സയ്യിദ് അബുൽഹസൻ ശാദുലി (റ)- ജീവിതവും സന്ദേശവും
ഔലിയാക്കളിൽ ഏറ്റവും പ്രശസ്തനും പ്രമുഖനുമാണ് അൽഖുത്വുബുൽ ഗൗസ് സയ്യിദ് അബുൽഹസൻ ശാദുലി (റ). ഇസ്‍ലാമിക ആത്മീയ സൂഫി സാരണികളിൽ ഏറ്റവും പ്രശസ്തവും പ്രചാരം നേടിയതുമായ സൂഫി മാർഗ്ഗമാണ് ശാദുലി ത്വരീഖത്. ഇതിൻറെ തുടക്കക്കാരനും ഉപജ്ഞാതാവുമാണ് ശൈഖ് ശാദുലി(റ). ഔലിയാക്കളിൽ പ്രധാനിയും നേതാവുമായതിനാൽ അല്‍ഖുത്വുബ്, ഗൗസ് എന്നീ പേരുകൾ അദ്ദേഹത്തിനുണ്ട്. ധാരാളം ഖുതുബുകൾ ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും അവരിൽ പ്രധാനിയും ഉന്നത സ്ഥാനീയനുമായതിനാലാണ് അൽ ഖുത്വുബ് എന്ന നാമത്തിൽ അറിയപ്പെട്ടത്. ഒരു കാലഘട്ടത്തിൽ ഒരു അൽഖുത്വുബ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ് തത്വം.
ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ മുആവിയ (റ) പറഞ്ഞയച്ച പടനായകനായ ഉഖ്ബത്ത് ബ്നു നാഫിഅ് (റ) ന്റെ നേതൃത്വത്തിൽ മൊറോക്കോ കീഴടക്കിയ ശേഷം അങ്ങോട്ട് വന്ന അഹ്‍ലു ബൈത്തിലെ സന്താനപരമ്പരയിൽപെട്ട ആളാണ് ഇമാം ശാദുലി(റ). നബി തങ്ങളുടെ പുത്രിയായ ഫാത്തിമ ബീവിയുടെ മക്കളിൽ ഹസൻ (റ) ന്റെ പതിനാറാമത്തെ പൗത്രനായാണ് ഇമാം ശാദുലി(റ) ജനിക്കുന്നത്.
ഇസ്‍ലാമിക ചരിത്രത്തിൽ മൊറോക്കക്കുള്ള പങ്ക് വളരെ വലുതാണ്. ഒട്ടനവധി മുസ്‍ലിം പണ്ഡിത മഹത്തുക്കൾക്ക് ജന്മം നൽകിയ മൊറോക്കോയിലെ 'സബ്ത' പട്ടണത്തിലെ ഗിമാറ(ceuta) എന്ന ഗ്രാമത്തിലാണ് ഹിജ്റ 573-ല്‍ ശൈഖ് ശാദുലി (റ) ജനിക്കുന്നത്. ജനന ദിവസം ആകാശത്തുനിന്ന് ശക്തമായ ശബ്ദം പുറപ്പെട്ടുവെന്നും ഭൂമിയിലെ സർവ്വ ഔലിയാക്കളും ഒരുമിച്ചു കൂടിയന്നും ചരിത്രങ്ങളിൽ കാണാൻ സാധിക്കും. നീണ്ട കൈവിരലുകൾ, മെലിഞ്ഞ് പൊക്കം കൂടിയ ശരീരം, ആകർഷണീയമായ സാഹിത്യത്തോടുകൂടിയ സംസാരവുമായിരുന്നു ശാദുലി(റ)ന്റേത്.
ചെറുപ്പം മുതൽക്കെ വ്യത്യസ്തമായ വൈജ്ഞാനിക ശാഖകൾ കരസ്ഥമാക്കിയ അദ്ദേഹം പ്രാഥമിക പഠനത്തോടൊപ്പം തന്നെ ഏഴാം വയസ്സോടെ ഖുർആൻ പൂർണ്ണമായും മനപ്പാഠമാക്കി. ശേഷം മൊറോക്കോയിലെ ഫെസിലേക്ക് ദീനീ വിജ്ഞാനം നുകരാൻ വേണ്ടി യാത്രയായി. അവിടെ നിന്നു തന്നെ ആത്മീയ പഠനമായി തസവ്വുഫിന്, അബ്ദുല്ലാഹി ബ്നു അബുൽ ഹസനു ബ്നു ഹറാസിമിൽ നിന്നും തുടക്കം കുറിച്ചു. ശേഷം തുണീഷ്യയിലേക്ക് മടങ്ങി അവിടെനിന്ന് അറബി സാഹിത്യത്തിലും മാലികി മദ്ഹബിലും അവഗാഹം നേടി.
ശേഷം, തസവ്വുഫ് പഠനത്തിനായി അദ്ദേഹം പല രാജ്യങ്ങളിലേക്കും യാത്ര തിരിച്ചു. ഈ യാത്രയിൽ ഇറാഖിൽ എത്തിയപ്പോൾ അബുൽ ഫത്തഹുൽ വാസ്വിതിയെ കാണാൻ ഇടയായി. ഇറാഖിലെ വലിയ പണ്ഡിതനായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞു, നിന്റെ നാട്ടിൽ അൽ ഖുത്വുബ് ഉണ്ടായിരിക്കെ ഇറാഖിൽ വന്ന് ഖുത്വുബിനെ അന്വേഷിക്കുകയാണോ? നീ നിന്റെ മൊറോക്കോയിലേക്ക് മടങ്ങുക. അവിടെ ഖുത്വുബിനെ കണ്ടെത്താനാകും. അങ്ങനെ മൊറോക്കയിലേക്ക് മടങ്ങുകയും അവിടെ അൽ ഖുത്വുബ് അബൂ മുഹമ്മദ് അബ്ദുസ്സലാം ഇബ്നു മശീശിനെ കണ്ടെത്തുകയും ചെയ്തു. അന്നത്തെ വലിയ പണ്ഡിതനായിരുന്നു അദ്ദേഹം.
ശൈഖ് മശീശ് ജനിക്കുന്ന സമയത്ത് അബ്ദുൽ ഖാദർ ജീലാനി(റ)ആ കുട്ടിയെ എടുത്ത് തലയിൽ തടവി ദുആ ചെയ്തിരുന്നുവെന്ന് ചരിത്രങ്ങളിൽ കാണാൻ സാധിക്കും. ശാദുലി(റ) വളരെ ശുദ്ധിയോട് കൂടി ഇബ്നു മശീശ് തങ്ങളുടെ സന്നിധിയിൽ എത്തി. അദ്ദേഹം പറഞ്ഞു: "നീ ആഫ്രിക്കയിലേക്ക് തന്നെ തിരിച്ചുപോവുക. അവിടെ ശാദുലി എന്ന നാട്ടിൽ താമസമാക്കണം. അല്ലാഹു നിങ്ങൾക്ക് ശാദുലിയെന്ന് നാമകരണം ചെയ്യും. ശേഷം നീ ടുണീഷ്യയിലേക്ക് മടങ്ങുക. അവിടെ നിനക്ക് ഖുത്വുബ് സ്ഥാനം ലഭിക്കും." ശൈഖിൽ നിന്നും അറിവും തർബിയതും കരസ്ഥമാക്കിയ ശേഷം ആഫ്രിക്കയിലേക്കും ശേഷം ടുണീഷ്യയിലേക്കും നീങ്ങുന്നത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. ടുണീഷ്യയിലെത്തിയ ശേഷം ഒരു മലമുകളിൽ സാവിയ തുടങ്ങുകയും ശേഷം ഇസ്‍ലാമിക ദഅ്‍വത്തിന് ആഹ്വാനം ലഭിക്കുകയും ചെയ്തു. ഇതിലൂടെയാണ് ശാദുലി ത്വരീഖത്ത് തുടങ്ങുന്നതും ആഗോളപ്രചാരം ലഭിക്കുന്നതും. ലോകം കണ്ട പല പല പണ്ഡിത മഹത്തുക്കളും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. സുൽത്താനുൽ ഉലമ ഇസ്സുദ്ദീനുബ്ന് അബ്ദിസ്സലാം(റ), ഇമാം അഹ്മദ്ബ്ന് ഹാജിബ് (റ), ഇമാം ഇബ്നു ദഖീഖിൽ ഈദ് (റ), ഇമാം അബ്ദുൽ അളീമിൽ മുൻദിരി (റ), ഇമാം ഇബ്നു സ്വലാഹ് (റ), ഇമാം ഇബ്നു ഉസ്പൂർ (റ) തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.
ഒട്ടനവധി കറാമത്തുകളും അത്ഭുത സംഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ശാദുലി(റ)ന്റെ പല ശിഷ്യരും പല കിതാബുകളിലായി ഇവ വിവരിക്കുന്നുണ്ട്. ശാദുലി(റ) തന്റെ ചെറുപ്രായത്തിൽ തനൂസ് പട്ടണത്തിൽ എത്താനിടയായി. അവിടെ വലിയ ക്ഷാമം ആയിരുന്നു. ആളുകൾ റൊട്ടി പോലും കിട്ടാതെ പട്ടണങ്ങളിൽ മരിച്ചു വീഴുന്നത് നേരില്‍ കണ്ട അദ്ദേഹം, കയ്യിൽ പണം ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു എന്ന് ആശിച്ചു പോയി. അങ്ങനെ അദ്ദേഹം തന്റെ കീശയിൽ തപ്പിയപ്പോൾ അദ്ദേഹത്തിന് കുറച്ചു ദിർഹം കിട്ടി.
ഇതുമായി റൊട്ടി വാങ്ങാൻ ചെന്നപ്പോൾ ഇത് പഴയ ദിർഹമുകൾ ആണെന്ന് റൊട്ടി കടക്കാരൻ പറഞ്ഞു. അതിനാൽ തന്റെ തുർക്കിത്തൊപ്പി വിറ്റ് പണമായി നൽകി. ശേഷം തിരികെ മടങ്ങവേ കവാടത്തിന്റെ അരികിൽ ഒരു വ്യക്തിയെ കണ്ടു, അദ്ദേഹം ശൈഖ് ശാദുലിയോട് ചോദിച്ചു: ആ പഴയ ദിർഹമുകൾ എവിടെ? ശൈഖ് ദിർഹമുകൾ അദ്ദേഹത്തിന് നൽകി. അതൊന്നു വീശിയതിനുശേഷം ശൈഖിന് തിരിച്ചു നൽകി. എന്നിട്ട് പറഞ്ഞു, ഇത് പുതിയതാണ്, ഇനി നീ റൊട്ടി കടക്കാരന് കൊടുക്കുക. അത് റൊട്ടിക്കടക്കാരന് നൽകുകയും തൊപ്പി തിരികെ വാങ്ങുകയും ചെയ്തു. അതിനുശേഷം ശൈഖ് ആ വ്യക്തിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ശേഷം ശാദുലി(റ) വെള്ളിയാഴ്ച ജുമുഅക്ക് പള്ളിയിൽ എത്തി രണ്ടു റക്അത് നിസ്കരിച്ച് സലാം വീട്ടിയപ്പോൾ തൊട്ടടുത്ത് ആ മഹാനെ കാണാനിടയായി. ശാദുലി(റ) അദ്ദേഹത്തോട് സലാം പറഞ്ഞു. എന്നിട്ട് ചോദിച്ചു, നിങ്ങൾ ആരാണ്? അപ്പോൾ പറഞ്ഞു: ഞാൻ അഹമ്മദ് ബിൻ ഖളിർ. പിന്നീട് ജുമുഅക്ക് ശേഷം ആ മഹാനെ അദ്ദേഹം കണ്ടതുമില്ല.
ശൈഖ് അബ്ദുല്ലാഹിബ്നു ഹബീബ് (റ) പറയുന്നു: ഞാൻ ശാദുലി ഇമാമിൽ നിന്നും ധാരാളം കറാമത്തുകൾ ദർശിച്ചിട്ടുണ്ട്. ഞാനും ശാദുലി ഇമാമും മല ഇറങ്ങി സഞ്ചരിക്കുമ്പോൾ എന്നോട് പറഞ്ഞു: ഞാൻ വഴിമാറി സഞ്ചരിച്ചാൽ നീ എൻറെ കൂടെ വരരുത്. അല്പം കഴിഞ്ഞ് അദ്ദേഹം വഴി മാറി സഞ്ചരിച്ചു. അന്നേരം ചെറിയ കോഴികളുടെ രൂപത്തിലുള്ള നാല് പക്ഷികളെ ഞാൻ കണ്ടു. ആ കിളികൾ ശൈഖിന്റെ തലക്ക് മുകളിൽ വരിയായി അണിനിരക്കുന്നു. ആ പക്ഷികളെല്ലാം ശൈഖിനോട് സംസാരിക്കുന്നു. പിന്നെ ആ പക്ഷികളോട് കൂടെ കുറെ ചെറിയ പക്ഷികളെ ഞാൻ കണ്ടു. അവർ ആകാശം മുതൽ ഭൂമി വരെ ശൈഖിനെ വലയം വെച്ചു. പിന്നെ അവർ അപ്രത്യക്ഷരായി. തിരിച്ചുവന്ന ശേഷം അദ്ദേഹം എന്നോട് ചോദിച്ചു, അബ്ദുല്ല നീ വല്ലതും കണ്ടോ? ഞാൻ കണ്ടു എന്ന് പറഞ്ഞു. അപ്പോൾ എന്നോട് പറഞ്ഞു, ആ നാല് പക്ഷികളും നാലാം ആകാശത്തിലെ മലക്കുകളാണ്.
ശാദുലി(റ)ന്റെ പ്രധാന ശിഷ്യനായ ശൈഖ് അബ്ദുൽ അസാഇം മാളി പറയുന്നു: ഒരിക്കൽ ശാദുലി(റ) ശിഷ്യന്മാരായ ഞങ്ങളോട് പറഞ്ഞു: എന്റെ ശിഷ്യന്മാർ അരികിലോ വിദൂരത്തോ എവിടെ ആയിരുന്നാലും ഞാന്‍ അവരെ രക്ഷിക്കും. എനിക്കത് വിശ്വാസമായില്ല കാരണം അടുത്താണെങ്കിൽ രക്ഷിക്കാൻ പറ്റുമായിരിക്കും, പക്ഷേ ദൂരത്താണെങ്കിൽ എങ്ങനെ രക്ഷിക്കും എന്നായിരുന്നു എന്റെ സംശയം. പിറ്റേദിവസം എനിക്ക് എന്തോ ഒരു വല്ലായ്മ തോന്നി. ഞാനൊന്ന് അലക്സാണ്ടറിയിലെ കടൽത്തീരത്തേക്ക് പോയി. അവിടെ ആ പകൽ മുഴുവൻ ഞാൻ ചെലവഴിച്ചു. അങ്ങനെ നമസ്കാരത്തിന് ശേഷം തല താഴ്ത്തിയിരിക്കുമ്പോൾ ആരോ എന്നെ വന്ന് തോണ്ടി വിളിച്ചു. ഞാൻ ഫക്കീർ ആണെന്ന് കരുതി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അതൊരു ആഭരണങ്ങൾ ധരിച്ച സുന്ദരിയായ ഒരു പെണ്ണായിരുന്നു. ഞാൻ ചോദിച്ചു നിനക്കെന്താണ് വേണ്ടത്? അവൾ പറഞ്ഞു: നിന്നെയാണ്. ഞാൻ അവളിൽ നിന്നും അല്ലാഹുവിനോട് കാവൽ ചോദിച്ചു. ഉടനെ അവൾ എന്നെ കേറി പിടിച്ചു. ഞാൻ കുറെ തടയാൻ നോക്കി. പക്ഷേ കഴിഞ്ഞില്ല. പെട്ടെന്നാണ് ഒരു കൈ വന്നതും എന്നെ അതിൽ നിന്ന് 'എന്താ മാളി ഇത്' എന്ന് പറഞ്ഞുകൊണ്ട് തടഞ്ഞുനിര്‍ത്തിയതും എന്നെ അല്പം ദൂരേക്ക് വലിച്ചെറിഞ്ഞതും. അത് മഹാനായ ശാദുലി(റ)ആയിരുന്നു. പക്ഷേ ആ വലിച്ചെറിഞ്ഞതിനുശേഷം ഞാൻ ശാദുലി(റ)നെയോ ആ സ്ത്രീയെയോ കണ്ടില്ല. ഞാനാകെ അന്തംവിട്ടുപോയി. ശൈഖിനെതിരെ അങ്ങനെ ചിന്തിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായി. ഞാൻ അല്ലാഹുവിനോട് പൊറുക്കലിനെ തേടി മഗ്രിബ് നിസ്കരിച്ച് വീട്ടിലേക്ക് മടങ്ങി.
അന്നേദിവസം രാത്രി ഇശാ നിസ്കാര ശേഷം ശൈഖ് മജ്ലിസിലേക്ക് വന്നു. ശൈഖ് ചോദിച്ചു: മാളി എവിടെ? അന്നേരം പറഞ്ഞു: ഞങ്ങൾ ഇന്ന് മാളിയെ കണ്ടിട്ടില്ല, ശൈഖ്പറഞ്ഞു: മാളിയുടെ വീട്ടിൽ പോയി തിരക്ക്.അപ്പോൾ ആ മജ്ലിസിൽ ഉണ്ടായിരുന്നവർ പോയി മാളിയെ തിരക്കി. അപ്പോൾ അവിടുന്ന് മാളി പറഞ്ഞു: ഞാൻ രോഗിയാണ്. അവർ ശൈഖിനോട് കാര്യം പറഞ്ഞു. ഷെയ്ഖ് എന്നെ എടുത്തു കൊണ്ടുവരാൻ പറഞ്ഞു. ഞാന്‍ എത്തിയതോടെ അവിടെയുള്ളവരോട് പോകാൻ പറഞ്ഞു. ശേഷം എന്റെ മുന്നിലിരുന്ന് ശൈഖ് പറഞ്ഞു:നീ ഇന്നലെ ഞാൻ പറഞ്ഞതിനെതിരെ ചിന്തിച്ചില്ലേ. നീ തെറ്റിലോട്ടു പോയപ്പോൾ എന്റെ കരം നിന്നെ രക്ഷിച്ചില്ലേ.
ഇങ്ങനെ ധാരാളം സംഭവങ്ങൾ നമുക്ക് പലയിടങ്ങളിലായി കാണാൻ കഴിയും. ഹജ്ജിനുശേഷം ശാദുലി(റ) മദീനയിലെത്തി, നബിയുടെ മേൽ സ്വലാത്തും സലാമും ചെല്ലാൻ തുടങ്ങി. അപ്പോൾ ശൈഖിന് ഒരു പ്രത്യേക അവസ്ഥ അനുഭവപ്പെട്ടു. ശേഷം ശിഷ്യനായ മാളിയോട് പറഞ്ഞു: ഞാൻ നബിയോട് സലാം പറയുമ്പോഴെല്ലാം നബി തങ്ങൾ ചൂണ്ടുവിരൽ കൊണ്ട് സലാം മടക്കിയിരുന്നു.
മഹാനായ ഇസ്സുദ്ധീന് ബ്നു അബ്ദിസ്സലാം ശൈഖിനെ സന്ദർശിക്കാനായി കൈറോയിൽ ചെന്നു. ശൈഖ് ഖിബ്‍ലയുടെ ഭാഗത്തേക്ക് കൈ ചൂണ്ടിക്കാണിച്ചു കൊടുത്തു. അവിടെ ഉണ്ടായിരുന്ന എല്ലാവരും ആ നോട്ടത്തില്‍ കഅ്ബയെ നേരില്‍ കണ്ടുവത്രെ.
ശൈഖ് ശാദുലി(റ) ഒരു യാത്രയ്ക്കിടയിലാണ് വഫാത്താകുന്നത്. ശിഷ്യന്മാരോടൊപ്പം ഒരു യാത്ര പുറപ്പെട്ടതായിരുന്നു. യാത്രയിൽ പ്രധാന ശിഷ്യനായ മാളി(റ)വും ഉണ്ടായിരുന്നു. ഈ യാത്രയെക്കുറിച്ച് മാളി(റ) പറയുന്നത് ഇങ്ങനെയാണ്: ഞങ്ങൾ യാത്ര പുറപ്പെടുമ്പോൾ ഞങ്ങളോട് മൺവെട്ടിയും കൊട്ടയും കൂടെ കരുതാന്‍ ശൈഖ പറഞ്ഞിരുന്നു. ഇതുവരെ ഒരു യാത്രയിലും അങ്ങനെ പറഞ്ഞിട്ടില്ലായിരുന്നു.
ശൈഖിന്റെ മകനായ ഷറഫുദ്ദീൻ പറയുന്നു: ശൈഖിന്റെ സന്നിധിയിൽ സ്ഥിരമായി ഖുർആൻ ഓതിക്കൊണ്ടിരിക്കുന്ന ഒരു അനാഥനായ യുവാവ് ഉണ്ടായിരുന്നു. അവർ ഞങ്ങളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. യാത്രയ്ക്ക് പുറപ്പെട്ടപ്പോൾ ആ കുടുംബത്തെ സന്ദർശിച്ചു. അവൻ ഞങ്ങളോടൊപ്പം വരാൻ വേണ്ടി ആഗ്രഹം പ്രകടിപ്പിച്ചു. അവനെ കൂടെ കൂട്ടാൻ വേണ്ടി ശൈഖ് പറഞ്ഞു. അവൻറെ ഉമ്മ ശൈഖിനോട് പറഞ്ഞു: എപ്പോഴും നിങ്ങളുടെ കണ്ണ് അവനിൽ ഉണ്ടായിരിക്കണം. ശൈഖ് പറഞ്ഞു: ഹുമൈസറ വരെ ഉണ്ടാകും. അങ്ങനെ യാത്ര തുടങ്ങി ഔബരി എന്ന സ്ഥലത്തെത്തിയപ്പോൾ ശൈഖിനും ആ യുവാവിനും രോഗം വന്നു. ഉമൈസറയിൽ എത്തുന്നതിനു മുമ്പ് ആ യുവാവ് മരണമടഞ്ഞു. ശൈഖ് പറഞ്ഞു: അദ്ദേഹത്തെ ഉമൈസറയിൽ എത്തിക്കുക. ഉമൈസറയിൽ അദ്ദേഹത്തെ മറമാടി. ഈ യുവാവിനെയാണ് ആദ്യം ഉമൈസറയിൽ മറമാടിയത്. മറമാടിയതിന് ശേഷം ശാദുലി(റ) തൻറെ ശിഷ്യന്മാരെ വിളിച്ചു കൂട്ടി നസീഹത്തുകൾ നൽകി. ഇശാ-മഗ്‍രിബിനിടയിൽ വെളളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു.ഞാ ൻ പറഞ്ഞു: ഉപ്പുവെള്ളമാണ്. വീണ്ടും കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ശേഷം ആ വെള്ളം കുടിച്ച് കൊപ്ളിച്ച് തുപ്പി. എന്നിട്ട് എന്നോട് കിണറിൽ ഒഴുക്കാൻ പറഞ്ഞു. അതോടെ അത് നല്ല തെളിനീരായി മാറി. വുളൂവെടുത്ത് അല്ലാഹുവിന് ദിക്റ് ചൊല്ലാൻ തുടങ്ങി. അങ്ങനെ സുബിഹിയോട് അടുത്ത സമയം ആ ശബ്ദം നിലച്ചു. ഞാൻ വിചാരിച്ചു, ഉറങ്ങി കാണുമെന്ന്. പക്ഷേ ശൈഖ് വഫാത്തായിരുന്നു. ഞങ്ങൾ ശൈഖിനെയും ഉമൈസറയിൽ തന്നെ മറമാടി.
ശൈഖ് ശാദുലി(റ) അറുപത്തിമൂന്ന് വർഷക്കാലം തൻറെ ആത്മീയ തസവ്വുഫി ജീവിതം നയിച്ചു. ലോക പ്രചാരം നേടിയ ശാദുലി ത്വരീഖത്തും ഒട്ടനവധി ശിഷ്യന്മാരെയും മുരീദുമാരെയും ബാക്കിയാക്കി ഹി-656 ശവ്വാൽ മാസത്തിൽ അദ്ദേഹം ഈ ലോകത്തോട് വിടവാങ്ങി.
Leave A Comment