ഉസ്മാന്‍ സാഹിബ് കാലവും നിയോഗവും: ഡോക്യുമെന്ററി സംവിധായകന്‍ അബ്ദുല്ലബിന്‍സീനയുമായി നടത്തിയ അഭിമുഖം
കേരളീയ മുസ്‍ലിം സമുദായത്തിന് പൊതുവായും മദ്റസാ പ്രസ്ഥാനത്തിന് വിശേഷിച്ചും ഏറെ സംഭാവനകളര്‍പ്പിച്ച വ്യക്തിയാണ് കെ.പി ഉസ്മാന്‍ സാഹിബ്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ഓഫീസ് സെക്രട്ടറിയും ശേഷം വിദ്യാഭ്യാസ ബോഡ് സെക്രട്ടറി സ്ഥാനം വരെ അലങ്കരിച്ച ആ മഹാമനീഷിയെ പുതുതലമുറ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്നതാണ് സത്യം. ആ മഹദ്ജീവിതം അനാവരണം ചെയ്യാനുള്ള ശ്രമമാണ്, ഉസ്മാന്‍ സാഹിബ് കാലവും നിയോഗവും എന്ന ഡോക്യുമെന്ററിയിലൂടെ വൈകിയാണെങ്കിലും നടത്തുന്നത്. ഡോക്യുമെന്ററി സംവിധായകന്‍ അബ്ദുല്ലബിന്‍സീനയുമായി ഓണ്‍വെബ് നടത്തിയ പ്രത്യേക അഭിമുഖം.
ഉസ്മാന് സാഹിബുമായുള്ള താങ്കളുടെ ബന്ധം?
കെ.പി ഉസ്മാന്‍സാഹിബ് എന്റെ നാട്ടുകാരനും ഞങ്ങളുടെ വംശപരമ്പരയില്‍പെട്ട ആളുമാണ്. ഒന്നാം ഖലീഫ അബൂബ്ക്ര്‍ സിദ്ദീഖ് (റ)വിലേക്കെത്തുന്ന സിദ്ദീഖി വംശമാണ് അത്. ചെറുപ്പം മുതലേ അദ്ദേഹത്തെ ഞാന്‍ കാണാറുണ്ട്. ചേളാരിയില്‍ താമസമാക്കിയിരുന്ന അദ്ദേഹം, മാസത്തില്‍ ഒരിക്കലെങ്കിലും ജന്മനാടായ വേങ്ങാട്ട് വരാറുണ്ടായിരുന്നു. വേങ്ങാട് ഖാദിരിയ്യ മദ്‌റസ സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. വളരെ ബഹുമാനത്തോടെ അന്നൊക്കെ അദ്ദേഹത്തെ ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു. വളരെ ആകര്‍ഷകമായ സംസാരവും പ്രഭാഷണവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ചെറുപ്പം മുതലേ അദ്ദേഹം എന്റെ റോള്‍ മോഡലായിരുന്നു എന്ന് പറയുന്നതാവം ശരി.
ഉസ്മാന്‍ സാഹിബിന്റെ ജീവിതത്തില്‍ താങ്കളെ സ്പര്‍ശിച്ച ഏറ്റവും വലിയ ഘടകം എന്താണ്?
മതവിദ്യഭ്യാസ മേഖലയില്‍ ഞാന്‍ നേടിയ പുരോഗതിക്കത്രയും ഉസ്മാന്‍ സാഹിബിനോടാണ് ഞാന്‍ കടപ്പെട്ടിരിക്കുന്നത്. മാറുന്ന സാഹചര്യങ്ങളോട് കാലോചിതമായി സംവദിക്കാനുള്ള വീക്ഷണമായിരുന്നു ഈ നവോത്ഥാന നായകന്റെ പ്രധാന വ്യക്തിത്വം. വലിയ ദീര്‍ഘവീക്ഷണമായിരുന്നു അദ്ദേഹത്തിന്, വിശിഷ്യാ സമുദായത്തിന്റെ കാര്യത്തില്‍. സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍, എല്ലാ വശങ്ങളും ഗാഢമായി ആലോചിച്ചേ എന്തും ചെയ്യുമായിരുന്നുള്ളൂ.
ഉസ്മാന്‍ സാഹിബിനെ കുറിച്ച് ഇങ്ങനെ ഒരു ഡോക്യുമെന്ററി ചെയ്യണമെന്ന ചിന്തയിലേക്ക് എത്തിപ്പെട്ടത് എങ്ങനെ?
മുതിരും തോറും അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വായിക്കുകയും പഠിക്കുകയും ചോദിച്ചറിയുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ് മറ്റുള്ളവരും അറിയേണ്ടതാണ് ആ വ്യക്തിത്വം എന്ന് തോന്നിയത്. ആ ചിന്തയാണ് ഈ ഡോക്യുമെന്ററിയിലേക്കെത്തിക്കുന്നത്. അദ്ദേഹത്തെ കുറിച്ചുള്ള ലേഖനങ്ങളും എഴുത്തുകളും കുറെയുണ്ടെങ്കിലും, അവയൊക്കെ 20ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണെന്നതിനാല്‍ പുതുതലമുറക്ക് അത്ര എളുപ്പം ലഭ്യമാവണമെന്നില്ല. അതോടൊപ്പം ഇന്ന് വായന വളരെ കുറവാണല്ലോ, എല്ലാവരും മൊബൈല്‍ ഉപയോക്താക്കളാണെന്നതിനാല്‍ ഇന്നത്തെ തലമുറക്ക് ഏറ്റവും അനുയോജ്യം ഒരു ഡോക്യുമെന്ററിയിലൂടെ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതാവും എന്ന് തോന്നി.
ഈ ഡോക്യുമെന്ററി കൊണ്ടാണ് എന്താണ് താങ്കളുടെ ലക്ഷ്യം?
ഉസ്മാന്‍ സാഹിബിനെ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്നത് തന്നെയാണ് ഇതിന് പിന്നിലുള്ള ഏക ലക്ഷ്യം. ഉസ്മാന്‍ സാഹിബിന്റെ ജീവിതത്തില്‍ നിന്ന് നമുക്ക് ഏറെ വായിച്ചെടുക്കാനുണ്ട്. സമുദായത്തിന് വേണ്ടി അശ്രാന്ത പരിശ്രമം നടത്തിയ ആളാണ് അദ്ദേഹം. അക്കാലത്തെ വളരെ ഉയര്‍ന്ന ഭൌതിക വിദ്യാഭ്യാസവും നല്ല കഴിവും പ്രാപ്തിയും ഉള്ള അദ്ദേഹത്തിന് എത്ര വലിയ ഉന്നത സ്ഥാനങ്ങളിലും ഭൌതികമായി എത്തിപ്പെടാമായിരുന്നു. അതിന് പകരം, സമുദായത്തിന് വേണ്ടി സേവന പാതയിലിറങ്ങാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അദ്ദേഹത്തെ നാം കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുകയും അറിയുകയും ചെയ്യേണ്ടതുണ്ട്.
ഉസ്മാന്‍ സാഹിബിന്റെ ജീവിതത്തിലെ പ്രധാന റോളുകള്‍ ചുരുക്കി പറയാമോ?
തലശ്ശേരിയിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിലൂടെയാണ് അദ്ദേഹം രംഗപ്രവേശനം ചെയ്യുന്നത്. തലശ്ശേരിയിലെ ബ്രണ്ണന്‍കോളേജില ഇന്റര്‍മീഡിയേറ്റ് പഠനകാലത്താണ് അദ്ദേഹം ആ സംഘടനയില്‍ ആകൃഷ്ടനാവുന്നതും പ്രവര്‍ത്തിക്കുന്നതും.
പിന്നീടാണ് സമസ്തയുടെ ഭാഗമായി മലപ്പുുറം ജില്ലയിലെ താനൂരിലെത്തുന്നത്. സമസ്തയുടെ ആദ്യസ്ഥാപനമായ ഇസ്‍ലാഹുല്‍ അറബിക് കോളേജിന്റെ മാനേജറായിരുന്നു അദ്ദേഹം, സുന്നി പ്രസ്ഥാനത്തിന്റെ അമരത്തേക്ക് കടന്നുവന്നു. 1940 കളുടെ തുടക്കത്തില്‍ പടര്‍ന്നു പിടിച്ച കോളറ താനൂരിലും താണ്ഡവമാടി, പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഒട്ടേറെ അനാഥകളെയും വിധവകളുമാണ് ബാക്കിവെച്ചത്. ആ വലിയ അഗതി സമൂഹത്തിന് അത്താണിയൊരുക്കുന്നതിലായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധി. അതിനായി, സെര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി എന്ന പേരില്‍ പ്രത്യേക ട്രസ്റ്റ് തന്നെ ഉണ്ടാക്കുകയും സ്ത്രീകള്‍ക്ക് വരെ അതില്‍ അംഗത്വം കൊടുത്ത്, നൂല്‍നൂല്‍പ്പ് കേന്ദ്രങ്ങളടക്കമുള്ള സ്വയം തൊഴില്‍ സംരംഭങ്ങളുണ്ടാക്കി അവരെ സ്വയം പര്യപ്തമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. പ്രദേശത്തെ അഗതികളായ മുസ്‍ലിം സ്ത്രീകളെ ഇതര മതസ്ഥരുടെ മിഷണറി പ്രവര്‍ത്തനത്തില്‍ പെടാതെ രക്ഷിച്ചത് പോലും അദ്ദേഹമാണ് എന്ന് പറയാം. അന്നത്തെ ജെ.ഡി.റ്റി സെക്രട്ടറി മക്ബൂല്‍ അഹ്മദ് സാഹിബായിരുന്നു ആ രംഗത്തെ അദ്ദേഹത്തിന്റെ സഹായി.
പിന്നീട്, സമസ്തയോടൊപ്പം മത വിദ്യാഭ്യാസത്തിന്റെ പുരോഗമന പ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. സമസ്ത കേരള വിദ്യാഭ്യാസ ബോഡ് എന്ന പേര് പോലും അദ്ദേഹത്തിന്റെ സംഭാവനയാണെന്ന് പറയപ്പെടുന്നു. ബഹു ഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹം, പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ പഠിപ്പിച്ചിരുന്നവത്രെ. നിലവിലെ സമസ്ത സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്‍ലിയാരൊക്കെ അദ്ദേഹത്തില്‍നിന്ന് ഈ ഭാഷകള്‍ പഠിച്ചവരാണ്. 1974 ല്‍ സ്കൂള്‍ സമയമാറ്റം മദ്റസകളെ ബാധിക്കുന്ന അവസ്ഥ വന്നപ്പോള്‍, വിദ്യാഭ്യാസബോഡിന്റെ തീരുമാന പ്രകാരം, കേന്ദ്രമന്ത്രിയെ നേരില്‍ കണ്ട് കാര്യം ബോധിപ്പിച്ച് അനുകൂലമായ തീരുമാനപ്പെടുപ്പിച്ചതിന് പിന്നിലും ഉസ്‍മാന്‍ സാഹിബ് തന്നെയായിരുന്നു. അവസാനശ്വാസം വരെ, സമസ്തയെ സ്‌നേഹിക്കുകയും സമസ്തക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും വിദ്യാഭ്യാസ ബോഡിന്റെ വളര്‍ച്ചക്ക് തന്റെ ജീവിതം തന്നെ മാറ്റിവെക്കുകയും ചെയ്ത വ്യക്തിത്വമാണ് ഉസ്മാന്‍ സാഹിബ്.
അദ്ദേഹത്തിന് അര്‍ഹമായ ബഹുമതി കിട്ടിയിട്ടില്ലെന്ന് തോന്നുന്നുണ്ടോ?
ഉസ്മാന്‍ സാഹിബിനെ കേരളീയ മുസ്‌ലിം സമൂഹം വേണ്ടരീതിയില്‍ പഠിച്ചിട്ടില്ല എന്നത് വസ്തുതയാണ്. മദ്റസ പ്രസ്ഥാനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി, കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ, മാസങ്ങളോളം നീണ്ട പര്യടനം തന്നെ, ഉസ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. ഈ പര്യടനമായിരുന്നു യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ ബോര്‍ഡിനെ ഇന്ന് കാണുന്ന വളര്‍ച്ചയിലേക്ക് നയിച്ചത്.
അദ്ദേഹത്തിന് സമൂഹം വേണ്ടത്ര അംഗീകാരം നല്‍കിയോ എന്നതിന് പകരം, ഞങ്ങള്‍ പോലും അര്‍ഹമായത് കൊടുത്തിട്ടില്ല എന്നതാണ് ശരി. അദ്ദേഹത്തിന്റെ പേരില്‍ എന്തെങ്കിലും സ്ഥാപനമോ സംരംഭമോ ഒന്നും തന്നെ ഇത് വരെ ആരും ആലോചിച്ചിട്ടില്ല. അത് കൊണ്ട് പുതിയ തലമുറക്ക് ഉസ്മാന്‍ സാഹിബിനെ പരിചയപ്പെടുത്തുക എന്നതാണ് ഇന്ന് നാം ആദ്യമായി ചെയ്യേണ്ടത്. അത് ഞാന്‍ തന്നെ ഇതിലൂടെ ഏറ്റെടുക്കുകയാണ്. ഇത്, യൂട്യൂബ്, ഫേസ് ബുക് തുടങ്ങി എല്ലാ സാമൂഹ്യ മാധ്യമങ്ങളിലൂടെയും പരമാവധി ജനകീയമാക്കണമെന്നാണ് ഉദ്ദേശിക്കുന്നത്.
ഏതൊക്കെ ഭാഗങ്ങളാണ് ഡോക്യുമെന്ററി കവര്‍ ചെയ്യുന്നത്?
അദ്ദേഹത്തിന്റെ പിതാമഹനില്‍ തുടങ്ങി, വംശവും കുടുംബവും പരിചയപ്പെടുത്തി, ജന്മനാടായ വേങ്ങാട്, തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എം.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങള്‍, എം.എസ്.എഫിലെ പ്രവര്‍ത്തനങ്ങള്‍, ശേഷം താനൂരിലെ സാമൂഹിക സേവനങ്ങള്‍, ചേളാരിയിലെ ജീവിതം തുടങ്ങി അദ്ദേഹത്തിന്റെ ജീവിതം പൂര്‍ണ്ണമായും ഇതിലൂടെ കടന്നുപോവുന്നുണ്ട്. സമസ്ത വിദ്യഭ്യാസ ബോഡിന് അദ്ദേഹം ചെയ്ത സംഭാവനകളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളുടെ അഭിപ്രായങ്ങള്‍, നേതാക്കളുടെയും കുടുംബക്കാരുടെയുമെല്ലാം അഭിമുഖങ്ങള്‍, സഹപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് തുടങ്ങി എല്ലാം ഇതില്‍ കടന്നുവരുന്നുണ്ട്.
ഉസ്മാന്‍ സാഹിബ് എന്ന സമുദായസ്നേഹിയായ മഹാമനീഷിയെ പരിചയപ്പെടാന്‍ പുതുതലമുറക്ക് കാലവും നിയോഗവും എന്ന ഈ ഡോക്യുമെന്ററിയിലൂടെ സാധിക്കട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു.
Leave A Comment