സ്ത്രീ വിദ്യഭ്യാസം; സന്തുലിതമായ കാഴ്ചപ്പാട്

സ്ത്രീ സമൂഹത്തിന് അവരുടേതായ എല്ലാ അംഗീകാരങ്ങളും അവകാശങ്ങളും വകവെച്ച് കൊടുക്കുന്ന മതമാണ് ഇസ്‌ലാം. ചരിത്രത്തില്‍ ഒരു കൂട്ടര്‍ സ്ത്രീ ശാപമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയപ്പോള്‍ ഇസ്‌ലാം അവള്‍ക്ക് വിമോചനത്തിന്റെയും മുന്നേറ്റത്തിന്റെയും പാത കാണിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് ആത്മാവില്ലെന്നും അവള്‍ ദൈവിക ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യരുതെന്നുമായിരുന്നു നൂറ്റാണ്ടുകളോളം ക്രൈസ്തവര്‍ വെച്ചുപുലര്‍ത്തിയ കാഴ്ചപ്പാട്.അവള്‍ക്ക് സ്വത്തവകശം നിഷേധിച്ചു. ജൂതരുടെ ദൃഷ്ടിയില്‍ അവള്‍ നിന്ദ്യതയുടെ പര്യായമായിരുന്നു. പല മതസ്ഥരും ആര്‍ത്തവകാലത്ത് സ്ത്രീകളെ വീട്ടില്‍ നിന്ന്് പുറത്താക്കുക പോലും ചെയ്തു. ഇത്തരം വക്ര ചിന്താധാരകളുടെ ഫലമായി  വ്യഭിചാര ശാലകളിലും അടിമച്ചന്തകളിലും അവരുടെ സ്ത്രീത്വം സാര്‍വത്രികമായി അപമാനിക്കപ്പെട്ടു. 

എന്നാല്‍ സ്ത്രീകളോടുള്ള ഇസ്‌ലാമിക സമീപനം ഏറ്റവും ഉന്നതവും നീതിപൂര്‍വ്വകവുമായിരുന്നു. ഖുര്‍ആനിലെ നിരവധി സൂക്തങ്ങളും വിശുദ്ധ പ്രവാചക വചനങ്ങളും ഇതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സത്യവിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും അല്ലാഹു സ്വര്‍ഗം  വാഗ്ദാനം ചെയ്തിരിക്കുന്നു. (9.72)ഈ ആയത്തിലൂടെ സ്ത്രീപുരുഷര്‍ക്കിടയില്‍ പ്രത്യേകമായ യാതൊരു വിവേചനവും ഇല്ലെന്നും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവരാരോ അവര്‍ക്ക് മുഴുവന്‍ പ്രതിഫലം നല്‍കുമെന്നും അല്ലാഹു അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. അന്ന് അറേബ്യയില്‍ സ്ത്രീ സമൂഹം അടിച്ചമര്‍ത്തപ്പെടുമ്പോഴായിരുന്നു വിശുദ്ധ റസൂല്‍ പ്രബോധന ദൗത്യവുമായി കടന്നുവന്നത്. അവള്‍ക്ക് ജനിക്കാനും ജീവിക്കാനുമുള്ള അവകാശം വകവെച്ചു ഇസ്‌ലാം നല്‍കി. മാതാവിന്റെ കാലിനു കീഴിലാണ് സ്വര്‍ഗമെന്ന പ്രവാചകന്റെ പ്രഖ്യാപനം അവള്‍ക്ക് ഇസ്‌ലാം കല്‍പിക്കുന്ന പദവിയും അംഗീകാരവും അടയാളപ്പെടുത്തുന്നതായിരുന്നു. സമൂഹത്തിന്റെ അടിസ്ഥാനം സ്ത്രീത്വമാണെന്നും ഉത്തമസമൂഹ നിര്‍മ്മിതിയില്‍ അവളുടെ പങ്ക് അനിഷേധ്യമാണെന്നുമാണ് ഖുര്‍ആനിക വീക്ഷണം. ഇതിലൂടെ ഇസ്‌ലാം അവള്‍ക്ക് ജീവിതകാലം മുഴുവന്‍ അഭിമാനത്തോടെ കഴിയാന്‍ വഴിയൊരുക്കുകയായിരുന്നു.

എന്നാല്‍ പുരുഷന്റെയും സത്രീയുടെയും പ്രകൃതവും ശരീരഘടനയും വിഭിന്നമാക്കിയ അല്ലാഹു രണ്ട് വിഭാഗങ്ങളുടെയും കടമയും ദൗത്യവും വെവ്വേറെ നിശ്ചയിക്കുകയുണ്ടായി. ശാരീരിക ക്ഷമതയും തന്റേടവും കൊണ്ട് കൂടുതല്‍ അനുഗ്രഹിക്കപ്പെട്ട പുരുഷ വിഭാഗത്തിന് ജിഹാദ് പോലുളള കാര്യങ്ങള്‍ നിര്‍ബന്ധമാക്കിയപ്പോള്‍ സത്രീകളെ അതില്‍ നിന്ന് മാറ്റി നിര്‍ത്തി. തലമുറകളുടെ പരിപാലനവും കുടുംബജീവിതത്തിന്റെ ഭദ്രതയുമാണ് സ്ത്രീയെ അല്ലാഹു ഏല്‍പ്പിച്ച മൗലിക ചുമതലകള്‍. നിങ്ങളില്‍ ഓരോരുത്തരും ഭരണാധികാരികളാണെന്നും സ്ത്രീ തന്റെ ഭര്‍ത്താവിന്റെ വീട്ടിലെ ഭരണാധികാരിയും അതില്‍ അവള്‍ ചോദ്യം ചെയ്യപ്പെടുന്നവളുമാണെന്ന പ്രവാചക വചനം ഇതിലേക്കാണ് വിരള്‍ ചൂണ്ടുന്നത്. പുരുഷനെ അപേക്ഷിച്ച് പൊതുവെ ശാരീരിക ബലവും ബുദ്ധിസാമര്‍ത്ഥ്യവും മനോദാര്‍ഢ്യവും കുറഞ്ഞവരാണ് സ്ത്രീ സമൂഹം. ഇതിനാല്‍ തന്നെ ആരാധനാ കര്‍മ്മങ്ങളിലും മറ്റും കുറഞ്ഞ അവസരങ്ങളാണ് അവള്‍ക്ക് സംവിധാനിച്ചിട്ടുള്ളത്. നിരവധി കാര്യങ്ങളില്‍ അവള്‍ക്ക് വിട്ട്ു വീഴ്ചയും നല്‍കി. പുരുഷന് ചുരുക്കം ചില അവയവങ്ങളില്‍ മാത്രം ലൈംഗികത സംവിധാനിച്ചപ്പോള്‍ സ്ത്രീ ശരീരം മുഴുവന്‍ ലൈംഗികതയുെടയും സ്‌ത്രൈണതയുടെയും ഭാഗമാക്കി. ഇതിനാല്‍ തന്നെ അവളുടെ ചാരിത്രസംരക്ഷണവും അഭിമാനവും വിശുദ്ധ ദീന്‍ വളരെ മുഖ്യമായാണ് കാണുന്നത്. ഈ അടിസ്ഥാനത്തില്‍ പര്‍ദ്ദ പോലുളള വസ്ത്ര ധാരണ രീതി നിഷ്‌കര്‍ഷിച്ച മതം പൊതു രംഗങ്ങളില്‍ നിന്നും മറ്റും അവളെ വിലക്കുകയും ചെയ്തു. ഇത് അവളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നില്ല, മറിച്ച് അവളുടെ വൈയക്തിക പ്രശ്‌നങ്ങളും മറ്റും പരിഗണിച്ചു നീതി പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുകയായിരുന്നു. 

സ്ത്രീ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണനയാണ് ഇസ്‌ലാം കല്‍പിക്കുന്നത്. പ്രവാചക പത്‌നി മാരുടെ ജീവിതം മുതല്‍ ഇത് കാണാന്‍ സാധിക്കും. പ്രവാചക പത്‌നി ആഇശ ബീവി അറബി ഭാഷയിലും സാഹിത്യത്തിലും വൈദ്യശാസ്ത്രത്തിലും അതി നിപുണയായിരുന്നു. ഇതോടൊപ്പം ദീനീവിഷയങ്ങളില്‍ മതവിധി നല്‍കിയിരുന്ന മഹതിയെ നിരവധി സഹാബികള്‍ നിരന്തരം സംശയനിവാരണാര്‍ത്ഥം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ബാഗ്ദാദിലെ ശഹ്ദാ ബിന്‍ത് അബീ നസ്ര്‍ (മരണം ഹി.574)ചരിത്രത്തില്‍ അറിയപ്പെട്ട പണ്ഡിതയാണ്. സാറാ ബിന്‍ത് സിറാജ് ബിനു ജമാഅ എന്ന പണ്ഡിത പ്രതിഭയെ വിശ്രുതനായ ഇമാം ഇബ്‌നു ഹജറിനു തുല്യയായാണ് ചില ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. സൂഫി ആധ്യാത്മിക രംഗത്ത തിളങ്ങിയ വനിതകള്‍ ചരിത്രത്തില്‍ ധാരാളമാണ്. റാബിഅത്തുല്‍ അദവിയ്യ ഇവരില്‍ മികച്ച ഉദാഹരണമാണ്. എന്നാല്‍ സാമൂഹികവും മറ്റുമായ കാരണങ്ങളുടെ ഭാഗമായി ഇതിനു ശക്തമായ തുടര്‍ച്ചയുണ്ടാക്കുന്നതില്‍ മുസ്‌ലിംകള്‍ അശ്രദ്ധരാവുകയായിരുന്നു. 

ഇസ്‌ലാമിന്റെ തനിമയാര്‍ന്ന ആശയാദര്‍ശങ്ങളെ കേരളീയ പരിസരത്ത് പ്രയോഗവത്കരിക്കുന്ന സംഘമാണ് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ. മുസ്‌ലിംകളുടെ നാനാവിധ കാര്യങ്ങളില്‍ ഉറച്ച നയനിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന സംഘടന  സ്ത്രീവിദ്യാഭ്യാസത്തില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. സ്ത്രീവിദ്യാഭ്യാസത്തിന് തടയിട്ട സമസ്ത അവളെ മുഖ്യധാരയില്‍ നിന്നും ബഹുദൂരം പിന്നോട്ട് വലിച്ചെന്നാണ് പ്രധാന ആരോപണം. സ്ത്രീമുന്നേറ്റത്തിന് വിലങ്ങുതടിയായി നിന്ന സമസ്ത അവളുടെ ചിന്താസ്വാതന്ത്ര്യത്തെ നിഷേധിക്കുക കൂടി ചെയ്തുവെന്നാണ് മറ്റൊരാരോപണം. 1930 ല്‍ മണ്ണാര്‍ക്കാട് വെച്ച് ചേര്‍ന്ന സമസ്തയുടെ നാലാം വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയമാണ് വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന തുരുപ്പ് ചീട്ട്; സ്ത്രീകളെ എഴുത്തു പഠിക്കലില്‍ നിന്ന് വിലക്കണമെന്നതായിരുന്നു ഈ പ്രമേയം.

ഇതേ കാര്യം ഹാകിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നിന്ന് വ്യക്തമാണ.് പ്രസ്തുത ഹദീസില്‍ ആഇശ ബീവി (റ) പറയുന്നു: സ്ത്രീകള്‍ക്ക് എഴുത്തു പഠിപ്പിക്കരുത്. അവള്‍ക്ക് നൂല് നൂല്‍ക്കലും സൂറത്തുന്നൂറും പഠിപ്പിക്കുക. വിദ്യാഭ്യാസം നേടി മാന്യതയും സംസ്‌കാരവുമില്ലാതെ നിരുപാധികം ജന മധ്യത്തിലും പൊതു വേദിയിലും ഇറങ്ങി നിരങ്ങുന്നതിനെയും ആ ഉദ്ദേശത്തില്‍ എഴുത്തു പഠിക്കലിനെയുമാണ് ആഇശ ബീവി(റ) ഈ ഹദീസില്‍ എതിര്‍ക്കുന്നതെന്ന് വ്യക്തം. ഇത് തന്നെയായിരുന്നു സമസ്തയുടെയും പ്രമേയ താല്‍പര്യം. തീര്‍ത്തും ഇസ്‌ലാമിക ചുറ്റുപാടില്‍ വിദ്യ ആര്‍ജ്ജിക്കുന്നത് സമസ്ത വിലക്കിയിട്ടില്ല, മറിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.

സമസ്തയുടെ സ്ഥാപക മുശാവറ അംഗമായിരുന്ന പാനായിക്കുളം അബ്ദുറഹ്‌മാന്‍ മുസ്‌ലിയാരുടെ ഭാര്യ ഉയര്‍ന്ന കിതാബുകളിലും നിരവധി ഫന്നുകളിലും അവഗാഹം നേടുകയും ഈ വിഷയങ്ങള്‍ ദര്‍സ്സ് നടത്തുകയും ചെയ്തിരുന്നു. ഈ നടപടിയെ സമസ്ത എതിര്‍ത്തില്ലെന്ന് മാത്രമല്ല, പ്രോത്സാഹിപ്പിക്കകയാണ് ചെയ്തത്. സ്ത്രീകള്‍ക്ക് ഇസ്‌ലാം നിഷ്‌കര്‍ഷിച്ച നിര്‍ബന്ധ വിദ്യാ സമ്പാദനത്തിന് സമസ്തയുടെ മദ്‌റസാ സംവിധാനം ഒരുക്കുന്ന സൗകര്യം അതിരറ്റതാണ്. ഇന്നും ഒന്‍പതിനായിരത്തിലധികം് മദ്‌റസകളിലൂടെ ഇസ്‌ലാമിന്റെ ബാലപാഠങ്ങള്‍ സ്ത്രീ സമൂഹത്തിന് എത്തിച്ചു കൊടുക്കുന്ന നേട്ടം സമസ്തക്ക് മാത്രം അവകാശപ്പെട്ടതല്ലേ?. സ്ത്രീകളെ മാത്രം ലക്ഷ്യം വെച്ചാണ് സമസ്തയുട നേതാവായിരുന്ന പറവണ്ണ ഉസ്താദ്  മദ്‌റസത്തുല്‍ ബനാത്ത് ആരംഭിച്ചത്. സമസ്തയുടെ മദ്‌റസകളില്‍ ഔദ്യോഗികമായി രണ്ടാം നമ്പരായാണിത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പഴയ കാലങ്ങളില്‍ സ്ത്രീകള്‍ വളരെ കുറച്ച് അറിവ് സമ്പാദിച്ചാല്‍ തന്നെ വിവാഹം പോലുള്ള അവളുടെ വൈയക്തികമായ  ആവശ്യങ്ങള്‍ നിറവേറിയിരുന്നു. എന്നാല്‍ കാലക്രമേണ സമൂഹത്തിന്റ ചിന്താ ധാരയില്‍ വന്ന മാറ്റങ്ങള്‍ അവള്‍ കൂടുതല്‍ അറിവ് നേടണമെന്ന നിര്‍ബ്ന്ധ സാഹചര്യമുണ്ടാക്കി. ഈ മാറ്റങ്ങളെ യഥാവിധി മനസ്സിലാക്കിയ സമസ്തയുടെ പണ്ഡിതര്‍ കാലോചിതമായി ഇടപെടുകയും ഈ മേഖലയില്‍ കൊണ്ടുവരാവുന്ന മാറ്റങ്ങള്‍ പഠനവിധേയമാക്കുകയും ഇതിന്റെ ഫലമായി സ്ത്രീകള്‍ക്ക് കൂടി പ്രവേശനം നല്‍കുന്ന ബോഡിംഗ് മദ്‌റസ്സകളും അറബിക്ക് കോളേജുകളും സമസ്തയുടെ മേല്‍നോട്ടത്തിലും ആശീര്‍വാദത്തോടെയും പ്രവര്‍ത്തനമാരംഭിച്ചു. മലപ്പുറം ജില്ലയിലെ വെളിമുക്കില്‍ സ്ഥാപിതമായ ക്രസന്റ് ബോഡിംഗ് മദ്‌റസ ഇതിന്റെ മികച്ച ഉദാഹരണമാണ്.സമസ്ത ഈ രംഗത്ത് നടത്തിയ വിപ്ലവകരമായ മറ്റൊരു നീക്കമായിരുന്നു വാഫി കോഴ്‌സുകളുടെ ഭാഗമായി വനിതകള്‍ക്ക് പ്രത്യേകം വഫിയ്യ കോഴ്‌സ് ആരംഭിച്ചത്. എസ്. എസ്. എല്‍. സി പാസ്സായ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നല്‍കുന്ന പ്രസ്തുത കോഴ്‌സ് അഞ്ചു വര്‍ഷത്തെ മത പഠനത്തോടൊപ്പം പ്ലസ് ടു, ഡിഗ്രി തുടങ്ങിയ ഭൗതികോഴ്‌സുകള്‍ കൂടി വളരെ ശാസ്ത്രീയമായ രീതിയില്‍ നല്‍കിവരുന്നു. ധാരാളം വിദ്യാര്‍ത്ഥിനികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഈ കോഴ്‌സിലൂടെ സാമൂഹികമായി സ്ത്രീകളെ ഉന്നത പദവിയിലെത്തിക്കാന്‍ സാധിക്കുന്നു. നിലവില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം സ്ഥാപനങ്ങള്‍ വേറെയും നടന്നു വരുന്നുണ്ട്. 

ചെമ്മാട് ദാറുല്‍ ഹുദക്ക് സമീപം വര്‍ഷങ്ങളായി നടന്നു വരുന്ന ഫാത്വിമാ സഹ്‌റാ വിമണ്‍സ് കോളേജ് സ്ത്രീ വിദ്യാഭ്യാസ രംഗത്ത് സമസ്തയുടെ മറ്റൊരു ശക്തമായൊരു ചുവടുവെയ്പ്പായിരുന്നു. മദ്‌റസാ അഞ്ചാം ക്ലാസ് പാസ്സായി വരുന്ന വിദ്യാര്‍ത്ഥിനികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവേശനം നല്‍കുന്ന പ്രസ്തുത കോഴ്‌സില്‍ എട്ടു വര്‍ഷത്തെ പഠനമാണ് സംവിധാനിച്ചിട്ടുള്ളത്. ഉന്നതമായ മത പഠനത്തോടൊപ്പം പ്ലസ് ടു വരെയുള്ള ഭൗതിക പഠനവും നല്‍കിവരുന്നു. ഇതിനകം പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ നിരവധി വിദ്യാര്‍ത്ഥിനികള്‍ മതപഠന ക്ലാസുകള്‍ നടത്തിയും മറ്റും കേരളത്തിലെ സ്ത്രീകളുടെ യശസ്സ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. നുറ്റിയന്‍പതോളം വിദ്യാര്‍ത്ഥിനികള്‍ താമസിച്ചു പഠിക്കുന്ന ഈ സ്ഥാപനം ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റിയുടെ കീഴിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 

ഇത് പോലെ തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന യത്തീം ഖാനകളിലും മറ്റു വിദ്യാഭ്യാസ സമുച്ചയങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേകമായ പഠന സംവിധാനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഇത് മുഴുവന്‍ സൂചിപ്പിക്കുന്നത് സ്ത്രീ വിദ്യാഭ്യാസത്തിന് സമസ്ത നല്‍കിവരുന്ന നിസ്തുലമായ പ്രോത്സാഹനവും അംഗീകാരവുമാണ്. അതേ സമയം സ്ത്രീകള്‍ ദീനിന്റെ അതിര്‍ വരമ്പുകള്‍ ലംഘിക്കുകയും പാശ്ചാത്യ രീതികള്‍ പിന്‍പറ്റുകയും ചെയ്യുന്ന ഒരു പഠനത്തെയും സമസ്ത അംഗീകരിക്കുന്നുമില്ല. മാത്രമല്ല ആദ്യ കാലങ്ങളില്‍ ഉന്നതരായ പണ്ഡിതര്‍ നാടുകളില്‍ മുഴുവന്‍ നടത്തി വന്ന മതപ്രഭാഷണങ്ങള്‍  സ്ത്രീ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിച്ചു. പുലര്‍ച്ചെ വരെ നീണ്ടുനിന്ന വഅള് സദസ്സുകള്‍ കേരളക്കരയില്‍ സര്‍വ്വ സാധാരണയായിരുന്നു.  ഇന്നത്തെ പല സ്ത്രീകളും പ്രകടിപ്പിക്കുന്ന അറിവുകളുടെ സ്രോതസ്സ് ഇത്തരം സദസ്സുകളും പ്രഭാഷണങ്ങളുമായിരുന്നു. ഇത്തരം പ്രസംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന പ്രവാചക പാഠങ്ങളും ഇസ്‌ലാമിക ചരിത്ര വിവരണങ്ങളും  ഇവര്‍ക്ക് അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുകയായിരുന്നു. ഇതിലൂടെ ആര്‍ജ്ജിച്ചെടുത്ത വിജ്ഞാനങ്ങള്‍ ധാരാളം കിതാബുകള്‍ ഓതിപ്പഠിക്കുന്നതിന് തുല്യമായിരുന്നു. മാത്രമല്ല, പരലോക ചിന്തയും ഈമാനികാവേശവും അവരില്‍ സ്വാധീനം ചെലുത്തിയപ്പോള്‍ തന്നെ നല്ല ഭാര്യയാവാനും കുടുംബിനിയാവാനുമുള്ള അര്‍ഹതയും അതിന്റെ മാര്‍ഗങ്ങളും അവര്‍ സ്വായത്തമാക്കി. ഉത്തമമായ ഒരു സമൂഹ നിര്‍മ്മിതിയില്‍ ഇത്തരം സദസ്സുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. 

ചുരുക്കത്തില്‍ ധാര്‍മ്മികവും ഇസ്‌ലാമിക ചുറ്റുപാടില്‍ കഴിഞ്ഞുകൂടുന്നതുമായ വിജ്ഞാന സമ്പാദനത്തെ സമസ്ത എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതേ സമയം ഭൗതികാസക്തി മൂത്ത് ആധുനിക ഫാഷനുകള്‍ വാരിപ്പുണര്‍ന്ന് സ്ത്രീത്വം അടിമപ്പെടുത്തുന്ന പ്രവണതയെ സമസ്ത ശക്തമായി വിലക്കിയിട്ടുമുണ്ട്. സ്ത്രീകളുടെ മൗലിക ചുമതലകളില്‍ നിന്ന് തെന്നി മാറാതെയുള്ള പഠന രംഗങ്ങള്‍ അവള്‍ക്ക് അനുവദനീയം തന്നെയാണ്. ആ രീതിയിലുള്ള നയ നിലപാടുകളാണ് സമസ്ത എക്കാലവും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ആധുനിക വിദ്യാഭ്യാസം നേടി ഇസ്‌ലാമിക വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി പൊതുരംഗങ്ങളിലും സമൂഹ്യ സേവനമേഖലകളിലും  അവളുടെ സാന്നിധ്യം അനുവാര്യമാണെന്ന കാഴ്ചപ്പാട് സമസ്തക്കില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter