2017 ആഗസ്റ്റ് 10ന്, ഉത്തര്‍ പ്രദേശിലെ ബാബാരാഘവ്ദാസ് മെഡിക്കല് കോളേജിലെ ശിശുവിഭാഗത്തില്‍, 70 കുട്ടികള് ഓക്സിജന് ലഭിക്കാതെപിടഞ്ഞ് മരിച്ചത് ഇന്നും ഞെട്ടലോടെയാണ് ഓരോ ഇന്ത്യക്കാരനും ഓര്ക്കുന്നത്. പ്രസ്തുത സംഭവത്തില്‍ ആദ്യം പ്രതിയും ശേഷം നായകനുമായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഡോ. കഫീല്‍ ഖാന്‍, ഇന്നും ഭരണകൂടഭീകരതക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്.
അദ്ദേഹം ഇസ്‌ലാം ഓണ്‍വെബിന് അനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍
തയ്യാറാക്കിയത്- അബ്ദുല്‍ ഹഖ് മുളയങ്കാവ്
താങ്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നുവല്ലോ, അതിനെ താങ്കള്‍ എങ്ങിനെ കാണുന്നു?
ബി.ആര്‍ഡി മെഡിക്കല്‍ കോളേജിലുണ്ടായ, 70 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണല്ലോ എന്നെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍, വൈകിയെങ്കിലും പലരും മനസ്സിലാക്കിയത് പോലെ, ഞാന്‍ അതില്‍ പ്രതിയല്ലെന്ന് മാത്രമല്ല, എന്നെക്കൊണ്ടാവുന്നതെല്ലാം സ്വന്തം ചെലവില്‍ ചെയ്തുവെന്നതാണ് സത്യം. സിലിണ്ടറുകള്‍ വാങ്ങിയ വകയില്‍ 68 ലക്ഷം രൂപ സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയിരുന്നു. ആറ്മാസമായി തുടരുന്ന ഈ കുടിശ്ശിക കൊടുത്തുവീട്ടണമെന്ന് പറഞ്ഞ്,14 ഓളം കത്തുകള്‍ മുഖ്യമന്ത്രിക്കടക്കം മറ്റു ഔദ്യോഗിക വൃത്തങ്ങള്‍ക്ക് ഞാന്‍ അയച്ചിരുന്നു. പക്ഷെ, ഏതൊരു നടപടിയും ഉണ്ടായില്ല, അവസാനം, വിതരണക്കാര്‍ വിതരണം നിര്‍ത്തലാക്കി, അതോടെയാണ് അപകടമുണ്ടാവുന്നത്. അതോടെ, ബന്ധപ്പെട്ടവര്‍ അത് അടച്ചുതീര്‍ക്കാന്‍ ആവശ്യമായത് ചെയ്തു, പക്ഷേ, അപ്പോഴേക്കും 70 കുട്ടികളുടെ ജീവനാണ് നഷ്ടമായത്.
ഈ വിഷയം നടന്നു കൊണ്ടിരിക്കെ ചില മാധ്യമങ്ങളെങ്കിലും, മുഖ്യമന്ത്രി യോഗി ആഥിത്യനാഥാണ് ഇതിന് ഉത്തരവാദി എന്ന് ഉറക്കെ പറഞ്ഞു,എന്നാല്‍ അദ്ദേഹം തന്ത്രപൂര്‍വ്വം അതിന് കാരണക്കാരന്‍ ഞാനാണെന്ന് വരുത്തിതീര്‍ക്കുകയും എന്റെ മേല്‍ കെട്ടിവെച്ച്, വിഷയത്തില്‍ നിന്ന് രക്ഷപ്പെടുകയുമാണ് ചെയ്തത്.
ഓക്സിജന്‍ ലഭ്യമാവാത്തതാണ് മരണകാരണമെന്നത് നിഷേധിക്കാന്‍ ആദ്യം അധികൃതര്‍ ശ്രമിച്ചുനോക്കി, പക്ഷേ, അഫിഡാവിറ്റില്‍ അത് വ്യക്തമായി പറഞ്ഞതോടെ, അവര്‍ വെട്ടിലാവുകയായിരുന്നു.ഇപ്പോള്‍ ആ കുട്ടികളുടെ മാതാപിതാക്കള്‍ നീതിക്ക് വേണ്ടി പോരാടുകയാണ്.
വളര്‍ന്നുവരുന്ന ഫാഷിസ്റ്റ് വര്‍ഗീയത രാജ്യത്തിന് എത്രമാത്രം ഭീഷണിയുയര്‍ത്തുന്നുണ്ട്?
കുട്ടിക്കാലത്ത് ദുര്‍ഗപൂജ,ദീപാവലി,ഗോലി ലക്ഷ്മി പൂജ, പെരുന്നാള്‍ എന്നിവയൊക്കെ ഹൈന്ദവ സുഹൃത്തുക്കള്‍ക്കൊപ്പം ഒന്നിച്ചിരുന്ന് ആഘോഷിച്ചിരുന്നു, പെരുന്നാള്‍ പായസം ഒരുമിച്ചിരുന്നു കഴിച്ചിരുന്നു,ഇറച്ചി കഴിച്ചിരുന്നു,എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ അവസ്ഥകള്‍ മാറിമറിഞ്ഞിരിക്കുന്നു.
ദളിതരും ന്യൂനപക്ഷവുംപീഢനങ്ങള്‍ക്കിരയാവുകയാണ്,ചെറിയ കുട്ടികള്‍ക്ക് വരെ സുരക്ഷയില്ലാതായിരിക്കുന്നു.ജനങ്ങള്‍ മോദിക്കോ യോഗിക്കോ എതിരല്ല, മറിച്ച് അവരുടെ ആശയധാരയെയാണ് അവര്‍ എതിര്‍ക്കുന്നത്. ആര്‍.എസ്.എസ് ഐഡിയോളജിയാണ് എതിര്‍ക്കപ്പെടുന്നത്, വര്‍ഗീയ വിഷം കുത്തിവെക്കുന്നതിനെതിരെയാണ് ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. ഇന്ത്യ ഒരു മതേതര രാജ്യമാണ്, അത് അങ്ങനെ തന്നെ തുടരണമെന്നാണ് ഭൂരിഭാഗ പേരും ആഗ്രഹിക്കുന്നതും. എന്നാല്‍, അത് ഇല്ലാതാക്കാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് വലിയ അപകടമാണ്. അതേസമയം, ഇന്ത്യയുടെ മനസ്സ് എന്നും മതേരത്വത്തിന് അനുകൂലമാണ്. അത് കൊണ്ട് തന്നെ, ഇതിനൊന്നും അധികം ആയുസ്സുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം.
ഡോക്ടര്‍ എന്ന നിലക്ക് താങ്കളുടെ സേവനത്തെ കുറിച്ച് എന്ത് പറയുന്നു, എങ്ങനെ വിലയിരുത്തുന്നു?
ആത്മാര്‍ത്ഥമായി ചെയ്യുന്നുവെങ്കില്‍, ജനങ്ങളെ സേവിക്കാനുള്ള ഏറ്റവും നല്ലൊരു മാര്‍ഗ്ഗമാണ് ഡോക്ടറാവുക എന്നത്. ഞാന്‍ അത് ഏറെ ആസ്വദിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ അറസ്റ്റിനെ തുടര്‍ന്ന് ഞാനിപ്പോള്‍ ജോലിക്ക് പുറത്താണ്.എന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട 25 ഓളം കത്തുകള്‍ ഈ 18 മാസത്തിനുള്ളില്‍ ഔദ്യോഗിക വൃത്തങ്ങളിലെത്തിയിട്ടുണ്ട്.ഒന്നുകില്‍ ജോലിയില്‍ നിലനിര്‍ത്തുക അല്ലെങ്കില്‍ എന്നെ പുറത്താക്കുക, രണ്ടും അധികൃതര്‍ ചെയ്യുന്നില്ല. വളരെ അനിശ്ചിതത്വത്തിലൂടെയാണ് ഇപ്പോള്‍ ഞാന്‍ നീങ്ങുന്നത്. അത്കൊണ്ട് തന്നെ, ഡോക്ടര്‍ എന്ന നിലയിലുള്ള സേവനം പൊതുജനങ്ങള്‍ക്ക് ചെയ്യാനാവുന്നില്ലെന്ന സങ്കടമുണ്ട്.
യോഗി ആതിഥ്യനാഥിന്റെ നാട്ടിലാണ് താങ്കള്‍ ജീവിക്കുന്നത്, പശുക്കളെ സ്‌നേഹിക്കുന്ന ഒരു മുഖ്യമന്ത്രിക്ക് എത്രമാത്രം ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സാധിക്കുന്നുണ്ട്?
മനുഷ്യനാണ് ഏറ്റവും വലുത്, ജീവന് വില കല്‍പിക്കാത്ത ഒരു പ്രത്യയശാസ്ത്രവും ശരിയല്ലെന്ന് തറപ്പിച്ച് പറയാം. പരസ്പരം സ്‌നേഹിക്കുവാന്‍ കൂടി വേണ്ടിയാണ് മനുഷ്യര്‍ ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതിനായി ജീവിക്കുമ്പോഴാണ്, മനുഷ്യജീവിതം അന്വര്‍ത്ഥമാവുന്നത്.
ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യമാക്കേണ്ടത് സര്‍ക്കാറാണ്. അത് ചെയ്യുന്നില്ലെന്ന് പറഞ്ഞ് എനിക്ക് മാറി നില്‍ക്കാമായിരുന്നു. പക്ഷെ, ഞാന്‍ അതില്‍ ഇടപെടുകയും സ്വന്തം ചെലവില്‍ സാധ്യമായ അത്ര സിലിണ്ടറുകള്‍ സംഘടിപ്പിച്ചതും മനുഷ്യസ്നേഹം ബാക്കിയുള്ളത് കൊണ്ടായിരുന്നു. ഒരു കുട്ടിയുടെയെങ്കിലും ജീവന്‍ രക്ഷിക്കാനായെങ്കിലെന്നാണ് ഞാനപ്പോള്‍ ഓര്‍ത്തത്. ആത്മാര്‍ത്ഥതയുള്ള ഏതൊരു ഡോക്ടര്‍ക്കും ഏതൊരു മനുഷ്യനും അങ്ങനെയേ ചിന്തിക്കാനാവൂ.
ഒരു ഡോക്ടറായി ഇങ്ങനെ സേവനം തുടരാനാണോ ഉദ്ദേശിക്കുന്നത്, അതോ മറ്റു വല്ല പദ്ധതികളുമുണ്ടോ?
എന്റെ ഡ്രീം പ്രൊജക്ടററ് ഒരു വലിയ ട്രീറ്റ്‌മെന്റ് സെന്റര്‍ തുറക്കുക എന്നതാണ്, അതില്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ ചികില്‍സയും സൌജന്യമായി നല്‍കണം. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ തന്നെ ഈ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഉദ്ധേശിച്ചിരുന്നത്, പക്ഷെ സര്‍ക്കാറിന്റെ ഭാഗത്ത്നിന്ന് ഇതിന് ഒട്ടേറെ തടസ്സങ്ങള്‍ നേരിടുകയാണ്. എല്ലാം ദൈവത്തിലര്‍പ്പിക്കുന്നു, അവന്റെ വിധിയുണ്ടെങ്കില്‍ നടക്കും.
പറഞ്ഞുനിര്‍ത്തുമ്പോള്‍, ആ മുഖത്ത് നിശ്ചദാര്‍ഢ്യം സ്ഫുരിക്കുന്നുണ്ടായിരുന്നു. തന്റെ സഹജീവികള്‍ക്ക് വേണ്ടി ആരോഗ്യരംഗത്ത് തന്നെക്കൊണ്ട് ആവുന്നതൊക്കെ ചെയ്യണമെന്ന ഉല്‍ക്കടമായ ആഗ്രഹവും. മനുഷ്യസ്നേഹം വഴിഞ്ഞൊഴുകുന്ന ആ ചെറുപ്പക്കാരന്‍റെ ഇത്തരം നല്ല ആഗ്രഹങ്ങള്‍ സഫലമാവട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
Leave A Comment