മതവും വിശ്വാസവുമായി കമ്മ്യൂണിസം യോജിച്ചുപോകുമോ എന്നതു സംബന്ധിച്ച ചര്ച്ചകള് സാര്വത്രികമാണ്. കമ്മ്യൂണിസം സംബന്ധിച്ച് അനുകൂല-പ്രതികൂല ചര്ച്ചകളും വാഗ്വാദങ്ങളും ലോകവ്യാപമകമായി തന്നെ നടക്കുന്നുമുണ്ട്. സാര്വജനീനവും സാര്വകാലികവുമായ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ഇവ്വിഷയകമായി എന്താണ് എന്നതു സംബന്ധിച്ചുള്ള വിശകലനം പുതിയ കാലത്ത്, വര്ത്തമാന രാഷട്രീയാന്തരീക്ഷത്തില് അനിവാര്യമാണെന്ന് തോന്നുന്നു.
യൂറോപ്യന് മുതലാളിത്വം അതിന്റെ ഉത്തുംഗതയിലെത്തിയ കാലത്താണ് മര്ക്‌സിസത്തിന്റെ ഉത്ഭവം.1818-ല് ജര്മനിയിലെ ട്രിയര് പട്ടണത്തില് യഹൂദി വംശജനായി ജനിച്ച്, നാട്ടുകാര്ക്കിടയില് നിര്ഭയനും സര്വതന്ത്ര സ്വതന്ത്രനുമായി ജീവിച്ച കാറല്മാര്ക്‌സിനെയാണ് കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ശില്പിയായി ഗണിക്കുന്നത്. സാമ്പത്തിക വിദഗ്ദന്മാരായിരുന്ന സെന്റ്-സൈമണ്, ചാര്ലെസ് ഫൗരിയര്, റോബര്ട്ട് ഓവന്, ലൂയിബ്ലാന് എന്നിവരുടെ ചിന്താഗതികളില് ആകൃഷ്ടനായ കാറല്മാര്ക്‌സ് അവരുടെ ആശയങ്ങളാണ് ആവാഹിച്ചത്.
ഇംഗ്ലണ്ടിലെ റിക്കാര്ഡോ, അഡം സ്മിത്ത് എന്നിവരുടെ സാമ്പത്തിക ആദര്ശങ്ങളും ഫ്രാന്സിലെ വോള്ടയര്, റൂസ്സോ എന്നിവരുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളും ജര്മനിയിലെ ഹെഗലിന്റെ തത്വശാസ്ത്രവുമെല്ലാം മാര്ക്‌സിനെ സ്വാധീനിച്ച ഘടകങ്ങളായിരുന്നു. 1844-ല് ഫ്രെഡറിക് എംഗല്സിനെ കൂടി ലഭിച്ചതോടെ തന്റെ ആശയ പ്രചരണം കൂടുതല് വിപുലമാക്കി.
അക്കാലത്തുണ്ടായിരുന്ന സാമ്പത്തിക വ്യവസ്ഥയില് സമൂലമായ പരിവര്ത്തനം ഉണ്ടാക്കുക എന്നതായിരുന്നു മാര്ക്‌സിന്റെ ആദ്യതീരുമാനം. അതിനായി ഒരു തത്വശാസ്ത്രവും നിര്മിച്ചു. തന്റെ ചിന്തയില് ഭൗതികത്വത്തിന്നും ഭക്ഷണ പ്രശ്‌നത്തിന്നുമല്ലാതെ മറ്റൊന്നിന്നും ഇടമില്ലാതിരുന്നതിനാല് പ്രകൃതിക്കനുസരിച്ച് നിയമിക്കപ്പെട്ട ജീവിത ലക്ഷ്യവും ശാസ്ത്രീയ പദ്ധതിയും കേവലം ഭൗതികമായ ലക്ഷ്യവും മാത്രമാണ് തന്റെ തത്വശാസ്ത്രത്തില് ഉള്പെടുത്തിയത്. അതാണ് മാര്ക്‌സിസം അഥവാ കമ്മ്യൂണിസമായി പ്രചരിച്ചത്.
മാര്ക്‌സിന്റെ ഭൗതിക തത്വശാസ്ത്രത്തിനു സാങ്കേതികമായി വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദമെന്നാണ് പറയുക. പ്രപഞ്ചത്തെ കുറിച്ചുള്ള തന്റെ വിശകലനം വൈരുദ്ധ്യാധിഷ്ഠിതമായതാണ് അങ്ങനെ പറയാന് കാരണം. ഈ വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം വ്‌ലാഡിമിര് ലെനിന്റെ ഭാഷയില് പറഞ്ഞാല് മാര്ക്‌സിസത്തിന്റെ ജീവനും അടിക്കല്ലുമാണ്. വര്ഗ സമരവും ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനവും വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ രണ്ട് വശങ്ങളാണ്. ലോകത്ത് ഇതുവരെ ഉണ്ടായിക്കൊണ്ടിരുന്നതെല്ലാം സാമ്പത്തിക പ്രശ്‌നത്തിന്റെയും വര്ഗ സമരത്തിന്റെയും തുടര്ച്ചയായ കഥാപരമ്പരയാണെന്നാണ് അദ്ദേഹം പറയുന്നത്. മതമാകട്ടെ, സദാചാരമാകട്ടെ, ഒന്നും തന്നെ അതിന്റെ പ്രവര്ത്തന പരിധിയില് നിന്നു പുറത്തുപോകുന്നില്ലെന്ന് സാരം.
യേശുവിന്റെ ആത്മീയ ഉപദേശങ്ങളും പ്രവാചകന് മുഹമ്മദ് നബി(സ്വ)യുടെ ഇസ്‌ലാം മത പ്രബോധനവുമെല്ലാം വയറിന്നും റൊട്ടിക്കും വേണ്ടി ആയിരുന്നുവെന്നാണ് മാര്ക്‌സിസത്തിന്റെ വ്യാഖ്യാനം.
ലോകത്ത് സംഭവിച്ചതെല്ലാം വര്ഗപരവും സാമ്പത്തികവുമായ സംഘട്ടനങ്ങളുടെ തുടര്ച്ചയാണെന്ന മാര്ക്‌സിന്റെ വാദം അംഗീകരിച്ചാല് പിന്നെ മതവും ദൈവവും അസ്ഥാനത്താകും. തനി ഭൗതിക വാദത്തിന്മേല് അധിഷ്ഠിതമായ ആ തത്വശാസ്ത്രത്തില് മതപരമോ, ആത്മീയമോ ആയ യാതൊരു ആദര്ശത്തിന്റെയും പ്രസക്തിയില്ല. അദൃശ്യനായ ലോകസ്രഷ്ടാവിനെ കുറിച്ചുള്ള ഭാവന പോലും ഉണ്ടാകില്ല.
എന്നാല് ഇസ്‌ലാമിക ചിന്തകളുടെ ആവിര്ഭാവം തന്നെ ലോകസ്രഷ്ടാവിനെക്കുറിച്ചുള്ള ബോധത്തില് നിന്നാണ്. ആദ്യമായി ലോക സ്രഷ്ടാവിനെ് ഗ്രഹിക്കുന്നു. പിന്നെയാണ് മറ്റുള്ളതെല്ലാം. ഈ തത്വത്തില് ഇസ്‌ലാമും കമ്മ്യൂണിസവും രണ്ട് ധ്രുവങ്ങളിലാണ്. അവ രണ്ടും യോജിച്ചു പോവുക എന്നത് അസാധ്യവുമാണ്. ഒന്നിനോടു എത്രകണ്ട് സമീപിക്കുന്നുവോ അത്രകണ്ട് മറ്റേതില് നിന്നു അകന്നുപോകുന്നു.
മാര്ക്‌സ് തന്നെ പറയുന്നത് ഇങ്ങനെയാണ്: 'കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നു'. പ്രമുഖ ചിന്തകനും തത്വജ്ഞാനിയുമായ എം.എന് റോയി എഴുതുന്നു: 'കമ്മ്യൂണിസത്തിന്റെ തത്വശാസ്ത്രം ഭൗതികവാദമാകുന്നു. അതു മതത്തെ പിന്നാമ്പുറത്തേക്ക് എറിയുന്നു. ആത്മീയമായ യാതൊന്നും അത് സമ്മതിക്കുന്നില്ല. ജീവിതത്തെക്കുറിച്ചും സൃഷ്ടികളെക്കുറിച്ചുമുള്ള മതപരമായ അഭിപ്രായത്തെ അതു നിഷേധിക്കുന്നു.... മാര്ക്‌സിന്റെ തത്വശാസ്ത്രത്തില് മനുഷ്യന് ഏതോ ഒരു അദൃശ്യ ശക്തിയുടെ കയ്യിലുള്ള ഉപകരണമല്ല. മനുഷ്യന് അധിവസിക്കുന്ന ലോകത്തെ അവന് തന്നെയാണ് സൃഷ്ടിക്കുന്നത്. അവന് തന്നെയാണ് സമുദായത്തേയും സൃഷ്ടിക്കുന്നത്. ആകയാല് ഒരു വ്യക്തിപരമായ ദൈവവിശ്വാസമാകട്ടെ ആരാധാനാഫലത്തെക്കുറിച്ചോ ലോകത്തെക്കുറിച്ചോ ഉള്ള മതപരമായ അഭിപ്രായമാകട്ടെ അവയിലൊന്നും തന്നെ മാര്ക്‌സിന്റെ സിദ്ധാന്തത്തോടിണങ്ങിച്ചേരില്ല എന്നുള്ളത് തികച്ചും വ്യക്തമാണ്. Independence of India (January 29, 1939).
ലെനിന് പറയുന്നത് കാണുക: കമ്മ്യൂണിസത്തിന്റെ താത്വികമായ അടിസ്ഥാനം മാര്ക്ക്‌സും, ഏംഗല്സും പ്രസ്താവിച്ച പോലെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമാണ്. ഇതാകട്ടെ തികച്ചും നിരീശ്വരപരവും സര്വ മതവിരുദ്ധവുമാകുന്നു. (മാര്ക്‌സ് ഏംഗല്സ് മാര്ക്‌സിസം 273). കമ്മ്യൂണിസ്റ്റ് ഗ്രന്ഥകര്ത്താവായ ബുഖാറിന്പ്രിയോ ബ്രാസന്സ്‌കി അദ്ദേഹത്തിന്റ എ. ബി. സി ഓഫ് കമ്മ്യൂണിസം എന്ന പുസ്തകത്തില് എഴുതിയത് ഇങ്ങനെയാണ്: ''മതവും കമ്മ്യൂണിസവും കേവലം പരസ്പരവിരുദ്ധങ്ങളായ രണ്ടാശയങ്ങളാണ്. താത്വികമായും പ്രായോഗികമായും അവ പരസ്പരം വിരുദ്ധങ്ങളാണ്. കമ്മ്യൂണിസ്റ്റ് ആവുകയും അതേ അവസരത്തില് ഒരു മതത്തില് വിശ്വസിക്കുകയും ചെയ്താല് അക്കാരണം കൊണ്ടു തന്നെ അവന് കമ്മ്യണിസ്റ്റ് അല്ലാതെയാകുന്നു.'' ലെനിന് പറയുന്നു: 'നിരീശ്വരത്വം കമ്മ്യൂണിസത്തിന്റെ അവിഭാജ്യഘടകമാകുന്നു. അതിനാല് വര്ഗബോധമുള്ള മാര്ക്‌സിസ്റ്റ് പാര്ട്ടി നിരീശ്വരത്വത്തിനുവേണ്ടി പ്രചാര വേല ചെയ്യണം.' (റിലീജന് പേജ് 7).
മേല് ഉദ്ധരണികളില് നിന്നെല്ലാം കാര്യങ്ങള് വ്യക്തമാണ്. കമ്മ്യൂണിസമെന്ന 'ഇസം' തന്നെ നിരീശ്വരത്വത്തില് അധിഷ്ഠിതമാണെന്നും ദൈവനിഷേധം അതിന്റെ അവിഭാജ്യഘടകമാണെന്നും കമ്മ്യൂണിസത്തില് വിശ്വസിക്കുന്നവര്ക്ക് നിരീശ്വരവാദിയാകാതെ തരമില്ലെന്നും സുവ്യക്തം.
കമ്മ്യൂണിസത്തെ അനുകൂലിക്കുന്നവരുടെ പ്രധാന വാദഗതി നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര് റഷ്യയിലും ചൈനയിലും മാത്രമാണ്. ഇന്ത്യയിലെ കമ്മ്യൂണിസവും അതിന്റെ അനുയായികളും ഏറെ വിഭിന്നമാണ്. പൊതുജനങ്ങളെയും സാധാരണക്കാരെയും അജ്ഞരും മൂഢരുമാക്കാനാള്ള വാദങ്ങള് മാത്രമാണിത്. മുന് പ്രധാനമന്ത്രി ജവഹര്ലാല് നെഹ്‌റു ഇന്ത്യന് കമ്മ്യൂണിസത്തെ സംബന്ധിച്ച് പറഞ്ഞത്, നൂറ് വര്ഷം മുമ്പ് ആവിഷ്‌കരിക്കപ്പെട്ട ഒരു കര്മ്മപദ്ധതി (മാര്ക്ക്‌സിസം) ഇന്ത്യക്കു പറ്റില്ലെന്നാണ്. എന്നാല് നാളിതുവരെ ഉത്തരവാദിത്വപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് നേതാവും ഞങ്ങള് മാര്ക്‌സിസത്തില് വിശ്വസിക്കുന്നവരോ, മാര്ക്ക്‌സിയന് സിദ്ധാന്തം ഇവിടെ നടപ്പില് വരുത്താനുദ്ദേശിക്കുന്നവരോ അല്ല എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. നേരേമറിച്ചു അവരില് പലരും തങ്ങള് മാര്ക്ക്‌സിസ്റ്റുകളാണെന്നും പാര്ട്ടി ഇവിടെ നിരീശ്വരത്വം പ്രചരിപ്പിക്കുമെന്നും തുറന്നു പ്രസ്താവിച്ചിട്ടുണ്ട്.
സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന് ഈയടുത്തായി നടത്തിയ പ്രസ്താവന കമ്മ്യൂണിസ്റ്റ് പാര്ട്ടികകത്ത് തന്നെ ഏറെ കോളിളക്കമുണ്ടായിരുന്നു. മതത്തിനും ദൈവ വിശ്വാസത്തിനും ഏറെ പ്രാധാന്യമുള്ള ഇന്ത്യ പോലെയൊരു സമൂഹത്തില് വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ലെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. എന്നാല് ഇതിനെതിരെ പാര്ട്ടികത്ത് തന്നെ ശക്തമായ വിമര്ശനങ്ങളുണ്ടാവുകയും അദ്ദേഹത്തെ നേതൃത്വം തള്ളിപ്പറയുകയും ചെയ്തു. അതായത് തങ്ങളുടെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തില് നി്ന്നു ഒരടിപോലും പിന്നോട്ടുപോയിട്ടില്ലെന്നര്ത്ഥം.
ഇന്ത്യന് കമ്മ്യൂണിസ്റ്റ പാര്ട്ടിയുടെ തലയെടുപ്പുള്ള നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന സഖാവ് സി. അച്ചുതമേനോന് എഴുതിയ 'സോവിയറ്റു നാട്' എന്ന പുസ്തകത്തിലെ വരികള് നോക്കൂ: 'പ്രധാനമായി നാലു കാര്യങ്ങളാണ് സോവിയറ്റു ഗവണ്മെന്റ് ഇതിനു (മതത്തെ നശിപ്പിക്കുന്നതിനു) സ്വീകരിച്ചിട്ടുള്ളത്. (ഒന്ന്) വിദ്യാലയങ്ങളില് മതം പഠിപ്പിക്കാന് പാടില്ല. (രണ്ട്) സമുദായ സേവനപരങ്ങളായ സ്ഥാപനങ്ങളൊന്നും ഏര്പെടുത്താനും നടത്താനും പുരോഹിതന്മാര്ക്കു പാടില്ല. പുരോഹിതന്മാര്ക്കെന്നല്ല മതാവശ്യത്തിന്നായി ആര്ക്കും പാടില്ല (മൂന്ന്) മതവിരോധ പ്രചാരവേലക്കുള്ള സൗകര്യം നിയമം അനുവദിക്കുന്നുണ്ട്. (നാല്) മത പ്രചാരകന്മാര്ക്കു മറ്റൊരു വലിയ വിഷമം നേരിടുന്നത്, തങ്ങളുടെ ആശയങ്ങള് പ്രചരിപ്പിക്കത്തക്ക പുസ്തകങ്ങള് കിട്ടാന് വളരെ പ്രയാസമാണെന്നതാണ്. റഷ്യയില് പുസ്തക പ്രസിദ്ധീകരണം ഒരു സര്ക്കാര് കുത്തകയാണ്. സര്ക്കാരില്നിന്നു അതിനായി പ്രത്യേകം ഏര്പ്പെടുത്തുന്ന വകുപ്പില് നിന്നാണ് ഇന്നയിന്ന പുസ്തകങ്ങള് അടിക്കണമെന്നു നിര്ണയിക്കുന്നത്. അതില് മതഗ്രന്ഥങ്ങള് ഒരിക്കലും പെടുകയില്ല''.
ഈ ആശയം ഇന്നും നിലനില്ക്കുന്നുണ്ടെങ്കില് കാര്യം കൂടുതല് അപകടകരമാണ്. ഭരണസിരാകേന്ദ്രത്തില് കമ്മ്യൂണിസം പിടിമുറുക്കിയാല് മതസംഘടനകളുടെ വിദ്യാഭ്യാസ പ്രവര്ത്തനങ്ങളെയും മദ്‌റസാ സംവിധാനങ്ങളെയും നിഷ്‌കാസനം ചെയ്യാനുള്ള കരുക്കള് ഒളിഞ്ഞും പതിഞ്ഞും കളത്തിലറക്കിയേക്കാം.
നിരീശ്വരത്വം കമ്മ്യൂണിസത്തിന്റെ അവിഭാജ്യഘടകമാണ്. നിരീശ്വരത്വം ഇല്ലെങ്കില് അത് കമ്മ്യൂണിസമേ ആവുന്നില്ല. ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയാണെങ്കിലും കമ്മ്യൂണിസം നില്നില്ക്കുന്ന കാലത്തോളം അതിന്റെ പ്രത്യയശാസ്ത്രത്തില് മാറ്റങ്ങളുണ്ടാവുകയില്ല. റഷ്യയിലെ കമ്മ്യൂണിസമല്ല ഇന്ത്യയിലെ കമ്മ്യൂണിസമെന്ന് പറയുന്നത് അറേബ്യയിലെ ഇസ്‌ലാം അല്ല ഇന്ത്യയിലെ ഇസ്‌ലാം എന്ന് പറയുന്നതുപോലെയാണ്.
മുസ്‌ലിംകളുടെ പ്രീതിയും അനുഭാവവും നേടാന് കമ്മ്യൂണിസ്റ്റുകാര് ചില താത്കാലിക ആനുകൂല്യങ്ങളും സഹായവാഗ്ദാനങ്ങളും നല്കുമെന്നതിനു ചരിത്രം സാക്ഷിയാണ്. ഏക സിവില്കോഡും പൗരത്വഭേദഗതി ബില്ലും തലക്കുമീതെ അപായസൂചകങ്ങളായി നിലിനല്ക്കുന്ന പുതിയ സാഹചര്യത്തില്, റഷ്യന് വിപ്ലവകാലത്തെ ലെനിന് വാഗ്ദാനങ്ങളെ നാം മറന്നുകൂടാ. സാര് ചക്രവര്ത്തിമാരുടെ കൊട്ടാരത്തില് സൂക്ഷിച്ചിരുന്ന ഉസ്മാന് (റ)ന്റെ രക്തംപുരണ്ട ഖുര്ആന് പിടിച്ചെടുത്ത് നിങ്ങളുടെ കൈവശം തിരിച്ചേല്പിക്കാമെന്നായിരുന്നു മുസ്‌ലിംകള്ക്ക് നല്കിയ വാഗ്ദാനം. ഇതുകേട്ട മുസ്‌ലിംകള് കമ്മ്യൂണിസ്റ്റുകളോട് സഖ്യം ചേര്ന്നു. വിപ്ലവം വിജയിച്ചതോടെ മുസ്‌ലിംകളെ തിരസ്‌കരിക്കുകായിരുന്നു കമ്മ്യൂണിസ്റ്റുകാര്. വിശുദ്ധഗ്രന്ഥത്തെയും ആരാധനാലയങ്ങളെയും തമസ്‌കരിക്കുകയും അപഹരിക്കപ്പെടുകയും ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രങ്ങളെ പാഴ് വസ്തുക്കളാക്കി മാറ്റുകയും ചെയ്തു.
1917-ലെ ബോള്ഷെവിക്ക് വിപ്ലവം മുതല് ഇക്കാലയളവിലായി 143 മില്യണിലധികം ആളുകളെ കമ്മ്യൂണിസ്റ്റുകാര് നിഷ്ഠുരമായി കൊലചെയ്തിട്ടുണ്ടെന്നാണ് രേഖകള് പറയുന്നത്. കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ ഉയിഗൂര് മുസ്‌ലിംകളോടുള്ള മനുഷ്യത്വരഹിതവും പ്രാകൃതവും പൈശാചികവുമായ പീഡനങ്ങള് ഇന്നും അഭംഗുരം തുടര്ന്ന് കൊണ്ടിരിക്കുകയാണ്.
ഭൗതിക സാഹചര്യങ്ങള് ഏത്ര അനുകൂലമായാലും ചരിത്ര യാഥാര്ഥ്യങ്ങളോട് നാം മുഖം തിരിയരുത്. രാഷ്ട്രീയത്തിന്റെ ശരിതെറ്റുകള് കൃത്യമായി ഗ്രഹിക്കേണ്ടതും പുതുതലമുറകള്ക്ക് പകര്ന്നുനല്കേണ്ടതുമുണ്ട്. ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തിനും നിലനില്പ്പിനും ഭീഷണിയുണ്ടാക്കുന്നവര്ക്കെതിരെ പ്രതിരോധം തീര്ക്കേണ്ടതും ജനാധിപത്യപ്രക്രിയയില് അത്തരക്കാര്ക്കെതിരെ സമ്മതിദാനവാകാശം വിനിയോഗിക്കേണ്ടതും വിശ്വാസിയുടെ ബാധ്യതയാണ്.
Leave A Comment