ദുര്‍ബലരാണ് നമ്മുടെ ശക്തികേന്ദ്രങ്ങള്‍
- ഹനീഫ് റഹ്മാനി പനങ്ങാങ്ങര
- Jul 25, 2023 - 12:46
- Updated: Jul 25, 2023 - 12:46
മുസ്‌ലിംകളുടെ ബദ്ധവൈരിയായിരുന്ന അബൂസുഫ്‌യാന്‍ ഹുദൈബിയാ സന്ധിക്കുശേഷം മദീന സന്ദര്‍ശിക്കാന്‍ വന്നു. ഖുറൈശികളുടെ ക്രൂരപീഢനങ്ങള്‍ക്കിരയായിരുന്ന ബിലാല്‍(റ), സുഹൈബ്(റ), സല്‍മാന്‍(റ) എന്നിവരുടെ മുമ്പില്‍ കൂടി അബൂസുഫ്‌യാന്‍ നടന്നുപോയി. അദ്ദേഹത്തെ കണ്ടപ്പോള്‍ പഴയകാല മർദ്ദനങ്ങൾ ഓർമ്മ വന്ന അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ശത്രുവായ ഇയാള്‍ ഇനിയും വാളിന്നിരയായിട്ടില്ലേ?' സമീപത്തുണ്ടായിരുന്ന അബൂബക്ർ സ്വിദ്ദീഖ്(റ) ഇത് കേട്ട് ക്ഷുഭിതനായി. 'ഖുറൈശികളിൽ തലമുതിർന്നവരും നേതാവുമായിട്ടുള്ള ഒരാളോടാണോ നിങ്ങളിങ്ങനെ പറയുന്നത്?'
വിഷയം നബി (സ്വ) യുടെ അടുത്തെത്തി. എന്നാൽ നബി (സ്വ)യുടെ പ്രതികരണം അബൂബക്ർ (റ) പ്രതീക്ഷിച്ചപോലെയായിരുന്നില്ല. 'അബൂബക്ർ! നിങ്ങൾ ആ പാവങ്ങളെ ദേഷ്യം പിടിപ്പിച്ചുവോ? നിങ്ങൾ അവരെ ദേഷ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ റബ്ബിനെയാണ് ദേഷ്യപ്പെടുത്തിയതെന്നോര്‍ക്കണം.' ഇത് കേട്ടപ്പോള്‍ അബൂബക്ർ(റ) ആ മൂന്ന് സഹോദരങ്ങളുടെയും അടുത്തേക്ക് ഓടിച്ചെന്നിട്ട് ചോദിച്ചു: 'എന്റെ പ്രിയപ്പട്ട സഹോദരങ്ങളേ, ഞാന്‍ നിങ്ങളെ വിഷമിപ്പിക്കുന്ന വല്ലതും പറഞ്ഞുവോ?' അവര്‍ പറഞ്ഞു: 'പ്രിയ സഹോദരാ! ഇല്ല, അല്ലാഹു താങ്കള്‍ക്കു പൊറുത്തുതരട്ടെ.'
ഈ സംഭവം നമുക്ക് ഒട്ടേറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്. സന്ധികാലത്ത് മദീനയിലെത്തിയ, തന്റെ ഭാര്യാപിതാവും മക്കയിലെ നേതാവുമായ അബൂസുഫ്‌യാനെ ആക്ഷേപിച്ചതല്ല നബി(സ്വ)ക്ക് മനോവിഷമമുണ്ടാക്കിയത്. മറിച്ച് ദുര്‍ബലരും മര്‍ദിതരുമായ ആ പാവപ്പെട്ടവരെ തന്റെ മറ്റൊരു ഭാര്യാപിതാവും അടുത്ത സുഹൃത്തുമായ അബൂബക്ർ(റ) ആക്ഷേപിച്ചതാണ്. ദുർബല വിഭാഗങ്ങളോടുള്ള സ്‌നേഹവും അവരുടെ മഹത്വവും സമൂഹത്തെ പഠിപ്പിക്കുകയാണ് നബി (സ്വ) തങ്ങൾ ഈ സംഭവത്തിലൂടെ.
സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ആഭിജാത്യം നടിക്കുകയും ഇല്ലാത്തവൻ കൊള്ളരുതാത്തവനായി തരം താഴ്ത്തപ്പെടുകയും ചെയ്യുന്ന അവസ്ഥ പരിഷ്‌കൃതരെന്നും അഭ്യസ്തവിദ്യരെന്നും അവകാശപ്പെടുന്നവർക്കിടയിൽ പോലുമുണ്ട്. അത്തരം മനോഭാവത്തെ പൊളിച്ചെഴുതുകയും അവരുടെ മനസ്സ് വിഷമിപ്പിച്ചാൽ സ്രഷ്ടാവിനെത്തന്നെ വിഷമിപ്പിക്കലാവുമെന്നും തങ്ങൾ സൂചന നല്കുകയാണിവിടെ.
'നിങ്ങളുടെ കൂട്ടത്തിലെ ദുര്‍ബലരെ എന്റെയടുത്തേക്ക് കൊണ്ടുവരിക. നിശ്ചയം നിങ്ങള്‍ക്ക് സഹായം നല്‍കപ്പെടുന്നതും ആഹാരം നല്‍കപ്പെടുന്നതും ദുര്‍ബലന്മാരുണ്ടായതുകൊണ്ട് മാത്രമാണ്' എന്ന് നബി (സ്വ) ഇടക്കിടെ പറയാറുണ്ടായിരുന്നു. (അബൂദാവൂദ്).
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment