പ്രാര്‍ത്ഥന: വിശ്വാസിയുടെ രക്ഷാകവചം
വിശ്വാസിയുടെ ജീവിതത്തിന്റെ ദിശ നിര്‍ണയിക്കുന്നത് പ്രാര്‍ത്ഥനയാണ്. സര്‍വലോക രക്ഷിതാവും നിയന്താവുമായ അല്ലാഹുവിന്റെ മുമ്പില്‍ സൃഷ്ടിയും ശിരസ്സും മനസ്സും വിനയത്താല്‍ നമ്രമാവുന്നു. അല്ലാഹുവിന്റെ മഹത്തായ ഔദാര്യത്തില്‍ നിന്ന് ഒരു വിഹിതം അവന്‍ താഴ്മയോടെ ചോദിക്കുന്നു.
തനിക്കു വേണ്ടി മാത്രമല്ല വിശ്വാസി പ്രാര്‍ത്ഥിക്കുന്നത്. തന്റെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും ഗുരുനാഥന്‍മാര്‍ക്കും മിത്രങ്ങള്‍ക്കും വിശ്വാസികളുടെ സമൂഹത്തിനു മൊത്തമായും മണ്‍മറഞ്ഞുപോയ വിശ്വാസ സഹോദരങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ട്. തനിക്കു വേണ്ടി മറ്റുള്ളവര്‍ പ്രാര്‍ത്ഥിക്കുന്നത് അവന്‍ അറിയുന്നു. തനിക്കായി പ്രാര്‍ത്ഥിക്കാന്‍ മറ്റുള്ളവരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. സ്വയം പ്രാര്‍ത്ഥിച്ചും മറ്റുള്ളവരെ കൊണ്ട് പ്രാര്‍ത്ഥിപ്പിച്ചും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചും ഓരോ വിശ്വാസിയും ജീവിതത്തെ ധന്യമാക്കുമ്പോള്‍ വിശ്വാസികളുടെ സമൂഹം നിശ്കളങ്കവും കെട്ടുറപ്പുള്ളതും ആവേണ്ടതാണ്. അതാണ് വിശ്വാസത്തിന്റെ താല്‍പര്യം.
പ്രാര്‍ത്ഥന ആത്മാര്‍ത്ഥപരവും ആഗ്രഹത്തോടെയുള്ളതുമാവുമ്പോഴേ അത് വിശ്വാസത്തിന്റെ താല്‍പര്യത്തെ പൂര്‍ത്തീകരിക്കുകയുള്ളൂ. ജീവിതത്തിലെ പ്രധാനപ്പെട്ടതും അല്ലാത്തതുമായ ചുവടുവെപ്പുകള്‍ക്ക് പ്രാര്‍ത്ഥനയോടെ തുടക്കം കുറിക്കുക മുസ്‌ലിംകളുടെ പ്രത്യേകതയാണ്. ഉറങ്ങാന്‍ കിടക്കുമ്പോള്‍, ഉറക്കമുണരുമ്പോള്‍, വീട്ടില്‍ നിന്നിറങ്ങുമ്പോള്‍, വാഹനം കയറുമ്പോള്‍, ഇറങ്ങുമ്പോള്‍... അങ്ങനെ എല്ലാ സന്ദര്‍ഭങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളുണ്ട്. വിശ്വാസത്തില്‍ നിന്നാണ് പ്രാര്‍ത്ഥന ഉല്‍ഭവിക്കുന്നത്. അതൊരു ചടങ്ങല്ല, മനസ്സിന്റെ ഉള്ളില്‍ നിന്ന് ഉറവെടുത്ത് അല്ലാഹുവിലേക്ക് സാന്ദ്രമായി ഒഴുകി യടുക്കുന്ന ഒന്നാണ്. കര്‍മങ്ങളുടെ പ്രകാശം അതില്‍ പ്രതിഫലിക്കണം. സല്‍കര്‍മങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രാര്‍ത്ഥന കൂടുതല്‍ ഫലപ്രദമാണെന്നും പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചകന്‍ ഇതു സംബന്ധിച്ചു പറഞ്ഞ ഒരു അനുഭവം പ്രസിദ്ധമാണ്.
മൂന്നാളുകള്‍ ഒരു ഗുഹയില്‍ അകപ്പെട്ടു. തല്‍സമയം വലിയൊരു പാറക്കല്ല് അവരെ മൂടിക്കളഞ്ഞു. ഓരോരുത്തരും തങ്ങള്‍ ചെയ്ത ഓരോ പുണ്യപ്രവര്‍ത്തികള്‍ എടുത്തു പറഞ്ഞു പ്രാര്‍ത്ഥിക്കുകയും അങ്ങനെ പാറ അല്‍പാല്‍മായി നീങ്ങി അവര്‍ക്കു രക്ഷപ്പെടാന്‍ സാധിക്കുകയും ചെയ്തു. സംഭവത്തിന്റെ വിശദ രൂപം ഇങ്ങനെയാണ്:
അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു: റസൂല്‍ പറുന്നതായി ഞാന്‍ കേട്ടു: ''നിങ്ങളുടെ പൂര്‍വികരായ മൂന്ന് ആളുകള്‍ ഒരു വഴിക്കു പുറപ്പെട്ടു. ഒരു രാത്രി അവര്‍ ഒരു ഗുഹയില്‍ വിശ്രമിച്ചു. എന്നാല്‍, മലമുകളില്‍ നിന്നും ഉരുണ്ട് വന്ന ഒരു പാറ ഗുഹാമുഖം മൂടിക്കളഞ്ഞു.
നമ്മുടെ സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലല്ലാതെ ഇവിടെ നിന്നും നമുക്ക് രക്ഷപ്പെടാനാവില്ല എന്ന് അവര്‍ പരസ്പരം അഭിപ്രായപ്പെട്ടു. ഒരാള്‍ പ്രാര്‍ത്ഥിച്ചു: ''അല്ലാഹുവേ, എനിക്ക് പ്രായം ചെന്ന മാതാപിതാക്കളുണ്ട്. അവര്‍ക്കു നല്‍കുന്നതിനു മുമ്പായി എന്റെ ഭാര്യക്കോ കുട്ടികള്‍ക്കോ ഞാനൊന്നും കൊടുക്കാറില്ല. ഒരു ദിവസം ഞാന്‍ വിറകു തേടിപ്പോയി. മടങ്ങിവരുമ്പോഴേക്ക് അവര്‍ ഉറങ്ങിപ്പോയിരുന്നു. ഞാന്‍ പാലു കറന്നു പാത്രത്തിലാക്കി നോക്കുമ്പോള്‍ അവര്‍ ഉറങ്ങുകയാണ്. എന്നാല്‍ അവര്‍ക്കു മുമ്പായി ഭാര്യക്കോ കുട്ടികള്‍ക്കോ പാല്‍ കൊടുക്കുന്നതും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പാത്രം കയ്യില്‍ പിടിച്ചു ഞാന്‍ ഉറക്കമൊഴിച്ചു കാത്തുകിടന്നു. കുട്ടികള്‍ എന്റെ പാദത്തിനരികെ വിശന്ന് കരയുന്നുണ്ടായിരുന്നു. പ്രഭാതം വരെ ഞാന്‍ കാത്തു. മാതാപിതാക്കള്‍ ഉണര്‍ന്നു. അവരെ കുടിപ്പിച്ചു. അല്ലാഹുവേ, നിന്റെ തൃപ്തി ആഗ്രഹിച്ചാണ് ഞാന്‍ ഇങ്ങനെ ചെയ്തതെങ്കില്‍ ഞങ്ങളെ മൂടിയിട്ടുള്ള ഈ പാറ നീക്കേണമേ!'' പാറ അല്‍പം നീങ്ങി. എന്നാല്‍ ആ വിടവിലൂടെ അവര്‍ക്കു പുറത്തു കടക്കാന്‍ പറ്റുമായിരുന്നില്ല.
രണ്ടാമത്തെ ആള്‍ പ്രാര്‍ത്ഥിച്ചു: ''അല്ലാഹുവേ, എനിക്കൊരു പിതൃവ്യ പുത്രിയുണ്ടായിരുന്നു. ജനങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവളായിരുന്നു അവള്‍. പുരുഷന്‍ എങ്ങനെ സ്ത്രീകളെ ഇഷ്ടപ്പെടുമോ അത്ര തീവ്രമായി ഞാന്‍ അവളെ ഇഷ്ടപ്പെട്ടു. അവളുമായി വേഴ്ച നടത്താന്‍ ഞാന്‍ ആഗ്രഹിച്ചു. അവള്‍ വഴങ്ങിയില്ല. അങ്ങനെ കുറെ ചെന്നപ്പോള്‍ ഒരു നാള്‍ ഞാനവള്‍ക്ക് നൂറ്റി ഇരുപത് ദീനാര്‍ നല്‍കി. ഞങ്ങള്‍ വിവസ്ത്രരായി. ഞാനവളെ പ്രാപിക്കാനുള്ള ഒരുക്കത്തില്‍ അവളുടെ കാലുകള്‍ക്കരികെ ഇരുന്നപ്പോള്‍ അവള്‍ പറഞ്ഞു: ''അല്ലാഹുവെ സൂക്ഷിക്കുക, അവകാശമില്ലാതെ (നിക്കാഹ് വഴി അനുവദനീയമാവാതെ) മുദ്ര പൊട്ടിക്കരുത്.'' ഞാന്‍ അപ്പോള്‍ തന്നെ പിന്‍ വാങ്ങി. അവളാണെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടവളുമായിരുന്നു. അവള്‍ക്കു നല്‍കിയിരുന്ന പണവും ഞാന്‍ ഉപേക്ഷിച്ചു. അല്ലാഹുവെ, ഞാനിത് ചെയ്തത് നിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടാണെങ്കില്‍ ഞങ്ങള്‍ അകപ്പെട്ടതില്‍ നിന്നു ഞങ്ങളെ രക്ഷപ്പെടുത്തുക.'' പാറ അല്‍പം നീങ്ങി. എന്നാല്‍ ആ വിടവിലൂടെ അവര്‍ക്കു പുറത്തു കടക്കാന്‍ കഴിയുമായിരുന്നില്ല.
മൂന്നാമത്തെ ആള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവെ, ഞാന്‍ കുറെ ജോലിക്കാരെ ജോലിക്കു വിളിച്ചു. പണി കഴിഞ്ഞ് അവര്‍ക്കു കൂലിയും നല്‍കി. എന്നാല്‍ ഒരാള്‍ കൂലി വാങ്ങാതെ പോയി. അവന്റെ കൂലി ഞാന്‍ (ബിസിനസ് വഴി പരിപോഷിപ്പിച്ചു) അങ്ങനെ വലിയൊരു സമ്പത്തായി മാറി. കുറെ കാലം കഴിഞ്ഞു. പ്രസ്തുത തൊഴിലാളി എന്റെ അടുത്തു വന്നു. അയാള്‍ പറഞ്ഞു: ''എനിക്കെന്റെ കൂലി തരണം.'' ഞാന്‍ പറഞ്ഞു: ''ഈ കൊണുന്നതൊക്കെ നിന്റെ കൂലിയാണ്. ഒട്ടകങ്ങളും പശുക്കശും ആടുകളുമൊക്കെ'' അയാള്‍ പറഞ്ഞു: ''അബ്ദുല്ലാ, എന്നെ കളിയാക്കരുത്'' ഞാന്‍ പറഞ്ഞു: '' ഞാന്‍ നിങ്ങളെ കളിയാക്കുകയല്ല.'' അങ്ങനെ അയാളവ സ്വീകരിച്ചു. അതില്‍ നിന്നും ഒന്നും ബാക്കിയാക്കിയില്ല. അല്ലാഹുവെ, ഞാനിത് ചെയ്തത് നിന്റെ പൊരുത്തം ഉദ്ദേശിച്ചാണെങ്കില്‍ ഞങ്ങള്‍ അകപ്പെട്ടതില്‍ നിന്നും ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ.'' കല്ലു നീങ്ങി. അവര്‍ പുറത്തു കടക്കുകയും ചെയ്തു.'' (ബുഖാരി- മുസ്‌ലിം)
വിശ്വാസം, പ്രവര്‍ത്തനം, പ്രാര്‍ത്ഥന എന്നീ ത്രയങ്ങളാണ് വിശ്വാസിയുടെ ജീവിതത്തിന്റെ പൂര്‍ണതക്ക് അടിസ്ഥാനമായിട്ടുള്ളത്.
അല്ലാഹുവിന്റെ പരിഗണന ലഭിക്കാന്‍ പ്രാര്‍ത്ഥന ഒരു ഉപാധിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: ''നബിയേ, താങ്കള്‍ പറയുക. നിങ്ങളുടെ പ്രാര്‍ത്ഥന ഇല്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങളെ പരിഗണിക്കുകയില്ല.''(വി.ഖു. 25-77)
പ്രാര്‍ത്ഥിക്കണം എന്ന് അല്ലാഹു തന്റെ അടിമകളോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. ''അല്ലാഹുവോട് അവന്റെ ഔദാര്യം നിങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുക. പുണ്യമല്ലാതെ ആയുസ്സ് വര്‍ധിപ്പിക്കുകയില്ല'' എന്ന് പ്രവാചകന്‍ അരുളി.
പകല്‍ അശ്വരൂഢരും രാത്രി തപസ്സന്‍മാരുമാണ് വിശ്വാസികള്‍ എന്ന് നബി(സ) ഒരിക്കല്‍ പ്രസ്ഥാവിച്ചിട്ടുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി പകലന്തിയോളം പടപൊരുതുകയും രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹുവിന്റെ കാരുണ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ എന്നാണ് ഇപ്പറഞ്ഞതിന്റെ വിവക്ഷ. വ്യക്തിഗതമായ പ്രാര്‍ത്ഥനകള്‍ ഏകാന്തതയിലും സ്വകാര്യമായും നിര്‍വഹിക്കുന്നതാണ് ഉത്തമം. ''എളിമയിലും രഹസ്യത്തിലും നിങ്ങളുടെ നാഥനെ വിളിക്കുക. തീര്‍ച്ചയായും പരിധി ലംഘിക്കുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നില്ല.'' (വി.ഖു. 7-55)
രാത്രിയിലെ പ്രാര്‍ത്ഥനക്ക് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത് ഇതുകൊണ്ടുമാവാം. പ്രവാചകന്‍(സ) പല രാത്രികളിലും എഴുന്നേറ്റ് ദീര്‍ഘനേരം സ്വകാര്യമായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.
പ്രാര്‍ത്ഥനയാണ് അല്ലാഹുവിലേക്ക് അടുക്കാനുള്ള വഴി. അല്ലാഹു സമീപസ്ഥനാണ്. പക്ഷെ, പ്രാര്‍ത്ഥന ഇല്ലാത്തവനു അല്ലാഹു വിദൂരസ്ഥനായി തോന്നുന്നു. ഭക്തിയും വിശ്വാസവും സമര്‍പ്പണബോധവുമില്ലാത്ത പ്രാര്‍ത്ഥന ചൈതന്യ രഹിതമായിരിക്കും. അല്ലാഹുവോട് ചോദിച്ചാല്‍ ഉത്തരം ലഭിക്കാനുള്ള അര്‍ഹത കൈവരിക്കാന്‍ ഒത്ത ദത്തശ്രദ്ധനായിരിക്കും ഭക്തനായ സത്യവിശ്വാസി. ആലോചിച്ചു നോക്കുക.
ഒരു ആപത്തില്‍ അകപ്പെട്ടാല്‍ തങ്ങളുടെ ഏതു സുകൃതവും എടുത്തു പറഞ്ഞാണ് നിങ്ങള്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുക?. പ്രാര്‍ത്ഥനയില്‍ അല്ലാഹുവിന് കാണിക്കയായി സമര്‍പ്പിക്കാന്‍ മഹത്തായ ഒരു സുകൃതം, നന്‍മ കരുതി വെക്കുക. ഓരോ ജീവിത സന്ദര്‍ഭവും പ്രാര്‍ത്ഥനക്കു മാധ്യമമാക്കാന്‍ പറ്റുന്ന തരത്തിലുള്ളതാക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ ജീവിതം തന്നെ കളങ്കമുക്തവും ശോഭയാര്‍ന്നതുമാവും.
പ്രാര്‍ത്ഥന കൊണ്ട് പരസ്പരം വസിയ്യത്തു ചെയ്യാന്‍ നബി(സ) പഠിപ്പിച്ചു. സജ്ജനങ്ങളുടെ പ്രാര്‍ത്ഥന പ്രത്യേകം ഗുണം ചെയ്യും. അതിനാല്‍ അവരെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കാവുന്നതാണ്. പ്രവാചകന്‍(സ)ക്ക് ഹദ്‌യകള്‍ നല്‍കി വിദൂര സ്ഥലങ്ങളില്‍ നിന്നു വരുന്ന സ്വഹാബികള്‍ പ്രാര്‍ത്ഥിപ്പിക്കാറുണ്ടായിരുന്നു. കുട്ടികളെ നബി(സ)യുടെ അടുത്തേക്കു കൊണ്ടുപോയി അവര്‍ക്കു വേണ്ടി നബിയെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുകയും സ്വഹാബികളുടെ പതിവായിരുന്നു.
മൂന്നു പ്രാര്‍ത്ഥനക്കു ഉത്തരം കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കള്‍, യാത്രക്കാര്‍, മര്‍ദ്ദിതര്‍ എന്നിവരുടെ പ്രാര്‍ത്ഥനകളാണവ. എല്ലാവരുെടയും പ്രാര്‍ത്ഥനകള്‍ അല്ലാഹു കേള്‍ക്കും.
ഉബാദതുബ്‌നു സ്വാമിത് എന്ന സ്വഹാബി നബി(സ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ഭൂമുഖത്തുള്ള ഏതൊരു മുസ്‌ലിമും അല്ലാഹുവിനോട് വല്ല കാര്യത്തിലും പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു അത് തന്നെ നല്‍കുകയോ, അത്രയും ആപത്ത് അയാളില്‍നിന്ന് നീക്കികളയുകയോ ചെയ്യാതിരിക്കില്ല -കുറ്റകരമോ കുടുംബബന്ധം തകര്‍ക്കുന്നതോ ആയ കാര്യത്തിനു വേണ്ടിയല്ല അയാള്‍ പ്രാര്‍ത്ഥിക്കുന്നതെങ്കില്‍.''
നിഷ്‌കളങ്കമായ പ്രാര്‍ത്ഥനകള്‍ ഒരിക്കലും നിരസിക്കപ്പെടുന്നില്ല. ഒന്നുകില്‍ പ്രാര്‍ത്ഥിച്ചത് അല്ലെങ്കില്‍ അതേക്കാളും ഉത്തമമായത് അല്ലാഹു നല്‍കുന്നു. പ്രാര്‍ത്ഥനയിലൂടെ നാം തേടുന്നതിന്റെ നാം അറിയാത്ത ദോഷം അല്ലാഹു ദൂരീകരിക്കുകയാവും ചിലപ്പോള്‍. പൂര്‍വ പ്രവാചകന്‍മാരുടെ പ്രാര്‍ത്ഥനകള്‍ നിരവധി സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ഉദ്ദരിച്ചിട്ടുണ്ട്. ഹദീസുകളില്‍ നിന്ന് പ്രവാചകന്‍(സ)യുടെ പ്രാര്‍ത്ഥനകള്‍ ധാരാളമായി ലഭിക്കുന്നു. അവ പഠിക്കുകയും ശീലമാക്കുകയും ചെയ്യുന്നത് ഉത്തമചര്യയാണ്. ഇസ്‌ലാമിലെ എല്ലാ ആരാധനകളുടെയും മജ്ജ പ്രാര്‍ത്ഥനയാണെന്ന് നബി(സ) വ്യക്തമാക്കുന്നു. പ്രാര്‍ത്ഥയാണ് ആരാധന എന്നും നബി(സ) പറഞ്ഞിട്ടുണ്ട്.
ശറഫുദ്ദീന്‍ കടുങ്ങല്ലൂര്‍
Leave A Comment