പേടിക്കേണ്ട, മോഡി നാളത്തെ ‘വാജ്പേയി’ ആകില്ല, കാരണം ഇന്നലെകളില്‍ അയാളും ഒരു ‘അദ്വാനി’യായിരുന്നു
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കിത് നല്ല കാലം. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കാമ്പെയിന്‍ കമ്മിറ്റിയുടെ തലപ്പത്തേക്ക് ഗോവയില് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം മോഡിയെ തെരഞ്ഞെടുത്തിരിക്കുന്നു. അദ്വാനിയടക്കമുള്ള തലമുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചും മോഡിയെ പ്രസ്തുത സ്ഥാനത്തേക്ക് ആനയിച്ചുവെന്നതാണ് ഏറെ അത്ഭുതകരം. അധികം വൈകാതെ പ്രധാനമന്ത്രി പദത്തിലേക്കും അയാളെ തന്നെ പാര്‍ട്ടി നാമനിര്‍ദേശം ചെയ്യുമോ എന്നാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ചര്‍ച്ചകളിലൊന്ന്.
ഏതായാലും മോഡിയുടെ സ്ഥാനാരോഹണം പാര്‍ട്ടിക്ക് നഷ്ടം മാത്രമെ വരുത്തിവെക്കൂ എന്നതിന്‍റെ രാഷ്ട്രീയ സൂചനകള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞു. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിന്നെല്ലാം എല്‍.കെ അദ്വാനി തിങ്കളാഴ്ച രാജിവെച്ചുവെന്ന് വാര്‍ത്ത പുറത്തുവന്നു കൊണ്ടിരിക്കുന്നു. ‘പാര്ട്ടിയുടെ പ്രവര്‍ത്തനരീതികളോടും അതു അടുത്ത കാലത്തായി സ്വീകരിച്ച പാതയോടും പൊരുത്തപ്പെടാന്‍ കഴിയാത്തത് കാരണം താന്‍ എല്ലാ സ്ഥാനങ്ങളും രാജിവെച്ചൊഴിയുകയാണെന്നാണ്’ അധ്യക്ഷന്‍ രാജ്നാഥ്സിംഗിന് അയച്ച കത്തില് അദ്വാനി സൂചിപ്പിച്ചിരിക്കുന്നത്.
അദ്വാനിയെ കൂടാതെ മോഡി സ്ഥാനക്കയറ്റം നല്‍കപ്പെടരുതെന്ന് ആഗ്രഹിച്ച മറ്റു പല വ്യക്തിത്വങ്ങളും ബി.ജെ.പിയിലുണ്ട്. അവരെല്ലാം ഇനി എന്തു തീരുമാനങ്ങളാണ് എടുക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം. രാഷ്ട്രീയമായി പറയുകയാണെങ്കില്‍ ബി.ജെ.പി ഒരു പൊട്ടിത്തെറിയുടെ വക്കിലാണിപ്പോള്‍. ഇത്രയും സങ്കീര്‍ണമായ ഒരവസ്ഥാവിശേഷം നേരിടുന്നത് പാര്ട്ടിയുടെ മൊത്തം ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കണം.
അതെന്തോ ആകട്ടെ. ഗുജറാത്തിലെ ന്യൂനപക്ഷ മുസ്ലിംകളെ അറുംകൊലക്ക് വിട്ടുകൊടുത്ത നരേന്ദ്രമോഡി ചില ബിസിനസ് കോര്‍പറേറ്റുകളുടെ സഹായത്താല് കെട്ടിപ്പൊക്കിയ വികസന ഇമേജ് തന്നെ കാണിച്ച് ഈ മതേതര രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്കസേരയിലേക്ക് വരുമോ എന്നതാണ് മനുഷ്യസ്നേഹികളെ ഇതില്‍ ചിന്തിപ്പിക്കുന്ന ചോദ്യം. പലരും പ്രസ്തുത സംശയം യഥാര്‍ഥ്യമാകാന്‍ പോകുകയാണെന്ന് പലരും പറയുന്നത്. 2014 ലെ തെരഞ്ഞെടുപ്പില്‍ വിജയച്ചുകഴിഞ്ഞാല്‍ പിന്നെ പ്രധാനമന്ത്രി പദത്തിലേക്ക് മോഡി അവരോധിക്കപ്പെടുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.
എന്നാല്‍ അത്തരമൊരു സാധ്യത തീരെയില്ലെന്ന് പറയുന്നതാകും ശരി. കാരണം നരേന്ദ്രമോഡിയുടെ ഇന്നലകളില് അയാള്‍ ഒരു അദ്വാനി തന്നെയായിരുന്നു. ഗുജറാത്ത് വിഷയത്തില് ഇതുവരെ ഒരു മാപ്പ് പറയാന്‍ പോലും സന്നദ്ധത കാണിക്കാത്ത അയാള്‍ ഒരു പക്ഷെ അദ്വാനിയേക്കാളും മോശക്കാരാണെന്നു വരുന്നു. അത് കൊണ്ട് നാളെ അയാളൊരു വാജ്പേയി ആയിമാറാനുള്ള സാധ്യത രാഷ്ട്രീയ ചുറ്റുവട്ടങ്ങളില് ഇല്ല തന്നെ. അല്ലെങ്കില്‍ പിന്നെ ബി.ജെ.പിക്ക് അത്രയും രാഷ്ട്രീയ പരിജ്ഞാനം ഇല്ലാതിരിക്കണം.
1984 ല് രണ്ടു സീറ്റുമാത്രമുണ്ടായിരുന്ന ബി.ജെ.പിയെ 1996 ആയപ്പോഴേക്ക് 161 സീറ്റ് നേടുന്ന ഒരു പാര്‍ട്ടിയാക്കി വളര്ത്തിയത് എല്.കെ അദ്വാനിയായിരുന്നുവല്ലോ. ഹിന്ദുത്വ അജണ്ട നടപ്പാക്കാനായി രഥയാത്ര നടത്തിയത് അദ്വാനിയായിരുന്നു. അതെ തുടര്ന്ന് 1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അക്രമികളെ പ്രോത്സാഹിപ്പിച്ച് അതിന്‍റെ പരിസരത്ത് തന്നെ അദ്വാനിയുണ്ടായിരുന്നു. ഒരു തെരുവുഗുണ്ടയെ പോലെ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് വേണ്ടി തന്‍റെ ജീവിതം മാറ്റി വെച്ചിരുന്നു അദ്വാനി എന്നര്‍ഥം.
എന്നിട്ടും ആദ്യമായി ഭരിക്കാന്‍ പാര്‍ട്ടിയുടെ സഖ്യത്തിന് അവസരമൊത്തു വന്നപ്പോള്‍ പ്രസ്തുത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മൃദഹിന്ദുത്വവാദിയായ അടല്‍ബിഹാരി വാജ്പേയിയായിരുന്നു. തന്‍റെ മുന്‍ചെയ്തികള്‍ കാരണം ലഭിച്ച തീവ്രഹിന്ദുത്വ ഇമേജാണ് പ്രധാനമന്ത്രിക്കസേരയിലേക്ക് വരുന്നതില്‍ സത്യത്തില്‍ അദ്വാനിക്ക് അന്ന് തടസ്സം നിന്നത്. അന്നത് തിരിച്ചറിഞ്ഞത് കൊണ്ടു തന്നെയാണ് മറ്റൊരു വിജയസാധ്യത പാര്‍ട്ടിക്ക് കണ്ട സാഹചര്യത്തില്‍ അദ്വാനി പാകിസ്താനില്‍ പോയി മുഹമ്മദലി ജിന്നയെ പുകഴ്ത്തി പറഞ്ഞതും. അത് പക്ഷെ ആര്‍.എസ്.എസ് അടക്കമുള്ള തീവ്രഹിന്ദുത്വവാദികളുടെ ശത്രുവാക്കി അദ്വാനിയെ മാറ്റിയെന്നത് വേറെ കാര്യം.
അദ്വാനിക്ക് അന്നുണ്ടായ അതെ അനുഭവം തന്നെയാകും മോഡിക്കും നേരിടേണ്ടി വരിക. പ്രധാനമന്ത്രി സ്ഥാനം കൈപിടിയിലെത്തുമ്പോള്‍ ആവറേജ് പൌരന് എതിര്‍പ്പില്ലാത്ത ഒരാള്ക്ക് വേണ്ടി പ്രസ്തുത സീറ്റ് മോഡി വിട്ടുകൊടുക്കേണ്ടി വരും. നേരത്തെ അദ്വാനി വാജ്പേയിക്ക് വിട്ടു കൊടുത്ത പോലെ. കാരണം നേരത്തെ പറഞ്ഞത് തന്നെ: ഇന്നലെകളില്‍ മോഡിയും ഒരു അദ്വാനി തന്നെയായിരുന്നു.
നിലവിലെ ദേശീയ രാഷ്ടീയ പരിസരം കൂടുതല് സങ്കീര്‍ണമാണ്. അത് മോഡിയെ പോലുളള ഒരാളെ പ്രധാനമന്ത്രിയായി അവതരിപ്പിക്കാന്‍ ബി.ജെ.പിയെ അനുവദിക്കില്ല. പ്രാദേശിക ഈര്‍ക്കിള്‍ പാര്‍ട്ടകള്‍ക്ക് ദേശീയ തലത്തില്‍ സ്വാധീനം കൂടിവരുന്ന സാഹചര്യമാണ് നിലവില് രാജ്യത്തുള്ളത്. 1991 ലെ തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് ദേശീയ പാര്‍ട്ടികള്‍ക്കായിരുന്നു 81 ശതമാനം വോട്ടും ലഭിച്ചത്. അന്ന് പ്രാദേശിക പാര്‍ട്ടകള്‍ നേടിയത് 19 ശതമാനം വോട്ട് മാത്രമായിരുന്നു. എന്നാല് പിന്നീടുള്ള ഓരോ തെരഞ്ഞെടുപ്പിലും ചിത്രം മാറിവരുന്നതാണ് കണ്ടത്. 2009 ലെ ഫലം നോക്കുമ്പോള്‍ മൊത്തം വോട്ടുകളില്‍ 34 ശതമാനവും പ്രേദശിക പാര്‍ട്ടികള്‍ക്കായിരുന്നു. കോണ്‍ഗ്രസും ബി.ജെ.പിയുമടക്കമുള്ള ദേശീയ പാര്‍ട്ടികള്ക്ക് 64 ശതമാനം മാത്രം വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 29 ഉം ബി.ജെ.പിക്ക് 19 ഉം ശതമാനം വോട്ടാണ് അന്ന് ലഭിച്ചത്. കോണ്‍ഗ്രസ് പിന്നെ ഭരണത്തിലേക്ക് വന്നത് ഇതര പ്രാദേശിക-ന്യൂനപക്ഷ പാര്ട്ടികളുമായി ചേര്‍ന്ന് രൂപീകരിച്ച മുന്നണിയുടെ സഹായത്താലാണ്.
അതായത് വരും തെരഞ്ഞെടുപ്പിലും ന്യൂനപക്ഷങ്ങളായ പ്രാദേശിക പാര്‍ട്ടികളുടെ അഭിപ്രായം മാനിക്കാതെ ഒരു ദേശീയ പാര്‍ട്ടിക്കും പ്രധാനമന്ത്രിയെ തീരുമാനിക്കുക എളുപ്പമാകില്ല. മോഡിയെ എന്‍.ഡി.എ മുന്നണിയിലെ പല പാര്‍ട്ടികളും നേരത്തെ എതിര്‍ത്തു തുടങ്ങിയിട്ടുണ്ട്. നിതീഷ്കുമാറിന്‍റെ ജെ.ഡി.യു അടക്കമുള്ള പാര്‍ട്ടികള്‍ മോഡിയുടെ പ്രധാനമന്ത്രി സ്ഥാനം അംഗീകരിക്കാനകില്ലെന്ന് തീര്‍ത്തു പറഞ്ഞു കഴിഞ്ഞിട്ടുണ്ട്, പരസ്യമായി തന്നെ. തെരഞ്ഞെടുപ്പ് കാമ്പെയിന്‍ നേതൃസ്ഥാനത്തേക്ക് അവരോധിതനായപ്പോള്‍ നിതീഷ് തന്‍റെ അഭിപ്രായം വീണ്ടും തുറന്നു പ്രഖ്യാപിച്ചത് ഇതോട് ചേര്‍ത്തുവായിക്കണം.
മോഡി ഹിന്ദുത്വവോട്ടുകളെ ഏകീകരിപ്പിക്കുമെന്നായിരിക്കും അനുകൂലികള്‍ക്ക് പറയാനുള്ളത്. ഹിന്ദുത്വവോട്ടുകളുടെ ഏകീകരണം എന്ന ആശയം തന്നെ ആര്‍.എസ്.എസിന്‍റെ അസത്യ നിര്‍മിതിയാണ്. ദളിത്-യാദവ-കമ്മ്യൂണിസ്റ്റ് വോട്ടുകള്‍ക്കെതിരില്‍ അത് ഒരുമിച്ചുവന്നല്ലാതെ ഹിന്ദുത്വവോട്ടുകള്‍ക്ക് സ്വന്തമായി ഒരു ഏകീകരണം ഇല്ല തന്നെ. പുതിയ കാലത്ത് കാലേകൂട്ടി മുന്നണി രൂപീകരിക്കുന്ന രാഷ്ട്രീയ രീതിയായതിനാല്‍ നേരത്തെ സാധ്യമായിരുന്ന ഏകീകരണം പോലും അസാധ്യമായി തീര്‍ന്നിരിക്കുകയും ചെയ്തിരിക്കുന്നു.
മന്‍ഹര്‍ യു.പി കിളിനക്കോട്
ആശയങ്ങള്‍ക്ക് കടപ്പാട്: അഭീക് ബര്‍മന്‍/ ദി എകണോമിക് ടൈംസ്



Leave A Comment