തസ്ബീഹ്: ജീവിത വിമലീകരണത്തിന്റെ എളുപ്പവഴി
ഭൂഗോളത്തില്‍ സൃഷ്ടിക്കപ്പെട്ട പരകോടി സൃഷ്ടികളില്‍ ഒരു സൃഷ്ടി മാത്രമാണ് മനുഷ്യന്‍. ഇലാഹീ സൃഷ്ടിപ്പില്‍ ഏറ്റവും മഹത്വമുള്ളതും ബഹുമാനിക്കപ്പെടുന്നതും മനുഷ്യര്‍ തന്നെ. ''ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു.''(സൂറത്തുല്‍ ഇസ്‌റാഅ്: 70) ഈ മാനവകുലത്തിനു വേണ്ടിയാണ് ഭൂമിലോകത്തുള്ളതെല്ലാം സംവിധാനിക്കപ്പെട്ടിട്ടുള്ളതെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ (അല്‍ബഖറ 29) സാക്ഷ്യപ്പെടുത്തുന്നുണ്ട്. മനുഷ്യ സൃഷ്ടിപ്പിന്റെ താല്‍പര്യം സൃഷ്ടിപരിപാലകന്‍ തന്നെ വ്യക്തമാക്കുന്നത് ''മനുഷ്യ ജിന്ന് വര്‍ഗത്തെ എനിക്ക് ആരാധിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല'' (അദ്ദാരിയാത്ത് 56) എന്നാണ്. പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളും സൃഷ്ടിച്ച നാഥന്റെ പരിശുദ്ധിയെ സദാ വാഴ്ത്തിക്കൊണ്ടിരിക്കുന്നുവെന്ന് വി.ഖുര്‍ആനിക(ഹദീദ് 1) വചനം സൂചിപ്പിക്കുമ്പോള്‍, അതിന് ഏറ്റവും അര്‍ഹതയുള്ളവന്‍ 'ഉല്‍കൃഷ്ട സൃഷ്ടി'യെന്ന ഖ്യാതിയുള്ള മനുഷ്യര്‍ തന്നെയാണ് എന്ന് പലരും മറന്നുപോകുന്നു. ജീവിതപ്പാച്ചിലിനിടയില്‍ ഇലാഹീ അനുഗ്രഹത്തെ നന്ദിയോടെ സ്മരിക്കുന്നതിനു പകരം നന്ദികേടില്‍ അലങ്കാരം കാണുന്നതിലാണ് പുതിയ തലമുറയ്ക്ക് പ്രത്യേകം താല്‍പര്യം. സൂര്യന്‍ ചക്രവാളത്തോടടുക്കുമ്പോള്‍ ഇലാഹീ പരിശുദ്ധിയെ വാഴ്ത്തുന്ന തസ്ബീഹിന്റെ അകമ്പടിയോടെ സൂര്യനെ യാത്രയയക്കുന്ന ഒരു സുന്ദര കാഴ്ച നമുക്കുണ്ടായിരുന്നു. സുന്ദര കമാനങ്ങളുള്ള മസ്ജിദുകളില്‍ വച്ച് പള്ളി മുതഅല്ലിമുകളും മദ്‌റസാ വിദ്യാര്‍ത്ഥികളും കാരണവന്‍മാരും കൂടി ഒരുക്കുന്ന തസ്ബീഹ് വിരുന്ന്, ആത്മീയതയുടെ പരിമളമായി അന്തരീക്ഷത്തില്‍ ഒഴുകിനടക്കുന്ന ആ നല്ല തലമുറ ഇന്നു ശുഷ്‌കിച്ചുപോയിരിക്കുന്നു. ഒപ്പം ദീനീ ചൈതന്യത്തിന്റെ നല്ല ഉദയങ്ങളും തീര്‍ന്നുപോവുകയാണ്. പ്രപഞ്ചത്തിലുള്ള എല്ലാതും ഇലാഹീ പരിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്‍ മാത്രമല്ല മലക്കുകളും ജിന്നുകളും മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും അചേതന വസ്തുക്കളായ കല്ലുകളും മരങ്ങളും ഇതില്‍നിന്നു മുക്തരല്ല. വിശുദ്ധ ഖുര്‍ആനിലും തിരുഹദീസുകളിലും ഇവകളുടെ തസ്ബീഹുകളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മുറതെറ്റാതെ ചാക്രികമായി തുടരുന്ന ഇവരുടെ തസ്ബീഹിന് മനുഷ്യകുലത്തിന്റേതു പോലെ അലസത വിഘ്‌നം സൃഷ്ടിക്കാറില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മലക്കുകളുടെ തസ്ബീഹ് അല്ലാഹുവിനെ ആരാധിച്ചു മാത്രം കഴിഞ്ഞുകൂടുന്നവരാണ് മലക്കുകള്‍. അവന്റെ സ്തുതികീര്‍ത്തനങ്ങള്‍ പാടാന്‍ അവര്‍ മുഴുസമയവും ചെലവഴിക്കുന്നു. ''ക്ഷീണലേശമന്യേ രാവും പകലും അവര്‍ അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു. അവര്‍ തളരുന്നില്ല.''(സൂ. അമ്പിയാഅ് 20) രാപ്പകല്‍ ഭേതമന്യേ അക്ഷീണരായി അവര്‍ അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു. അല്ലാഹു ചിലപ്പോള്‍ അവര്‍ക്ക് നല്‍കാറുള്ള പ്രത്യേക ചുമതലകള്‍ പോലും ഇതിനു തടസ്സമാവുകയില്ല. അന്നപാനീയങ്ങളും ഉറക്ക വിശ്രമവുമൊന്നും അവര്‍ക്കില്ലതാനും. ''നാം ശ്വാസം കഴിക്കുന്നതുപോലെയാണ് മലക്കുകളുടെ തസ്ബീഹ്'' എന്ന് കഅ്ബുല്‍ അഹ്ബാര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. ഉസ്മാനുല്‍ ഹഖ്ഖി(റ) രേഖപ്പെടുത്തുന്നത് കാണുക: ''നമ്മുടെ നിര്‍ത്തം, ഇരുത്തം, സംസാരം ആതിയായ ഒരു കാര്യവും ശ്വാസോച്ഛ്വാസത്തിന് വിഘ്‌നം സൃഷ്ടിക്കാത്തതുപോലെ മലക്കുകള്‍ ചെയ്യുന്ന ഏതു പ്രവൃത്തിയും അവരുടെ തസ്ബീഹിന് തടസ്സമാവുകയില്ല. ശ്വസിച്ച് ഉല്ലസിച്ചു കഴിയുന്ന മനുഷ്യനെയും വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യത്തെയും പോലെയാണ് തസ്ബീഹുകളിലായി മലക്കുകള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.'' അതുകൊണ്ട് മറ്റൊരു പ്രവൃത്തിയും അവരെ അതില്‍നിന്നു തടയുന്നില്ല. (റൂഹുല്‍ ബയാന്‍ 5/462, സാദുല്‍ മസീര്‍ 5/345, ഫത്ഹുറഹ്മാന്‍ 4/438) വിശുദ്ധ ഖുര്‍ആന്‍ മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു: ''തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവര്‍'' (സൂ. സ്വഫ്ഫാത്ത് 166). ഇവിടെ, ഇതാരുടെ വാക്കാണെന്ന് വ്യക്തമാകുന്നില്ലെങ്കിലും ഭൂരിപക്ഷ വ്യാഖ്യാതാക്കളുടെയും അഭിപ്രായം അവര്‍ മലക്കുളാണെന്നാണ്. സന്ദര്‍ഭത്തില്‍നിന്നു മനസ്സിലാക്കപ്പെടുന്നതും അതുതന്നെ. ''തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതിനോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്തുകൊണ്ട് അര്‍ശിന്റെ ചുറ്റുപാടിലും പൊതിഞ്ഞുനില്‍ക്കുന്നതായി മലക്കുകളെ താങ്കള്‍ക്ക് കാണാം. അവര്‍ക്കിടയില്‍ (സൃഷ്ടികള്‍ക്ക്) നീതിപൂര്‍വം വിധിക്കപ്പെട്ടുകഴിഞ്ഞു (സര്‍വരാലും) പറയപ്പെടും- ലോക രക്ഷിതാവായ അല്ലാഹുവിന് എല്ലാ സ്തുതികളും.'' (സൂ. സുമര്‍ 75) നിര്‍ണായകവും അന്തിമവുമായ വിധി കഴിഞ്ഞതിനു ശേഷമുള്ള മലക്കുകളുടെ സ്ഥിതി വിവരിച്ചിരിക്കുകയാണിവിടെ. നീതിമാനും രാജാധി രാജനുമായ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തിക്കൊണ്ടിരിക്കുകയാണ് അവരപ്പോഴും. പ്രകീര്‍ത്തനത്തിലെജൈവസാന്നിധ്യം ''ആകാശഭൂമികളിലുള്ളവയെല്ലാം അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്നു. അവന്‍ പ്രതാപശാലിയും അഗാധജ്ഞനുമാണ്.'' (സൂ. ഹദീദ് 1) ഭൂമിയിലുള്ള മുഴുവനും എന്നത് ആലങ്കാരികമല്ല, അക്ഷരാര്‍ത്ഥത്തില്‍ തന്നെയാണെന്ന് ഖുര്‍ആനിക വാക്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മറ്റൊരു വാക്യം 'ഏഴ്' ആകാശവും ഭൂമിയും അവയിലുള്ളതും അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു. അവനെ സ്തുതിക്കുകയും അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യാത്ത ഒരു വസ്തുവുമില്ല. പക്ഷേ, അവരുടേ കീര്‍ത്തനം (തസ്ബീഹ്) നിങ്ങള്‍ക്ക് മനസ്സിലാവുകയില്ല. അവന്‍ ഏറെ ക്ഷമിക്കുന്നവനും പൊറുക്കുന്നവനും തന്നെയാകുന്നു.'' (സൂ. ഇസ്‌റാഅ് 44) ലോകത്തുള്ള സര്‍വസാധനങ്ങളും അവരുടെതായ ഭാഷയില്‍ അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നുണ്ട്. ഇതാണ് ഏറ്റവും പ്രസിദ്ധമായ അഭിപ്രായമെന്ന പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്‌നു കസീര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. ''ആകാശഭൂമികളിലുള്ളവരും വാഴുമണ്ഡലത്തില്‍ ചിറകു വിടര്‍ത്തിപ്പറക്കുന്ന പക്ഷികളും അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യുന്നുവെന്ന് താങ്കള്‍ കണ്ടിട്ടില്ലേ? അവ ഓരോന്നും അതിന്റെ പ്രാര്‍ത്ഥനയും തസ്ബീഹും ഗ്രഹിക്കുകതന്നെ ചെയ്തിട്ടുണ്ട്. അവര്‍ ചെയ്യുന്നതിനെക്കുറിച്ച് അല്ലാഹു ഏറ്റവും അറിയുന്നവനാണ്.'' (സൂ. നൂര്‍ 41) വാക്കുകള്‍ കൊണ്ടോ പ്രവൃത്തികള്‍ കൊണ്ടോ ബുദ്ധിയുള്ള വസ്തുക്കളില്‍നിന്നോ അല്ലാത്തവയില്‍ നിന്നോ ജീവ-നിര്‍ജീവ വസ്തുക്കളില്‍നിന്നോ ഏതു തരത്തിലായാലും സ്രഷ്ടാവിന്റെ മഹത്വം പ്രകീര്‍ത്തനം ചെയ്യുക എന്ന സാമാന്യാര്‍ത്ഥത്തിലാണ് ഇവിടെ തസ്ബീഹ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഏതൊരു വസ്തുവും അല്ലാഹുവിനെ അതിന്റേതായ തസ്ബീഹ് നടത്തുന്നുണ്ട്. പക്ഷേ, ഓരോന്നിന്റെയും തസ്ബീഹ് എങ്ങനെയാണെന്നും ഏതൊക്കെയാണെന്നും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നമുക്കാവില്ല. സര്‍വ വസ്തുക്കളും ഒരു നിലയ്ക്കല്ലെങ്കില്‍ മറ്റൊരുനിലയ്ക്ക് അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യുന്നുണ്ട്. (ഫത്ഹുറഹ്മാന്‍ 5/346) ഓരോ ജീവികള്‍ക്കും അതിന്റേതായ തസ്ബീഹുണ്ട് എന്നു നാം മനസ്സിലാക്കി തിരുഹദീസില്‍നിന്നും വന്ന ചില ജീവികളുടെ തസ്ബീഹ് ഇവിടെ കുറിക്കാം. കോഴിയുടെ തസ്ബീഹിനെ കുറിച്ച് ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്നുള്ള ഹദീസ് ഇങ്ങനെയാണ്- ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''ആകാശത്തില്‍നിന്നും ഒരു അറിയിപ്പുകാരന്‍ വിളിച്ചു പറയും: നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക, അല്ലാഹു നിങ്ങളെയും സ്മരിക്കും. പക്ഷേ, അത് കോഴി മാത്രമേ കേള്‍ക്കുകയുള്ളൂ. അപ്പോള്‍ അതിന്റെ കൂവല്‍ തസ്ബീഹാണ്. (അദ്ദുറുല്‍ മന്‍സൂര്‍ 4/332) മൃഗങ്ങളുടെ തസ്ബീഹിനെ കുറിച്ച് റസൂല്‍(സ്വ) പറയുന്നു: ''നിങ്ങള്‍ മൃഗങ്ങളുടെ മുഖത്തടിക്കരുത്. നിശ്ചയം എല്ലാ വസ്തുക്കളും അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.'' (കയശറ) മറ്റൊരു ഹദീസ് മുആദുബ്‌നു അനസ്(റ)വില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നുണ്ട്. നബിതിരുമേനി(സ്വ) ഒരു കൂട്ടം ആളുകളുടെ ഇടയിലൂടെ നടന്നുപോയി. അവര്‍ മൃഗത്തിനുമുകളില്‍ ഇരിക്കുകയായിരുന്നു. തിരുനബി(സ്വ) അവരോട് മൊഴിഞ്ഞു: ''നിങ്ങള്‍ ശാന്തമായി യാത്ര ചെയ്യുക, ശാന്തമായി അവയെ വിടുകയും ചെയ്യുക. വഴികളിലും അങ്ങാടികളിലും വച്ച് നിങ്ങള്‍ക്ക് സംസാരിക്കാനുള്ള ഒരു വേദിയായി നിങ്ങളതിനെ മാറ്റരുത്. എത്ര വാഹനങ്ങളാണ് ഇലാഹീ സ്മരണയാല്‍ വാഹനക്കാരനെ കവച്ചുവയ്ക്കുന്നത്.'' (കയശറ) അബൂഹുറൈറ(റ)വില്‍ നിന്നുള്ള ഹദീസില്‍ റസൂല്‍ പറയുന്നു: ''നിശ്ചയം ഉറുമ്പുകള്‍ അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു.'' മറ്റൊരു ഹദീസില്‍ റസൂല്‍(സ്വ) പറയുന്നു: ''അമ്പിയാക്കളില്‍പെട്ട ഒരു നബിയെ ഉറുമ്പ് കടിച്ചു. ഉടനെ ആ ഉറുമ്പിന്‍കൂട്ടത്തെ കത്തിച്ചുകളയാന്‍ അദ്ദേഹം ആജ്ഞാപിച്ചു. പിന്നീട് അല്ലാഹു ആ പ്രവാചകന് ബോധനം നല്‍കിയത് തസ്ബീഹ് ചൊല്ലുന്ന ഒരു സമൂഹത്തെ താങ്കള്‍ കത്തിച്ചിരിക്കുന്നു എന്നാണ്. അതും ഒരു ഉറുമ്പിന്റെ കാരണത്താല്‍.'' (അദ്ദുറുല്‍ മന്‍സൂര്‍ 4/332) ഇബ്‌നു ഉമര്‍(റ) പറയുന്നു: ''തവളയെ കൊല്ലുന്നത് റസൂല്‍(സ്വ) നിരോധിച്ചിട്ടുണ്ട്. മാത്രമല്ല, തവളയുടെ ശബ്ദം തസ്ബീഹാണ്.'' (Ibid) മര്‍സദുബ്‌നു മര്‍സ്(റ) റസൂല്‍(സ്വ)യില്‍നിന്ന് ഉദ്ധരിക്കുന്നു ഹദീസില്‍ ഇങ്ങനെ കാണാം: ''മത്സ്യ-പറവ വര്‍ഗത്തെ അവയുടെ തസ്ബീഹ് മുറിച്ചിട്ടല്ലാതെ വേട്ടയാടപ്പെടുകയില്ല.'' (അല്‍ദുര്‍റുല്‍ മന്‍സൂര്‍ 4/332) അചേതന വസ്തുക്കളുടെ തസ്ബീഹ് ജീവനുള്ള വസ്തുക്കളുടെ തസ്ബീഹ് ഇവിടെ പരാമര്‍ശിച്ചു കഴിഞ്ഞു. എന്നാല്‍, നിര്‍ജീവ വസ്തുക്കളുടെ തസ്ബീഹിനെ കുറിച്ച് പലര്‍ക്കും സംശയമാണ്. ജീവനില്ലാതെ എങ്ങനെ തസ്ബീഹ് ചൊല്ലും. വിശുദ്ധ ഖുര്‍ആനില്‍ പോലും അചേതന വസ്തുക്കളുടെ തസ്ബീഹിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 'ഇടി, അല്ലാഹുവിനെ സ്തുതിക്കുന്നതിനോടൊപ്പം അവന്റെ പരിശുദ്ധിയെ) വാഴ്ത്തുന്നു. അവനെ ഭയപ്പെടുകയാല്‍ മലക്കുകളും (പരിശുദ്ധിയെ വാഴ്ത്തുന്നുണ്ട്. അവന്‍(ഭൂമിയിലേക്ക്) ഇടിത്തീ അയക്കുകയും അതുകൊണ്ട് ആപത്ത് വരുത്തിവയ്ക്കുകയും ചെയ്യുന്നു. (എന്നാല്‍ ഈ സത്യനിഷേധികള്‍) അല്ലാഹുവിനെ പറ്റി തര്‍ക്കിക്കുകയാണ്. അവനാവട്ടെ കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.'' (സൂറത്തു റഅ്ദ് 13/13) യഥാര്‍ത്ഥത്തില്‍, ഇടിമുഴക്കം കേവലം വ്യര്‍ത്ഥ ശബ്ദവും നിരര്‍ത്ഥക പ്രതിഭാസവുമൊന്നുമല്ല. അത് അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുകയും അവന് സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുകയുമാണ്. നിര്‍ജീവ വസ്തു ആയത് കൊണ്ടാകാം അതിന്റെ തസ്ബീഹ് അബുല്‍ അഅ്‌ലാ മൗദൂദിക്ക് ദഹിച്ചിട്ടില്ല. അദ്ദേഹം എഴുതുന്നത്: ''മൃഗങ്ങളെ പോലെ, കേള്‍ക്കുന്നവര്‍ ഇടിയുടെ ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ. സ്വബോധമുള്ള കേള്‍വിയുള്ളവരാകട്ടെ മേഘത്തിന്റെ ഭാഷയിലൂടെദൈവത്തിന്റെ വിളംബരമാണ് കേള്‍ക്കുന്നത്. (തര്‍ജമയെ ഖുര്‍ആന്‍: പേജ് 649, ദല്‍ഹി 1982) എന്നാല്‍, മൗദൂദിയും അംഗീകരിച്ചാദരിക്കുന്ന സയ്യിദ് ഖുത്ബ് പോലും ഇതിനെതിരേ പുറംതിരിഞ്ഞിട്ടില്ല. അദ്ദേഹമെഴുതുന്നു: ''ശരിയായ അര്‍ത്ഥത്തില്‍ തന്നെ ഇടി അല്ലാഹുവിന്റെ സ്തുതിപ്രകീര്‍ത്തിക്കുന്നുണ്ട്. മനുഷ്യനില്‍ നിന്ന് അല്ലാഹു ഗോപ്യമാക്കിവച്ച ഈ അദൃശ്യകാര്യം അവന്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്‌തേ പറ്റൂ. ഈ പ്രപഞ്ചത്തിന്റെയും തന്റെ സ്വശരീരത്തിന്റെ തന്നെയും യാഥാര്‍ത്ഥ്യങ്ങളില്‍ വളരെ കുറച്ചു മാത്രമല്ലേ മനുഷ്യനറിയൂ. (ഫീളിലാല്‍ 4/2051, 1985 ബൈറൂത്ത്) പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളും തസ്ബീഹ് ചൊല്ലുമെന്ന് തന്നെയാണ് നമ്മുടെ വിശ്വാസം. അത് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും തിരുഹദീസ് കൊണ്ടും സ്പഷ്ടമായതാണ്. ലോകത്തുള്ള സര്‍വസാധനങ്ങളും അവരുടേതായ ഭാഷയില്‍ അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നുണ്ട്. ഇതാണ് ഏറ്റവും പ്രസിദ്ധമായ അഭിപ്രായം എന്നാണ് ഇബ്‌നുകസീര്‍(റ) പ്രസ്താവിച്ചിട്ടുള്ളത്. ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ''ഭക്ഷണം കഴിക്കുന്ന സമയം ഭക്ഷണം തസ്ബീഹ് ചൊല്ലുന്നത് ഞങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു.'' (ബുഖാരി) ഈ ആശയം പ്രകടമാക്കുന്ന ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. (ഫത്ഹുറഹ്മാന്‍ 3/332) ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''കൃഷി തസ്ബീഹ് ചൊല്ലും; അവനെ സ്തുതിക്കുന്നതോടൊപ്പം. അതിന്റെ കൂലി കര്‍ഷകനാണ്. വസ്ത്രവും തസ്ബീഹ് ചൊല്ലും. വസ്ത്രത്തിലെ അഴുക്ക് വിളിച്ചുപറയും: നീ വിശ്വാസിയാണെങ്കില്‍ എന്നെ കഴുകി വൃത്തിയാക്കൂ. (അല്‍ദുര്‍റുല്‍ മന്‍സൂര്‍ 4/248) അബൂഗാലിബുശ്ശയ്ബാനി(റ)വില്‍നിന്ന്, അദ്ദേഹം പറയുന്നു: ''സാഗര ശബ്ദം തസ്ബീഹാണ്. അതിന്റെ തിരമാലകള്‍ നിസ്‌കാരമാണ്. '' (അല്‍ദുര്‍റുല്‍ മന്‍സൂര്‍ 4/332) ഇക്‌രിമ(റ)വില്‍നിന്ന്, അദ്ദേഹം പറയുന്നു: ''തൂണും മരവും അല്ലാഹുവിന്റെ പ്രകീര്‍ത്തനങ്ങള്‍ വാഴ്ത്തുകയാണ്.'' (അല്‍ ദുര്‍റുല്‍ മന്‍സൂര്‍ 4/332-333) അദ്ദേഹം തന്നെ പറയുന്നു: ''നിങ്ങള്‍ മൃഗങ്ങളെയും വസ്ത്രത്തെയും ശപിക്കരുത്. കാരണം, എല്ലാ വസ്തുക്കളും നാഥന്റെ അപദാനങ്ങള്‍ വാഴ്ത്തുകയാണ്.'' (Ibid) മൈമൂന്‍ബ്‌നു മിഹ്‌റാന്‍(റ) പറയുന്നു: ''ഒരിക്കല്‍ അബൂബക്കര്‍(റ) വലിയ ചിറകുള്ള ഒരു കാക്കയെ കൊണ്ടുവന്നു. എന്നിട്ട് അതിന്റെ ചിറകു വിടര്‍ത്തിയിട്ട് പറഞ്ഞു: പക്ഷി-മൃഗാദികളുടെ വേട്ടയും വൃക്ഷനശീകരണവും പ്രകീര്‍ത്തനത്തെ നഷ്ടപ്പെടുത്തും. (Ibid) തസ്ബീഹിന്റെ ശ്രേഷ്ഠത സൃഷ്ടിച്ച നാഥന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യല്‍ വളരെ മഹത്വമുള്ള ഒരു കൃത്യമാണ്. അവനെ പുകഴ്ത്തുന്നതും സ്തുതിക്കുന്നതുമാണ് എന്തിനെക്കാളുമേറെ അവനിഷ്ടം. അതിനുവേണ്ടിയാണല്ലോ സൃഷ്ടിചരാചരങ്ങളഖിലവും അവന്‍ സംവിധാനിച്ചത്. തസ്ബീഹിന്റെ മഹത്വവും പോരിശയും തിരുനബിയുടെ നിരവധി ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതാണ്. മനുഷ്യേതര ജീവികള്‍ നാഥന്റെ കര്‍ത്തവ്യ നിര്‍വാഹകരായി തസ്ബീഹ് ചൊല്ലുമ്പോള്‍ നന്മ-തിന്മ വിവേചിക്കാവുന്ന മനുഷ്യര്‍ ഇഹ-പര ലോകത്തെ ലാഭേഛയോര്‍ത്താണ് അത് നിര്‍വഹിക്കുന്നത്. പുനര്‍ജീവിത സുഖവിചാരങ്ങളില്ലാത്ത ചരാചരങ്ങളെക്കാള്‍ അത് നിര്‍വഹിക്കേണ്ടതും മനുഷ്യര്‍ തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter