വംശീയ കലാപവും ബ്രിട്ടീഷ് ജനതയുടെ മനോഹരമായ പ്രതിരോധവും
ബ്രിട്ടനിൽ കഴിഞ്ഞ ആഴ്ചകളിൽ നടന്ന കുടിയേറ്റ വിരുദ്ധ വംശീയ കലാപം സമത്വവും ജനാധിപത്യവും ഉദ്ഘോഷിക്കുന്ന രാഷ്ട്രത്തിന് വലിയ നാണക്കേടുണ്ടാക്കുന്നതായിരുന്നു. വ്യാജ വാർത്തകളും അസത്യ പ്രചാരണങ്ങളും വികസിത രാഷ്ട്രമായ യുകെയുടെ സാമൂഹിക പരിസരത്തെ വിഷലിപ്തമാക്കുന്നതിന്റെ നേർക്കാഴ്ചയായി ഈ സംഭവങ്ങൾ. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശിഷ്യാ മുസ്‌ലിംകളുടെ കച്ചവട സ്ഥാപനങ്ങളും മതചിഹ്നങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുകയും ഇലോൺ മസ്കിനെപ്പോലുള്ളവർ യുകെ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണെന്നു അഭിപ്രായപ്പെടുകയും ചെയ്തെങ്കിലും ഇച്ഛാ ശക്തിയുള്ള ഭരണകൂടത്തിന്റെ ഇടപെടലും പോലീസിന്റെ പഴുതടച്ച നടപടികളും സർവോപരി സമാധാനം ആഗ്രഹിക്കുന്ന, നമ്മുടെ തെരുവുകൾ വംശീയവാദികൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച നല്ലവരായ യുകെ പൗരന്മാരുടെ നിശ്ചയദാർഢ്യവുമാണ് ഈ കലാപങ്ങള്‍ക്ക് കടിഞ്ഞാണിട്ടത് എന്ന് തന്നെ പറയാം.
കലാപത്തിന്റെ പെട്ടെന്നുള്ള കാരണം
നോർത്ത് ഇംഗ്ലണ്ടിലെ റോത്തർഹാമിൽ നടന്ന ഡാൻസ് പരിപാടിയിൽ 3 പെൺകുട്ടികൾ കൊല്ലപ്പെടുകയും 8 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തത് രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. 17 വയസ്സുകാരനായ ഒരു കൗമാരക്കാരനെ സമീപ ഗ്രാമത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സിറിയയിൽ നിന്ന് 2023ൽ യുകെയിൽ ബോട്ട് മാർഗ്ഗമെത്തിയ ഒരു മുസ്‍ലിം കുടിയേറ്റക്കാരനാണ് കൊലയാളി എന്ന് ദ്രുതഗതിയിൽ വ്യാജ വാർത്ത സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ട പോലീസ് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പൊതുസമൂഹത്തോട് ആവശ്യപ്പെട്ടെങ്കിലും പിറ്റേ ദിവസം വൈകുന്നേരം ആയിരക്കണക്കിന് പേർ സംഭവം നടന്ന പ്രദേശത്ത് ഒരുമിച്ചു കൂടുകയും പ്രദേശത്തെ മുസ്‌ലിം പള്ളിയിൽ അക്രമം നടത്തുകയും ചെയ്തു. പള്ളിക്കും സംഭവസ്ഥലത്ത് എത്തിയ പോലീസിനും നേരെ അക്രമികൾ ഇഷ്ടികയും ബോട്ടിലുകളും എറിയുകയും ഒരു പോലീസ് വാൻ കത്തിക്കുകയും ചെയ്തു. അക്രമത്തിൽ പരിക്കേറ്റ 27 പോലീസുകാരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഈ ആക്രമത്തെ അപലപിച്ച റോത്തർഹാം എംപി പാട്രിക് ഹാർലി, തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി കുഞ്ഞുങ്ങളുടെ മരണത്തെ അക്രമികൾ ഉപയോഗപ്പെടുത്തുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
പടരുന്ന കലാപം
റോത്തർഹാമിലെ കൊലയാളി ക്രിസ്ത്യാനികളായ റുവാണ്ടൻ മാതാപിതാക്കൾക്ക് ജനിച്ച യുകെ പൗരനാണെന്ന് അധികൃതർ പിന്നീട് വ്യക്തമാക്കിയെങ്കിലും യുകെയിലെ കുടിയേറ്റ വിരുദ്ധ ടെലഗ്രാം ഗ്രൂപ്പുകൾ സംഭവം ആളിക്കത്തിച്ചു. നിരോധിക്കപ്പെട്ട കടുത്ത വലതുപക്ഷ സംഘടനയായ ഇംഗ്ലീഷ് ഡിഫൻസ് ലീഗിന്റെ സ്ഥാപകൻ ടോമി റോബിൻസൺ, സോഷ്യൽ മീഡിയ താരമായ ആൻഡ്രൂ ടെയ്റ്റ് തുടങ്ങിയവർ എരിതീയിൽ എണ്ണയൊഴിക്കും വിധമുള്ള സന്ദേശങ്ങൾ തങ്ങളുടെ ഫോളോവേഴ്സുമായി പങ്കുവെച്ചതും ഇംഗ്ലണ്ടിലെയും നോർത്ത് അയർലൻഡിലെയും വിവിധ നഗരങ്ങളിലേക്ക് കലാപം പടരാൻ കാരണമായി. ഇംഗ്ലീഷ് നഗരങ്ങളായ
പ്ലേ മൗത്ത്, ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, ലിവർപൂൾ, സണ്ടർലാന്റ്, പോർട്സ്മൗത്ത്, ബ്ലാക്ക്പൂൾ, ലിവർപൂൾ എന്നിവിടങ്ങളിലും നോർത്ത് അയർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റ് എന്നിവിടങ്ങളിലെല്ലാം അക്രമികൾ അരങ്ങുവാണു. ഇവിടങ്ങളിൽ ന്യൂനപക്ഷങ്ങൾ നടത്തുന്ന വ്യാപാരസ്ഥാപനങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു.
ലിവർപൂളിൽ കൺവീനിയൻസ് ഷോപ്പ് നടത്തുന്ന ഇറാഖീ വംശജനായ അർദലാൻ ഉസ്മാന്റെ കടയില്‍ നിന്നും സിഗരറ്റുകളും വേപ്പുകളും ചോക്ലേറ്റുകളും ടില്ലിൽ സൂക്ഷിച്ചിരുന്ന പണവും അക്രമികൾ കവർന്നു. ബെൽഫാസ്റ്റിൽ കഫേ നടത്തുന്ന സുഡാനിൽ നിന്നുള്ള മുഹമ്മദ് ഇദ്‍രീസിനും സമാനമായ കദനകഥയാണ് പറയാനുള്ളത്. വർഷങ്ങളുടെ അധ്വാനം കൊണ്ട് അദ്ദേഹം പടുത്തുയർത്തിയ കഫെ കൊള്ളയടിക്കുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്തു. മുഹമ്മദ് എവിടെ എന്ന് അക്രമികൾ ഉറക്കെ ചോദിക്കുന്നത് താൻ കേട്ടിരുന്നു എന്ന് മുകളിലെ ഓഫീസിലുണ്ടായിരുന്ന ഇദ്‍രീസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലിവർപൂളിലെ പാക് സംരംഭകനായ സിയ ഉമറിന്റെ കഥയും വ്യത്യസ്തമല്ല. അദ്ദേഹം കഠിനപ്രയത്നം നടത്തി വിജയിപ്പിച്ചെടുത്ത ഐഫിക്സ് മൊബൈൽ ഷോപ്പിലേക്ക് കടന്നു കയറിയ അക്രമികൾ ഷോപ്പിലെ 70,000 പൗണ്ട് വില വരുന്ന മൊബൈലുകൾ കൊള്ളിക്കുകയും കട തകർക്കുകയും ചെയ്തു. വിവിധ അക്രമ സംഭവങ്ങളിൽ നൂറു കണക്കിന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കുടിയേറ്റക്കാരെ താമസിപ്പിച്ച ഹോട്ടലുകളുടെ പരിസരത്താണ് പ്രധാനമായും സംഘർഷങ്ങൾ അരങ്ങേറിയത്.
സർക്കാരിന്റെ പഴുതടച്ച നടപടികൾ
സംഘർഷങ്ങളെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഇവ പ്രതിഷേധ പ്രകടനങ്ങൾ അല്ലെന്നും കലാപമാണെന്നും വ്യക്തമാക്കി. ഈ അക്രമത്തിൽ ഭാഗവാക്കാവുന്നവർ അടുത്ത സമ്മറിൽ വിദേശത്ത് ഹോളിഡേ ആഘോഷിക്കില്ലെന്നും ജയിലിൽ കഴിയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ അദ്ദേഹം പോലീസ് സേനയോട് ആവശ്യപ്പെടുകയും ചെയ്തു. വേണ്ടിവന്നാൽ ഒരു സ്റ്റാൻഡിങ് സൈന്യത്തെ തന്നെ ഇതിനുവേണ്ടി നിയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമങ്ങളെ ശക്തമായി നേരിട്ട പോലീസ് വിവിധ ഇടങ്ങളിൽ നിന്നായി 1000ലധികം പേരെ അറസ്റ്റ് ചെയ്തു.
അക്രമ പ്രവർത്തനങ്ങളിൽ പെട്ടവരുടെ കേസുകൾ പെട്ടെന്ന് തീർപ്പാക്കാൻ കോടതിയും മുന്നോട്ടുവന്നു. കേസെടുക്കപ്പെട്ട 623ൽ 157 പേർക്ക് കോടതി ജയിൽ ശിക്ഷ വിധിച്ചു. ശരാശരി രണ്ടു വർഷമാണ് ഇവർക്ക് വിധിച്ച ശിക്ഷ. ജയിലുകൾ നിറഞ്ഞു കവിയാതിരിക്കാൻ ഓപ്പറേഷൻ ഏർലി ഡൗൺ എന്ന പേരിൽ ചില നടപടികൾ കൂടി സർക്കാർ നടപ്പിലാക്കി. കേസെടുത്തു ആളുകളെ ജയിലിടാൻ തുടങ്ങിയതോടെ അക്രമികൾ ചെറുതായി പിൻവാങ്ങി തുടങ്ങി. കൂടുതൽ പ്രദേശത്തേക്ക് അക്രമം വ്യാപിക്കാതിരിക്കാൻ അത് കാരണമായി.
വംശീയ വിരുദ്ധരുടെ ഒത്തുചേരൽ
പോലീസിന്റെ ശക്തമായ നടപടികൾക്കിടെയാണ് തങ്ങളുടെ തെരുവുകൾ ആർക്കും വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സമാധാന പ്രേമികളായ നാനാത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ബ്രിട്ടീഷ് ജനത തെരുവിലിറങ്ങിയത്. സ്റ്റാൻഡ് എഗൈൻസ്റ്റ് ദ റെയ്സിസം എന്ന സംഘടന ജൂലൈ 11 ശനിയാഴ്ച വംശീയവിരുദ്ധ സമാധാന റാലികളിൽ അണിനിരക്കാൻ രാജ്യത്തെ ജനതയോട് ആഹ്വാനം ചെയ്തു. അതേ തുടർന്ന് സംഘടിപ്പിക്കപ്പെട്ട നിരവധി റാലികളിൽ ആയിരങ്ങൾ അണിനിരന്നു. നൈജൽ ഫരാജ് നേതൃത്വം നൽകുന്ന വലതുപക്ഷ പാർട്ടിയായ റിഫോം യുകെയുടെ ലണ്ടൻ ആസ്ഥാനത്ത് 2000 പേർ പങ്കെടുത്ത പ്രകടനം രാജ്യത്തെ വലത് പക്ഷത്തിന് ശക്തമായ മുന്നറിയിപ്പ് നൽകി. ഫാസിസ്റ്റുകളെയും തീവ്ര വലതുപക്ഷത്തെയും തടുത്തു നിർത്താൻ ലക്ഷങ്ങൾ അണിനിരക്കുന്ന മൂവ്മെന്റിന് നാം രൂപം നൽകണമെന്ന് സംഘടനയുടെ വൈസ് കൺവീനർ വെയ്മൻ ബെന്നെറ്റ് പ്രസ്താവിച്ചു. റീഫോം യു കെ പാർട്ടി ആസ്ഥാനത്തുനിന്നും ട്രഫൽഗർ സ്ക്വയറിലേക്ക് മാർച്ച് ചെയ്ത പ്രകടനക്കാർ ലണ്ടൻ നഗരത്തിലെ മറ്റൊരു ഫാസിസ്റ്റ് വിരുദ്ധ സംഘത്തോടൊപ്പം ചേർന്ന് 5000 പേരുള്ള വൻ റാലിയായി മാറി. "നമ്മുടെ റാലിയിലെ ജനപങ്കാളിത്തം ഫാസിസ്റ്റുകളെ ഭയപ്പെടുത്തിയിരിക്കുന്നു, വംശീയറാലികൾ രാജ്യത്ത് സൃഷ്ടിച്ച ട്രെൻഡ് നാം മാറ്റിമറിച്ചിരിക്കുന്നു, റാലിയിൽ സമാപന പ്രസംഗം നടത്തിയ സാമിറ അലി പ്രഖ്യാപിച്ചു.
ഇതേ ദിവസം ബൈൽഫാസ്റ്റിൽ നടന്ന റാലിയിൽ 15,000 പേരാണ് പങ്കെടുത്തത്. 'കുടിയേറ്റക്കാരുടെ അവകാശങ്ങൾ ഭീഷണി നേരിടുമ്പോൾ നമ്മൾ പോരാടും' എന്നതടക്കമുള്ള പ്ലക്കാർഡുകളുമായാണ് പ്രകടനക്കാർ അണിനിരന്നത്.
നോർവിച്, ലിവർപൂൾ, മാഞ്ചസ്റ്റർ, ഡുൻഡീ, ഹൾ, ശ്രോസ്ബറി, ലെസ്റ്റർ, ഓക്സ്ഫോർഡ്, പോർട്സ്മൗത്, ഹാസ്റ്റിംഗ് ബർമിംഗ്ഹാം, കോവെന്ററി, ന്യൂകാസിൽ തുടങ്ങി മറ്റു നിരവധി യുകെ നഗരങ്ങളിലും ഫാസിസ്റ്റ് വിരുദ്ധ റാലികൾ നടന്നു. പലയിടത്തും തീവ്ര വലതു പക്ഷ പ്രക്ഷോഭകാരികളോട് മുഖാമുഖമായാണ് റാലികൾ നടന്നത്. എല്ലായിടത്തും ഫാസിസ്റ്റ് വിരുദ്ധ സംഘത്തിലായിരുന്നു ജനപങ്കാളിത്തം കൂടുതലുണ്ടായത്. ന്യൂകാസിലിൽ നടന്ന പ്രകടനത്തിൽ ഫാസിസ്റ്റ് വിരുദ്ധ പക്ഷത്ത് 2000 പേർ അണിനിരന്നപ്പോൾ തീവ്ര വലതുപക്ഷത്ത് വെറും 50 പേരെ പങ്കെടുപ്പിക്കാനേ സാധിച്ചുള്ളൂ. നോർവിച്ചിൽ നടന്ന റാലിയിൽ ഫാസിസ്റ്റ് വിരുദ്ധപക്ഷത്ത് 500 പേർ പങ്കെടുത്തപ്പോൾ വെറും 15 പേരിൽ ഒതുങ്ങി തീവ്രവലതുപക്ഷം. ലീഡ്‌സിലെ കുടിയേറ്റക്കാർ താമസിക്കുന്ന ഹോട്ടലിൽ ആക്രമണം നടത്താൻ വലതുപക്ഷം പദ്ധതി ആവിഷ്കരിച്ചെങ്കിലും അതറിഞ്ഞ് സംഭവസ്ഥലത്ത് 300 ൽ അധികം ഫാസിസ്റ്റ് വിരുദ്ധ സംഘം ഒരുമിച്ചു കൂടിയതോടെ ഒരൊറ്റ വംശീയ വാദിയും പ്രദേശത്തെത്താൻ തയ്യാറായില്ല.
വംശീയവാദികളുടെ റാലികളിൽ ഭീഷണി നേരിട്ട ചില മസ്ജിദുകൾക്ക് മുമ്പിൽ ഐക്യദാർഢ്യവുമായി ഫാസിസ്റ്റ് വിരുദ്ധ സംഘം ഒത്തുചേർന്നത് ബ്രിട്ടീഷ് മുസ്‌ലിംകൾക്ക് വലിയ സുരക്ഷിതത്വ ബോധമാണ് പകർന്നു നൽകിയത്. ലിവർപൂളിലെ അബ്ദുല്ല ക്വില്യം മസ്ജിദ്, ഹാസ്റ്റിംഗ് മസ്ജിദ്, റോത്തർഹാം മസ്ജിദ് തുടങ്ങിയവക്ക് ചുറ്റുമുള്ള മുസ്‌ലിം സമൂഹം യഥാർത്ഥ ബ്രിട്ടീഷ് ജനതയുടെ സ്നേഹവും ഒപ്പം ചേരലും അനുഭവിച്ചറിഞ്ഞു. ആക്രമിക്കപ്പെട്ട മസ്ജിദുകളും ന്യൂനപക്ഷ സ്ഥാപനങ്ങളും വൃത്തിയാക്കാനും പൊതുജനം ഒരുമിച്ചെത്തി.
ജൂലൈ 11 ശനിയാഴ്ച യുകെയിലൊന്നാകെ നടന്ന റാലികളിൽ വിവിധ ട്രേഡ് യൂണിയനികൾ, ഗ്രീൻ പാർട്ടി, ലേബർ പാർട്ടി, ഫലസ്തീനനുകൂല സംഘടനകൾ പ്രാദേശിക ചർച്ചുകൾ എന്നിവരെല്ലാം സാവേശം പങ്കെടുത്തതോടെ തങ്ങളുടെ നിലപാടുകൾക്ക് ബ്രിട്ടീഷ് പൊതുജനം എതിരാണെന്ന് വലതുപക്ഷത്തിന് ബോധ്യമായി. അതിനുശേഷം ഒരു നഗരത്തിലും കാര്യമായി വലതുപക്ഷ റാലികൾ പ്രത്യക്ഷപ്പെട്ടതേയില്ല.
ലോകത്ത് പലയിടത്തും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയും വലതുപക്ഷം ശക്തി പ്രാപിക്കുകയും ചെയ്യുമ്പോൾ മഹനീയമായ ഒരു മാതൃക മുന്നോട്ടുവെക്കുകയാണ് യുകെയിലെ സർക്കാറും നല്ലവരായ പൊതുജനങ്ങളും. ഒരു രാജ്യത്തെ ഭൂരിപക്ഷ ജനത തന്നെ ഇവിടെ വെറുപ്പിനും വംശീയതക്കും ഇടമില്ലെന്ന് പ്രഖ്യാപിക്കുന്നതോടെ ആ രാജ്യം നാനാത്വത്തിന്റെയും ഉൾക്കൊള്ളലിന്റെയും രാഷ്ട്രീയം ഉറക്കെ പ്രഖ്യാപിക്കുകയാണ്. വംശീയതയും മതവിദ്വേഷവും വര്‍ഗ്ഗബോധവും വര്‍ദ്ധിച്ചുവരുന്ന ഈ ആധുനികയുഗത്തില്‍ ബ്രിട്ടണ്‍ ലോകത്തിന് തന്നെ മാതൃകയാവുകയാണ് ഇതിലൂടെ.
ഇംഗ്ലണ്ടിലെ അല്‍മദീന സെന്റര്‍ ഇമാം ആണ് ലേഖകനായ റാശിദ് ഹുദവി ഓത്തുപുരക്കല്‍
Leave A Comment