രാപ്രഭാഷണങ്ങള്‍: വിദ്യഭ്യാസത്തിന്റെ പൂര്‍വ മാതൃക
വഅളുകള്‍ മാപ്പിള സാഹിത്യത്തിന് വിശേഷിച്ച് അറബി മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ അനിഷേധ്യമാണ്. ബദ്ര്‍ ഉഹ്ദ് പടപ്പാട്ടുകള്‍ തുടങ്ങിയവയും ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ) അഹ്‌മദുല്‍ കബീര്‍ അര്‍റിഫാഇ(റ) നഫീസത്തുല്‍ മിസ്‌രിയ്യ (റ) തുടങ്ങിയ മഹത്‌വ്യക്തിത്വങ്ങളുടെ ജീവചരിത്രമാലകളും വഅള് പരമ്പരകളില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. നമ്മുടെ വഅള് പരമ്പരകളിലെല്ലാം സാധാരണയായി ചൊല്ലപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്തിരുന്ന ഗ്രന്ഥങ്ങളില്‍ ഒന്നാണ് തഴവാ കുഞ്ഞുമുഹമ്മദ് മൗലവിയുടെ അല്‍ മവാഹിബുല്‍ ജലിയ്യ.
ഈ അനൗപചാരിക വിജ്ഞാനോല്‍പാദന, പ്രസരണ രീതിയെ പ്രായോഗികമെന്നും അപ്രസക്തമെന്നും പരിഷ്‌കരണ വാദികളില്‍ പലരും മുദ്രകുത്താറുണ്ട്. എന്നാല്‍ സത്യത്തില്‍ ഇത്തരം അനോദ്യോഗിക വിദ്യാഭ്യാസ രീതികള്‍ നിരവധി സമൂഹങ്ങളില്‍ പരിവര്‍ത്തനം സൃഷ്ടിച്ചതില്‍ ചരിത്രം സാക്ഷിയാണ്. പുസ്തകങ്ങള്‍ വായിക്കുന്നതിലുപരി വായിച്ച് കേള്‍പിച്ച് അതിന്മേല്‍ ചര്‍ച്ച നടത്തുന്ന രീതിയായിരുന്നു പലപൗരാണിക സമൂഹങ്ങളിലും നിലനിന്നിരുന്നത്. ഈയൊരു അനൗദ്യോഗിക രീതി ഇന്നും മുസ്‌ലിം ലോകത്ത് ചിലയിടങ്ങളിലെങ്കിലും നിലനില്‍കുന്നുണ്ട്. പേര്‍ഷ്യയിലെ സാധാരണ ജനങ്ങള്‍ ഖുര്‍ആന്‍ സൂക്തങ്ങളും ഫിര്‍ദൗസിയുടെ സ്വഹീഹ് നാമയിലെയും സഅദി ശീറാസിയുടെ ഗുലിസ്ഥാനിലെയും ശകലങ്ങള്‍ ഹൃദിസ്ഥമാക്കിയത് ഈ രീതിയിലൂടെയായിരുന്നു വെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ രിസാലയെ നൂര്‍ തുര്‍ക്കിയില്‍ ഇന്നും വ്യാപകമായി വായിച്ചപഗ്രഥിക്കുക പതിവാണ്.
ഈ അനോദ്യോഗിക വിദ്യാഭ്യാസ രീതിയുടെ അമരക്കാരില്‍ പ്രമുഖരായിരുന്ന ശുകപുരം ഉസ്താദ്, വാണിയമ്പലം അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, ആദൃശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കെവി. മുഹമ്മദ് മുസ്‌ലിയാര്, പൂന്താവനം എന്‍ അബ്ദുല്ല മുസ്‌ലിയര്‍ തുടങ്ങിയവര്‍ ഇത്തരം പ്രഭാഷകരെ സൃഷ്ടിച്ചെടുക്കുന്നതില്‍ മുന്‍കാല ദര്‍സുകളിലെ സമാജങ്ങളും ഉറുദി പ്രസംഗങ്ങളും വഹിച്ച പങ്ക് അവിസ്മരണീയമാണ്. ഇവയുടെ വകഭേദങ്ങള്‍ മാത്രമാണ് ഇന്നു നടക്കുന്ന പ്രസംഗപരിശീലന ക്ലാസുകളെല്ലാം തന്നെ.
കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറയില്‍ അന്‍സാറുല്‍ മുസ്‌ലിമീന്‍ സംഘത്തിന് കീഴില്‍ നടന്ന വഅള് പരമ്പരയില്‍ തുടര്‍ച്ചയായി ആറുമാസം പൂന്താവനം അബ്ദുല്ല മുസ്‌ലിയാരും കെ.വി മുഹമ്മദ് മുസ്‌ലിയാരും ചേര്‍ന്ന് നടത്തിയ പ്രഭാഷണ പരമ്പര വഅള് ചരിത്രത്തിലെ അവിസ്മരണീയമായ സംഭവാണ്. സൈനുദ്ദീന്‍ മഖ്ദൂം (റ)ന്റെ ഫത്ഹുല്‍ മുഈന്‍, ഇമാം ഗസാലി (റ)ന്റെ ഇഹ്‌യാഉല്‍ ഉലൂമുദ്ദീന്‍ തുടങ്ങിയ ഗ്രന്ഥങ്ങളെ മുന്‍നിര്‍ത്തിയും നമ്മുടെ പണ്ഡിതന്മാര്‍ ദിവസങ്ങളോളം തന്നെ വഅള് പരമ്പരകള്‍ നടത്തിയിരുന്നു വെന്ന് കാണാം.
നമ്മുടെ വഅള് ചരിത്രത്തിന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത വാഗ്മിയായിരുന്നു പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. മലബാറില്‍ വഹാബികളുടെ പ്രഭാഷണ പരിപാടികള്‍ സജീവമായപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പറവണ്ണ മുഹിയുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ നിയോഗിച്ചത് തിരിവിതാംകൂറുകാരനായ പതിയെ ആയിരുന്നു. മുഹിയദ്ദീന്‍ മാലയെകുറിച്ച് പതിയും എടവണ്ണ അലവി മൗലവിയും തമ്മില്‍ നടത്തിയ ഖണ്ഡന മണ്ഡനങ്ങളും എടവണ്ണയുടെ പരാജയവും ഏറെ പ്രസിദ്ധമാണ്. പതിയുടെ പ്രേരണമൂലമായിരുന്നു വാണിയമ്പലം അബ്ദുറഹ്‌മാന്‍ മുസ്‌ലിയാരും പൂന്താവനം അബ്ദുല്ല മുസ്‌ലിയാരും ഈ രംഗത്തേക്ക് കടന്നു വന്നത്.
പണ്ഡിത ശ്രേഷ്ഠനെന്നതിലുപരി അതിപ്രരഗത്ഭനായ വാണീവിലാസത്തിന്റെ ഉടമകൂടിയായിരുന്നു ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍. ക്രിസ്ത്യന്‍ മിഷനറിക്കെതിരെ അദ്ദേഹം മഞ്ചേരിയിലും എടക്കരയിലും നടത്തിയ ഭാഷണങ്ങള്‍ ചരിത്ര പ്രസിദ്ധമാണ്. വളാഞ്ചേരിയില്‍ മൗദൂദിക്കെതിരെ നടത്തിയ പ്രഭാഷണം, കുറ്റിപ്പുറത്തും ഫറോഖിലും നടത്തിയ ഖാദിയാനി ഖണ്ഡനം, 1949 ലെ തളിപ്പറമ്പ് പ്രസംഗ പരിപാടി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രഭാഷണ ജീവിതത്തിലെ അനുസ്മരണീയ സംഭവങ്ങളാണ്. പള്ളി,മദ്‌റസകളുടെ സംസ്ഥാപനാര്‍ഥ് മലയാളക്കരയിലുടനീളം പ്രഭാഷണ വേദികള്‍ പ്രഭാഷണ വേദികള്‍ സംഘടിപ്പിച്ച പ്രഭാഷകനായിരുന്നു ആദൃശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍. പാതിരാ പ്രസംഗങ്ങിലെ നിത്യ സാന്നിദ്ധ്യമായിരുന്ന ഇദ്ദേഹത്തെയായിരുന്നുവത്രേ നന്തി ദാറുസ്സലാമിന്റെ ധനശേഖരണാര്‍ഥം നടത്തിയിരുന്ന പ്രഭാഷണവേദിയിലേക്ക് ശംസുല്‍ ഉലമ സ്ഥിരമായി ക്ഷണിച്ചിരുന്നത്.
പതിഅബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ക്ക് ശേഷം കേരളത്തില്‍ വാദപ്രതിവാദ രംഗങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു ഇ.കെ ഹസന്‍ മുസ്‌ലിയാര്‍. ആദര്‍ശ വിശദീകരണ,ഖണ്ഡന രംഗങ്ങളില്‍ എന്നും അനുസ്മരിക്കപ്പെടുന്ന വ്യക്തികളാണ് നാട്ടിക വി. മൂസ മുസ്‌ലിയാരും വാണിയമ്പലം അബ്ദുര്‍ഹ്‌മാന്‍ മുസ്‌ലിയാരും കുറ്റിച്ചിറയിലെ അര്‍ധ വാര്‍ഷിക പ്രഭാഷണത്തിലൂടെ പ്രസിദ്ധനായ എന്‍. അബ്ദുല്ല മുസ്‌ലിയാര്‍ പുത്തനാശയക്കാരുടെ കുവാദങ്ങള്‍ക്ക് മറുപടിയായി പൊതു സമൂഹത്തിന് ഉള്‍കൊള്ളാനാവും വിധം ശുദ്ധമലയാളത്തില്‍ വിശദീകരിച്ച് അഹ്‌ലുസ്സുന്ന വല്‍ ജമാഅത്തിന്റെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ച പ്രഭാഷകനായിരുന്നു. ശുദ്ധമലയാള പക്ഷപാതിത്വം കൊണ്ട് മറ്റു പണ്ഡിതരില്‍ നിന്ന് വ്യത്യസ്തരായിരുന്നു കെ.വി മുഹമ്മദ് മുസ്‌ലിയാരും അബ്ദുല്ല മുസ്‌ലിയാരും .
മലയാള ഭാഷാവൈഭവം ഉപയോഗിച്ച് പുത്തന്‍ വാദികള്‍ കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ തുടങ്ങിയ സന്ദര്‍ഭത്തില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച വ്യക്തിയായിരുന്നു കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്. തൗഹീദ്,ശിര്‍ക്ക്, തവസ്സുല്‍, ഇസ്തിഗാസ തുടങ്ങിയ വിഷയങ്ങളെകുറിച്ച് അദ്ദേഹം ആഴ്ചകളോടളം ശുദ്ധമലയാളത്തില്‍ പ്രസംഗിച്ചിരുന്നതായി അനുഭവസ്ഥര്‍ വിശദീകരിക്കുന്നുണ്ട്. മത പരമായ പ്രശ്‌നങ്ങള്‍ മാത്രമായിരുന്നില്ല. നിയമവും കോടതിയും രാഷ്ട്രീയ പ്രശ്‌നങ്ങളുമെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണ വിഷയങ്ങളായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണ ഫലമായി കേരളത്തിന്റെ പലഭാഗങ്ങളിലും മദ്‌റസകളും പള്ളികളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
ബാലുശ്ശേരി കിനാലൂര്‍ സ്വദേശിയായിരുന്ന കോയ മുസ്‌ലിയാര്‍ തൊണ്ണൂറുകളുടെ ആദ്യപാതിയില്‍ കേരളത്തിലുടനീളം ക്ഷോഭിച്ചിരുന്ന മതപ്രഭാഷകനായിരുന്നു ഇരു കൈകാലുകളില്ലാത്ത അദ്ദേഹത്തെ പ്രവര്‍ത്തകര്‍ ചുമന്നുകൊണ്ട് പോവാറായിരുന്നു പതിവ്. മലബാറിന്റെ എല്ലാ ഭാഗങ്ങളിലും പ്രഭാഷണങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം ലക്ഷദ്വീപില്‍ പോലും വഅളുകള്‍ നടത്തിയിട്ടുണ്ട്.
തീര്‍ത്തും കാലികമായിരുന്നു വഅള് പരമ്പരയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്ന വിഷയങ്ങള്‍ എന്നത് കൊണ്ടായിരുന്നു വിവധകാലങ്ങളില്‍ അവ ഇത്രയധികം സ്വീകരിക്കപ്പെട്ടത്. കാലക്രമേണ വഅളുകളുടെ രീതിശാസ്ത്രത്തിലും കാതലായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പാശ്ചാത്യ അധിനിവേശ കാലത്ത് സാമ്രാജ്യത്വ വിരുദ്ധങ്ങളായിരിന്നു നമ്മുടെ സമരങ്ങളുടെ പ്രചനന വേദികളായിരുന്നു നമ്മുടെ പ്രഭാഷണ അരങ്ങുകളെങ്കില്‍ തുടര്‍ന്ന് മനുഷ്യ ജീവിതവും മരണവും മരണാന്തര ജീവിതവും മറ്റും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നീട് ശാസ്ത്രീയവും ഭൗതികവുമായ നിരവധി വിഷയങ്ങള്‍ വഅളുകളുടെ പ്രതിപാദ്യ വിഷയമായി മാറുകയുണ്ടായി. ഇന്ന് നമ്മുടെ മലയാള മണ്ണില്‍ വ്യാപകമായി മാറിയ ഖുര്‍ആന്‍ ക്ലാസുകളും വനിതാ ക്ലാസുകളും മതപഠന ക്ലാസുകളുമെല്ലാം തന്നെ ഈ വഅള് പരമ്പരകളുടെ തന്നെ ഭാവഭേദങ്ങളാണ്. വിവിധ സംഘടനകളുടെ കീഴില്‍ ഇന്ന് നടന്നു പോരുന്നു. ഹ്രസ്വ കാല മത പഠന കോഴ്‌സുകളും ഇവയുടെ തന്നെ രൂപമാറ്റങ്ങളാണ്.
യു.എന്‍ പോലുള്ള അന്താരാഷ്ട്ര സംഘടകള്‍ അവതരിപ്പിച്ച് പോരുന്ന അനൗപചാരിക വിദ്യാഭ്യാസം ലറൗരമശേീി ളീൃ മഹഹ തുടങ്ങിയ രീതികളുടെയെല്ലാം മുന്‍ രൂപമായി കണക്കാക്കപ്പെടാവുന്ന വഅള് സംസ്‌കാരത്തെകുറച്ചും അത് സമൂഹത്തിലുണ്ടാക്കിയ സ്വാധീന പരിവര്‍ത്തനങ്ങളെ കുറിച്ചും ആഴത്തിലുള്ള അപഗ്രഥനങ്ങളും വിശാലര്‍ത്ഥത്തിലുള്ള ചര്‍ച്ചകളും ഇനിയും നടന്നിട്ടില്ലെന്നത് തീര്‍ത്തും ഖേദകരം തന്നെയാണ്.



Leave A Comment