയയും കയ്യിലൊരു യന്ത്രത്തോക്കുമായിരുന്നു.
ഗസ്സ പട്ടിണിയിൽ മുങ്ങുമ്പോൾ ഹമാസ് നേതാക്കൾ ഭൂഗർഭ അറയിൽ സുഖജീവിതം നയിക്കുകയാണെന്ന ഇസ്രയേലിന്റെ നിരന്തരമായ ആരോപണത്തെ അയാൾ വടിയെറിഞ്ഞു പ്രഹരിച്ചു. ആക്രമണം തുടങ്ങിയപ്പോൾ കുടുംബത്തെയും കൂട്ടി സിൻവാർ രക്ഷപ്പെട്ടു എന്ന രീതിയിലുള്ള പ്രചാരണങ്ങൾ പോലും വന്നിരുന്നു. ഒരു സാധാരണ കെട്ടിടത്തിൽ ഇരുന്നുകൊണ്ട് പോരാട്ടം നടത്തുന്ന സിൻവാറിനെയാണ് പക്ഷേ ലോകം കണ്ടത്. തങ്ങളുടെ മുഖ്യ ശത്രുവിന്റെ അവസാന നിമിഷങ്ങൾ ഡ്രോൺ മുഖേന പകർത്തുമ്പോൾ അതൊരു അഭിമാനവും ആഘോഷിക്കാനുള്ള വകയും ആയിട്ടായിരുന്നു ഇസ്രയേൽ കണ്ടത്. മധുരവും മദ്യവുമൊഴുക്കി ടെൽ അവീവിൻ്റെ തെരുവീഥികൾ ആഘോഷത്തിമിർപ്പിലാണ്ടു. പക്ഷേ, സിൻവാറിലെ പോരാളിയെ ലോകം തിരിച്ചറിഞ്ഞതോടെ അതൊരു ബൂമറാങു പോലെ ഇസ്രയേലിന് മേൽ വന്നു ഭവിക്കുകയായിരുന്നു.
ആഘോഷിക്കപ്പെടുന്ന മരണം
ചരിത്രത്തിലൂടനീളം ഇസ്രയേൽ അധിനിവേശത്തിലും ആക്രമണങ്ങളിലും ഹമാസിന് ഒരുപാട് നേതാക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, മുൻപെങ്ങുമില്ലാത്ത വിധം വലിയ സന്തോഷവും ആഹ്ലാദവുമാണ് സിൻവാറിൻ്റെ മരണത്തോട് ഇസ്രയേൽ പ്രകടമാക്കുന്നത്. വിദേശകാര്യമന്ത്രി ഇസ്രയേല്‍ കട്‌സ് സിൻവാറിൻ്റെ മരണത്തെ കണ്ടത് ലോകത്തിൻറെയും ഇസ്രയേൽ സേനയുടെയും വിജയമായിട്ടായിരുന്നു. ഇസ്രയേല്‍ പൗരന്മാര്‍ക്കും മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ആയിരക്കണക്കിന് നിരപരാധികള്‍ക്കുമെതിരെ നടത്തുന്ന തീവ്രവാദ പ്രവൃത്തികളുടെ ഉത്തരവാദിയാണ് സിന്‍വാറെന്നായിരുന്നു ഇസ്രയേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് പറഞ്ഞത്. ഹമാസിന്റെ തകർച്ചയിലെ പ്രധാനപ്പെട്ട അധ്യായം എന്നാണ് സിൻവാറിന്റെ മരണത്തെക്കുറിച്ച് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. സിൻവാറിനെ കൊലപ്പെടുത്തിയതിന് ഞാൻ നെതന്യാഹുവിനെ വിളിച്ച് അഭിനന്ദിച്ചു എന്നായിരുന്നു അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സന്തോഷം പ്രകടിപ്പിച്ചത്. ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും കമല ഹാരിസും സമാനരീതിയിൽ പ്രതികരിച്ചു. യഥാർത്ഥത്തിൽ എന്തുകൊണ്ടാണ് ഒരു മനുഷ്യൻറെ മരണം പോലും ലോക നേതാക്കൾ ഇത്ര ആഘോഷിച്ചത്?എന്തുകൊണ്ടായിരുന്നു ഇവരൊക്കെയും സിൻവാറിനെ ഇത്രയും ഭയന്നിരുന്നത്? അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്.
ലോകത്തിലെ തന്നെ അതിനൂതനമായ സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയും അമേരിക്ക പോലുള്ള ഒരു രാഷ്ട്രത്തിന്റെ സായുധ പിന്തുണയും തങ്ങൾക്കുണ്ടെന്ന അഹംഭാവം നടിച്ചിരുന്ന ഇസ്രായേലിന്റെ മൂർദ്ധാവിനേറ്റ പ്രഹരമായിരുന്നു ഒക്ടോബർ 7ലെ ഹമാസ് ആക്രമണം. 1200 മനുഷ്യർ മരണപ്പെടുകയും 251 പേർ ബന്ദികളാക്കപ്പെടുകയും ചെയ്ത ആ മിന്നലാക്രമണത്തിനു പിന്നിൽ യഥാർത്ഥത്തിൽ പ്രവർത്തിച്ചത് സിൻവാറിന്റെ തലച്ചോറും കൈകളുമായിരുന്നു. അത്തരത്തിലൊരാക്രമണത്തെ രൂപകൽപ്പന ചെയ്തതും നടപ്പിലാക്കിയതുമെല്ലാം അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ, അധിനിവേശം തുടങ്ങുന്ന സമയം മുതൽ ഇസ്രായേൽ ഏറ്റവും കൂടുതൽ ഫോക്കസ് ചെയ്തതും സിൻവാറിന്റെ ജീവനായിരുന്നു. അതിനായി അവർ ഒരുപാട് സൈനിക നടപടികൾ നടത്തിയെങ്കിലും അതിൽ നിന്നെല്ലാം ഇത്രയും കാലമായി രക്ഷപ്പെടുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ സൈന്യം സർവ്വ സജ്ജരായി ചുറ്റിലും വളഞ്ഞു നിൽക്കുമ്പോഴും മാസത്തിലൊരിക്കൽ അദ്ദേഹത്തിൻറെ ഭാര്യക്കും കുട്ടികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വൈകാരികത തുളുമ്പുന്ന വാക്കുകൾക്കുമപ്പുറം കർമ്മപഥത്തിലൂടെ നേതൃപാടവത്തിന്റെ ധാർമികതയെ സിൻവാർ സ്വന്തം ജീവിതത്തിലൂടെ വരച്ചുകാണിച്ചു തന്നു. അനുയായികളോടൊപ്പം ചേർന്ന് പോരാടി. അതുകൊണ്ടുതന്നെയാണ്, മരണം വരിച്ചിട്ടും സിൻവാർ ഇപ്പോഴും ഇസ്രയേലിന്റെ കണ്ണിലെ കരടായി നില കൊള്ളുന്നത്. അധിനിവേശവും അക്രമവും തുടരുന്ന കാലത്തോളം സിന്‍വാറും ആ അവസാന ഏറും ഇസ്റാഈലിനെയും സഖ്യകക്ഷികളെയും വേട്ടയാടി കൊണ്ടേയിരിക്കും, സിന്‍വാറിന്റെ വടി എക്കാലവും അവരെ പ്രഹരിച്ചുകൊണ്ടേയിരിക്കും, തീര്‍ച്ച.
Leave A Comment