കാലിടറരുത് ഈ മണ്ടിപ്പാച്ചിലിനിടൽ
തത്വ ചിന്തകൾ കൊണ്ടും വിശുദ്ധ ജീവിതം കൊണ്ടും പേരുകേട്ട പ്രമുഖ പണ്ഡിതൻ ഇബ്നുസ്സമ്മാക് ഖലീഫ ഹാറൂൻ റശീദുമായി സംസാരിച്ചുകൊണ്ടിരിക്കെ അൽപം വെള്ളം കുടിക്കാനെടുത്തു. അന്നേരം ഇബ്നുസ്സമ്മാക് ചോദിച്ചു: 'ഒരു നിമിഷം അമീറുൽ മുഅ്മിനീൻ! ഈ വെള്ളം നിങ്ങൾക്ക് കിട്ടാക്കനിയായാൽ ഇതിനു വേണ്ടി നിങ്ങൾ പരമാവധി എന്ത് വിലകൊടുക്കും?'
'വേണ്ടിവന്നാൽ എൻ്റെ സാമ്രാജ്യത്തിന്റെ പകുതി തന്നെയും നൽകി ഞാൻ വെള്ളം സ്വന്തമാക്കും.' ഖലീഫ മറുപടി നൽകി.
അങ്ങ് വെള്ളം കുടിക്കൂ, അങ്ങേക്ക് അല്ലാഹു സൗഖ്യം നൽകട്ടേ എന്ന് ഇബ്നുസ്സമ്മാക് ആശീർവദിച്ചു. ഖലീഫ വെള്ളം കുടിച്ച ശേഷം ഇബ്നുസ്സമ്മാക് ചോദിച്ചു: 'ഈ കുടിച്ച വെള്ളത്തിന്റെ വിസർജ്യം പുറത്തുപോകാതെ പ്രയാസം സൃഷ്ടിച്ചാൽ അതിൻ്റെ പരിഹാരത്തിനായി അങ്ങ് എന്ത് വിലകൊടുക്കാൻ തയ്യാറാകും?'
'സാമ്രാജ്യം പരിപൂർണ്ണമായും തന്നെ പകരം നൽകിയേക്കും.'
ഒരിറക്ക് വെള്ളത്തിന്, ഒരു നേരത്തെ മൂത്രിക്കലിന് പകരം വെക്കാനാവുന്ന ഈ സാമ്രാജ്യത്തിനായി ജീവിതം നഷ്ടപ്പെടുത്തുന്നത് എന്തുമാത്രം മൗഢ്യമാണ്! ഇബ്നുസ്സമ്മാക് തൊടുത്തുവിട്ട ചോദ്യശരങ്ങൾ ഖലീഫയുടെ കവിൾത്തടങ്ങളെ ഈറനണിയിച്ചു.
ആയുസ്സിനോളം അമൂല്യമായി ഒരാളുടെ ജീവിതത്തിൽ മറ്റൊന്നുമില്ലതന്നെ. ടൈം പാസ്സിനായി വിനോദങ്ങളിലേർപ്പെടുന്ന പ്രവണതവരെ ഇന്ന് വ്യാപകമാണ്. പണം കൊടുത്ത് ഗെയിമുകൾ വാങ്ങിക്കൂട്ടുന്നവരുമുണ്ട്. അഥവാ തൻ്റെ ആയുസ്സിനെ വകവരുത്താൻ വാടകഗുണ്ടകളെ ഏർപ്പാടാക്കുന്നവർ.
'ഒരാൾക്ക് എത്ര ഭൂമി വേണം?' എന്ന പേരിൽ ലിയോ ടോൾസ്റ്റോയിയുടെ ഒരു കഥയുണ്ട്. രാജാവ് സൗജന്യമായി ഭൂമി വിതരണം ചെയ്യുന്ന വാർത്ത നാട്ടിലാകെ വിളംബരം ചെയ്‌തു. ഒരു നിബന്ധനയുണ്ട്.
Also Read:വീടും വീട്ടുകാരിയും ഒരു വാഹനവും
ഒരു ദിവസം ഒരാൾ എത്ര ഭൂമി നടന്നു പൂർത്തിയാക്കുന്നുവോ അത്രയും സ്ഥലമാണ് അയാൾക്ക് സ്വന്തമാക്കാനാവുക. ഭൂമി മോഹിച്ചെത്തിയവരുടെ കൂട്ടത്തിൽ പാഹമെന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. രാവിലെതന്നെ കൊട്ടാരത്തിലെത്തിയ പാഹമിന് രാജസേവകൻ സ്വന്തമാക്കാനുള്ള ഭൂമി കാട്ടിക്കൊടുത്തു. നടന്നാല്‍ കുറച്ചു ഭൂമിയേ സ്വന്തമാക്കാന്‍ കഴിയൂ എന്നതിനാൽ അയാള്‍ വേഗം ഓടാന്‍ തുടങ്ങി. കലശലായി ദാഹിച്ചെങ്കിലും വെള്ളം കുടിക്കാന്‍ നിന്നാല്‍ അത്രയും സ്ഥലം നഷ്ടപ്പെടുന്നതോര്‍ത്ത് ഒട്ടും സമയം കളയാതെ കൂടുതല്‍ ഭൂമിയ്ക്കായി ഓട്ടം തുടര്‍ന്നു. ഇടയ്ക്ക് കുഴഞ്ഞു വീണെങ്കിലും ഇഴഞ്ഞും വലിഞ്ഞുമൊക്കെ പാഹം ഭൂമി കൈവശമാക്കല്‍ അനസ്യൂതം തുടര്‍ന്നു. സന്ധ്യയായപ്പോള്‍ രാജാവ് പാഹമിനെ അനുഗമിച്ച രാജസേവകനോട് പാഹം എത്ര ഭൂമി സ്വന്തമാക്കി എന്ന് ചോദിച്ചു. “ആറടി മണ്ണ്” എന്നായിരുന്നു രാജ സേവകൻ നൽകിയ ഉത്തരം.
ഭക്ഷണവും വെള്ളവുമില്ലാതെ ക്ഷീണിച്ചവശനായ പാഹം തളര്‍ന്നു വീണു മരിക്കുകയായിരുന്നു.
നശ്വരമായ ഐഹിക ലോകത്തിനു വേണ്ടി ഊണും ഉറക്കവുമൊഴിച്ച് പാടുപെടുന്ന നമുക്ക് എന്തിനുവേണ്ടിയാണിതൊക്കെ എന്ന ചിന്തയുണ്ടോ? അത്യാർത്ഥി മൂത്തുള്ള പരക്കം പാച്ചിലിൽ വിലപ്പെട്ട ആയുസ്സിനു ചിതൽ പിടിക്കുന്നുവെന്നത് നാം അറിയുന്നുണ്ടോ? വീണ്ടെടുക്കാനാവാത്ത വിധം ജീവിതം കൈമോശം വന്ന ശേഷം താൻ ലക്ഷ്യം മറന്നും വഴി മാറിയുമായിരുന്നു സഞ്ചരിച്ചിരുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടെന്തു കാര്യം. പാരത്രിക ലോകത്തേക്കുള്ള കൃഷിയിടമാണ് ഈ ദുനിയാവെങ്കിൽ നാളത്തേക്ക് വേണ്ടി കരുതലോടെ വിത്തിറക്കുകതന്നെ വേണം. ഇഹലോകത്തിനു വേണ്ടി മാത്രം പണിയെടുക്കുന്നവർ വിലപ്പെട്ടത് പാഴാക്കി വില കുറഞ്ഞത് വാങ്ങുകയാണ്.
നബി സ്വ. യും സഹചാരികളും നടന്നുപോകവേ വഴിയരികിൽ വൈകല്യമുള്ള ഒരാട്ടിൻകുട്ടി ചത്തു കിടക്കുന്നത് കണ്ടു. തങ്ങൾ അതിനെ ചെവിയിൽ പിടിച്ചുയർത്തി ചോദിച്ചു: 'ഒരു ദിർഹമിന് ഇതാർക്കു വേണം?' 'വെറുതെ തന്നാലും ഞങ്ങൾക്ക് വേണ്ട. ജീവനുള്ളതായിരുന്നെങ്കിൽ തന്നെ വൈകല്യമുള്ളതല്ലേ അത്?' നബിതങ്ങൾ പറഞ്ഞു: കേൾക്കണേ... ഇത് നിങ്ങൾക്ക് നിസ്സാരമായതിനേക്കാൾ ഈ ദുനിയാവ് അല്ലാഹുവിന്റെ അടുക്കൽ വളരെ വില കുറഞ്ഞതാണ്. (മുസ്‌ലിം)
Leave A Comment