ഇമാം നസാഈ (റ)

അഹ്മദ് ബിന്‍ ശുഐബ് അന്നസാഈ എന്ന് യഥാര്‍ത്ഥ നാമം. അബൂ അബ്ദിര്‍റഹ്മാന്‍ എന്ന് ഓമനപ്പേര്. ഇമാം നസാഈ എന്ന പേരില്‍ പ്രസിദ്ധനായി. ഹിജ്‌റ വര്‍ഷം 215 ല്‍ ഖുറാസാനിലെ നസാ എന്ന പ്രദേശത്ത് ജനനം.

 അദ്ദേഹം ചെറുപ്പം തൊട്ടെ ജ്ഞാന തല്‍പരനായിരുന്നു . പതിനഞ്ചു വയസ്സുവരെ നാട്ടിലെയും പരിസര പ്രദേശങ്ങളിലെയും പണ്ഡിതന്മാരില്‍നിന്ന് വിദ്യ നുകര്‍ന്നു. പതിനഞ്ചു വയസ്സ് പൂര്‍ത്തിയായതോടെ അന്നത്തെ പ്രസിദ്ധ വിജ്ഞാന കേന്ദ്രങ്ങളായ സ്ഥലങ്ങളിലേക്ക് പഠന പര്യടനം തുടങ്ങി. ഹദീസ് ശാസ്ത്രത്തിലാണ് പ്രശസ്തനായത്.

ഹിജ്‌റ 230 ന് അദ്ദേഹം അന്നത്തെ പ്രഗല്‍ഭ ഹദീസ് പണ്ഡിതനായിരുന്ന ബല്‍ഖിലെ ഖുതൈബ ബിന്‍ സഈദ് (റ) ന്റെ അടുത്തെത്തി. ബുഖാരി, മുസ്‌ലിം, അബൂദാവൂദ് തുടങ്ങിയ ജ്ഞാനികളുടെ ഉസ്താദ് കൂടിയായിരുന്നു അദ്ദേഹം. ഒരു വര്‍ഷവും രണ്ടു മാസവും അവിടെ തങ്ങുകയും ഒട്ടനവധി ഹദീസുകള്‍ അവരില്‍നിന്നും പഠിക്കുകയും ചെയ്തു. ശേഷം, ഖുറാസാന്‍, ഹിജാസ്, ഈജിപ്ത്, ഇറാഖ്, ശാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രയായി. അവിടങ്ങളില്‍നിന്നും അനവധി പണ്ഡിതന്മാരെ കണ്ടുമുട്ടുകയും അവരില്‍നിന്നും വിവിധ വിജ്ഞാന ശാഖകള്‍ സ്വന്തമാക്കുകയും ചെയ്തു. ശേഷം, ഈജിപ്തില്‍ താമസമാക്കിയ അദ്ദേഹത്തെ തേടി നാനാഭാഗത്തുനിന്നും ആളുകള്‍ ഒഴുകിയെത്തി. അതുല്യമായ ശിഷ്യ സമ്പത്തും ഇവിടെനിന്ന് അദ്ദേഹത്തിന് ലഭിച്ചു. പില്‍ക്കാലത്തെ ഹദീസ് പടുക്കളായ ഇമാം ഥബ്‌റാനി, അബൂ ജഅഫര്‍ ഥഹ്ഥാവി, അഹ്മദ് ബിന്‍ ഹാറൂന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു.

വിഭവം തേടിയുള്ള തന്റെ യാത്രയില്‍ അനവധി ഗുരുക്കളെ അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. ഇസ്ഹാഖ് ബ്‌നു ഇബ്‌റാഹീം, മുഹമ്മദ് ബ്‌നു ബശ്ശാര്‍, ഹാരിസ് ബ്‌നു മിസ്‌കീന്‍, ഇമാം അബൂദാവൂദ്, മുഹമ്മദ് ബ്‌നു അബ്ദില്‍ അഅ്‌ലാ, മുഹമ്മദ് ഗയ്‌ലാന്‍, ഇമാം തുര്‍മുദി (റ) തുടങ്ങിയവര്‍ അതില്‍ പ്രമുഖരാണ്. ഇസ്ഹാഖ് ബ്‌നു റാഹവൈഹി, ഹിശാം ബ്‌നു അമ്മാര്‍, മുഹമ്മദ് ബ്‌നു നസ്ര്‍ തുടങ്ങിയവരില്‍നിന്നായിരുന്നു പ്രധാനമായും ഹദീസ് പഠനം. അദ്ദേഹത്തില്‍നിന്നു പല പ്രമുഖരും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

അതീവ സൂക്ഷ്മജ്ഞനും തികഞ്ഞ മത ഭക്തനുമായിരുന്നു ഇമാം നസാഈ (റ). നാലു ഭാര്യമാരുണ്ടായിരുന്ന അദ്ദേഹത്തിന്റെ കുടുംബ ജീവിതം ഒരിക്കലും വിജ്ഞാന ജീവിതത്തിന് വിഘാതമായിരുന്നില്ല. ആദ്ധ്യാത്മകി ചിന്തകള്‍ക്കാണ് അദ്ദേഹം കൂടുതല്‍ പ്രാമുഖ്യം നല്‍കിയിരുന്നത്.

ഹദീസ് വിജ്ഞാനത്തില്‍ ഇമാം മുസ്‌ലിമിനെക്കാള്‍ പരിഗണനീയനാണ് നസാഈ എന്ന അഭിപ്രായമുള്ള പണ്ഡിതന്മാര്‍ വരെയുണ്ട്. താന്‍ സംഭരിച്ച വൈജ്ഞാനിക സമ്പത്തിന്റെ ആഴം കാരണമായിരുന്നു ഇത്. വിഖ്യാത ഹദീസ് പണ്ഡിതന്‍ ഇമാം ദാറഖുഥ്‌നിയുടെ അഭിപ്രായത്തില്‍ ഹദീസിലും കര്‍മശാസ്ത്രത്തിലും അതുല്യനായിരുന്നു ഇമാം നസാഈ. അക്കാലത്ത് അദ്ദേഹത്തെ കവച്ചുവെക്കാന്‍ ഒരാളുമുണ്ടായിരുന്നില്ല.
ഹദീസ് മേഖലയില്‍ അനവധി സംഭാവനകള്‍ നല്‍കിയ ഇമാം നസാഇയുടെ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് സുനനുല്‍ കുബ്‌റയും സുനനു സുഗ്‌റയും. ഫലസ്ഥീനിലെ റാമല്ല ഭരണാധികാരിക്ക് സമര്‍പ്പിക്കാന്‍വേണ്ടി എഴുതിയതായിരുന്നു ഇതില്‍ ആദ്യത്തേത്. 5761 ഹദീസുകളുണ്ടായിരുന്നു ഇതില്‍. പക്ഷെ, നിദാന ശാസ്ത്രമനുസരിച്ച് കളങ്കമുള്ളതും ഇല്ലാത്തവയുമുണ്ടായിരുന്നു. ഇതറിഞ്ഞ ഭരണാധികാരി സംശയാസ്പദമായവ ഒഴിവാക്കി, കുറ്റമറ്റ ഒരു ഹദീസ് സമാഹാരം തയ്യാറാക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് അദ്ദേഹം തയ്യാറാക്കിയതാണ് സുനനുസ്സുഗ്‌റ. ഇതാണ് പിന്നീട് സുനനുന്നസാഈ എന്ന പേരില്‍ പ്രസിദ്ധി നേടിയത്. ഇത് അല്‍ മുജ്തബ (തെരഞ്ഞെടുക്കപ്പെട്ടത്) എന്ന പേരില്‍ അറിയപ്പെട്ടു. ഇതിന്റെ വരവോടുകൂടി സുനനുല്‍ കുബ്‌റ അപ്രസക്തമായി.

വിവിധ വിഷയങ്ങളിലായി ഇമാം നസാഈ (റ) വേറെയും ധാരാളം രചനകള്‍ നടത്തിയിട്ടുണ്ട്. അല്‍ ഖസാഇസ്, ഫളാഇലുസ്സ്വഹാബ, അല്‍ മനാസിക് തുടങ്ങിയവ അതില്‍ പ്രധാനങ്ങളാണ്. ഹിജ്‌റ 303 ല്‍ ഫലസ്ഥീനില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു. ബൈത്തുല്‍ മുഖദ്ദസിലാണ് ഖബറ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter