കാത്തിരിപ്പ്- അത് വല്ലാത്തൊരു കലയാണ്
കാത്തിരിപ്പ് വെറുമൊരു വാക്കല്ല. കാല കാലാന്തരങ്ങളിൽ ജന്മ ജന്മാന്തരങ്ങളിൽ മനുഷ്യനെപിടിച്ചു നിർത്തുന്ന വികാരമാണ് കാത്തിരിപ്പ്. പലതരത്തിലുള്ള കാത്തിരിപ്പുകളുടെ ആകെത്തുകയാണ് മനുഷ്യജീവിതത്തിന്റെ പൊരുളും പെരുമയുമായിത്തീരുന്നത്. കാത്തിരിപ്പ് തകർന്നാൽ മനുഷ്യൻ തകരുമെന്ന് ലളിതമായി പറയാം. ഓരോ മാതാവിന്റെയും ദീർഘനാളത്തെ കാത്തിരിപ്പിലാണ് മനുഷ്യവംശത്തിന്റെ നിലനിൽപ്പുതന്നെ.
ആദ്യപിതാവ് സ്വര്‍ഗ്ഗലോകത്ത് നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍, നാഥന്‍ നല്കിയ ഉറപ്പ് ഇങ്ങനെയായിരുന്നു, നിങ്ങള്‍ക്ക് എന്റെ സന്മാര്‍ഗ്ഗം വരും, അത് പിന്‍പറ്റുന്നവര്‍ക്ക് ഇങ്ങോട്ട് തന്നെ തിരിച്ചെത്താം. ആ സുമോഹന വാഗ്ദാനത്തിന്റെ സത്തയും സ്വത്വവും കാത്തിരിക്കുന്നവരാണ് വിശ്വാസികളെല്ലാം. പ്രപഞ്ചനാഥന്റെ തിരുനോട്ടവും തിരുദർശനവും കാംക്ഷിച്ച് അകത്തളങ്ങളിൽ നന്മയുടെ വിത്ത് പാകി കാത്തുകാത്തിരിക്കുന്നവരാണ് വിശ്വാസി സമൂഹം മുഴുവനും.
അനുവാചകരെ അർത്ഥതലങ്ങളുടെ അനേക ഇടങ്ങളിലേക്ക് ആനയിക്കാൻ കാത്തിരിപ്പ് എന്ന വാക്കിന് പ്രാപ്തിയുണ്ട്. അനാദിയായ കാലം മുതൽ ആരംഭിച്ച മനുഷ്യവംശത്തിന്റെ പ്രയാണം ഒരർത്ഥത്തിൽ ആർക്കൊക്കെയോ എന്തിനൊക്കെയോ വേണ്ടിയുള്ള കാത്തിരിപ്പാണ്. ഈ ലോകത്ത് സമാധാന മതത്തിൻറെ വെള്ളക്കൊടി അതിജയിക്കുകയും എന്നെന്നും നില നില്‍ക്കുകയും ചെയ്യുമെന്ന, പ്രവാചകരുടെയും അനുയായികളുടെയും കാത്തിരിപ്പാണ് കൊടിയ പീഢനങ്ങൾക്കിടയിലും മതപ്രബോധനത്തിനും അനുഷ്ഠാനങ്ങൾക്കും ധൈര്യം പകർന്നത്. ഒടുവിൽ സ്വദേശം വിട്ട് പലായനത്തിനിറങ്ങിയ പ്രവാചകനെ കാത്തിരുന്ന വിശ്വാസികളുടെ കഥകളും മനോഹരമായ അർത്ഥതലങ്ങളെയാണ് സമ്മാനിക്കുന്നത്.
ഭൗതിക ജീവിതത്തിൻറെ ഏതെങ്കിലും തലങ്ങളിൽ പ്രവാചകന്റെ തിരുമുഖം സ്വപ്നത്തിലെങ്കിലും ദർശിക്കാൻ കാത്തിരിക്കാത്ത വിശ്വാസി ഉണ്ടാകില്ല. വിശ്വാസത്തോടൊപ്പം കാത്തിരിപ്പ് കൂടിയാണ് മതങ്ങളെ മഹോന്നതമാക്കുന്നത്.
ഒരു നൂറ്റാണ്ടോളം കാലം സന്താനലബ്ധിക്കായി കാത്തിരുന്ന ഇബ്രാഹിം നബിയുടെയും സകരിയ്യ നബിയുടെയും കഥകൾ ഖുർആൻ വിവരിക്കുന്നുണ്ട്.മകൻ നഷ്ടപ്പെട്ട ദുഃഖത്തിലും ഒരു ദിനം അവന്‍ തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ കണ്ണീർ പൊഴിച്ച് കാത്തിരിക്കുന്ന പിതാവിൻറെ കഥയാണ് സൂറതു യൂസുഫ് പറഞ്ഞു തരുന്നത്. തൻറെ മഹാവ്യാധിയുടെ ശമനത്തിനായി കാലങ്ങളോളം കാത്തിരിക്കുന്ന അയ്യൂബ് നബിയുടെ കഥയും ഖുർആനിലുണ്ട്. വ്യഭിചാരാരോപണത്തിന്റെ പേരിൽ ദുഃഖിതയായ പ്രവാചക പത്നി ആഇശ (റ) യുടെ നിരപരാധിത്വം തെളിയിക്കപ്പെടുന്നതും നീണ്ട കാത്തിരിപ്പിനൊടുവിലാണ്. മൂസാ പ്രവാചകന്റെ കാലത്ത് തിരു നബിയെ കുറിച്ച് കേട്ടറിഞ്ഞ്, ആ താരോദയം കാണാനായി സഹസ്രാബ്ദങ്ങൾ ഹിറാഗുഹയിൽ ഒരു പാമ്പ് കാത്തിരുന്ന കഥയും പ്രവാചക ചരിത്രങ്ങളിലുണ്ട്. പലായനത്തിനുള്ള അനുമതി കാത്ത് കാത്തിരുന്ന് പ്രവാചകാനുയായികൾ നടന്നുനീങ്ങിയത് സ്വർഗ്ഗത്തിലേക്കായിരുന്നു.
തങ്ങളുടെ ധീരദേശാഭിമാനികളായ മക്കളിലൂടെ സ്വരാജ്യത്തിൻറെ സ്വാതന്ത്ര്യം വരിക്കുമെന്ന ഒരുപാട് അമ്മമാരുടെ കാത്തിരിപ്പിന്റെ അനന്തരഫലമാണ് നാമിന്ന് ശ്വസിക്കുന്ന ഓരോ ശ്വാസത്തിലെ സ്വാതന്ത്ര്യവും. വൈക്കം മുഹമ്മദ് ബഷീർ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന സമയത്ത് അനുഭവിക്കേണ്ടിവന്ന ജയിൽവാസം കഴിഞ്ഞു പാതിരാത്രി ഒരു മണിക്ക് കതകിൽ മുട്ടിയപ്പോൾ വാതിൽ തുറന്നു വന്ന മാതാവ്, "മോനേ, നിനക്കുള്ള ഭക്ഷണം അവിടെ വെച്ചിട്ടുണ്ട്. കഴിക്കാന്‍ വരൂ" എന്ന് പറഞ്ഞത് കേട്ട് ബശീര്‍ ചോദിച്ചു, ഞാനിന്ന് വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു എന്ന്. ഉമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു, ഞാനെന്നും ഭക്ഷണമുണ്ടാക്കി വേണ്ടി വിളമ്പി വെച്ച് നിന്നെ കാത്തിരിക്കാറുണ്ട് എന്നാണ്. മാതൃ സ്നേഹത്തിന്റെ അടങ്ങാത്ത കാത്തിരിപ്പും തങ്ങളുടെ മക്കളിലൂടെ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം കരഗതമാകണമെന്ന അതിയായ ആഗ്രഹവുമാണ് ആ കാത്തിരിപ്പിന് കാരണം.
ഉപ്പയോട് പിണങ്ങി നാട് വിട്ട മൂത്തമകൻ കോയയെ കാത്തിരിക്കുന്ന കുൽദുമ്മയുടെ കഥ പറയുന്നുണ്ട്, സി.വി. ബാലകൃഷ്ണന്റെ 'പെറ്റവയർ' എന്ന കഥ. ഒടുവിൽ ഓരോ നല്ല ഭക്ഷണം ഉണ്ടാക്കുമ്പോഴും തൻറെ മൂത്തമകന് കൊടുക്കാൻ കഴിയാത്തത് കാരണം വിലപിക്കുന്നുണ്ട് ആ വൃദ്ധ മാതാവ്. മനുഷ്യ വംശത്തിന്റെ അസ്തിത്വം കാത്തിരിപ്പിലാണ് നിലകൊള്ളുന്നത്. സ്വർഗ്ഗീയ ലോകത്തെ സുഖവും കാത്ത് ഭൗതിക ജീവിതത്തിൽ നന്മയുടെ വിളനിലമൊരുക്കേണ്ടവരാണ് നമ്മൾ. ഒടുവിൽ ജീവിതയാത്രയുടെ അവസാന നിമിഷം നാം കാത്തിരിക്കുന്ന മരണത്തിൻറെ മാലാഖയെ പുഞ്ചിരി തൂകി സ്വീകരിക്കാൻ നമുക്കാകണം. ഒടുവിൽ നമ്മുടെ ആത്മാവുമേന്തിയുള്ള പ്രയാണത്തിനൊടുവില്‍, ശാന്തിയടഞ്ഞ ആത്മാവേ, നീ നിന്റെ നാഥനിലേക്ക് മടങ്ങുക എന്ന മനോഹര അഭിവാദനം ഏറ്റുവാങ്ങാൻ നാം പ്രാപ്തരാകണം. ഒടുവിൽ കാലം അവസാനിക്കാറാകുമ്പോൾ ഇമാം മഹ്ദിയുടെ വരവ് കാത്തിരിക്കുന്നവരാണ് വിശ്വാസികൾ.
പ്രാർത്ഥന കാത്തിരിപ്പിലൂന്നിയായിരിക്കണം എന്നതാണ് ഇസ്‍ലാമികധ്യാപനം. പ്രാർത്ഥിക്കപ്പെടുന്നവയെ കാത്തിരുന്നു നേടുക തന്നെ വേണം. കേവല പരാജയങ്ങളിൽ നിരാശപ്പെടുന്നതിനപ്പുറം കാത്തിരുന്ന് വലിയ വിജയങ്ങൾ വരിക്കണം. അതിലാണ് നേട്ടത്തിന്റെ യഥാര്‍ത്ഥ രസം, ജീവിത വിജയവും അത് തന്നെ. മലയാള കവിയുടെ വാക്കുകള്‍ കൂടി നമുക്കിവിടെ ചേര്‍ത്ത് വായിക്കാം.
പ്രിയതരം വാക്കിന്റെ വേനൽ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോറ്റു പാഴ്സ്മൃതികളിൽ
കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്ക് കൺപാർത്തിരിക്കുന്നു. (മുരുകൻ കാട്ടാക്കട)
Leave A Comment