ഇടതുപക്ഷം, സ്ത്രീ, ഇസ്‌ലാമോഫോബിയ: വെറുപ്പിന്റെ ഒരുമ്പെടലുകള്‍

ഇവിടെ ആരെങ്കിലും കിത്താബ് നാടകം മഹത്തരമാണെന്ന് പറഞ്ഞ് പോസ്റ്റിട്ടാൽ അതിനെ ഞാൻ നിഷ്ക്കരുണം ഡിലീറ്റ് ചെയ്യും. ഈ പേജിൽ എവിടെ കണ്ടാലും. തത്ക്കാലം തടിയൂരാൻ വേണ്ടി ഒരു മുസ്ലിം തീവ്രവാദിയെ കിട്ടിയാൽ സിപിഎം നേതൃത്വത്തിനും ഹിന്ദുത്വ തീവ്രവാദികൾക്കും എല്ലാം നല്ല സൌകര്യമാകുമല്ലോ. ആ സൌകര്യം ഞാനായിട്ടു ഉണ്ടാക്കിത്തരില്ല.

ആ നാടകത്തെപ്പറ്റി ഒന്നുരണ്ടു കാര്യങ്ങൾ 

1. അതിന് ഉണ്ണിയുടെ കഥയുമായി വിദൂരബന്ധം പോലുമില്ല. സ്ത്രീ വാങ്കുവിളിക്കാൻ ആഗ്രഹിക്കുന്നതൊഴിച്ചാൽ മറ്റൊന്നുമില്ല അവ തമ്മിൽ സാമ്യം. ഉണ്ണിയോട് ഇതെഴുതിയ ആൾ നിരുപാധികം മാപ്പു പറയേണ്ടതാണ്.

2. ഈ നാടകം, കേട്ടതു ശരിയാണെങ്കിൽ പച്ചയായ ഇസ്ലാംവിരുദ്ധതയാണ്. ഇസ്ലാമിൽ സ്ത്രീയെ പുരുഷൻറെ വാരിയെല്ലായിക്കാണുന്ന ഉത്പത്തിക്കഥയല്ല ഉള്ളത്. അങ്ങനെയാണ് മദ്രസയിൽ പഠിപ്പിച്ചതെങ്കിൽ പഠിപ്പിച്ചവരോടു പോയി കണക്കുതീർക്കുക, അല്ലാതെ മതത്തെ ആകെ താറടിക്കാൻ ശ്രമിക്കാതിരിക്കുക. വിവരദോഷികൾ കൂടുതൽ വായിക്കാൻ ശ്രമിക്കുക.

3. ഇസ്ലാമിൽ സ്ത്രീകളെ ഇപ്പോഴും വെറും വിവരമില്ലാത്തവരും അടിമകളുമായി  എണ്ണുന്നു, അവരെ  അപ്രകാരം നിലനിർത്തുന്നു എന്ന തോന്നൽ ഉണ്ടാക്കാൻ ശ്രമിക്കുന്നത് സമൂഹ്യപരിഷ്ക്കരണമല്ല, പച്ചയായ ഇസ്ലാംവിരുദ്ധതയാണ് . ഇതൊന്നുമല്ല കേരളത്തിൽ നവോത്ഥാനം പ്രസംഗിച്ചു നടക്കുന്നവർ ചെയ്യേണ്ടത്. 

4. സാമൂഹ്യപരിഷക്കരണ നാടകങ്ങൾ പണ്ടുണ്ടായിരുന്നവ സമൂഹത്തിൻറെ അന്നത്തെ നിലയെ കുറയേറെ സത്യസന്ധമായി സമീപിക്കാൻ ശ്രമിച്ചവയാണ്. അന്നത്തെ കണക്കുപ്രകാരം തെളിയിക്കാവുന്ന കോട്ടങ്ങളെയാണ് അവ ചിത്രീകരിച്ചത്. ഈ നാടകാഭാസം കേരളത്തിലെ മുസ്ലിം സമുദായത്തിലുണ്ടായിരിക്കുന്ന സാമൂഹ്യമാറ്റത്തെ -- വൻമാറ്റത്തെ -- അവഗണിക്കുന്നു. സ്ത്രീ വിദ്യാഭ്യാസത്തിലും ജനനനിരക്കിലും പൊതുവെ ഉന്നതവിദ്യാഭ്യാസത്തിലും വിവാഹരീതികളിലും എല്ലാം (ബഹുഭാര്യത്വം വളരെ കുറഞ്ഞിരിക്കുന്നുവെന്നു മാത്രമല്ല,  ഇന്ത്യയിലെ  മറ്റു പല ഹിന്ദുസമൂഹങ്ങളെക്കാൾ കുറവാണ് ). ഇതെല്ലാം കണക്കുകളിലൂടെയും പഠനങ്ങളിലൂടെയും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞവയാണ്.  അതുകൊണ്ടുതന്നെ അവ സാമൂഹ്യപരിഷ്ക്കരണനാടകരചനയിൽ അവഗണിക്കാവുന്നവയല്ല. റിയലിസം യഥാതഥവാദമായിരിക്കണം. അല്ലാതെ സ്വതാത്പര്യസംരക്ഷണത്തെ ധാർമ്മികവിഷയങ്ങളായി അവതരിപ്പിക്കാൻ ശ്രമിക്കുന്ന പൊളിറ്റിക്കൽ സയൻസിൻറെ റിയലിസമാവരുത്.

5. സ്ത്രീകളുടെ തുല്യമതപങ്കാളിത്തം ആവശ്യപ്പെടാൻ ഇതു പോലെ നീചമായ ഇസ്ലാമോഫോബിയ ആവശ്യമില്ല.  അതാവശ്യപ്പെടാൻ ജമാത്തെ ഇസ്ലാമിയുടെ വനിതാനേതാവു ചെയ്തതു പോലെ മതബാഹ്യജീവിതത്തിലൂടെ സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവരെ അപഹസിക്കേണ്ടതുമില്ല (മീ ടൂ പരിഹാസപ്രസംഗം).

6. ഇവിടുത്തെ ഇടതുപക്ഷത്തിന് പുരോഗമനം നേടിയവർ എന്നു കരുതപ്പെടുന്ന ഹിന്ദുസ്ത്രീകളെ ശബരിമലയിൽ എത്തിക്കാൻ കഴിയുന്നില്ല. മുസ്ലിം സമുദായത്തെ ഇത്തരത്തിൽ അപഹസിക്കാൻ ഇവർക്ക് എന്തൊരുത്സാഹം!

7. മുസ്ലിം അന്യത്തെ സൃഷ്ടിച്ച് തത്ക്കാലം സിപിഎമ്മിനോടു ഇടഞ്ഞുനിൽക്കുന്ന ഹിന്ദുയാഥാസ്ഥിതികരെ അനുനയിപ്പിക്കാനാണ് ഈ നാടകമമെങ്കിൽ നിങ്ങളോളം ദുഷ്ടബുദ്ധികൾ ഈ ഭൂമുഖത്തില്ലെന്ന് പറയേണ്ടി വരും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter