ശൈഖുനാ മാത്തൂര്‍ ഉസ്താദ്, അറിവും ആത്മീയതയും പകര്‍ന്ന മഹത് ജീവിതം
കേരള മുസ്‍ലിംകളുടെ ആത്മീയ സദസ്സുകളിലെ നിറസാനിധ്യമായിരുന്നു മാത്തൂര്‍ ഉസ്താദ്. അരനൂറ്റാണ്ടിലേറെ നീണ്ട ആത്മീയ ജീവിതത്തില്‍ നിരവധി പേര്‍ക്ക് അറിവും ആത്മീയ ശിക്ഷണവും നല്‍കിയ ഉസ്താദിന്റെ ജീവചരിത്രത്തിലൂടെ ഒരു ഹ്രസ്വ സഞ്ചാരമാണ് ഈ ലേഖനത്തിലൂടെ ഉദ്ധേശിക്കുന്നത്.
ജനനവും കുടുംബവും
1944 ഫെബ്രുവരി 23 (ഹിജ്‌റ വര്‍ഷം 1363 സഫര്‍ 29) ന് വ്യാഴാഴ്ച രാവില്‍ ആയിരുന്നു ഉസ്താദിന്റെ ജനനം. നൈതല്ലൂര്‍ സ്വദേശിയായ ഊരംപുള്ളി മുഹമ്മദ് അബ്ദുലത്തീഫ് എന്ന ബാപ്പുട്ടി മുസ്‍ലിയാര്‍ ആണ് പിതാവ്. ബാഖവിയും ശൈഖ് ഹസന്‍ ഹസ്രത്ത് പോലുള്ള പ്രഗത്ഭരുടെ ഉസ്താദും കൂടിയായിരുന്നു അദ്ദേഹം. കൈത്തക്കരയില്‍ 20 വര്‍ഷത്തിലധികം മുദരിസായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. പുതിയങ്ങാടി, കോക്കൂര്‍, ആനക്കര തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചെമ്പുലങ്ങാട് വിളത്തൂര്‍ സ്വദേശിനിയായ കോരക്കാട്ടില്‍ ഫാത്വിമ ഹജ്ജുമ്മയാണ് മാതാവ്. ഉമ്മയുടെ പിതാവായ ശൈഖ് അഹ്മദ്കുട്ടി മുസ്‍ലിയാര്‍ അറിയപ്പെട്ട മതപ്രഭാഷകനായിരുന്നു. അവരുടെ ഉപ്പ ചെമ്പുലങ്ങാട് മൂപ്പര്‍ എന്ന പേരില്‍ പ്രസിദ്ധനായ കുഞ്ഞീതു മുസ്‍ലിയാര്‍ സൂഫിവര്യരില്‍ പ്രധാനിയാണ്. ഉമ്മയുടെ ഉപ്പയും സൂഫീ ജീവിതമായിരുന്നു നയിച്ചിരുന്നത്. കോരക്കാട്ടില്‍ ബാപ്പുട്ടി മുസ്‍ലിയാരുടെ മകള്‍ ഖദീജക്കുട്ടി ഹജ്ജുമ്മയാണ് ഭാര്യ. ഇവര്‍ ഹിജ്‌റ 1432 ജമാദുല്‍ ഊല 10 ന് മരണപ്പെട്ടിരുന്നു.
പഠനകാലം
മാത്തൂര്‍ ഉസ്താദിന്റെ പ്രാഥമിക പഠനം ഉമ്മയില്‍ നിന്ന് തന്നെയായിരുന്നു. അക്കാലത്ത് സമീപ പ്രദേശങ്ങളിലെ സ്ത്രീകളൊക്കൊ മാത്തൂര്‍ ഉസ്താദിന്റെ ഉമ്മയുടെ അടുത്ത് മതപഠനത്തിന് വേണ്ടി എത്തിച്ചേര്‍ന്നിരുന്നു. അതളൂര്‍ എല്‍.പി സ്‌കൂളിലാണ് സ്‌കൂള്‍ പഠനം നടത്തിയത്. ദര്‍സ് വിദ്യഭ്യാസം ഉപ്പയുടെ കീഴിലായിരുന്നു. പത്ത് വര്‍ഷത്തോളം കൈത്തക്കരയില്‍ പ്രധാന കിത്താബുകള്‍, പണ്ഡിതനും സൂഫിവര്യനുമായിരുന്ന ഉപ്പയില്‍ നിന്ന് തന്നെ പഠിച്ചു. പിതാവിന്റെ മരണശേഷം കല്ലൂര്‍ പി.എം അഹ്മദുണ്ണി മുസ്‍ലിയാരുടെ കീഴില്‍ കുറച്ച് കാലം കൂടി കൈത്തക്കരയില്‍ പഠനം തുടര്‍ന്നു. ശേഷം കല്‍പകഞ്ചേരിക്കടുത്ത പറവന്നൂരിലെ ചെറുശ്ശോല കുഞ്ഞഹമ്ദ് മുസ്‍ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു.
പിന്നിട് 1962 ല്‍ പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളേജില്‍ ചേര്‍ന്നു. പൊന്നാനി കോളേജില്‍ ചേരുന്നതിന്റെ തൊട്ടുമുമ്പ് ആതവനാട് സ്വദേശിയായിരുന്ന ഉസ്താദ് എന്തീന്‍കുട്ടി മുസ്‍ലിയാരുടെ കീഴില്‍ ഏതാനും മാസങ്ങള്‍ പഠിച്ചു. ശറഹുതഹ്ദീബ് ഓതാന്‍ വേണ്ടിയായിരുന്നു ഏന്തീന്‍കുട്ടി മുസ്‍ലിയാരുടെ അടുക്കലേക്ക് പോയത്. മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളേജിലെ പ്രഗത്ഭ പണ്ഡിതനും പില്‍ക്കാലത്ത് സമസ്ത വൈസ് പ്രസിഡണ്ടും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പളുമായിരുന്ന കെ.കെ അബ്ദുല്ല മുസ്‍ലിയാരുടെ കീഴില്‍ രണ്ട് വര്‍ഷം പഠിച്ചു. അച്ചിപ്പുറ മുഹമ്മദ് കുട്ടി മുസ്‍ലിയാര്‍, പെരുമ്പറമ്പ് സയ്യിദ് ഹുസൈന്‍ സഖാഫ് ബാഖവി എന്നിവരും പൊന്നാനിയിലെ ഉസ്താദുമാരാണ്. മഊനത്തുല്‍ ഇസ്‌ലാം കോളേജിലെ പഠനകാലത്ത് നാട്ടിക വി. മൂസ മൂസ്‌ലിയാര്‍ ഉസ്താദിന്റെ ജൂനിയറായി ക്യാമ്പസിലുണ്ടായിരുന്നു.
ജാമിഅയും ഉസ്താദുമാരും
1964 ല്‍ ഉപരിപഠനാര്‍ത്ഥം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ചേര്‍ന്നു. ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‍ലിയാര്‍, ശൈഖുനാ കണ്ണിയത്ത് അഹ്മദ് മുസ്‍ലിയാര്‍, ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്‍ലിയാര്‍, താഴേക്കോട് കുഞ്ഞലവി മുസ്‍ലിയാര്‍, കെ.സി ജമാലുദ്ധീന്‍ മുസ്‍ലിയാര്‍, കാടേരി മുഹമ്മദ് മുസ്‍ലിയാര്‍ തുടങ്ങിയവര്‍ മാത്തൂര്‍ ഉസ്താദിന്റെ ജാമിഅ കാലത്തെ ഉസ്താദുമാരാണ്. 1967 ല്‍ ജാമിഅയില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ ഫൈസി ബിരുദം നേടി. മര്‍ഹൂം പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദലി ബാഫഖി തങ്ങള്‍, എരമംഗലം ടി.എം മുഹമ്മദ് മുസ്‍ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‍ലിയാര്‍, കുമരം പുത്തൂര്‍ അബ്ദുറഹ്മാന്‍ മുസ്‍ലിയാര്‍ തുടങ്ങിയവര്‍ ജാമിഅ കാലത്തെ സഹപാഠികളാണ്.
ജാമിഅക്ക് ശേഷം സേവനരംഗത്ത്
1967 ല്‍ ഫൈസി ബിരുദം ലഭിച്ച ശേഷം ശംസുല്‍ ഉലമ ഇ.കെ ഉസ്താദ്, കോട്ടുമല ഉസ്താദ് തുടങ്ങിയവരുടെ നിര്‍ദേശപ്രകാരം പട്ടിക്കാട് പഴയ ജുമുഅത്ത് പള്ളിയില്‍ മുദരിസായി ചുമതലയേറ്റു. ആരോഗ്യപരമായ കാരണത്താല്‍ കൂടുതല്‍ കാലം അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. ഉസ്താദുമാരുടെ സമ്മതത്തോടെ അധികം വൈകാതെ അവിടെ നിന്നും പിരിഞ്ഞു. (പട്ടിക്കാട് ജാമിഅയില്‍ നിന്ന് ബിരുദം കരസ്ഥമാക്കുന്നതിന് മുമ്പ് പൊന്നാനി കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ വലിയ ജുമുഅത്ത് പള്ളിയില്‍ ദര്‍സ് നടത്താനുള്ള ഭാഗ്യവും ഉസ്താദിന് ലഭിച്ചിട്ടുണ്ട്)
പിന്നീട് കൂട്ടായിക്കടുത്ത മംഗലം, തെക്കെ പുന്നയൂര്‍ 6 വര്‍ഷത്തോളം ഖത്തീബും മുദരിസുമായി സേവനമനുഷ്ഠിച്ചു. കാസര്‍ഗോഡ് പെരിയക്കടുത്ത് കുനിയ, കാച്ചിനിക്കാട്, ചാവക്കാട്അങ്ങാടിത്താഴം പള്ളി, പാവറട്ടിക്കടുത്ത പുതുമലശ്ശേരി എന്നിവിടങ്ങളിലെല്ലാം സേവനമനുഷ്ടിച്ചിട്ടുണ്ട്. അവസാനകാലത്ത് സ്വദേശമായ മാത്തൂര്‍ ജുമുഅ മസ്ജിദില്‍ തന്നെയായിരുന്നു മുദരിസായി സേവനം ചെയ്തിരുന്നത്. പ്രഗത്ഭരും പ്രശസ്തരുമായ നിരവധി ശിഷ്യഗണങ്ങള്‍ മാത്തൂര്‍ ഉസ്താദിനുണ്ട്.
ആത്മീയ വഴിയില്‍
ആത്മീയ വഴിയിലെ വിളക്കുമാടമായിരുന്നു ശൈഖുനാ മാത്തൂര്‍ ഉസ്താദ്. കേരളത്തിനകത്തും പുറത്തുമായി എണ്ണമറ്റ ആത്മീയ സദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു മഹാനവര്‍കള്‍. ആത്മീയതയിലേക്ക് ഉസ്താദിനെ കൈപിടിച്ചുയര്‍ത്തിയത്, കക്കിടിപ്പുറം അബൂബക്ര്‍ മുസ്‍ലിയാരുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന പിതാവ് തന്നെയായിരുന്നു. ആ സന്നിധിയിലേക്ക് പോകുമ്പോഴൊക്കെ പിതാവ് ആ മകനെയും കൂടെ കൂട്ടിയിരുന്നു, അതിലൂടെ കക്കിടിപ്പുറം ഉസ്താദുമായി ആത്മീയബന്ധം പുലര്‍ത്താനും അവിടുത്തെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും മാത്തൂര്‍ ഉസ്താദിന് സാധിച്ചിരുന്നു.
ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‍ലിയാര്‍, കക്കിടിപ്പുറം ഉസ്താദ്, അഞ്ചങ്ങാടി കടപ്പുറം സയ്യിദ് ഹിബത്തുല്ലാഹ് അല്‍ ബുഖാരി തങ്ങള്‍ തുടങ്ങിയവരെല്ലാം മാത്തൂര്‍ ഉസ്താദിന്റെ ആത്മീയ വഴിയിലെ ശൈഖുമാരാണ്. ഇവരില്‍ നിന്ന് നിരവധി ഇജാസത്തുകള്‍ മഹനാവര്‍കള്‍ കരസ്ഥമാക്കിയിരുന്നു. ശംസുല്‍ ഉലമയുടെ സഹോദരനായ പഴുന്നാന ഇ.കെ കമാലുദ്ദീന്‍ ഉമറുല്‍ ഖാദിരി (റ) യില്‍ നിന്നാണ് ഖാദരിയ്യ തരീഖത്ത് സ്വീകരിച്ചത്. ആത്മീയ ലോകത്ത് പ്രോജ്ജ്വലിച്ച മഹാപണ്ഡിതനായിരുന്നു ശൈഖ് കമാലുദ്ദീന്‍ ഉമറുല്‍ ഖാദിരി(റ).
പ്രധാന രചനകള്‍
അറബി ഭാഷയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു ശൈഖുനാ മാത്തൂര്‍ ഉസ്താദിന്. നിരവധി രചനകള്‍ ആ തൂലികത്തുമ്പിലൂടെ വിരചിതമായിട്ടുണ്ട്. ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ ഉസ്താദിന്റെ പ്രത്യേക പരിഗണനയും ശ്രദ്ധയും ഉസ്താദിന് ലഭിച്ചിരുന്നു. അറബി ഭാഷയിലുള്ള ഉസ്താദിന്റെ കഴിവും ബുദ്ധിശക്തിയും മറ്റെല്ലാവരേക്കാളും ശംസുല്‍ ഉലമ മനസ്സിലാക്കിയിരുന്നുവെന്ന് ഉസ്താദ് തന്നെ പലപ്പോഴും വെളിപ്പെടുത്തിയിരുന്നു.
പ്രധാനപ്പെട്ട രചനകള്‍
1-അല്‍ അദ്കാറുല്‍ വാരിദ
2-അല്‍ അദ്‌വിയ്യത്തു വല്‍ അസ്മാഅ്
3- അല്‍ ബദരയ്യിത്തുലത്തീഫിയ്യ
4-തുഹ്ഫത്തുത്തുല്ലാബ്
5-തുഹ്ഫത്തുല്‍ മാത്തൂരി ഫീ മനാഖിബ് ശൈഖ് ഖോത്വാരി
6-അത്തഹാനി വല്‍ മറാസി
7-അല്‍ ജൗഹറുല്‍ മുംമ്താസ് ലിഗവാഇബില്‍ അംസാലി വല്‍ ഇല്‍ഗാസ്
8-ഖുതുബാത്തുല്‍ മാത്തൂരി
9-റഹ്മത്തുശ്ശാഫി ഫീ മൗലിദിശ്ശൈഖ് വലിയുള്ള കുഞ്ഞി അഹ്മദ് മുസ്‍ലിയാര്‍ പൊരുമ്പടവീ
10-റൈഹാനത്തുല്‍ മാത്തൂരി അലാതുര്‍ബത്തി ശൈഖ് വലിയ്യുള്ളാഹി അബീബക്കര്‍ മുസ്‍ലിയാര്‍ കക്കിടിപ്പുറം
11-റൈഹാനത്തുല്‍ മഖാസിദ് ഫീ അമലില്‍ മവാലിദി വല്‍ ഇഹ്തിഫാലി ബിഹാ (ഈ ഗ്രന്ഥത്തിന് അവതാരികയെഴുതിയത് ശൈഖുന ശംസുല്‍ ഉലമ ആയിരുന്നു).
12-ശികായത്തുസ്സുഅ്‌ലൂക്ക് ഇലാ മുലികില്‍ മുലൂക് (ഖസീദ)
13-സലാത്തുല്‍ മാത്തൂരി
14-ഫൈളുന്നഈം ഫി മദ്ഹി ശൈഖി ദാവൂദില്‍ ഹകീം
15-അല്‍ഖൗലുസ്സഹീഹ് ഫീ അദദി റകആത്തി ത്തറാവീഹ്
16-കേരള വല്‍ഉലമാഅ്
17-മര്‍ഹബ ബിറബീഇല്‍ അവ്വല്‍ (ഖസീദ)
18-മൗലിദിന്നബിയ്യില്‍ മുസ്ഥഫ വല്‍ ഖുലഫാഇല്‍ അര്‍ബഅ
19-അല്‍മുഖ്തസറുല്‍ മുക്തഫി ഫീ മദ് ഹില്‍ വലിയ്യില്‍ മുഫ്തി (മൗലിദ് ശൈഖ് മുഹ്‍യുദ്ധീന്‍)
20- അല്‍ മൗറിദു അല്‍-റഹ്മൂനീ ഫീ മൗലിദി ശൈഖി വലിയ്യില്ലാഹി ഉമറുല്‍ ഖാളി അല്‍ ബിലന്‍കൂതി
21- മിന്‍ഹതുല്‍ അക്ബര്‍ ഫീ മനാഖിബി ശൈഖ് വലിയ്യില്ലാഹി അബീബകര്‍ മുസ്‍ലിയാര്‍ ആലുവായി
22-മിന്‍ഹതുല്‍ ബാറി ഫീ മനാഖിബി ശൈഖ് വലിയ്യുല്ലാഹി സൈനുദ്ധീന്‍ അല്‍ മശ്ഹൂര്‍
23-നൈലുല്‍ മആമില്‍ ബിശറഹി കിതാബില്‍ അവാമില്‍
24-ഹിദായതുല്‍ അഖാവീം ഇലാ കറാമാതില്‍ മഖാദീം
25-അല്‍ബവാഖിതു സനിയ്യ ഫീ അദില്ലത്തി അഖാഇദിസ്സുന്നിയ്യ
തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ മഹാനവര്‍കള്‍ രചിച്ചിട്ടുണ്ട്.
വഫാത്ത്
ആത്മീയ വഴിയില്‍ ജ്വലിച്ച് കേരളീയ ഉമ്മത്തിന് പ്രകാശം പകര്‍ന്നുകൊടുത്തിരുന്ന മാത്തൂര്‍ ഉസ്താദ് 2021 മെയ് 26 (1442 ശവ്വാല്‍ 13) നായിരുന്നു ഈ ലോകത്തോട് വിടപറഞ്ഞത്. മാത്തൂര്‍ ജുമുഅത്ത് പള്ളിയോട് ചേര്‍ന്നാണ് അന്ത്യവിശ്രമം. നാഥന്‍ അവരുടെ കൂടെ നമ്മെയും ജന്നാത്തുന്നഈമില്‍ ഒരുമിപ്പിക്കട്ടെ ആമീന്‍.
(ജീവിതകാലത്ത് ഉസ്താദുമായി നടത്തിയ അഭിമുഖത്തെ അടിസ്ഥാനമാക്കി എഴുതിയത്)
Leave A Comment