ഉപ്പു കുറഞ്ഞ കറിയും ഉപ്പയുടെ വാക്കും
family diningസമയം രാത്രി 9 മണി. കുട്ടികള്‍ നാളത്തേക്കുള്ള പാഠഭാഗങ്ങളെല്ലാം പഠിച്ചു കഴിഞ്ഞു. ഇശാ നിസ്കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് ഉപ്പ തിരിച്ചെത്തി. ഉമ്മ ഭക്ഷണം വിളമ്പി. എല്ലാവരും ഒന്നിച്ച് ഭക്ഷണമേശക്ക് ചുറ്റും ഇരുന്നു. ബിസ്മി ചൊല്ലി ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ആദ്യ ഉരുള വായിലേക്ക് വെച്ച മകന്‍ ഉപ്പയുടെ മുഖത്തേക്ക് നോക്കി. കറിയില്‍ തീരെ ഉപ്പില്ലായിരുന്നു. ഉപ്പാക്ക് കാര്യം പിടി കിട്ടി. ഉച്ചക്ക് വീട്ടില്‍ നിറയെ വിരുന്നുകാരായിരുന്നു. അവര്‍ക്ക് ഭക്ഷണസാധനങ്ങളെല്ലാം തയ്യാറാക്കിയ ഭാര്യ ഏറെ ക്ഷീണിച്ചിരുന്നു. രാത്രിയിലേക്ക് കൂടി തികയുമെന്ന് കരുതി തയ്യാറാക്കിയ ഭക്ഷണം കഷ്ടിച്ചാണ് ഉച്ചത്തേക്ക് തന്നെ തികഞ്ഞത്. അത്രയും ക്ഷീണിച്ച അവള്‍ക്ക് രാത്രിയിലേക്കുള്ള ഭക്ഷണം കൂടി തയ്യാറാക്കാന്‍ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നമുക്ക് ഹോട്ടലില്‍നിന്ന് വല്ലതും വാങ്ങാം എന്ന് പറഞ്ഞതുമാണ്, പക്ഷേ, അവള്‍ സമ്മതിച്ചില്ല. ആ ക്ഷീണമൊന്നും വകവെക്കാതെ രാത്രിയിലേക്കുള്ള ഭക്ഷണവും അവള്‍ തന്നെ തയ്യാറാക്കുകയായിരുന്നു. ആ കഷ്ടപ്പാടുകള്‍ക്കിടയില്‍ ഉപ്പിടാനോ മറ്റോ മറക്കുന്നത് തികച്ചും സ്വാഭാവികം. കുട്ടികള്‍ വല്ലതും പറയുംമുമ്പേ അവളോടായി അയാള്‍ ഇങ്ങനെ പറഞ്ഞു, ഉപ്പിടാന് മറന്നു അല്ലേ, നിനക്ക് എത്രമാത്രം ക്ഷീണമുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാലും നീ എങ്ങനെ ഇതെല്ലാം ഉണ്ടാക്കി എന്നാ ഞാന് ചിന്തിക്കുന്നത്. ഞാനായിരുന്നെങ്കില് നേരെ പോയി കിടക്കുമായിരുന്നു. ഇത് കേട്ട ഭാര്യക്ക് എന്തെന്നില്ലാത്ത സന്തോഷം, അധ്വാനഫലത്തിന്റെ നിര്‍വൃതിയായിരുന്നു അവള്‍ അപ്പോള്‍ അനുഭവിച്ചത്. ഇത് കേട്ട മക്കളും ഭക്ഷണത്തെ കുറിച്ച് നല്ലത് പറയാന്‍ തുടങ്ങി. വേണമെങ്കില്‍ അത്രയും വിഭവങ്ങള്‍ ഇനിയും ഉണ്ടാക്കാനുള്ള ഊര്‍ജ്ജമാണ് ആ വാക്കുകളിലൂടെ അവള്‍ക്ക് പകര്‍ന്ന് കിട്ടിയത്. നോക്കൂ, എത്ര സന്തുഷ്ടമായ കുടുംബമായിരിക്കും അത്. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും താങ്ങും തണലുമായി മുന്നോട്ട് പോവുമ്പോഴാണ് കുടുംബജീവിതം ഇമ്പമുള്ളതാവുന്നത്. കുടുംബജീവിതത്തില്‍ കുറ്റപ്പെടുത്തലുകള്‍ക്കും അവഗണനകള്‍ക്കും ഒരിക്കലും ഇടം നല്‍കരുത്. ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങള്‍ ഏറെ പ്രധാനമാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. വീട്ടിനുള്ളില്‍ ഭാര്യമാര്‍ പകലന്തിയോളം ചെയ്യുന്ന അധ്വാനങ്ങളെ കുറച്ചുകാണുന്ന ഭര്‍ത്താക്കന്മാരുണ്ട്. വീട്ടിലെ ജോലി ഒരു ദിവസം ചെയ്തുനോക്കുമ്പോഴേ അത് മനസ്സിലാകൂ. ആവുമെങ്കില്‍ അത് അനുഭവിച്ചറിയുക തന്നെ വേണം, ഏറ്റവും ചുരുങ്ങിയത് കണ്ടറിയാനെങ്കിലും സാധിക്കണം. എങ്കിലേ ഒരു നല്ല ഭര്‍ത്താവാവാന്‍ സാധിക്കൂ, അഥവാ, ഭദ്രമായ കുടുംബ ജീവിതം നയിക്കാനും മക്കളെ നല്ലവരായി വളര്‍ത്തിയെടുക്കാനും സാധിക്കൂ എന്നര്‍ത്ഥം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter