കോഫിഅന്നന്‍ സിറിയ സമാധാന ദൗത്യത്തില്‍ നിന്നും രാജിവെക്കുന്നു
ജനീവ: സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനായി യു.എനും അറബ് ലീഗും സംഘടിതമായി അയച്ച സമാധാന ദൗത്യസംഘത്തിന്റെ നേതൃത്വത്തില്‍നിന്നും കോഫി അന്നന്‍ രാജിവെക്കുന്നു. താന്‍ ജനീവയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുന്‍ യു.എന്‍. സെക്രട്ടറി ജനറല്‍കൂടിയായ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയില്‍ ജാഗ്രവത്തായ സമാധാന ദൗത്യങ്ങള്‍ അനിവാര്യമാണെന്നും എന്നാല്‍ യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലിന്റെ ഭാഗത്തുനിന്നുള്ള ചില 'വിരല്‍ ചൂണ്ടലുകളും പേര് വിളികളും' അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
17 മാസമായി സിറിയയില്‍ അരങ്ങുവാണുകൊണ്ടിരിക്കുന്ന സംഘട്ടനങ്ങള്‍ക്ക് അറുതിവരുത്താന്‍ അന്നന്‍ ആറ് സമാധാന പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. പക്ഷെ, ഭരണപക്ഷത്തുനിന്നോ സര്‍ക്കാര്‍ പക്ഷത്തുനിന്നോ അതിനെ പിന്താങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം കാണപ്പെട്ടിരുന്നില്ല. അക്രമപ്രവര്‍ത്തനങ്ങള്‍ തുടരാനേ ഇത് സഹായകമായുള്ളൂ.
സിറിയന്‍ സംഘട്ടനങ്ങളുടെ സമ്പൂര്‍ണമായ പട്ടാളവല്‍കരണവും സെക്യൂരിറ്റി കൗണ്‍സിലിലെ ഐക്യമില്ലായ്മയും തന്റെ സമാധാന ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയായിരുന്നുവെന്ന് അന്നന്‍ പറഞ്ഞു. അന്തര്‍ദേശീയ സമൂഹത്തിന്റെ അനൈക്യമാണ് പ്രധാന പ്രശ്‌നമെന്നും അദ്ദേഹം ക്കൂട്ടിച്ചേര്‍ത്തു.
2011 മാര്‍ച്ച് മാസത്തിലാണ് സിറിയയില്‍ സംഘട്ടനങ്ങള്‍ ആരംഭിക്കുന്നത്. ഇതിനകം 20,000 ഓളം സിവിലിയന്മാരുടെ ജീവന്‍ ഇത് അപഹരിച്ചുകഴിഞ്ഞു. അസദ് ഗവണ്‍മെന്റും പ്രതിപക്ഷവും നടത്തുന്ന സംഘട്ടനങ്ങള്‍ അവസാനിപ്പിച്ച് ചര്‍ച്ചകളുടെ വാതില്‍ തുറക്കാനായി സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ത്തുന്ന കാര്യത്തില്‍ ആഗോള സമൂഹം പരാജയപ്പെടുകയായിരുന്നു ഇവിടെ.
അതേസമയം, അന്നന്‍ തന്റെ രാജിക്കാര്യം തന്നെയും അറബ് ലീഗ് മേധാവി നബീല്‍ അല്‍ അറബിയെയും അറിയിച്ചതായി യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. ആഗസ്റ്റ് 31 ന് തന്റെ ദൗത്യ കാലാവധി അവസാനിക്കുമ്പോള്‍ അത് പുതുക്കരുതെന്നാണത്രെ അദ്ദേഹത്തെ നിര്‍ദ്ദേശം. അതിനാല്‍, തങ്ങള്‍ അദ്ദേഹത്തിനൊരു പിന്‍ഗാമിയെ അന്വേഷിക്കുകയാണെന്നും ബാന്‍ പറഞ്ഞു.
അന്നന്റെ രാജി ഉദ്ദ്യമത്തിനെതിരെ നാനാഭാഗത്തുനിന്നും പ്രതികരണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അന്നന്റെ തീരുമാനത്തില്‍ ഖേദിക്കുന്നതായി മോസ്‌കോയുടെ യു.എന്‍. വക്താവ് പറഞ്ഞു. അത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും പക്ഷെ, അദ്ദേഹം ആ തീരുമാനം കൈക്കൊണ്ടത് ഖേദകരമാണെന്നും അംബാസഡര്‍ വൈറ്റലി ചര്‍ക്കിന്‍ പറഞ്ഞു. സമാധാന ദൗത്യ സംഘത്തില്‍നിന്നുമുള്ള അന്നന്റെ പിന്‍മാറ്റം സിറയയെ കൂടുതല്‍ അസ്ഥിരാമാക്കാന്‍ മാത്രമേ സഹായകമാകൂ എന്ന് സിറിയ വിദേശകാര്യ മന്ത്രാലയം അറിയിയിച്ചു.
അന്നന്റെ രാജി തീരുമാനം തന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ അസദിന്റെ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ റഷ്യയുടെയും ചൈനയുടെയും അപചയമാണ് ഇത് വ്യക്തമാക്കുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി.
Leave A Comment