ഇറാഖി കവി മുളഫർ അൽ നവാബ് (88) യു.എ.ഇയിലെ, ഷാർജ ടീച്ചിംഗ് ഹോസ്പിറ്റലിൽ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. 1950കളിലും അറുപതുകളിലുമായി കാവ്യജീവിതം ആരംഭിച്ച ഇറാഖി കവികളിൽ ഏറ്റവും പ്രമുഖനായിരുന്നു അൽ-നവാബ്. ഇറാഖിന് അകത്തും പുറത്തുമുള്ള നവാബിന്റെ രാഷ്ട്രീയ കവിതകൾ ജനപ്രിയമായിരുന്നു. അതോടൊപ്പം, എല്ലാ തരം ആളുകള്‍ക്കും ഒരു പോലെ ആകർഷകമായിരുന്ന, വൈകാരികവും ഉല്ലാസ നിര്‍ഭരവുമായ കവിതകളും അദ്ദേഹത്തിന്റേതായി നിരവധിയാണ്.
കേവലം കവിത എഴുത്ത് മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്. സദസ്സിനെ അഭിമുഖീകരിച്ച് കവിത ആലപിക്കുന്ന ശൈലി കൂടി അദ്ദേഹത്തെ വ്യത്യസ്തനാക്കി. ദരിദ്രർ, പീഢിപ്പിക്കപ്പെട്ടവർ എന്നിവരുടെ നീതിക്ക് വേണ്ടിയും ചൂഷണത്തിനും അധിനിവേശത്തിനും നിലവിലുള്ള ഭരണകൂടങ്ങൾക്കും എതിരായും നിലകൊള്ളുകയും ചെയ്ത അദ്ദേഹം, ജന്മനാട്ടിൽ ദീർഘകാലം തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുകയും ശേഷം അരനൂറ്റാണ്ടോളം നീണ്ടുനിന്ന പ്രവാസജീവിതം നയിക്കാൻ നിർബന്ധിതനാവുകയും ചെയ്തു.
1934-ൽ ഇറാഖി തലസ്ഥാനമായ ബാഗ്ദാദിലാണ് മുളഫർ അൽ-നവാബ് ജനിച്ചത്. ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ് ഉത്തരേന്ത്യൻ നാടുകള്‍ ഭരിച്ചിരുന്ന "നവാബ്" കുടുംബത്തിന്റെ പിൻഗാമിയാണത്രെ അദ്ദേഹം. ബ്രിട്ടീഷ് അധിനിവേശത്തെ കുടുംബം ചെറുത്തുനിന്നതിനാല്‍, ഇംഗ്ലീഷ് ഭരണാധികാരി അവരോട് ഏറെ അതൃപ്തനായിരുന്നു. അവസാനം, രാജ കുടുംബത്തെ ബ്രിട്ടീഷ് ഗവൺമെന്റ് നാടുകടത്താന്‍ തീരുമാനിക്കുകയും അവര്‍ തന്നെ തെരഞ്ഞെടുത്തത് പ്രകാരം, നവാബിന്റെ കുടുംബത്തെ ഇറാഖിലേക്ക് പറഞ്ഞയക്കുകയുമാണുണ്ടായതെന്ന് ചരിത്രം.
സമ്പന്നരും പ്രഭുക്കന്മാരും ഉൾക്കൊണ്ട നവാബിന്റെ കുടുംബം കലയിലും സംഗീതത്തിലും അഭിരുചിയുള്ളവരായിരുന്നു. ടൈഗ്രിസ് നദിക്ക് അഭിമുഖമായി കിടക്കുന്ന, നവാബ് കുടുംബ കൊട്ടാരം കവികളുടെയും കലാകാരന്മാരുടെയും രാഷ്ട്രീയക്കാരുടെയും ലക്ഷ്യസ്ഥാനമായിരുന്നു. പ്രൈമറി സ്കൂളിലെ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ, അധ്യാപകൻ അദ്ദേഹത്തിന്റെ കവിതയിലെ സഹജമായ കഴിവ് കണ്ടെത്തിയിരുന്നു. മിഡിൽ സ്കൂളിലെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ കവിതകൾ അവിടത്തെ ചുമർ മാസികകളിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങി.
സമ്പന്നനായ തന്റെ പിതാവിന് കടുത്ത സാമ്പത്തിക ആഘാതമുണ്ടായതിനെത്തുടർന്ന്, തന്റെ മനോഹരമായ കൊട്ടാരമുൾപ്പെടെയുള്ള സമ്പത്തെല്ലാം നഷ്ടമായി. ഏറെ പ്രയാസകരമായ സാമ്പത്തിക സാഹചര്യങ്ങളിലും അദ്ദേഹം ബാഗ്ദാദിലെ ആർട്‌സ് കോളേജിൽ പഠനം തുടരാൻ തന്നെ തീരുമാനിച്ചു. പഠനം പൂര്‍ത്തിയാക്കി, 1958-ൽ ഇറാഖിലെ രാജവാഴ്ചയുടെ അന്ത്യത്തിന് ശേഷം, ബാഗ്ദാദിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ ടെക്നിക്കൽ ഇൻസ്പെക്ടറായി അദ്ദേഹം നിയമിതനായി. കഴിവുള്ള സംഗീതജ്ഞരെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും ഈ ജോലി അദ്ദേഹത്തിന് അവസരം നൽകി.
1963-ൽ അബ്ദുൽ കരീം ഖാസിമിനെതിരെ നടന്ന അട്ടിമറിയുടെ പശ്ചാത്തലത്തിൽ, കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും വൻ അറസ്റ്റിന് വിധേയരായി. അതോടെ, മുളഫർ ഇറാഖ് വിടാൻ നിർബന്ധിതനായി. മുൻ സോവിയറ്റ് യൂണിയനിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൈയ്യിലകപ്പെടുകയും അദ്ദേഹത്തെ അവര്‍ ഇറാഖി അധികാരികൾക്ക് കൈമാറുകയും ചെയ്തു. ശേഷം വിചാരണ നടത്തി, ഇറാഖി സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ശിക്ഷ ജീവപര്യന്തമാക്കി ചുരുക്കുകയായിരുന്നു. സൗദി-ഇറാഖ് അതിർത്തിക്കടുത്തുള്ള "നഖ്‌റത്തുൽ സൽമാൻ" എന്നറിയപ്പെടുന്ന മരുഭൂമിയിലെ ജയിലിൽ കമ്മ്യൂണിസ്റ്റുക്കാർക്കൊപ്പമായിരുന്നു അദ്ദേഹത്തെ പാർപ്പിച്ചത്. അവിടെ വർഷങ്ങളോളം ചെലവഴിച്ച ശേഷം ബാഗ്ദാദിന് തെക്ക് ഭാഗത്തുള്ള ഹില്ല ജയിലിലേക്ക് മാറ്റി.
ഒരിക്കൽ മുളഫർ അൽ-നവാബും ഒരു കൂട്ടം രാഷ്ട്രീയ തടവുകാരും ചേര്‍ന്ന് ജയിൽ മതിലുകൾ മുറിച്ച് പുറത്തേക്ക് എത്താവുന്ന വിധം ഒരു തുരങ്കം കുഴിച്ച് അതിലൂടെ രക്ഷപ്പെട്ടു. അത് ഇറാഖിലും അയൽ അറബ് രാജ്യങ്ങളിലും കോളിളക്കം സൃഷ്ടിച്ചു. ജയിലിൽ നിന്ന് രക്ഷപ്പെട്ട അദ്ദേഹം ബാഗ്ദാദിൽ ഒളിവിൽ കഴിയുകയായിരുന്നു. ആറുമാസത്തോളം അവിടെ ഒളിച്ചിരിക്കുകയും പിന്നീട് തെക്കൻ ഇറാഖിലെ അഹ്വാർ എന്ന പ്രദേശത്തേക്ക് പോകുകയും കർഷകർക്കും സാധാരണക്കാർക്കുമൊപ്പം ഒരു വർഷത്തോളം അവിടെ ചെലവഴിക്കുകയും ചെയ്തു.
1969-ൽ സർക്കാർ വിരോധികൾക്ക് പൊതുമാപ്പ് പുറപ്പെടുവിച്ചതിനാൽ, അദ്ദേഹം വീണ്ടും അധ്യാപക ജോലിയില്‍ തിരിച്ചെത്തി. തുടർന്ന് ഇറാഖ് അറസ്റ്റുകളുടെ ഒരു പുതിയ തരംഗത്തിന് സാക്ഷ്യം വഹിച്ചു, അറസ്റ്റിലായവരിൽ മുളഫർ അൽ-നവാബും ഉൾപ്പെട്ടിരുന്നു. മോചിതനായ ശേഷം, അദ്ദേഹം ആദ്യം ബെയ്റൂതിലേക്കും അവിടെ നിന്ന് ഡമസ്കസിലേക്കും പോയി. അറബ്, യൂറോപ്യൻ തലസ്ഥാനങ്ങൾക്കിടയിൽ ഏറെ കാലം മാറി മാറി താമസിച്ച അദ്ദേഹം, അവസാനം ഡമസ്കസിൽ സ്ഥിരതാമസമാക്കി. ശേഷം 2011ലാണ് അദ്ദേഹം ഇറാഖില്‍ മടങ്ങിയെത്തുന്നത്.
ഇറാഖിലും അറബ് ലോകത്ത് പൊതുവായും, ശക്തമായ വിപ്ലവ കവിതകൾക്കും അറബ് ഭരണകൂടങ്ങൾക്കും സ്വേച്ഛാധിപതികൾക്കുമെതിരായുള്ള ശക്തമായ ആക്ഷേപങ്ങള്‍ക്കും പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ നാമം. മിക്ക അറബ് രാജ്യങ്ങളിലും അദ്ദേഹത്തിന്റെ കവിതകൾ നിരോധിക്കപ്പെട്ടു എന്നത് തന്നെ ഇതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, 1970 മുതൽ കാസറ്റുകളിലായി, പൊതുജനങ്ങള്‍ക്കിടയില്‍ അവ ഏറെ വ്യാപകമാവുകയും ചെയ്തിരുന്നു. ഇറാഖികളുടെ മഹ്മൂദ് ദർവേശ് എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്.
അദ്ദേഹത്തിന്റെ അറബ് ദേശീയതയുടെ മണവാട്ടി എന്ന കവിതയിലെ ചില വരികള്‍ ഇങ്ങനെ വായിക്കാം.
നിങ്ങളുടെ അറബ് ദേശീയതയുടെ മണവാട്ടിയാണ് ജറുസലേം
എന്തിനാണ് രാത്രിയിലെ വ്യഭിചാരികളെ മുഴുവൻ അവളുടെ മുറിയിലേക്ക് കൊണ്ടുവന്നത്
നിങ്ങൾ വാതിലുകൾക്ക് പിന്നിൽ ഒളിഞ്ഞുനോക്കുകയായിരുന്നു
അവളുടെ കന്യകാത്വത്തിന്റെ നിലവിളി നിങ്ങൾ കേട്ടു
അവളുടെ മാനത്തിന് കളങ്കം വരാതിരിക്കാൻ അവളോട് മിണ്ടാതിരിക്കാൻ നിങ്ങൾ ആക്രോശിക്കുന്നു
Leave A Comment