ദേശീയവിദ്യാഭ്യാസ ദിനത്തില്‍ മൗലാനാ ആസാദിനെ ഓര്‍ക്കുമ്പോള്‍

ഭാരതത്തിന്റെ ഗതകാലചരിത്രം ഓര്‍ക്കുന്ന ഏതൊരാളുടെ മനസിലും സ്വാതന്ത്ര്യസമരചരിത്രം ഓടിയെത്തും. നിരവധി മഹാന്മാരെ നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരം വാര്‍ത്തെടുത്തിട്ടുണ്ട്. ഇത്തരം ദേശീയ നേതാക്കളില്‍ പ്രമുഖനാണ് മൗലാനാ അബുള്‍കലാം ആസാദ്. മാഞ്ഞുപോയ ഒരു ശ്രേഷ്ഠയുഗത്തിന്റെ സൗരഭ്യം ഇന്നും നമ്മില്‍ അവശേഷിപ്പിച്ച് കടന്നുപോയ മൗലാനാ ആസാദിന്റെ ജന്മദിനമായ ഇന്ന് (നവംബര്‍ 11) ദേശീയവിദ്യാഭ്യാസ ദിനമായി രാഷ്ട്രം ആചരിക്കുകയാണ്.  126 വര്‍ഷം മുമ്പ് 1888 നവംബര്‍ 11 ന് പുണ്യനഗരമായ മക്കയിലാണ് മൗലാനാ ആസാദ് ജനിക്കുന്നത്. ബംഗാളിയായ മൗലാ ഖൈറുജീന്റെയും മതപണ്ഡിതന്റെ മകളായ ഏലിയായുടെയും മകനായി ജനിച്ച ആസാദിന്റെ മുഴുവന്‍ പേര് അബുല്‍കലാം  മൊഹ്യുദ്ദീന്‍ ഗുലാം അഹമ്മദ് എന്നാണ്. ആസാദ് എന്നത് അദ്ദേഹം പിന്നീട് സ്വീകരിച്ച തൂലികാനാമമത്രെ.

ആസാദ് എന്ന പദത്തിന് ‘സ്വതന്ത്രന്‍’ എന്നാണര്‍ഥം. തന്റെ മനസ്സില്‍ സ്വാതന്ത്ര്യം എത്രകണ്ട് ശക്തമായ ഒരു ആശയമാണ് എന്നതിന്റെ ബഹിസ്ഫുരണം കൂടിയാണിത്. മക്കയിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് മാതാപിതാക്കള്‍ ഇന്ത്യയിലേക്ക് മടങ്ങുകയും കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇവിടെ വിദ്യാഭ്യാസം തുടര്‍ന്ന ആസാദ് സ്വപ്രയത്‌നത്തിലൂടെ അറിവ് സമ്പാദിക്കുകയും വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടുകയും ചെയ്തു.  ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ രണ്ട് നിര്‍ണ്ണായക ഘട്ടങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷപദവി അലങ്കരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നിയമസഭയില്‍ പോകണമെന്നും പോകേണ്ടതില്ലെന്നും രണ്ട് വിഭാഗമായി വാദിച്ചപ്പോള്‍ അവരെ യോജിപ്പിന്റെ മേഖലയിലേക്ക് കൊണ്ടുവന്നത് ആസാദ് പ്രസിഡന്റായിരുന്നപ്പോഴായിരുന്നു.

സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യയാമങ്ങളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആയതും അദ്ദേഹമായിരുന്നു. 1939 ലാണ് ഇത്. ക്വിറ്റ് ഇന്ത്യാസമരം ഉള്‍പ്പെടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അന്തിമപോരാട്ടങ്ങളില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ആസാദ് വഹിച്ച പങ്ക് നിസ്തുലമാണ്. തൂലിക പടവാളാക്കി ആസാദ് ജനങ്ങളെ സ്വാതന്ത്ര്യദാഹികളാക്കി മാറ്റാന്‍ ശ്രമിച്ചു.   വാക്കുകളിലൂടെ, ഗ്രന്ഥങ്ങളിലൂടെ, മൂര്‍ച്ചയേറിയ ലേഖനങ്ങളിലൂടെ അദ്ദേഹം നടത്തിയ പോരാട്ടം ജനങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകര്‍ഷിക്കാന്‍ വലിയപങ്ക് വഹിച്ചു. പലരും ആസാദിന്റെ പുസ്തകങ്ങളും ലേഖനങ്ങളും വായിച്ച് സ്വാതന്ത്ര്യദാഹികളായി മാറി. പലരും സര്‍വ്വകലാശാലകളും വിദ്യാലയങ്ങളുംവിട്ട് സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവന്നു. ആസാദിന്റെ പുസ്തകം വായിച്ച് സ്വാതന്ത്ര്യസമരാഗ്നിയിലേക്ക് എടുത്തുചാടിയ കേരളത്തിലെ ഒരു പ്രമുഖ നേതാവാണ് മുഹമ്മദ് അബ്ദുറിഹിമാന്‍ സാഹിബ്.

മദിരാശി പ്രസിഡന്‍സി കോളേജില്‍ ബി.എ. ഓണേര്‍സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയായ അബ്ദുറഹിമാന്‍ അക്കാലത്ത് മൗലാനാ ആസാദ് രചിച്ച ‘ഖിലാഫത്തും ജസീറത്തുല്‍ അറബും’ എന്ന പുസ്തകം വായിക്കാനിടയായി. മൂര്‍ച്ചയുള്ള വാക്കുകളാല്‍ ആസാദ് പറയുകയാണ്.  ”വിദ്യാര്‍ത്ഥികളേ, നിങ്ങള്‍ വിഷവള്ളികളാണ് കടിച്ചീമ്പുന്നത്. ശുദ്ധമായ പാല്‍പാത്രം നിങ്ങളുടെ മുമ്പില്‍ വെയ്ക്കുന്നത്‌വരെ ഈ വിഷവള്ളികള്‍ കടിച്ചീമ്പുന്നതില്‍ നിന്നും നിങ്ങള്‍ പിന്തിരിയുകയില്ലേ..” ഇത് വായിച്ച അബ്ദുറഹിമാന്‍ സാഹിബ് പഠനം അവസാനിപ്പിച്ച് ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ സമരത്തില്‍ പങ്കാളിയാകാന്‍ കേരളത്തിലേക്ക് തിരിച്ചു.  മൗലാനാ ആസാദ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആസാദിന്റെ സംഭാവനയാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ (യു.ജി.സി.) എന്ന കാര്യം കോളേജ് അധ്യാപകരില്‍ പലര്‍ക്കും ഓര്‍മ്മ കാണില്ല. ഒരിക്കല്‍ ആസാദ് പറഞ്ഞു; ”കുത്തബ് മിനാറിന്റെ ഉച്ചിയില്‍ ഒരു മാലാഖ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന് ചോദിക്കുകയാണെന്നിരിക്കട്ടെ, നിങ്ങള്‍ ഹിന്ദു-മുസ്‌ലിം ഐക്യം എന്ന തത്വം വെടിയുകയാണെങ്കില്‍ 24 മണിക്കൂര്‍ കൊണ്ട് സ്വാതന്ത്ര്യം നല്‍കാം എന്ന്.

അപ്പോള്‍ ഞാന്‍ തിരിച്ചടിക്കും, തല്‍ക്കാലം സ്വാതന്ത്ര്യം ഉപേക്ഷിക്കാം; എന്നാലും ഹിന്ദു-മുസ്‌ലിം ഐക്യം എന്ന ആശയം ഉപേക്ഷിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ സ്വരാജ്യം ലഭിക്കുവാന്‍ വൈകിയാല്‍ അത് ഇന്ത്യയുടെമാത്രം നഷ്ടമാകും. ഹിന്ദു-മുസ്‌ലിം ഐക്യം തകരുന്നതാകട്ടെ മനുഷ്യകുലത്തിനാകെ നഷ്ടമാണ്.” ഇതായിരുന്നു മൗലാനാ ആസാദിന്റെ മതേതരഭാവം.  ഇങ്ങനെയൊക്കെയാണെങ്കിലും മനഃപൂര്‍വ്വം ആസാദിന്റെ സംഭാവനകളെ വിസ്മരിക്കുകയും ചില നേതാക്കളുടെ പേരുകള്‍ സ്വാര്‍ഥതാല്‍പര്യങ്ങളാല്‍ പര്‍വ്വതീകരിക്കുകയും ചെയ്യുന്ന കാഴ്ച കാണുമ്പോള്‍ ഭാരതത്തിന്റെ ആത്മാവ് കേഴുകയാണ്. ഇന്ത്യയേയും ജനങ്ങളേയും മൗലാനാ അബുല്‍ കലാം ആസാദ് അതിരറ്റ് സ്‌നേഹിച്ചി രുന്നു. ലാളിത്യം, സത്യസന്ധത, സല്‍ക്കര്‍മ്മം, സദ്ഭാവനം എന്നിവ ജീവിതത്തിലുടനീളം ആ മനുഷ്യസ്‌നേഹി കാത്തുസൂക്ഷിച്ചു. 1958 ഫെബ്രുവരി 22 ന് താന്‍ ഏറെ സ്‌നേഹിച്ച നാടിനെയും നാട്ടുകാരെയും വെടിഞ്ഞ് ആസാദ് ദൈവസന്നിധിയിലേയ്ക്ക് യാത്രയായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter