ശൈഖ് ഇബ്രാഹീം അദ്ധസൂഖി(റ): ഖുത്ബുകളിലെ നാലാമന്‍
മത സാമൂഹിക ആത്മീയ മേഖലകളിൽ ഇന്ന് കാണുന്ന വിധത്തിൽ ഈ സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഖുത്ബുകളുടെ പങ്ക് അനിഷേധ്യമാണ്. ദുൻയാവിന്റെ സർവ്വ സുഖങ്ങളും വെടിഞ്ഞ് അല്ലാഹുവിന്റെ മാർഗത്തിൽ അടിയുറച്ചു നിൽക്കുകയും ആ സത്യസരണി ജനങ്ങളിലേക്ക് എത്തിച്ച് നാനോന്മുഖമായ പുരോഗതികൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തവരെയാണ് ഇസ്‍ലാമിക ലോകം ഖുത്ബുകളെന്ന് വിളിക്കുന്നത്. ലോകം വാഴ്ത്തിയ നാലു ഖുത്ബുകളിൽ അവസാന കണ്ണിയും ജീവിതത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ചോരാതെ സൂഫിസം മുറുകെ പിടിച്ച മഹൽ വ്യക്തിത്വത്തിന് ഉടമയുമാണ് ശൈഖ് ഇബ്രാഹിം അദ്ധസൂഖി(റ).
ജനനവും കുടുംബവും
ഇസ്‍ലാമിക ഖിലാഫത്തിന്റെ അവസാന പ്രതിനിധി അലി(റ)വിന്റെ 21-മത് സന്തതിയായ ശൈഖ് അബ്ദുൽഅസീസിന്റെയും രിഫാഈ ത്വരീഖത്തിന്റെ വക്താവായ അബ്ദുൽഫത്താഹ് അൽവാസിത്വിയുടെ മകൾ ഫാത്തിമയുടെയും പുത്രനായി ശൈഖ് ഇബ്രാഹീം, ഈജിപ്തിലെ അറിയപ്പെട്ട ദസൂഖ് പട്ടണത്തിലെ സൻഹൂർ എന്ന ഗ്രാമത്തിൽ ഹിജ്റ 633 ശഅ്ബാൻ 30-നാണ് ഭൂജാതനായത്.
ജനനത്തിന്റെ വർഷങ്ങൾക്കു മുമ്പ് തന്നെ മഹാനവർകളുടെ മഹത്വത്തെ പറ്റി ജനങ്ങളും പണ്ഡിതന്മാരും മനസ്സിലാക്കിയിരുന്നു. കാരണം ദസൂഖിലെ പ്രസിദ്ധനായ സൂഫിവര്യൻ മുഹമ്മദ് ബിൻ ഹാറൂന്‍, ശൈഖ് ദസൂഖിയുടെ പിതാവായ അബ്ദുൽ അസീസിനെ വല്ലാതെ ബഹുമാനിക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ ശിഷ്യന്മാർ കാരണമെന്തെന്ന് അന്വേഷിക്കുകയുണ്ടായി. ആത്മീയ ലോകത്തിന്റെ സ്പന്ദനങ്ങൾ അടക്കിവാഴുന്ന യുഗപുരുഷന്റെ പിറവി അദ്ദേഹത്തിന്റെ മുതുകിൽ നിന്നാണെന്ന് അവിടെനിന്ന് അവരോട് ശൈഖ് ഹാറൂന്‍ മറുപടി കൊടുത്തു.
ശഅ്ബാൻ 30ന് പിറവികൊണ്ട മഹാനവർകൾ റമദാൻ മാസപ്പിറവിക്ക് ശേഷം പകൽ സമയങ്ങളിൽ മുലകുടിച്ചിരുന്നില്ല എന്നും ചരിത്രത്തില്‍ കാണാം. മാത്രമല്ല, സുബ്ഹിയുടെ സമയത്ത് മുല കുടിക്കുന്നത് നിർത്തിയിരുന്നതായും മഗരിബ് ബാങ്കിന് ശേഷം മുലകുടിച്ചിരുന്നതായും മാതാവ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബാല്യകാലത്ത് തന്നെ ഖുർആൻ ഹൃദ്യസ്ഥനാക്കിയ മഹാനവർകളുടെ പ്രാഥമിക വിദ്യാഭ്യാസം പിതാവിൽ നിന്ന് തന്നെയായിരുന്നു. പിതാവിന്റെ പ്രത്യേക പരിഗണനയും പരിചരണവും ഇതിലൂടെ മഹാനവർകൾ സ്വായത്തമാക്കുകയുമുണ്ടായി. ശാഫി കർമശാസ്ത്രത്തിന്റെ അത്യുന്നതിയിൽ എത്തിയ മഹാൻ ഇടക്കാലത്ത് ദസൂഖിൽ പ്രത്യേക സ്ഥലത്ത് ഏകാന്തവാസം നടത്തി. പിന്നീട് പിതാവിന്റെ വഫാത്തോടേ ജനങ്ങളുടെ നിർബന്ധപ്രകാരം ഏകാന്തവാസം വെടിയുകയും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന് ജ്ഞാനത്തിന്റെ വഴിവെളിച്ചമായി നിലകൊള്ളുകയും ചെയ്തു.
സൂഫിസം
പിതാവിലൂടെ തന്നെയാണ് മഹാനവർകൾ സൂഫിസത്തിലേക്ക് പ്രവേശിക്കുന്നത്. സൂഫി സരണികളിൽ ശാദുലി, രിഫാഈ തുടങ്ങിയവ ചെറുപ്പത്തിൽ പിതാവിൽ നിന്ന് സ്വായത്തമാക്കുകയും പിന്നീട് സൂഫിസത്തിലൂടെ അടിയുറച്ച വിശ്വാസവും കൃത്യമായ ലക്ഷ്യബോധവും ആരാധനകളിലെ കൃത്യതയും നേടിയെടുക്കുകയും ചെയ്തതായിരുന്നു മഹാനവർകളുടെ ജീവിതം. ആയുസ്സിന്റെ അധിക കാലവും സൂഫി സരണിയുടെ നിഴലിലൂടെയാണ് ജീവിതം കഴിച്ചുകൂട്ടിയത്. തുടർന്ന് ശാദുലി, രിഫാഈ ത്വരീഖത്തുകളുടെ സഹായത്തോടെ മഹാനവർകൾ ദസൂഖീ ത്വരീഖത്തിന് അടിത്തറ പാകി. അത്യാവശ്യത്തിനു മാത്രം സംസാരിച്ചിരുന്ന മഹാൻ സംസാരിക്കുന്നത് യുക്തിയും ജ്ഞാനവും തുടിക്കുന്നതായിരുന്നുവെന്ന് ജലാലുൽ ഖർഖിയെ പോലോത്ത പണ്ഡിതന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രായപൂർത്തിയാകുന്നതിനു മുമ്പേ ഏകാന്ത വാസത്തിലൂടെ നേടിയെടുത്ത ജ്ഞാനങ്ങളായിരുന്നു മഹാനുഭാവന്റെ ജീവിതത്തിലുടനീളം. എന്നെ തൊട്ട് നീ ഉറങ്ങുകയാണോ എന്ന അശരീരിക്ക് ശേഷം ഹഖിനെ തേടിയുള്ള നിരന്തര യായാത്രയിലായിരുന്നു ശൈഖ് ദസൂഖിയുടെ ദിനരാത്രങ്ങൾ. ദിക്റിലും വിർദിലുമായി ഏർപ്പെട്ട മഹാന്റെ നാക്കിന്റെ ഫലം അനുഭവിച്ചതായി അക്കാലത്ത് ജീവിച്ച പലരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശിഷ്യഗണങ്ങളിലെ സൂക്ഷ്മതയും വളരെ പ്രധാനപ്പെട്ടത് തന്നെയായിരുന്നു. ജീവിതത്തിലുടനീളം തെളിഞ്ഞുനിന്നവരായിരുന്നു ഓരോ ശിഷ്യരും. മഹാനുഭാവന്റെ ദർസുകളില്‍ കൂടുതൽ പ്രാധാന്യം നല്കിയത് കർമ്മശാസ്ത്രത്തിനും തസ്വവ്വുഫിനുമായിരുന്നു.
ശിഷ്യഗണങ്ങളും ഗ്രന്ഥരചനയും
ദർസുകളിലെ പഠനങ്ങൾ ശിഷ്യർക്കിടയിൽ ജീവിതകാലത്തുടനീളം സ്വാധീനിച്ചതായി കാണാം. ദർസുകളിലെ പാഠങ്ങളും മഹാനവർകളുടെ നിർദ്ദേശങ്ങളും ക്രോഡീകരിച്ച് ശിഷ്യന്മാർ ഗ്രന്ഥങ്ങൾ രചിച്ചിരുന്നു. മുഅല്ലഫുൻ ഫീ ഫിഖ്ഹിശ്ശാഫിഈ, അൽഹഖാഇഖ്, അൽരിസാല, അൽജൗഹറ തുടങ്ങിയവ അവയിൽ പ്രസിദ്ധങ്ങളാണ്. മഹാനവർകളുടെ ജീവിത രൂപങ്ങളെ കുറിച്ച് ശിഷ്യർ പറയുന്നതിങ്ങനെയാണ്, "ജനന സമയത്ത് അല്ലാഹുവിന്റെ പ്രത്യേക പരിചരണം ഉണ്ടായി. ഒന്നാം വയസ്സിൽ ഔലിയാക്കളുടെ കൂടെയായി. രണ്ടാം വയസ്സിൽ ജിന്നുകൾക്ക് ഖുർആൻ പഠിപ്പിക്കുന്നതിൽ വ്യാപൃതനായി. ഒമ്പതാം വയസ്സിൽ മഹാനവർകൾക്ക് ഭുവനവാനങ്ങൾ തുറക്കപ്പെട്ടു. പന്ത്രണ്ടാം വയസ്സിൽ തന്റെ ഇഷ്ട ശിഷ്യന്മാരെ അല്ലാഹുവിന്റെ വിധി അനുസരിച്ച് നരക മോചനം നടത്തി. പതിമൂന്നാം വയസ്സിൽ ഭൗൗമണ്ഡലത്തെ പൂർണമായി കൈപിടിയിലൊതുക്കി. പതിനഞ്ചാം വയസ്സിൽ മലക്കുകളോട് സംസാരിക്കുകയുണ്ടായി. പതിനാറാം വയസ്സിൽ സിദ്റത്തുൽ മുൻതഹയിൽ പോയി. പതിനേഴാം വയസ്സിൽ ലൗഹുൽ മഹ്ഫൂള് കണ്ടു. ശേഷിച്ച ജീവിതം ജനങ്ങൾക്കിടയിൽ പവിത്രമായി കഴിച്ചുകൂട്ടി".
ദസൂഖി ത്വരീഖത്ത്
രിഫാഈ, ശാദുലി ത്വരീഖത്തിന്റെ അടിസ്ഥാനത്തിലൂടെയാണ് മഹാനവർകൾ ആത്മീയതയെ പരിശോധിച്ചത്. ശാദുലി ത്വരീഖത്തിന്റെ വക്താവായ താജുദ്ദീൻ മുഹമ്മദ് ഇസ്ഫഹാനിയിൽ നിന്നാണ് ശാദുലി ഖിർഖ (ത്വരീഖത്തിന്റെ സ്ഥാന വസ്ത്രം) അണിയുന്നത്. ഈ രണ്ടു സൂഫി സരണികളുടെ ആഭിമുഖ്യത്തിലാണ് തന്റെ സരണിയുടെ അടിസ്ഥാനം ഉണ്ടാക്കിയത്. സുഡാനിലും ഈജിപ്തിലും ആണ് ഈ ത്വരീഖതിന് കൂടുതൽ പ്രചാരം. ദസൂഖി സരണിയിലെ പതിവ് ദിക്റുകളും സ്വലാത്തുകളും ബദവി സൂഫി സരണിയോട് സാമ്യതയുള്ളതായി കാണാൻ സാധിക്കും. ദസൂഖി ത്വരീഖത്ത് ബുർഹാനുദ്ദീൻ എന്ന മഹാനവർകളുടെ വിളിപ്പേരിലേക്ക് ചേർത്തി ബുർഹാനിയ, തന്റെ പേരിലേക്ക് സൂചിപ്പിച്ച് ഇബ്രാഹിമിയ, തന്റെ നാടിനെ ആധാരമാക്കി ദസൂഖിയ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഈ ത്വരീഖത് അദ്ദേഹത്തിന്റെ സഹോദരനും സൂഫിയുമായ ഷറഫുദ്ദീൻ മൂസ (വഫാത്ത് 739) ഏറ്റെടുക്കുകയും ശിരസ്സാവഹിക്കുകയും സുലൈമാൻ ബസ്യൂനവി (വഫാത്ത് 735) യിലൂടെ പ്രചാരണവും കൂടുതല്‍ വ്യാപനവും സാധ്യമാവുകയുമുണ്ടായി. പിന്നീടങ്ങോട്ട് ദസൂഖി ത്വരീഖത്തിന് ഒരുപാട് ഉപസരണികളും രൂപപ്പെടുകയുണ്ടായി. അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്.
ശഹാവിയ്യ: മുഹമ്മദ് അശഹാവി അൽ ബുർഹാനി (875-949) എന്നവരിലൂടെ രൂപപ്പെട്ടത്, ശർണൂബിയ്യ: അഹമ്മദ് അറബ് ബിൻ ഉസ്മാൻ അശർണോബി (931-994) എന്നവരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്, സഹാവിയ്യ: സ്വാലിഹ് ബിൻ മുഹമ്മദ് അൽഹസനി അസ്സഹാവി അൽമാലികി (760-839) എന്നവരിലൂടെ വ്യാപിച്ചത്, ആളൂരിയ്യ: സ്വാലിഹ് ബിൻ ആളൂർ അൽമഅറബിയിലൂടെ രൂപം പ്രാപിച്ചത്, മുജാഹിദിയ്യ: അബ്ദുൽ ഖാദിർ മുജാഹിദിലൂടെ രൂപപ്പെട്ടത്, അൽ മുഹമ്മദിയ്യ: മുഖ്താർ അലി അദ്ദസൂഖി എന്നവരിലൂടെ ഉടലെടുത്തത്. വെറും 43 വർഷം മാത്രം ജീവിച്ച മഹാന്റെ ജീവിതം നൂറ്റാണ്ടുകള്‍ കഴിഞ്ഞും ജനഹൃദയങ്ങളിൽ സ്വാധീനിച്ചതിന്റെ തെളിവുകളാണ് ഈ ഉപസരണികളെല്ലാം.
മഹാനവർകളുടെ ആത്മീയ പ്രഭ കാംക്ഷിച്ച് നിരവധി ജനങ്ങൾ മഹാനവർകളുടെ ചാരത്ത് വന്നിരുന്നു. മഹാനവർകൾക്ക് ലഭിച്ച വിവിധ വിളിപ്പേരുകൾ ഈ സന്ദര്‍ശ ബാഹുല്യത്തിന്റെയും അംഗീകരാരങ്ങളുടെയും തെളിവുകളാണ്. അബുൽഅയ്നൈൻ (മറഞ്ഞവയെ കാണുന്നവൻ), ബുർഹാനുൽ മില്ല (ദീനിനെ വ്യക്തമാക്കുന്നവൻ), ശൈഖുൽ ഇസ്‍ലാം (ഇസ്‍ലാമിക ആശയങ്ങളെ പഠിപ്പിക്കുന്നവൻ), അൽഖ്വുത്ബുൽ അംജദ് (സൂഫിസത്തിന്റെ നേതാവ്) തുടങ്ങിയവ അവയിൽ പ്രധാനമാണ്.
കറാമത്ത്
മഹത്തുക്കൾക്ക് അല്ലാഹു പ്രത്യേകമായി നൽകുന്ന കഴിവുകളാണ് കറാമത്തുകൾ. അവരുടെ പ്രബോധനത്തെ സുഗമമാക്കാനാണ് അവ. ശൈഖ് ദസൂഖി(റ) വിന്റെ ജീവിതത്തിലും ഇത്തരത്തിൽ ഒരുപാട് സംഭവങ്ങൾ നടന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ ഒരു കുട്ടിയെ മുതല വിഴുങ്ങിയ സമയത്ത് തന്റെ ശിഷ്യനെ വിട്ട് ആ കുട്ടിയെ ജീവനോടെ അത്ഭുത രൂപത്തിൽ പുറത്തെടുത്തത് അത്തരം സംഭവങ്ങളിലൊന്നാണ്. തന്റെ ശിഷ്യഗണങ്ങളെ ആക്രമിച്ചു തടവിലാക്കിയ രാജാവിനെ കവിതയിലൂടെ ആകര്‍ഷിച്ച് അവരെ മോചിപ്പിച്ചത്, കുടിക്കാൻ പ്രയാസകരമായിരുന്ന ഉപ്പ് വെള്ളത്തെ ശുദ്ധവെള്ളം ആക്കിയത്, ഏത് ഭാഷ സംസാരിക്കുന്നവരോടും അവരുടെ ഭാഷയിൽ തന്നെ സംസാരിച്ചത്, പലരുടെയും ആവശ്യങ്ങൾ നിറവേറ്റിയത് തുടങ്ങി നിരവധി കറാമത്തുകൾ മഹാനുഭാവന്റെ ജീവിതത്തിലുടനീളം കാണാം.
വഫാത്ത്
ഹിജ്റ 676 ലാണ് മഹാന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. മരിക്കുന്നതിന് തൊട്ടുമുമ്പ് തന്റെ സഹോദരനെ വിളിക്കാനായി ശിഷ്യനെ അയച്ചുവെന്നും തദടിസ്ഥാനത്തിൽ എത്തിയ സഹോദരൻ കണ്ടത് സുജൂദില്‍ കിടന്ന് വഫാത്തായിരിക്കുന്ന ശൈഖ് ദസൂഖി(റ) വിനെയായിരുന്നെന്നും ഒരു അപരിചിതനായ ആൾ വന്ന് എല്ലാ മരണാനന്തര കർമ്മങ്ങളും ചെയ്തു പോയിരുന്നുവെന്നും ചരിത്രത്തിൽ കാണാം.
വർഷങ്ങൾക്കിപ്പുറവും ഇന്നും മഹാനുഭാവന്റെ ഓർമ്മകൾ ജനഹൃദയങ്ങളിൽ തങ്ങിനിൽക്കുന്നതിന് ഉദാഹരണമാണ് അൽമൗലിദുര്‍റജബി എന്നറിയപ്പെടുന്ന ഉറൂസ് പരിപാടികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ പരിപാടികൾ ആഘോഷിക്കപ്പെടുന്നു. അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരായി ജീവിക്കാനും മരിക്കാനും അത്തരക്കാരെ സ്നേഹിക്കാനും നാഥൻ നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ, ആമീൻ.
ദാറുൽ ഹിദായ ദഅവാ കോളേജ് മാണൂർ, ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയാണ് ലേഖകന്‍
Leave A Comment