ആരാ കടം തരുക, പിന്നെ പലിശക്ക് വാങ്ങുകയല്ലാതെ എന്ത് ചെയ്യും

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോയി. ഏകദേശ പണികളൊക്കെ പൂര്‍ത്തിയാക്കിയത് കണ്ട്, അവനോട് ഇങ്ങനെ ചോദിച്ചു, വീട് പണി തീര്‍ത്ത വകയില്‍ കടം വല്ലതും ബാക്കിയുണ്ടോ. അപ്പോഴാണ് അവന്‍ ഉള്ളു തുറന്നത്, ബാങ്കില്‍നിന്ന് നല്ലൊരു തുക ലോണ്‍ എടുത്താണ് പണി പൂര്‍ത്തിയാക്കിയത്. ഇത് കേട്ട എനിക്ക് അല്‍ഭുതമടക്കാനായില്ല, എന്ത് പണിയാ നീ ചെയ്തത്, ബാങ്ക് ലോണ്‍ എന്ന് പറയുന്നത് പലിശ നല്‍കലല്ലേ, അത് വന്‍കുറ്റമാണെന്ന് നിനക്ക് അറിയില്ലേ. ഉടനെ വന്നു കുറ്റബോധത്തോടെയുള്ള അവന്‍റെ മറുപടി, അറിയാഞ്ഞല്ല, അതല്ലാതെ വേറെ എന്താ മാര്‍ഗ്ഗം, കടം ചോദിച്ചാല്‍ ആരും തരില്ല, ഇനി ആരെങ്കിലും അല്‍പം തന്നാല്‍ തന്നെ പിന്നെ കാലാകാലം ആ വിധേയത്വം ബാക്കിയുണ്ടാവുകയും ചെയ്യും. 
ചെറുപ്പം മുതലേ മദ്റസയില്‍നിന്ന് തന്നെ നാം പഠിച്ചുതുടങ്ങുന്നതാണ് പലിശ വന്‍പാപമാണെന്ന്. പലിശ വാങ്ങുന്നവനും കൊടുക്കുന്നവനും എഴുതുന്നവനും അതിന് സാക്ഷി നില്‍ക്കുന്നവനുമെല്ലാം അല്ലാഹുവിന്‍റെ ശാപത്തിന് പാത്രമാണെന്നതും നാം പലവുരു പറയുന്നതും കേള്‍ക്കുന്നതുമാണ്. എല്ലാമായിട്ടും, വലിയൊരു വിഭാഗം ജനങ്ങളും ഇന്ന് അതിന് അടിമയാണ്. ചിലരൊക്കെ ഗത്യന്തരമില്ലാതെയാണ് പലപ്പോഴും പലിശാധിഷ്ഠിത ബേങ്കുകളെയും ചിലപ്പോഴെങ്കിലും കഴുത്തറപ്പന്‍ ബ്ലേഡ് കമ്പനികളെയും സമീപിക്കുന്നതെങ്കിലും, നിസ്സാര ആവശ്യങ്ങള്‍ക്ക് പോലും ഇത്തരം സംവിധാനങ്ങളെ ആശ്രയിക്കുന്നവരും ഇല്ലാതില്ല. മൊത്തത്തില്‍, പലിശ എന്നത് സമുദായാംഗങ്ങള്‍ക്കിടയില്‍ പോലും അത്ര വലിയൊരു കുറ്റമല്ലെന്ന തരത്തിലെത്തിയിരിക്കുന്നു കാര്യങ്ങളെന്നര്‍ത്ഥം. 
അതോടൊപ്പം, പ്രയാസപ്പെടുന്നവരെ സഹായിക്കാനാവശ്യമായ സംവിധാനങ്ങളും വളരെ വിരളമായിക്കൊണ്ടിരിക്കുന്നു എന്നതും പലപ്പോഴും ഇതിന് കാരണമാവുന്നു. സാമ്പത്തികമായി സമുദായം ഇന്ന് ഏറെ മുന്നിലാണ്, വീടുകളും പള്ളികളുമെല്ലാം പണിയുന്നത് ലക്ഷങ്ങളും കോടികളും ചെലവാക്കിയാണ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താനും ബിസിനസ് രംഗത്ത് മുതല്‍മുടക്കാനും നിമിഷാര്‍ദ്ധം കൊണ്ട് കോടികള്‍ സ്വരൂപിക്കാന്‍ നമുക്കാവുന്നു. എന്നാല്‍ ഇത്തരം വൈയ്യക്തികവും സാമൂഹ്യവുമായ മുന്നേറ്റങ്ങളെല്ലാം നടത്തുമ്പോഴും, അത്യാവശ്യഘട്ടങ്ങളില്‍ സമീപിക്കാന്‍ നമുക്ക് സംവിധാനങ്ങളില്ലാതെ പോവുന്നു എന്നതല്ലേ വസ്തുത. 
ഇവിടെയാണ് നമ്മുടെ മഹല്ലുകളും സംഘടനകളും കൂട്ടായ്മകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്. പലിരശരഹിത സഹായപദ്ധതികള്‍ ഓരോ മഹല്ലുകളിലും വളര്‍ന്നുവരേണ്ടിയിരിക്കുന്നു. അത്യാവശ്യഘട്ടത്തില്‍ ഗത്യന്തരമില്ലാതെ ഒരാള്‍ക്ക് പലിശസംവിധാനങ്ങളെ സമീപിക്കേണ്ടിവരുമ്പോള്‍, അതിന്റെ കുറ്റം ഏറ്റെടുക്കേണ്ടിവരിക ആ വ്യക്തി മാത്രമല്ല, അതിന് കാരണക്കാരായ ആ നാട്ടിലെ മുതലാളിമാരും അവരെ ഉപയോഗപ്പെടുത്തി ഇത്തരം സഹായസംവിധാനങ്ങളൊരുക്കേണ്ട മഹല്ല് കമ്മിറ്റികളും കൂടിയാണെന്ന് പറയേണ്ടതില്ലല്ലോ. 
കേവലം പള്ളിയുടെ പരിപാലനത്തിലും മദ്റസയുടെ നടത്തിപ്പിലും മാത്രം ഒതുങ്ങേണ്ടതല്ല മഹല്ല് കമ്മിറ്റികളുടെ ഉത്തരവാദിത്തം. മറിച്ച്, ആ നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും പ്രശ്നങ്ങളും പഠിച്ച് അവയെ മുന്‍ഗണനാക്രമത്തില്‍ പരിഹരിക്കാനാവശ്യമായ സാധ്യമായ എല്ലാ നടപടികളും എടുക്കേണ്ടത് അവരുടെ ബാധ്യതയാണ്. അല്ലാത്തപക്ഷം, തദ്സ്ഥാനങ്ങളിലിരിക്കുന്നവര്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. 
ഇന്ന് വളരെ അപൂര്‍വ്വം ചില മഹല്ലുകളെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വരുന്നുണ്ടെന്നത് ഏറെ സന്തോഷകരമാണ്. ആ നല്ല മാതൃകകള്‍ പരമാവധി ഏറ്റെടുക്കാനും തങ്ങളുടെ മഹല്ലുകളിലേക്ക് കൂടി വ്യാപിപ്പിക്കാനും ഓരോ മഹല്ലുകാരും മുന്‍കൈയ്യെടുക്കുന്ന പക്ഷം, ഗതിയില്ലാതെ പലിശയെ ആശ്രയിക്കേണ്ടിവരുന്നവരുടെ എണ്ണം കുറക്കാനും ക്രമേണ ഇല്ലാതാക്കാനും സാധിക്കുമെന്നതില്‍ ഒട്ടും സംശയമില്ല. ഇത്തരം നല്ല സംവിധാനങ്ങള്‍ക്ക് പണം നല്‍കാന്‍ സമുദായം എന്നും മുന്‍നിരയില്‍ തന്നെയുണ്ടാവും, അതാണ് ഇത്രയും കാലത്തെ നമ്മുടെ ചരിത്രം കാണിച്ചുതരുന്നത്, വിശിഷ്യാ, സാമ്പത്തികമായി ഏറെ മുന്നേറിയ ഇക്കാലത്ത്. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter