ശരീഅതിനെ ഭയന്ന് രണ്ടാം വിവാഹത്തില്‍ അഭയം തേടുമ്പോള്‍

ഇസ്‍ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ വീണ്ടും ചര്‍ച്ചക്ക് വിധേയമാവുകയാണ്. ശുകൂര്‍ വകീലിന്റെ ആശങ്കയും അതേതുടര്‍ന്ന് രണ്ടാം വിവാഹത്തിന്റെ തീരുമാനവും കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മയായത് സ്വന്തം കുടുംബത്തിലുണ്ടായ ഒരു അനുഭവമാണ്. 

എന്റെ ബന്ധത്തിലുള്ള ഒരു സ്ത്രീയുടെ ഭര്‍ത്താവ്, പിതാവ് ജീവിച്ചിരിക്കെ, ഹൃദയാഘാതം മൂലം പെട്ടെന്ന് മരണപ്പെടുന്നു. കുടുംബത്തിലെ ഏക മകനായ അദ്ദേഹത്തിന് സഹോദരിമാര്‍ മാത്രമാണുണ്ടായിരുന്നത്.  ഒരു പെണ്‍കുട്ടി അടക്കം പറക്കമുറ്റാത്ത നാല് മക്കളാണ്  ആ സ്ത്രീക്കുണ്ടായിരുന്നത്. സ്വത്തിന് അല്പം മോഹം കൂടുതലുള്ള പഴയ രീതിക്കാരാണ് ഭര്‍ത്താവിന്റെ കുടുംബം എന്നത് കൊണ്ട് തന്നെ, ഈ സ്ത്രീയുടെയും മക്കളുടെയും കാര്യം എന്താകുമെന്നതായിരുന്നു കുടുംബത്തിലെ എല്ലാവരുടെയും ആശങ്ക. ശരീഅത് നിയമപ്രകാരം ഈ മക്കള്‍ക്കോ ഭാര്യക്കോ ഒന്നും ലഭിക്കാനുള്ള വകുപ്പില്ലല്ലോ. ആശങ്കപ്പെട്ടത് പോലെ തന്നെ, അനാഥരായ ആ കൊച്ചുമക്കള്‍ക്ക് ഒന്നും കൊടുക്കാന്‍ വലിയുപ്പയും തയ്യാറായില്ലെന്ന് മാത്രമല്ല, ഇനിമുതല്‍ അവരെ പോറ്റാന്‍ തന്റെ സ്വത്ത് ചെലവഴിക്കേണ്ടിവരുമോ എന്ന് പോലും അയാള്‍ ആശങ്കപ്പെട്ടു. സഹോദരിമാരും പിതാവിനോടൊപ്പം അതേ നിലാപടായിരുന്നു. 

അവസാനം ഗത്യന്തരമില്ലാതെ, ആ സ്ത്രീയും കുട്ടികളും സ്വന്തം വീട്ടിലേക്ക് തിരിച്ചുപോന്നു. സ്ത്രീയുടെ പിതാവ്, തന്നോട് ചേര്‍ന്ന് തന്നെ അവര്‍ക്ക് ചെറിയൊരു വീട് വെച്ച് കൊടുത്തു. വൈകാതെ ആ പിതാവും മരണപ്പെട്ടു. ശേഷം ആ സ്ത്രീയുടെ സഹോദരനും ബന്ധുക്കളുമാണ് ആ മക്കളുടെ കാര്യങ്ങള്‍ നോക്കിയത്. കാലം മുന്നോട്ട് നീങ്ങി. ആ മക്കളെല്ലാം വളര്‍ന്ന് വലുതായി. ഇന്ന് അവരെല്ലാം വളരെ നല്ല നിലയിലാണ്. രണ്ട് ആണ്‍മക്കള്‍ വിദേശത്ത് ജോലി ചെയ്യുന്നു. ചെറിയ വീട് വലുതാക്കി പുനര്‍നിര്‍മ്മിച്ചു. മക്കളുടെയെല്ലാം കല്യാണം കഴിഞ്ഞു. മകള്‍ സന്തോഷത്തോടെ ഭര്‍ത്താവിനൊപ്പം വിദേശത്ത് താമസിക്കുന്നു. ഉമ്മയെയും ഇടക്കിടെ അങ്ങോട്ട് കൊണ്ട് പോവാറുണ്ട്. ചുരുക്കത്തില്‍ വളരെ സന്തുഷ്ടമായ കുടുംബമാണ് ഇന്ന് അവര്‍. 

അതേ സമയം, അനാഥരായ തന്റെ കൊച്ചുമക്കളോട് ദയ കാണിക്കാന്‍ പടച്ച തമ്പുരാന്‍ നല്കിയ സുവര്‍ണ്ണാവസരം മനസ്സിലാക്കാതെ, സ്വത്ത് നല്കാന്‍ തയ്യാറാവാത്ത ആ വലിയുപ്പാക്ക്, സ്വത്തും സമ്പാദ്യവുമെല്ലാമുണ്ടായിട്ടും, ഒരു ദിവസം പോലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിഞ്ഞില്ലെന്നതായിരുന്നു സത്യം. കൊച്ചുമക്കള്‍ പോയതോടെ, ആ വീട് തന്നെ ശ്മശാന മൂകമായി മാറി. അറുപത് പിന്നിട്ട വലിയുമ്മയും വലിയുപ്പയും മാത്രമുള്ള ഒരു വൃദ്ധസദനം എന്ന് പറയുന്നതാവും ശരി. വാര്‍ദ്ധക്യസഹജമായ അവശതകളിലെത്തിയപ്പോള്‍, കൂടെനില്‍ക്കാന്‍ അവര്‍ക്ക് ആരുമുണ്ടായില്ല. പെണ്‍മക്കളുടെയെല്ലാം നോട്ടം സ്വത്തില്‍ മാത്രമായിരുന്നു. ഇടക്കെങ്കിലും കാണാനെത്തിയത്, ഒന്നും നല്കാതെ വിട്ട, ആ കൊച്ചുമക്കള്‍ മാത്രമായിരുന്നു എന്നതിനെ കാവ്യനീതി എന്നേ വിളിക്കാനാവൂ.
 
അനുഭവങ്ങളാണല്ലോ ഏറ്റവും വലിയ പാഠം. വായുവും സമയവുമെല്ലാം സംവിധാനിച്ചത് പോലെ, ജീവിക്കാനാവശ്യമായ സ്വത്തും വസ്തുവകകളുമെല്ലാം എല്ലാവര്‍ക്കും തുല്യമായോ ഓരോരുത്തര്‍ക്കും ആവശ്യാനുസരണമോ സംവിധാനിക്കാന്‍ സ്രഷ്ടാവായ അല്ലാഹുവിന് സാധിക്കാത്ത കാര്യമല്ല. എന്നാല്‍, നന്നായി കര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍ ആരെന്ന പരീക്ഷണമാണ് ഈ ജീവിതം, എന്ന സങ്കല്‍പം മുന്നോട്ട് വെക്കുന്ന മതം, അതിനുള്ള അവസരങ്ങള്‍ കൂടി ഒരുക്കുകയാണ് ഇവിടെയൊക്കെ ചെയ്യുന്നത്. മാനുഷിക മൂല്യങ്ങളും അവയുടെ സ്വാംശീകരണവുമാണ് ആ പരീക്ഷണത്തിലെ വിജയപരാജയങ്ങളുടെ അടിസ്ഥാനം. സ്വന്തക്കാര്‍ ഉപേക്ഷിക്കുന്നിടത്ത്, ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സുമനസ്കര്‍ ഓടിയെത്തുന്നത് അവിടെയാണ്. ആരെന്ന് പോലുമറിയാത്ത ദുരിതബാധിതര്‍ക്കായി മണിക്കൂറുകള്‍ക്കകം ലക്ഷങ്ങളും കോടികളും സംഭാവനകളായി ഒഴുകിയെത്തുന്നതും അത് കൊണ്ട് തന്നെ. അത്തരം ചാരു ചിത്രങ്ങളിലൂടെ ഭൂമിയെ സ്വര്‍ഗ്ഗമാക്കി മാറ്റുകയാണ് മതത്തിന്റെ അന്തസ്സത്ത. അല്ലാതെ എല്ലാവര്‍ക്കും ഒരു പോലെ നല്കുന്ന ഒരു ഹോസ്റ്റല്‍ ജീവിതമല്ല ഭൂമിയില്‍ ലക്ഷീകരിക്കപ്പെടുന്നത്.

അനന്തരസ്വത്ത് ഭാഗം വെക്കുന്നിടത്ത് പ്രഥമദൃഷ്ട്യാ നമുക്ക് തോന്നുന്ന ചില അയുക്തികളെയും ഈ കോണിലൂടെ വേണം വായിച്ചെടുക്കാന്‍. പിതാവ് ജീവിച്ചിരിക്കെ മകന്‍ മരിക്കുന്നിടത്ത് നമുക്ക് അനുഭവപ്പെടുന്നത്, ഒന്നും ലഭിക്കാതെ പോവുന്ന പേരമക്കളുടെ വേദനയാണെങ്കില്‍ പെണ്‍മക്കള്‍ മാത്രമുള്ളപ്പോള്‍ മുഴുവന്‍ സ്വത്തും അവര്‍ക്ക് നല്കാതെ, എന്തിനും ഏതിനും കൂടെ നില്ക്കേണ്ട പിതൃസഹോദരങ്ങള്‍ക്ക് കൂടി അതില്‍ ചെറിയൊരു അവകാശം നല്കുന്നതിലെ സന്തോഷരംഗമല്ലേ നാം കാണേണ്ടത്. അങ്ങോട്ട് വന്നാല്‍ എന്ത് തരും, ഇങ്ങോട്ട് വന്നാല്‍ എന്ത് കൊണ്ട് വരും എന്ന ഏകദിശാ ചിന്തക്ക് പകരം അവകാശങ്ങളേക്കാളേറെ ഒരു വിശ്വാസി ചിന്തിക്കേണ്ടത് ബാധ്യതകളെ കുറിച്ചാണ്. 

ഇസ്‍ലാമിക നിയമപ്രകാരം പിതൃസഹോദരങ്ങള്‍ക്ക് ബാധ്യതകള്‍ ഏറെയുണ്ട്. ഉപ്പ മരിക്കുന്നതോടെയോ അപ്രത്യക്ഷമാവുന്നതോടെയോ മക്കളെ വിവാഹം കഴിച്ച് കൊടുക്കാനുള്ള ഉത്തരവാദിത്തം പോലും അവരുടേതാണ്. അറിയാതെ സംഭവിക്കുന്ന മനുഷ്യവധമെന്ന വന്‍പാതകത്തിന് പ്രായശ്ചിത്തമായി നല്കേണ്ട ദിയാധനം ശേഖരിക്കുന്നിടത്തും പിതൃസഹോദരന്മാരടക്കമുള്ളവര്‍ക്ക് ബാധ്യതകളുണ്ട്. അവയെല്ലാം കണക്കിലെടുക്കുമ്പോള്‍, അവര്‍ക്ക് ചില അവകാശങ്ങളും ഉണ്ടാവേണ്ടതല്ലേ. 

മറ്റു ചില വശങ്ങള്‍ കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്. നിലവിലെ വിവാദങ്ങളിലെ കഥാപുരുഷനായ ശുകൂര്‍ വകീലിന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. ഈ തീരുമാനത്തോടെ, അദ്ദേഹത്തിന്റെ സഹോദരങ്ങളുടെ മാനസികാവസ്ഥയും ഇനിയുള്ള സമീപനവും എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പെണ്‍മക്കളെ വിവാഹം കഴിക്കുകയും അവര്‍ ഭര്‍ത്താക്കന്മാരുടെ കൂടെ പോവുകയും ചെയ്താല്‍, ആവശ്യസമയത്ത് കൂടെ നില്ക്കാനുള്ള ഈ സഹോദരങ്ങള്‍ ഇനി അതിന് തയ്യാറാവുമോ. പെണ്‍മക്കളും ഭര്‍ത്താക്കന്മാരും ചേര്‍ന്ന് ഉള്ളതെല്ലാം പിടിച്ചെടുത്ത് വഴിയാധാരമാക്കിയ വാപ്പമാരും നമുക്കിടയിലുണ്ട് എന്ന് കൂടി ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

അതോടൊപ്പം, പ്രായോഗിക ജീവിതത്തില്‍ ആണിനും പെണ്ണിനും ശരീഅത് നിയമപ്രകാരമുള്ള ബാധ്യതകള്‍ പൂര്‍ണ്ണമായി പരിഗണിക്കുമ്പോള്‍, സ്ത്രീകള്‍ എത്രമാത്രം സുരക്ഷിതരാണെന്ന് കൂടി ബോധ്യപ്പെടും. വിവാഹം കഴിയുന്നതോടെ മഹ്റ് ആയി നല്കിയതെല്ലാം അവള്‍ക്ക് സ്വന്തമായി മാറുന്നതോടൊപ്പം, സ്വന്തം കുഞ്ഞിന് മുലപ്പാല്‍ നല്കുന്നതിനും അവര്‍ക്കും ഭര്‍ത്താവിനും ഭക്ഷണം പാകം ചെയ്യുന്നതിനും പോലും വേണമെങ്കില്‍ പ്രതിഫലം ആവശ്യപ്പെടാമെന്നതാണ് ശരീഅത് നിയമം. വീടും വസ്ത്രവും ഭക്ഷണവുമെല്ലാം സംവിധാനിക്കേണ്ട ഉത്തരവാദിത്തം പുരുഷന് മാത്രമാണ് താനും. അങ്ങനെ നോക്കുമ്പോള്‍, ശരീഅത് പ്രകാരം സ്ത്രീക്ക് ചെലവുകള്‍ ഇല്ലെന്ന് തന്നെ പറയാം, വരുമാനമേ ഉള്ളൂ. പുരുഷനാണെങ്കില്‍ നേരെ തിരിച്ചും. എങ്കില്‍ പിന്നെ, ഒരാളുടെ അനന്തരാവകാശികളായി പെണ്‍മക്കള്‍ മാത്രമുള്ളിടത്ത്, അതില്‍നിന്ന് അല്പം സഹോദരങ്ങള്‍ക്ക് കൂടി നല്കുന്നത് തന്നെയല്ലോ ബുദ്ധി. സമ്പത്ത്, ഏതാനും ചില വ്യക്തികളില്‍ പരിമിതമാവുന്നതിന് പകരം, സാധ്യമാവുന്നത്ര ആളുകളിലേക്ക് വിനിമയം ചെയ്യപ്പെടണമെന്ന് കൂടി ശരീഅത് പലയിടത്തും പരിഗണിക്കുന്നതായും കാണാവുന്നതാണ്.

സാമാന്യബുദ്ധിയോടെ നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്കെല്ലാം ബോധ്യപ്പെടുന്നതാണ് മേല്‍പറഞ്ഞതെല്ലാം. അതേസമയം, രണ്ടാം വിവാഹത്തിന് പിന്നില്‍ ശരീഅതിനെ മോശമാക്കി ചിത്രീകരിച്ച് ലിബറലുകളുടെ കൈയ്യടികളോ, ഏകസിവില്‍ കോഡിന് കളമൊരുക്കി സംഘപരിവാരത്തിന്റെ അപ്പക്കഷ്ണങ്ങളോ ആണെങ്കില്‍, അവരോട് സഹതാപമേയുള്ളൂ. ചരിത്രത്തില്‍ ഏറെ മീര്‍ജാഫറുമാരെ മറികടന്നാണ് ഈ മതം ഇവിടെ വരെ എത്തിയത്. അത് അന്ത്യനാള്‍ വരി അതിജീവിക്കുക തന്നെ ചെയ്യും. 

സ്രഷ്ടാവ് സംവിധാനിച്ച ഈ മതത്തെ കുറിച്ചുള്ള ഏതൊരു വിവാദവും അവസാനം അതിന് ഗുണകരമായി ഭവിക്കുന്നതാണ് പലപ്പോഴും നമ്മുടെ അനുഭവം. ഇതും അങ്ങനെത്തന്നെയാവുമെന്നാണ് കാര്യങ്ങളുടെ സഞ്ചാരരീതിയില്‍നിന്ന് മനസ്സിലാവുന്നത്. നമുക്ക് കാത്തിരുന്ന് കാണാം.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter