മദ്‌റസ പ്രസ്ഥാനം; മതപഠനത്തിന്റെ കേരള മോഡല്‍

പ്രാഥമിക മത വിദ്യയുടെ പ്രസരണ മാധ്യമങ്ങളില്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ നിലവില്‍ വന്ന വിപ്ലവാത്മകമായ ചുവടുവെപ്പുകളിലൊന്നായിരുന്നു മദ്രസാ പ്രസ്ഥാനം. മത പഠനത്തിന്റെ പഴക്കമുള്ള രീതികളിലൊന്നായ ഓത്തുപള്ളികളുടെ തകര്‍ച്ച പുതുതായി രൂപപ്പെട്ട സാമൂഹിക പരിവര്‍ത്തനങ്ങള്‍  മുസ്‌ലിംകളില്‍ ഉണ്ടാക്കിയ സാമ്പത്തിക അഭിവൃദ്ധി, ഭൗതിക വിദ്യാഭ്യാസത്തിന്റെ കടന്നു കയറ്റം തുടങ്ങിയ സംഭവങ്ങളാണ്  മദ്രസകളുടെ രൂപീകരണത്തില്‍ കലാശിച്ചത്. സമുദായത്തിലെ എല്ലാ അംഗങ്ങള്‍ക്കും മതവിദ്യാഭ്യാസം ലഭ്യമാക്കാനുള്ള ശാസ്ത്രീയ സംവിദാനങ്ങളെക്കുറിച്ച് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരും നേരത്തേ തുടങ്ങിയ പരിഷ്‌കരണങ്ങള്‍ക്ക് സംഘടിത രൂപം നല്‍കപ്പെടുകയും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കുകയും ചെയ്തതോടെയാണ് മദ്രസാ വിപ്ലവം പൂര്‍ണ്ണതയിലെത്തിയത്.

പശ്ചാത്തലം,  ഉത്ഭവം
പത്തൊമ്പതാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ഭൗതികവും ശാസ്ത്രീയവുമായ പുരോഗമനങ്ങളും ബ്രിട്ടീഷുകാര്‍ കൊണ്ട് വന്ന നവീന വിദ്യഭ്യാസ ക്രമവും കേരളീയ ചിന്തകളില്‍ ശക്തമായ വ്യതിയാനങ്ങള്‍ക്ക് കാരണമായിരുന്നു. ഭൗതിക വിദ്യാഭ്യാസത്തോട് പൊതു സമൂഹത്തിലും മുസ്‌ലിംകള്‍ക്കിടയിലും ക്രമേണ ആഭിമുക്ക്യം വളര്‍ന്ന് കൊണ്ടിരുന്നു. നിലവിലെ ദുരിതാവസ്ഥയെയും സാമൂഹികമായ ഒറ്റപ്പെടലിനെയും അതിജീവിക്കാനുള്ള വഴി അതുമാത്രമായിരുന്നു ഉണ്ടായിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് നിലവില്‍ വന്ന സമ്പൂര്‍ണ്ണ ബ്രിട്ടന്‍ ഭരണവും, ഉദ്യോഗസ്ഥ സമൂഹം കൂടുതല്‍ അധികാരത്തോടെ ഇടപെടാന്‍ തുടങ്ങിയതും ഈ പ്രവണതകള്‍ക്ക് ആക്കം കൂട്ടി. 

പല കാരണങ്ങളാലും മുസ്‌ലിംകള്‍ക്കിടയില്‍ വളര്‍ന്ന് വന്ന ഭൗതിക വിദ്യഭ്യാസത്തോടുള്ള ഭ്രമത്തെ പ്രോല്‍സാഹിപ്പിക്കാന്‍ ബ്രിട്ടീഷുകാരുടെ ഭാഗത്ത് നിന്ന് ബോധപൂര്‍വ്വമായ പല ശ്രമങ്ങളും നടന്നു. ഇതിനു കാരണമായത് ഇന്ത്യയിലെ മറ്റുപ്രദേശങ്ങളിലൊന്നും ഇല്ലാത്ത വിധം പ്രതിരോധവും, സാമ്രാജ്രത്വ വിരുദ്ധതയും മലബാറിലെ മുസ്‌ലിംകളില്‍ നിന്ന് അവര്‍ക്ക് നേരിടേണ്ടി വന്നു എന്നതായിരുന്നു. മുസ്‌ലിംകള്‍ക്ക് ഭൗതിക വിദ്യാഭ്യാസം നല്‍കുന്നതിലൂടെ അവരില്‍ ജീവിതത്തോടുള്ള ഭ്രമം വര്‍ദ്ധിക്കുമെന്നും അതുവഴി അവരുടെ പ്രധിരോധ വീര്യത്തെ ഒതുക്കാമെന്നും അവര്‍ കണക്ക് കൂട്ടി. 

ഓത്തു പള്ളികളില്‍ ഭൗതിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയും ആയിരത്തി എണ്ണൂറ്റി എഴുപത്തൊന്നിലും  ആയിരത്തി എണ്ണൂറ്റി എഴുപത്തി നാലിലും മൊല്ലമാര്‍ക്ക് ഗവണ്‍മന്റ് സഹായവും വിദ്യാര്‍ത്ഥികള്ക്ക് ഗ്രാന്റുകളും നല്‍കിയും വശീകരണ ശ്രമങ്ങള്‍ ആരംഭിച്ചു. ക്രമാനുഗതമായ ഈ പരിശ്രമങ്ങളുടെ ഫലമായി ഓത്തു പള്ളി പരിശ്രമങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ പല വിധേനയും തുടക്കമായി. പലയിടത്തും ഓത്തിനൊപ്പം എഴുത്ത് പഠിപ്പിക്കലും മലയാളത്തിലുള്ള പുസ്തകങ്ങള്‍ പഠനത്തിനായി ഉപയോഗിച്ചു തുടങ്ങി. 1926ല്‍ ഓത്തു പള്ളികള്‍ ഗവണ്‍മന്റ് സ്‌കൂളുകളാക്കിമാറ്റുന്നതിന്ന് പ്രത്യേക ഓഫീസറേയും കീഴുദ്യോഗസ്ഥരെയും സര്‍ക്കാര്‍ നിയോഗിച്ചു. ഓത്തു പള്ളികളിലെ മൊല്ലമാരെ കൂട്ടു പിടിച്ചായിരുന്നു ഈ ശ്രമങ്ങള്‍ മുന്നോട്ട് പോയത്. ഇതിന്റെയെല്ലാം ഫലമായി അവധാനതയോടെയാണെങ്കിലും പരിഷ്‌കരണങ്ങളെ സ്വീകരിച്ചു തുടങ്ങിയ സമൂഹം പത്തു മണി വരെ മതപഠനം ശേഷം സ്‌കൂള്‍ എന്ന പുതിയ രീതി ആവിഷ്‌കരിച്ചു. ഇത് ഏറെക്കുറെ ഫലപ്രദമായിരുന്നു. പക്ഷെ സര്‍ക്കാര്‍ ഇത് കൊണ്ടൊന്നും തൃപ്തിയായില്ല. 1947ല്‍ മദ്രസാ പ്രസിഡന്‍സി മുഖ്യ മന്ത്രി സി.രാജഗോപാലാചാരി സ്‌കൂളുകളില്‍ മത പഠനം നിരോധിച്ചതോടെ മാറ്റങ്ങളോടെയാണെങ്കിലും അവശേഷിച്ചിരുന്ന മത പഠന സൗകര്യങ്ങള്‍ കൂടെ നിലച്ച് പോയി. തുടര്‍ന്ന് രൂപപ്പെട്ട നിര്‍ബന്ധിത സാഹചര്യത്തിന് മറ്റു വഴികള്‍ തേടിയാണ് മദ്രസാ സംവിധാനത്തിലേക്ക് സമുദായം ചുവടു വെക്കുന്നത്. 

രൂപീകരണ ചരിത്രം 
സാമൂഹികവും ഭരണപരവുമായ നിരവധി കാരണങ്ങള്‍ മൂലം ഓത്തു പള്ളികള്‍ നാമാവശേഷമാവുകയും മുസ്‌ലിം സമുദായം ബദല്‍ സംവിധാനം തേടുകയും ചെയ്തപ്പോഴാണ് മദ്രസാ സംവിധാനം ഉയിര്‍ കൊണ്ടത്. പഠനാവിശ്യങ്ങള്‍ക്കായി പ്രത്യേക കെട്ടിടങ്ങള്‍, ഒരുപാട് അധ്യാപകര്‍, ഇരിക്കാന്‍ ബെഞ്ചും ഡെസ്‌ക്കും, ചോക്കും ബോര്‍ഡും, ക്രമീകരിച്ച സിലബസ്, തുടങ്ങിയവയൊക്കെയായിരുന്നു പുതിയ സംവിധാനത്തിന്റെ പ്രത്യേകതകള്‍. 

1871ല്‍ കൊയപ്പത്തൊടി കുടുംബം വാഴക്കാട് തുടങ്ങിയ തന്മിയതുല്‍ ഇസ്‌ലാം മദ്രസ, 1891ല്‍ കോഴിക്കോട് കേന്ദ്രമായി രൂപീകരിച്ച ഹിമായത്തുല്‍ ഇസ്‌ലാം കമ്മറ്റി, 1918ല്‍ കോഴിക്കോട്ടെ മുഹമ്മദന്‍ എഡ്യുക്കേഷണല്‍ സൊസൈറ്റി സ്ഥാപിച്ച മദ്രസത്തുല്‍ മുഹമ്മദിയ്യ, 1923ല്‍ ചാലിയം തന്മിയതുല്‍ ഇസ് ലാം അസോസിയേഷന്റെ കീഴില്‍ രൂപീകൃതമായ മദ്‌റസതുല്‍ മനാര്‍, തുടങ്ങിയ വിദ്യാഭ്യാസ സംരംഭങ്ങളും മത പഠനത്തില്‍ പുതിയ രീതികള്‍ സ്വീകരിച്ച് നടപ്പാക്കിയവയായിരുന്നു. 1911ല്‍ കണ്ണൂരില്‍ എ.എം കുഞ്ഞി സ്ഥാപിച്ച മഅ്മൂനുല്‍ ഉലൂം മദ്‌റസ മലയാള ഭാഷാ പഠനം വരെ ഉള്‍പ്പെടുത്തി മാറ്റങ്ങള്‍ക്ക് തയ്യാറായി. 

ഈ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേരളത്തിലെ മദ്‌റസാ പ്രസ്ഥാന ചരിത്രത്തില്‍ മാറ്റി നിര്‍ത്താനാവാത്ത നാമധേയമാണ് ചാലിലകത്ത് കുഞ്ഞഹമ്മദാജി(1866-1919)യുടേത്. പഴയ ഓത്തു പള്ളികള്‍ തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയപ്പോള്‍ തന്നെ ബെഞ്ചും ഡസ്‌ക്കുമുള്ള പുതിയ രീതി പ്രായോഗികമാക്കാനും അതിന്റെ ആവശ്യകത സമുദായത്തെ ബോധ്യപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം പ്രാരംഭം കുറിച്ചിരുന്നു. പക്ഷെ, സൂക്ഷമാലുക്കളായ അക്കാലത്തെ പണ്ഡിതന്മാര്‍ പുതിയ ശൈലി ഇസ്‌ലാമിക നിയമങ്ങള്‍ക്കും വിജ്ഞാനത്തോടുള്ള ആദരവിനും ഭംഗം വരുത്തുമോയെന്ന നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ നീക്കത്തെ അംഗീകരിച്ചത്. 

പുതിയസംവിധാനം പ്രശ്‌ന ബദ്ധമല്ലെന്നും മതപഠനത്തിന്റെ സുഖമമായ നിലനില്‍പിന്നും വളര്‍ച്ചക്കും അനുഗുണമാണെന്നും തിരിച്ചറിഞ്ഞ സുന്നീപണ്ഡിതന്‍മാരും പില്‍ക്കാലത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമായിരുന്നു ഈ സംവിധാനങ്ങളുടെ മുന്നണിയില്‍ നിന്നത് എന്നതു തന്നെ അവരുടെ ഈ നിലപാടിനെ സാധൂകരിക്കുന്നു. അക്കാലത്തു തന്നെ പൊന്നാനി മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാര്‍, കട്ടിലശ്ശേരി ആലിമുസ്‌ലിയാര്‍, പള്ളിപ്പുറം ആലി മുസ്‌ലിയാര്‍ തുടങ്ങിയ പാരമ്പര്യ പണ്ഡിതര്‍ ദാറുല്‍ ഉലൂം സന്ദര്‍ശിക്കുകയും പാഠ്യപദ്ധതിയും വിദ്യാര്‍ത്ഥികളെയും പരിശോധിച്ച് ഇതില്‍ യാതൊരു കുഴപ്പവുമില്ല എന്ന് ഫത്‌വ നല്‍കുകയും ചെയ്തിരുന്നു.

മതപഠനത്തിന്റെ കാലികമായ രീതിശാസ്ത്രങ്ങളെ മതകീയ അതിരുകള്‍ക്കുള്ളില്‍ എല്ലാ അര്‍ത്ഥത്തിലും സ്വംശീകരിച്ചുകൊണ്ടാണ് മദ്രസകള്‍ രൂപപ്പെടുത്തിയത്. ഇസ്‌ലാമിക നിയപ്രകാരം സ്വീകാര്യമായ പരിഷ്‌കാരങ്ങളത്രയും അതില്‍ ഉള്‍കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ ഭൗതികാധിഷ്ഠിതമോ യുക്താധിഷ്ടിതമോ ആയി ചിന്തിക്കുന്നവര്‍ പോലും ഈ രീതികളെ അനുകരിക്കുന്നതാണ് പിന്നീട് കണ്ടത്. മുസ്‌ലിം കേരളത്തില്‍ ഏറ്റവും ജനകീയാടിത്തറയുള്ള സംഘടനയായ സമസ്ത ജംഇയ്യത്തുല്‍ ഉലമ തന്നെയാണ് മദ്രസാ പ്രസ്ഥാനത്തിന്റെ പ്രയോക്താക്കളായത്. പ്രാഥമിക മതവിദ്യയുടെ മദ്രസാ രൂപത്തില്‍ മതകീയമായ ശരികേടുകളൊന്നുമില്ലെന്നും പുതിയ കാലത്ത് ഏറ്റവും അനുയോജ്യമാണെന്നും തിരിച്ചറിഞ്ഞ സമസ്തയുടെ പണ്ഡിതന്‍മാര്‍ യഥാസമയം ചെയ്ത് പോന്ന ദൗത്യ നിര്‍വ്വഹണമാണ് മദ്രസാ പ്രസ്ഥാനത്തെ ഇന്നുകാണുന്ന രീതിയില്‍ വിപ്ലവാത്മകവും ജനകീയാടിത്തറയുമുള്ള സംരംഭമാക്കി മാറ്റിയെടുത്തത്.

ദാറുല്‍ ഉലൂമിനെ അംഗീകരിച്ച സുന്നീ പണ്ഡിതന്‍മാര്‍ തന്നെയാണ്  1915ല്‍ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസയും 1924ല്‍ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം മദ്രസയും സ്ഥാപിച്ചത്. 1928ല്‍ നടന്ന താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം മൂന്നാം വാര്‍ഷിക യോഗം അംഗീകരിച്ച ഇരുപത്തൊന്നാം പ്രമേയം തദ്വിക്ഷയകളായി സമസ്ത വെച്ച് പുലര്‍ത്തിയ നിലപാടുകളെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ വരച്ചിടുന്നുണ്ട്. കേരളത്തില്‍ സ്ഥിതിചെയ്യുന്ന എല്ലാ നിസാമിയ മദ്രസകളിലെ പാഠ്യ പദ്ധതികളും ക്രമവും പരിശോധന ചെയ്ത് കാലാന്തരങ്ങളില്‍ വന്ന് കൂടിയ ന്യൂനതകളെ പരിഹരിക്കുവാന്‍ തക്ക ഒരു പാഠ്യ പദ്ധതി രൂപീകരിക്കുവാനും മേല്‍ പറഞ്ഞ പദ്ധതികളനുസരിച്ച് വര്‍ഷാന്ത പരീക്ഷ നടത്തുവാന്‍ ഒരു പരീക്ഷാ ബോര്‍ഡ് നിയമിക്കുവാനും പരീക്ഷിച്ച് സര്‍ട്ടിഫികറ്റ് കൊടുക്കുവാനും കേരള ജംഇയ്യത്തുല്‍ ഉലമയോട് അപേക്ഷിച്ച് കൊണ്ട് കഴിഞ്ഞ വാര്‍ഷിക യോഗത്തിലെ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വീണ്ടും ഈ യോഗം തീരുമാനിക്കുകയും അങ്ങനെ ചെയ്യുവാന്‍ ജംഇയ്യത്തിനോട് അപേക്ഷിക്കുകയും ചെയ്യുന്നു. 
മതപഠനത്തെക്കുറിച്ചുള്ള ഈ നയം തന്നെയാണ് പില്‍ക്കാലത്ത് സമസ്ത പ്രായോഗിക വത്കരിച്ചതും. 1951ലെ വടകര സമ്മേളനത്തില്‍ സമസ്തക്ക് കീഴില്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിച്ചതിലൂടെയാണ് ഇതിന് തുടക്കമായത്. അതേ വര്‍ഷം വാളക്കുളത്ത് നടന്ന വിദ്യാഭ്യാസ ബോര്‍ഡ് പ്രതിനിതി യോഗത്തില്‍ നിലവിലുള്ള മദ്രസകള്‍ ഏകീകരിക്കുവാനും പുതിയവ സ്ഥാപിക്കുവാനും പാഠപുസ്തകങ്ങള്‍ തയ്യാറാക്കുവാനും കേന്ദ്രീകൃത സിലബസ് പരീക്ഷ നടപ്പില്‍ വരുത്തുവാനും തീരുമാനമായി. 1952 ഓഗസ്റ്റ് ഇരുപത്തിയാറിന് വാളക്കുളം ബയാനുല്‍ ഇസ്‌ലാം ബോര്‍ഡിന് കീഴിലെ പ്രഥമ മദ്രസയായി അംഗീകരിക്കപ്പെട്ടതോടെ കേരള മുസ്‌ലിം ചരിത്രത്തില്‍ വൈജ്ഞാനിക വിപ്ലവത്തിന്റെ പുതുമയാര്‍ന്ന ഒരു യുഗത്തിന് നാന്ദി കുറിക്കപ്പെട്ടു. തുടര്‍ന്ന് വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ഓര്‍ഗനൈസര്‍മാര്‍ നാടു നീളെ സഞ്ചരിച്ച് മദ്രസയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയും പുതിയവ സ്ഥാപിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും ആയിരക്കണക്കിന് പ്രാഥമിക മത പഠന കേന്ദ്രങ്ങള്‍ മലയാളക്കരയിലെ കുഗ്രാമങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്നു. തലമുറകള്‍ ദീനിന്റെ ആദ്യ പാഠങ്ങള്‍ ചൊല്ലിപ്പഠിച്ചു. ഇന്ന് സമസ്തക്ക് കീഴില്‍ ഒന്‍പതിനായിരത്തിലധികം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനുശേഷം അഞ്ച് വര്‍ഷം കഴിഞ്ഞ് മുജാഹിദുകളും വൈകാതെ മറ്റു മുസ്‌ലിം സംഘടനകളും മദ്രസാ ബോര്‍ഡുകള്‍ രൂപീകരിക്കുകയും പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഇന്ന് പതിനഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഈ സംവിധാനങ്ങള്‍ വഴി മത വിജ്ഞാനം നുകര്‍ന്നുകൊണ്ടിരുക്കുന്നു. 

സിലബസ് ശൈലി
ഒരു മുസ്‌ലിം തന്റെ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കര്‍മ്മ ശാസ്ത്ര വിശ്വാസ നിയമങ്ങശും ഖുര്‍ആന്‍ പാരായണ പരിശീലനവുമാണ് മദ്രസാ സിലബസുകളുടെ കാതല്‍. നിലവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മദ്രസകളിലിത് അഞ്ച്, രണ്ട്, മൂന്ന്, രണ്ട് വര്‍ഷങ്ങള്‍ എന്ന നാലു ഘട്ടമായി പന്ത്രണ്ട് വര്‍ഷത്തെ പാഠ്യ പദ്ധതിയാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ കാലയളവിനിടെ മേല്‍ പറഞ്ഞ വിഷയങ്ങള്‍ക്ക് പുറമെ സ്വഭാവ ശുദ്ധീകരണത്തിനുതകുന്ന അഖ്‌ലാഖ്, ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ച് ചെറിയ രീതിയില്‍ അവബോധം നല്‍കുന്ന താരീഖും, ഖുര്‍ആന്‍ പാരായണ നിയമങ്ങളുടെ തജ്‌വീദും, അത്യാവശം അറബീ ഭാഷാ പഠനവുമാണ് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്. ആണ്ടുകളോളം തുടര്‍ന്നുപോന്ന മതകീയ ജ്ഞാനത്തെ പുതു തലമുറയുടെയും കാലത്തിന്റെയും ആവശ്യങ്ങള്‍ക്കൊത്ത് പകര്‍ന്ന് നല്‍കാനുള്ള ശ്രമം അത് മാത്രം. 

മനശാസ്ത്രപ്രകാരം കുട്ടികളുടെ പ്രകൃതിക്കൊത്ത് വളരെ ശാസ്ത്രീയമായാണ് മദ്രസാ പഠനത്തിന്റെ രീതി ശാസ്ത്രം നിര്‍ണയിക്കപ്പെട്ടത്. തിരിച്ചറിവും സംസാര ശേഷിയും വന്ന് തുടങ്ങിയ അഞ്ചാം വയസ്സില്‍ പ്രവേശനം. തുടര്‍ന്ന് ആദ്യത്തെ അഞ്ച് വര്‍ഷത്തെ പഠനം കൊണ്ട് തന്നെ നിത്യ ജീവിതത്തില്‍ പുലര്‍ത്തേണ്ട ഇസ്‌ലാമിക നിയമങ്ങളെ അവര്‍ സാംശ്വീകരിച്ചിരിക്കും. പടി പടിയായി പഠിച്ചുയരുന്ന വിദ്ധ്യാര്‍ത്ഥി പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്ക് ഒരു മുസ്‌ലിം അറിഞ്ഞിരിക്കേണ്ട ഖുര്‍ആന്‍, ഹദീസ്, കര്‍മ്മ ശാസ്ത്രം, ചരിത്രം, തസ്വവ്വുഫ്, തുടങ്ങിയ മേഖലകളില്ലാം ഏകദേശം ധാരണയുള്ളവനാക്കി മാറ്റുന്നു. ഒരു കുട്ടി തന്റെ ചുറ്റുപാടുകള്‍ ഗ്രഹിച്ചു തുടങ്ങുന്നതു മുതല്‍ പക്വത നേടി സമൂഹത്തില്‍ ഇടപെടുന്ന കാലം വരെ നീണ്ട് നില്‍ക്കുന്ന ഒരു സംസ്‌കരണ പ്രക്രിയയാണ് എന്നതിനാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍ വഴിപിഴക്കാനുള്ള സാധ്യതയും മദ്രസാ പഠനം തടയിടുന്നു. ഈ പഠനങ്ങള്‍ക്ക് ശേഷവും അനൗപചാരിക വിദ്യാസമ്പാദനം(വഅളുകള്‍ പോലോത്തവ) വഴി കൂടുതല്‍ അറിവ് നേടാനും മതകീയവബോധം നില നിര്‍ത്താനുള്ള സാര്‍വത്രികമായുള്ള അവസരം കേരള മുസ്‌ലിംകള്‍ക്കിടയില്‍ കാണുന്ന സവിശേഷതയാണ്.  

സ്‌കൂളിലെ സമയ സംവിധാനത്തോട് പൊരുത്തപ്പെട്ട് കൊണ്ട് പരമാവധി സമയം ലഭ്യമാക്കുന്ന തരത്തിലാണിത് നടത്തപ്പെടുന്നത്. രാവിലെ വിദ്യാര്‍ത്ഥികള്‍ക്കെത്താവുന്ന പരമാവധി നേരത്തേ തുടങ്ങുകയും സ്‌കൂള്‍ സമയത്തിന് യോചിച്ചു കൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുന്നു. ചിലയിടങ്ങളില്‍ സ്‌കൂള്‍ പഠനത്തിന് ശേഷമുള്ള വൈകുന്നേരവും, രാത്രിയും വരെ ഉപയോഗപ്പെടുത്തി പഠന സമയം കണ്ടെത്തുന്നവരും ഇല്ലാതില്ല. 

മദ്രസകളുടെ വര്‍ത്തമാനം
സാര്‍വത്രികമായ മതവിദ്യാഭ്യാസമാണ് ലോകത്തെ മറ്റു പല രാഷ്ട്രങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരള മുസ്‌ലിംകളെ വ്യതിരക്തമാക്കുന്നത്. സര്‍ക്കാറിന്റെ ധന സഹയമോ ഔദ്യോഗിക സംവിധാനങ്ങളോ ഉപയോഗിക്കാതെത്തന്നെ നടത്തിയ വ്യാപകമായ മതപഠനം സാധ്യമാക്കിയ മദ്രസാ വിപ്ലവമാണ്  ഈ നേട്ടത്തിന്റെ നിദാനം. മതേതര  ഭരണ ഘടനയില്‍ ലഭ്യമായ നിയമങ്ങളെയും സ്വാതന്ത്രങ്ങളെയും ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയത്. 

ഇന്നും പതിനഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് വിവിധ ബോര്‍ഡുകളുടെ കീഴില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്. ഒന്നര ലക്ഷത്തിലേറെ പേര്‍ ഓരോ വര്‍ഷവും പുതുതായി മദ്രസയിലെത്തുന്നു. ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ ഈ മേഖലയില്‍ അധ്യാപന സേവനം നടത്തുന്നു. പ്രതീക്ഷാ നിര്‍ഭരവും ആശാവഹവുമാണ് ഈ കണക്കുകളെല്ലാം.

സംഘടനാപരമായ പലവിധ അനൈക്യങ്ങള്‍ക്കിടയില്‍ പോലും ഐക്യത്തിന്റെ നൂലിഴ തീര്‍ക്കാന്‍ പലപ്പോഴും മദ്രസകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മദ്രസാ നടത്തിപ്പിനെ തന്നെ ബാധിക്കുന്ന വിധം സ്‌കൂള്‍ സമയമാറ്റത്തിന് സര്‍ക്കാര്‍ ശ്രമം നടത്തിയപ്പോള്‍ മുസ്‌ലിം സംഘടനകള്‍ ഒരു മേശക്ക് ചുറ്റുമിരിക്കുകയും ഐക്യഖണ്ഡമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. 1967 ഫെബ്രവരി 28ന് കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 10.30നാണ് സ്‌കൂള്‍ തുടങ്ങേണ്ടത്. ഇതു നേരത്തെ ആക്കാനും ആണ്‍-പെണ്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇടകല്‍ത്തിയിരുത്താനും നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ തീരുമാനത്തെ ഒന്നിച്ചെതിര്‍ത്ത മതസംഘടനകള്‍ വിജയം കണ്ടു എന്നു മാത്രമല്ല തുടര്‍ന്നും ഇക്കാര്യങ്ങളില്‍ ഐക്യപ്പെടമെന്ന സന്ദേശം കൈമാറാനും അതുകൊണ്ട് സാധിച്ചു. മുജാഹിദ് ജമാഅത്ത് മദ്രസകളൊഴികെ പലയിടത്തും നടത്തപ്പെടുന്ന ഏകീകൃത നബിദിനാഘോഷങ്ങളും മദ്രസകള്‍ വഴി നടപ്പിലായ ആശാവഹമായ നീക്കമാണ്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് വിദ്യാഭ്യാസ ബോര്‍ഡുകള്‍ സമയാസമയങ്ങളില്‍ നടത്തുന്ന പരിഷ്‌കാരങ്ങള്‍ മദ്രസാ പ്രസ്ഥാനത്തിന്റെ വര്‍ത്തമാനം ശോഭയുറ്റതാക്കുന്നു. അറബിയിലെ എല്ലാ അക്ഷരങ്ങള്‍ക്കും സമാനമായ ശബ്ദങ്ങള്‍ മലയാളത്തിലില്ലാത്തതിനാല്‍ പകരം കൊണ്ടുവന്നതായിരുന്നു അറബി മലയാളം. കേരളക്കരയില്‍ ഏറെക്കാലം അറബി മലയാളം നിലനില്‍ക്കാന്‍ പ്രധാന കാരണം മദ്രസാ പാഠ പുസ്തകങ്ങളായിരുന്നു.

സ്‌കൂള്‍ അവധിക്കാലത്തും മദ്രസാ പഠനം ഉണ്ടാവും എന്നതിനാല്‍ പ്രവാസികള്‍ക്ക് പലതരത്തിലുള്ള പ്രയാസമുണ്ടായിരുന്നു. സ്‌കൂള്‍ അവധിക്കാലത്ത് മക്കളെയും കൊണ്ട് നാട്ടില്‍ പോവേണ്ട കുടുംബങ്ങളാണ് ഇത് കൊണ്ട് ഏറെ ബുദ്ധിമുട്ടിയിരുന്നത്. ഇവരുടെ സൗകര്യാര്‍ത്ഥം പലയിടത്തും മദ്രസാ വാര്‍ഷിക അവധി സ്‌കൂള്‍ കലണ്ടര്‍ പ്രകാരം മാറ്റിയതിനാല്‍ നിരവധി പേര്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാനായി. 

അടുത്തിടെ കേരളത്തില്‍ വ്യാപകമായ മദ്രസാ പഠനം കൂടിയുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ സ്‌കൂള്‍ സൗകര്യങ്ങള്‍ക്കൊത്ത് മദ്രസാ സിലബസ് തന്നെ പരിഷ്‌കരിച്ചു നല്‍കാന്‍ പോലും ബോര്‍ഡുകള്‍ തയ്യാറായത് മതപഠനത്തിന്റെ നിലനില്‍പിന് തീര്‍ത്തും ഗുണകരമായിരുന്നു. കൂടുതല്‍ ശാസ്ത്രീയവും മനഃശാസ്ത്ര പരവുമായ അധ്യായനം സാധ്യമാക്കുന്നതിനായി അധ്യാപകര്‍ക്ക് പരിശീലന കോഴ്‌സുകള്‍ തന്നെ ഇന്ന് നിലവിലുണ്ട്. മദ്രസാ മാനേജ്‌മെന്റുകള്‍ക്ക് വരെ ആസൂത്രിതമായി പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സൗകര്യങ്ങളുണ്ട്. ഇതിനൊക്കെ പുറമെ സര്‍ക്കാറുകളുടെ പലവിധ ക്ഷേമ പദ്ധതികളും മദ്രസകള്‍ക്കായി നല്‍കി വരുന്നുണ്ട്. സമുദായത്തിലെ വലിയൊരു വിഭാഗം ഇത്തരം ശാസ്ത്രീയ പരിശീലനങ്ങളും സൗകര്യങ്ങളും മദ്രസാപഠനത്തിന്റെ നിലനില്‍ പിന്നും വളര്‍ച്ചക്കും സഹായകമാകുന്ന രീതിയില്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നു എന്നതും വിസ്മരിക്കാനാവില്ല.

മദ്രസകള്‍ സമുദായത്തില്‍ നിര്‍വഹിച്ച മറ്റൊരു ദൗത്യമാണ് ഒരു സാംസ്‌കാരിക കേന്ദ്രമായി പ്രവര്‍ത്തിക്കുക എന്നത്. അനൗപചാരിക മതപഠനത്തിനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുപലവിധ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും മദ്രസകള്‍ വേദിയാകുന്നു. വനിതകള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന മതപഠന ക്ലാസുകള്‍ക്കായി വ്യാപകമായി ഉപയോഗപ്പെടുത്തപ്പെടുന്നത് മദ്രസകളാണ്. നബിദിനാഘോഷം, കുട്ടികള്‍ക്കായുള്ള ലൈബ്രറി തുടങ്ങി ഈ സാംസ്‌കാരിക കേന്ദ്രത്തിന്റെ സാധ്യതകള്‍ അനവധിയാണ്. 

ചുരുക്കത്തില്‍ മദ്രസാപ്രസ്ഥാനം പ്രാഥമിക മതപഠന രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടം സാധ്യമാക്കിയതോടൊപ്പം സമുദായത്തിന്റെ പുരോഗതിയില്‍ മറ്റുപല വഴികളിലുമായി ചെന്നുകൊള്ളുന്നുണ്ട്. മദ്രസാബോര്‍ഡുകളുടെയും മാനേജ്‌മെന്റുകളുടെയും ഭാഗത്ത് നിന്ന് ഇത് കൂടുതല്‍ ചടുലമാക്കാനുള്ള ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്.

അനിവാര്യമായ പ്രതിരോധം 
കാലങ്ങളോളം കേരള മുസ്‌ലിംകള്‍ സ്വന്തമെന്ന് കരുതി വളര്‍ത്തി വലുതാക്കിയ മദ്രസാ പ്രസ്ഥാനം പലകാരണങ്ങള്‍ കൊണ്ടും ഇന്ന് തകര്‍ച്ച നേരിടുകയാണ്. പുതിയ കാലത്ത് പല വിധേനയും കടന്നു വരുന്ന പരിഷ്‌കാരങ്ങളും പരീക്ഷണങ്ങളുമാണ് ഈ ആശങ്കകള്‍ക്ക് നിദാനം. ഇസ്‌ലാമിക പാരമ്പര്യത്തെ തന്നെ തുടച്ചുമാറ്റുമാറ് ശക്തമായ പാശ്ചാത്യ ഭ്രമം സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നു. മതകീയമായ എല്ലാ അറിവകളോടുമള്ള അവഗണനാ മനോഭാവമാണ് ഇതിന്റെ അനന്തരഫലം.

സാമൂഹിക ചിന്തകളിലുള്ള ഈ മാറ്റത്തിന് വേഗത വര്‍ദ്ധിപ്പിച്ച പ്രതിഭാസമാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍. മദ്രസയുടെ സമയക്രമീകരണത്തെ ആകെ തകിടം മറിക്കുന്ന നീക്കങ്ങളാണ് ഇംഗ്ലീഷ് മീഡിയം മാനേജ്‌മെന്റുകള്‍ നടപ്പില്‍വരുത്തുന്നതിലേറെയും. 240 അധ്യായന ദിവസങ്ങളിലായി 540 മണിക്കൂര്‍ സമയത്തെ മതപഠനമാണ് ഒരു വര്‍ഷം സമസ്ത വിഭാവനം ചെയ്യുന്നത്. ഇതിനായി. ചുരുങ്ങിയത് രണ്ടേകാല്‍ മണിക്കൂറെങ്കിലും ദിനേന പഠനം നടത്തേണ്ടതുണ്ട്. പക്ഷെ നേരത്തെ തുടങ്ങുന്ന ഇംഗ്ലീഷ് മീഡിയങ്ങള്‍ മദ്രസാ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ വിഷമത്തിലാക്കുന്നു. ക്ലാസില്‍ പോവാനുള്ള തയ്യാറെടുപ്പും നേരത്തെ എത്തുന്ന ബസും ചേര്‍ന്ന് സമയം വീണ്ടു കവരുന്നു. ഇങ്ങനെ അരയും മുക്കാലും മണിക്കൂര്‍ ഒരാശ്വാസത്തിന് വേണ്ടി മാത്രം മതവിദ്യ നുകരാന്‍ വിധിക്കപ്പെട്ട അനേകം കുരുന്നുകള്‍ നാട്ടിന്‍ പുറങ്ങളിലെ നിത്യ കാഴ്ചകളാണ്. മുസ്‌ലിമേതര മാനേജ്‌മെന്റുകള്‍ നടത്തുന്ന ഉന്നത നിലവാരത്തിലുള്ള സ്‌കൂളുകളിലെല്ലാം മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ പഠിച്ചുതുടങ്ങിയതോടെ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. മതപഠനത്തിനുള്ള സമയം പോയിട്ട് മാന്യമായി വസ്ത്രം ധരിക്കാന്‍ പോലും ഇത്തരക്കാര്‍ക്ക് അവസരം ലഭിക്കുന്നില്ല. എന്നിട്ടും ഭൗതിക വിദ്യയുടെ മേന്മ മാത്രം പരിഗണിച്ച് ഈ ദുരവസ്ഥയെ പുല്‍കാന്‍ തയ്യാറാവുന്ന നിരവധി രക്ഷിതാക്കളുണ്ട് താനും. ആംഗലേയ ഭാഷയോടും അതുമൂലം ലഭിക്കാനിടയുള്ള ഉയര്‍ന്ന ജോലിയും മാത്രമാണിവര്‍ ലക്ഷ്യമാക്കുന്നത്.

ഇംഗ്ലീഷ് മീഡിയങ്ങള്‍ രൂപപ്പെട്ട ആഘാതങ്ങള്‍ ഇനിയുമേറെയാണ്. മതവിദ്യാഭ്യാസം തകരുമെന്ന പരാതിയെ പ്രതിരോധിക്കാന്‍ മാനേജ്‌മെന്റുകള്‍ കണ്ടെത്തിയ ഉപാധികളിലൊന്നായിരുന്നു അവിടെ വെച്ച് തന്നെ മതപഠനവും നല്‍കുക എന്നത്. ഈ തീരുമാനം ആത്മാര്‍ത്ഥമാണെങ്കില്‍ അംഗീകരിക്കാതെ വയ്യ. പക്ഷെ പലയിടത്തും ഇതൊരു പുകമറ മാത്രമാണ്. ഇങ്ങനെ ഒരു പ്രതീതി സൃഷ്ടിക്കാനായി യൂനിഫോമില്‍ തൊപ്പിയുള്‍പ്പെടുത്തിയത് കൊണ്ടായില്ല. പത്തും പതിനഞ്ചും വയസ്സായിട്ടും പ്രാഥമിക ആരാധനാ കര്‍മ്മങ്ങള്‍ പഠിക്കാന്‍ പോലും അവസരം ലഭിക്കുന്നില്ല എന്ന് പല ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുമായുള്ള സംഭാഷണങ്ങള്‍ തെളിയിക്കുന്നു. സമസ്ത ഇംഗ്ലീഷ് മീഡിയങ്ങള്‍ക്കായി ആവിഷ്‌കരിച്ച സിലബസ് പ്രാകാരം 180 അധ്യായന ദിവസങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. പലകാരണങ്ങള്‍ കൊണ്ട് ഇതുപോലും സാധിക്കുന്നില്ല എന്നത് തന്നെയാണ് ഈ ദുരവസ്ഥക്ക് കാരണം.

ഇതിനൊക്കെ പുറമെ മദ്രസാ നടത്തിപ്പുകാര്‍ വ്യാപകമായി സാമ്പത്തിക പരാധീനതകള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. അതുഫലമായി ഈ മേഖലയില്‍ ജോലിചെയ്യുന്ന ഒരു ലക്ഷത്തിലധികം അധ്യാപകരം മത മേഖലയില്‍ തുടരാന്‍ പ്രായസപ്പെടുന്നു. 
ചുരുക്കത്തില്‍ സമൂഹത്തിന്റെ ഭൗതിക വിദ്യാഭ്യാസത്തോടുള്ള ഭ്രമവും ഇംഗ്ലീഷ് മീഡിയയങ്ങളുടെ തള്ളിക്കയറ്റവും സാമ്പത്തിക പരാധീനതയും തുടങ്ങി പ്രാഥമിക മതപഠന മേഖലയെ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികള്‍ നിരവധിയാണ്. സമുദായം ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആണ്ടുകളായി നാം തുടര്‍ന്നു വരുന്ന മതബോധവും ആത്മീയ ചൈതന്യവും നമുക്ക് പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കാന്‍ സാധിക്കുകയുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter