അശ്അരികളുടെ അരങ്ങേറ്റം

ബിദ്അത്തിന്റെ കരിനാഗങ്ങള്‍ വിശുദ്ധ ഇസ്‌ലാമിനെ കൊത്തിവലിച്ചു വികൃതമാക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിരോധത്തിന്റെ പടച്ചടയണിഞ്ഞു ഈ മതത്തെ സംരക്ഷിച്ചുനിര്‍ത്തിയ യുഗപുരുഷന്മാരാണ് ഇമാം അബുല്‍ ഹസന്‍ അല്‍ അശ്അരി (873-935)യും ഇമാം അബൂമന്‍സ്വൂര്‍ അല്‍ മാതുരീദി(മ. 945)യും.
ഖവാരിജ്, ശീഈ, മുഅ്തസില, ജഹ്മിയ്യ, മുര്‍ജിഅ തുടങ്ങിയ പ്രസ്ഥാനങ്ങളെല്ലാം ഇസ്‌ലാമിന്റെ പേരില്‍ വികല വിശ്വാസങ്ങളും വികൃത ആചാരങ്ങളും ഇറക്കുമതി ചെയ്തു അതിന്മേല്‍ സൈദ്ധാന്തിക കസര്‍ത്തുകളുടെ ചമല്‍ക്കാരങ്ങള്‍ പ്രതിഷ്ഠിച്ചുവെച്ച ഒരു സന്ദര്‍ഭമായിരുന്നു അത്. ചിന്താശേഷിയുള്ളവരെയെല്ലാം ആകര്‍ഷിച്ചു അകത്താക്കാനുള്ള മുഴുവന്‍ നമ്പറുകളും അവരിറക്കി. ഭൗതിക ശാസ്ത്രങ്ങളുടെ അകമ്പടിയും ബൗദ്ധിക സമര്‍ത്ഥങ്ങളുടെ മേമ്പൊടിയും ചേര്‍ത്ത് ഇസ്‌ലാമിലൊരു പൊളിച്ചെഴുത്തിനു ശ്രമിക്കുകയായിരുന്നു മേല്‍പറഞ്ഞ കക്ഷികളെല്ലാം. ഇത്തരമൊരു ഘട്ടത്തില്‍ അവരുപയോഗിച്ച അതേ ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ അവരെ തുരത്തിയോടിക്കാന്‍ അഹ്‌ലുസ്സുന്ന:യുടെ ഇമാമുകള്‍ മുന്നോട്ടു വന്നു. പ്രസ്തുത ദൗത്യത്തില്‍ അവര്‍ വിജയിച്ചു. ബിദ്അത്തിന്റെ സര്‍വ്വശക്തികളെയും പിടിച്ചുകെട്ടി. അങ്ങനെ കാലാന്തരങ്ങള്‍ക്കു മായ്ക്കാനാകാത്ത ആദര്‍ശ പുരുഷന്മാരും നവോത്ഥാന നായകരുമായി ഇമാം അശ്അരി(റ)യും ഇമാം മാതുരിദി(റ)യും അറിയപ്പെട്ടു. അവര്‍ കടന്നുപോവുകയും വെളിച്ചം വീശുകയും ചെയ്ത വഴിത്താരയാണ് പിന്നീട് അഹ്‌ലുസ്സുന്ന:യായി അറിയപ്പെട്ടത്. മുസ്‌ലിം ജനകോടികളും പണ്ഡിത സഹസ്രങ്ങളും അവര്‍ക്ക് പിന്നിലാണല്ലോ അണിനിരന്നത്.
”സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍ നിന്നു പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജന വിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മ സമരം നടത്തും. ആക്ഷേപകന്റെ ഒരു ആക്ഷേപത്തെയും അവര്‍ ഭയപ്പെടുകയില്ല.” (ഖുര്‍ആന്‍ 5:54).
ഈ ആയത്തില്‍ സൂചിപ്പിക്കപ്പെട്ട ‘അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ ജനത’ ആരാണെന്ന് നബി(സ) യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ പ്രമുഖ സ്വഹാബിയായിരുന്ന അബൂമൂസല്‍ അശ്അരി(റ)യിലേക്ക്ചൂണ്ടിക്കൊണ്ട് നബി(സ) പറഞ്ഞു: ‘ഇത് ഇവരുടെ ജനതയാണ്.’ (തഫ്‌സീര്‍ ത്വബരി, ഇബ്‌നുകസീര്‍, ദുര്‍റുല്‍ മന്‍സൂര്‍). പ്രവാചക പ്രവചനത്തിന്റെ പുലര്‍ച്ചയായി അബൂമൂസല്‍ അശ്അരി(റ)യുടെ സന്താന പരമ്പരയില്‍ പിറന്ന യുഗപുരുഷനാണ് ഇമാം അബുല്‍ ഹസനില്‍ അശ്ഹരി(റ).
അബൂമൂസല്‍ അശ്അരി(റ)യുടെ സന്താന പരമ്പരയിലെ ഏഴാമനായ ഇമാം അശ്അരി(റ) ഹിജ്‌റ 260ല്‍ ബസ്വറയിലാണ് ജനിച്ചത്. 1. അബൂമൂസല്‍ അശ്അരി(റ). 2. അബീബുര്‍ദ (3) അബ്ദില്ലാഹ് (4) ഇസ്മാഈല്‍ (5) സാലിം (6) ഇസ്ഹാഖ് (7) ഇസ്മാഈല്‍ (8) അബുല്‍ ഹസനില്‍ അശ്അരി(റ). ഇതാണ് വംശ പരമ്പര. ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ട ഇമാം അശ്അരി(റ), മുഅ്തസിലി നേതാവായിരുന്ന അബൂ അലിയ്യില്‍ ജുബാഇ (മരണം 915)യുടെ ശിക്ഷണത്തിലും സംരക്ഷണത്തിലുമാണ് വളര്‍ന്നത്. നാല്‍പതു വയസ്സുവരെ അദ്ദേഹം മുഅ്തസിലി പാഠശാലയില്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ സര്‍ഗശേഷിയും വാക്ചാരുതിയും മനസ്സിലാക്കിയ മുഅ്തസിലുകള്‍ ജുബാഇയുടെ പിന്‍ഗാമിയായിട്ടാണ് അശ്അരി(റ)യെ കണക്കാക്കിയിരുന്നത്.
പക്ഷേ, വിധി മറ്റൊന്നായിരുന്നു. മുഅ്തസിലിസത്തിന്റെ സിദ്ധാന്തങ്ങളെക്കുറിച്ചു പലപ്പോഴും അദ്ദേഹത്തിന് സംശയങ്ങള്‍ ഉടലെടുത്തു. അതിന്റെ പ്രാമാണികവും ബൗദ്ധികവുമായ ന്യായങ്ങള്‍ പുന:പരിശോധനക്കു വിധേയനാക്കാന്‍ നിര്‍ബന്ധിതനായി. താന്‍ നില്‍ക്കുന്നിടത്തല്ല സത്യമെന്ന് മനസ്സ് മന്ത്രിച്ചു. അങ്ങനെ ഒരിക്കല്‍ ജുബാഇയുടെ മുന്നില്‍ സംശയങ്ങളഉടെ ചുരുളുകളഴിക്കാന്‍ അദ്ദേഹം തയ്യാറായി. നല്ലത് ചെയ്യല്‍ അല്ലാഹുവിന്റെ മേല്‍ നിര്‍ബന്ധമാണെന്ന വിശ്വാസമായിരുന്നു മുഅ്തസിലുകള്‍ക്ക്. അതേക്കുറിച്ച് അദ്ദേഹം ചോദിച്ചു: മൂന്ന് സഹോദരങ്ങള്‍ മരണപ്പെടുന്നു. ഒരാള്‍ സത്യവിശ്വാസി. മറ്റൊരാള്‍ സത്യനിഷേധി. മൂന്നാമന്‍ കുട്ടിക്കാലത്തെ മരണപ്പെട്ടവന്‍. പരലോകത്ത് ഈ മുന്ന് പേരുടെയും അവസ്ഥ എന്തായിരിക്കും?
ജുബാഇ: ഒന്നാമന്‍ സ്വര്‍ഗത്തിലും രണ്ടാമന്‍ നരകത്തിലുമായിരിക്കും. മൂന്നാമത്തെവന്‍ സ്വര്‍ഗാവകാശിയോ നരകാവകാശിയോ അല്ല.
അശ്അരി: തനിക്ക് ദീര്‍ഘായുസ്സ് നല്‍കിയിരുന്നെങ്കില്‍ ആ സത്യവിശ്വാസിയെപോലെ നന്മ ചെയ്തു ഞാന്‍ സ്വര്‍ഗാവകാശിയാക്കുമായിരുന്നില്ലേ എന്ന് മൂന്നാമനായ കുട്ടി ചോദിച്ചാല്‍ അല്ലാഹു എന്തു മറുപടി നല്‍കും?
ജുബാഇ: നീ വളര്‍ന്നുവലുതായാല്‍ തിന്മ ചെയ്തു നരകാവകാശിയായി തീരുമെന്നതുകൊണ്ട് നിന്നെ ചെറുപ്പത്തില്‍ തന്നെ മരണപ്പെടുത്തുക വഴി നിനക്ക് ഏറ്റവും ഉത്തമമായത് ഞാന്‍ ചെയ്തു എന്ന് അല്ലാഹു മറുപടി പറയും.
അശ്അരി: അങ്ങനെയങ്കില്‍ ഞാന്‍ വളര്‍ന്നുവലുതായാല്‍ തിന്മ ചെയ്തു നരകാവകാശിയാകുമെന്നറിഞ്ഞിട്ടും നീ എന്നെ എന്തുകൊണ്ട് ചെറുപ്പത്തിലെ മരിപ്പിച്ചില്ല എന്നു സത്യനിഷേധി ചോദിച്ചാല്‍ അല്ലാഹു എന്തു മറുപടി പറയും?
ഈ ചോദ്യത്തിനു മറുപടി പറയാന്‍ ജുബാഇക്കു സാധിച്ചില്ല. ഉത്തരം കിട്ടാതെ അദ്ദേഹം പരിഭ്രമിച്ചു. ഈ സംഭവം ഇമാം അശ്അരി(റ)യുടെ ജീവിതത്തില്‍ മാറ്റത്തിന്റെ തിരി കൊളുത്തി. വിദ്വല്‍ സദസ്സുകളില്‍ നിന്നു മാറിനിന്ന അദ്ദേഹം പതിനഞ്ചു ദിവസത്തോളം സ്വന്തം വീട്ടില്‍ ചിന്താപരവശാനായി കഴിഞ്ഞുകൂടി. മുഅ്തസിലി വാദങ്ങളുടെ നിരര്‍ത്ഥകത നാള്‍ക്കുനാള്‍ അദ്ദേഹത്തിനു ബോധ്യപ്പെട്ടുക്കൊണ്ടിരുന്നു. ഖുര്‍ആനിക വചനങ്ങളെ യുക്തിക്കനുസരിച്ചു മാത്രം വ്യാഖ്യാനിക്കുന്ന അവരുടെ രീതി അപകടം നിറഞ്ഞതാണെന്നു തിരിച്ചറിഞ്ഞു. അതിനിടെ പലപ്പോഴും അദ്ദേഹത്തിനു സ്വപ്ന ദര്‍ശനമുണ്ടായി. താന്‍ നിലകൊള്ളുന്ന പ്രസ്ഥാനത്തില്‍ നിന്നു മാറി അഹ്‌ലുസ്സുന്ന:യെ ശക്തിപ്പെടുത്താന്‍ മുന്നോട്ടുവരണമെന്ന് നബി(സ) സ്വപ്നത്തിലൂടെ അദ്ദേഹത്തെ ഉപദേശിച്ചു. അങ്ങനെ മുഅ്തസിലിസത്തില്‍ നിന്നും രാജി വെക്കാന്‍ തീരുമാനിച്ചു. ഒരു വെള്ളിയാഴ്ച ബസ്വറാ പള്ളിയിലെ മിമ്പറില്‍ കയറിക്കൊണ്ട് തന്റെ തീരുമാനം പ്രഖ്യാപിച്ചു.
”ജനങ്ങളേ, എന്നെ അറിയുന്നവര്‍ക്ക് എന്നെ അറിയാം. അറിയാത്തവര്‍ക്ക് ഞാനിതാ പരിചയപ്പെടുത്തുന്നു. ഞാനാണ് ഇസ്മാഈലിന്റെ പുത്രന്‍ അബുല്‍ ഹസന്‍ അശ്അരി. ഇത്രയും കാലം ഞാന്‍ മുഅ്തസിലി പക്ഷക്കാരനായിരുന്നു. ഖുര്‍ആന്‍ സൃഷ്ടിയാണെന്നും പരലോകത്ത് അല്ലാഹുവിനെ ദര്‍ശിക്കാനാവില്ലെന്നും മനുഷ്യപ്രവര്‍ത്തനങ്ങളുടെ സ്രഷ്ടാവ് അല്ലാഹുവല്ലെന്നുമുള്ള മുഅ്തസിലീ വാദങ്ങള്‍ ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഞാനിതാ അതെല്ലാം കൈയൊഴിയുന്നു. അവയില്‍ നിന്നു ഞാന്‍ ഖേദിച്ചു മടങ്ങുന്നു. ഇത്രയും ദിവസം നിങ്ങൡ നിന്ന് അകന്നുകഴിഞ്ഞത് അവയെക്കുറിച്ചുള്ള പഠനത്തിനു വേണ്ടിയായിരുന്നു. തെളിവുകള്‍ നിരത്തി ഞാന്‍ താരതമ്യം നടത്തി. അതിലൂടെ മുഅ്തസിലി നിലപാട് ശരിയല്ലെന്നു ബോധ്യപ്പെട്ടു. അല്ലാഹുവിനോട് ഞാന്‍ ഹിദായത്ത് തേടി. ഞാനീ ഗ്രന്ഥത്തില്‍ എഴുതിയതാണ് ശരിയെന്നു അല്ലാഹു എനിക്ക് വഴികാണിച്ചുതന്നു. എന്റെ ഈ മേല്‍വസ്ത്രം ഊരിയെറിയുന്നതുപോലെ ഞാനിതാ ആ പഴയ വിശ്വാസങ്ങളും ഊരിയെറിയുന്നു.”..
ഇമാം അശ്അരി(റ) തന്റെ മേല്‍വസ്ത്രം ഊരിയെറിഞ്ഞു. അതു വരെ അദ്ദേഹം വെച്ചുപുലര്‍ത്തിയ നിലപാടുകളെയാണ് വലിച്ചെറിയുന്നതെന്നു ജനം അതില്‍ നിന്നു മനസ്സിലാക്കി. പിന്നീട് സത്യസരണിയുടെ സംരക്ഷണത്തിനുവേണ്ടിയുള്ള ധര്‍മ്മ സമരമായിരുന്നു. ഇസ്‌ലാമിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട മുഴുവന്‍ നവീകരണ വാദികളെയും പിടിച്ചുകെട്ടാന്‍ തന്റെ തൂലികയും ജിഹ്വയും ഇമാം ആയുധമാക്കി. മുഅ്തസില, ശീഈ, ജഹ്മിയ്യ, മുര്‍ജിഅ തുടങ്ങിയവരുടെ വാദങ്ങള്‍ക്ക് അക്കമിട്ടു മറുപടി പറഞ്ഞു. എതിരാളികളുടെ സമര്‍ത്ഥന ശൈലിയും ആശയ സ്രോതസ്സുകളും ശരിക്കുമറിയുന്ന അദ്ദേഹം അതുപയോഗിച്ചുകൊണ്ടു തന്നെ അവരെ നിശബ്ദരാക്കി. മുഅ്തസിലിസത്തിന്റെ മര്‍മ്മ സ്ഥാനത്തുതന്നെ അദ്ദേഹം പിടിച്ചുകുലുക്കി. അതിനു മുന്നില്‍ ‘ബുദ്ധിജീവി’ കളുടെ മഹാപ്രസ്ഥാനം പ്രതിരോധിക്കാനാകാതെ കീഴടങ്ങുകയായിരുന്നു.
നിരവധി ഗ്രന്ഥങ്ങള്‍ ഇമാം അശ്അരി(റ) ആദര്‍ശ സംരക്ഷണാര്‍ത്ഥം രചിച്ചിട്ടുണ്ട്. തന്റെ ഗുരുവായിരുന്ന അബൂ അലിയ്യില്‍ ജുബാഇക്കെതിരെ മാത്രം നാല്‍പതു വാള്യങ്ങളുള്ള ഒരു ഗ്രന്ഥം അദ്ദേഹം എഴുതിയത്രെ. കിത്താബുല്ലമഅ്, അല്‍ ഇബാന, അല്‍ ഉസ്വൂലിദിയാന, കിതാബുല്‍ ഫുസ്വൂല്‍, മഖാലാത്തുല്‍ ഇസ്‌ലാമിയ്യീന്‍, കിതാബുല്‍ ഉമദ്, ഇസ്തിഹ്‌സാനുല്‍ ഖൗളി ഫീ ഇല്‍മില്‍ കലാം, ഈളാഹുല്‍ ബുര്‍ഹാന്‍, അശ്ശര്‍ഹുത്തഫ്‌സീര്‍, അല്‍ ഇജ്തിഹാദ്, അസ്സ്വിഫാത്ത്.. തുടങ്ങിയ മുന്നൂറിലധികം ഗ്രന്ഥങ്ങള്‍ ഇമാം അശ്അരി(റ) രചിച്ചിട്ടുണ്ട്.
ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലെ മുജദിദ്ദും നവോത്ഥാന നായകനുമായിരുന്നു ഇമാം അശ്അരി(റ). മത നവികാരണ പ്രസ്ഥാനങ്ങള്‍ ഇളക്കിവിട്ട കാലൂഷ്യത്തില്‍ നിന്നു സമുദായത്തെ സമുദ്ധരിക്കുകയും നേര്‍വഴിയുടെ വെളിച്ചം കാട്ടുകയും ചെയ്ത ആ സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഹിജ്‌റ 324ലാണ് പരലോകം പ്രാപിച്ചത്. പിന്നീട് മുസ്‌ലിം ലോകത്തു ദയം ചെയ്ത പണ്ഡിത പ്രതിഭകളെല്ലാം ഉമ്മത്തിനെ ഉപദേശിച്ചത് ആ മഹാമനീഷിയുടെ പാത പിന്തുടരാനാണ്. അദ്ദേഹം സ്ഥാപിക്കുകയും സമര്‍ത്ഥിക്കുകയും ചെയ്ത ആശയങ്ങള്‍ക്ക് വ്യാഖ്യാന വീശദീകരണങ്ങള്‍ നല്‍കി അഹ്‌ലുസ്സുന്ന:യുടെ ആശയാടിത്തറ ഭദ്രമാക്കുകയായിരുന്നു പില്‍ക്കാലത്തു വന്ന ഇമാമുകള്‍.
അബൂബക്കര്‍ ബാഖില്ലാനി (മ. 1013), അബൂ ഇസ്ഹാഖ് ഇസ്ഫറാഈനി (മ. 1028) ഇമാമുല്‍ ഹറമൈനി (മ. 1086) അബൂ ഹാമിദില്‍ ഗസ്സാലി (1058-1111) അബുല്‍ ഫത്ഹ് ശ്ശഹ്‌റസ്താനി (മ 1153) ഫഖ്‌റുദ്ദീന്‍ റാസി (മ. 1210) തുടങ്ങിയ പരശ്ശതം ഇമാമുകള്‍ അശ്അരീ ചിന്താസരണിയുടെ ആശയാടിത്തറ ശക്തമാക്കുകയും അതിന്റെ പ്രചാരണത്തിനുവേണ്ടി ശക്തമായി പ്രയത്‌നിക്കുകയും ചെയ്തവരാണ്. കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ ഇമാം അശ്അരി(റ), ശാഫിഈ മദ്ഹബായിരുന്നു സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ പില്‍ക്കാലത്തു ശാഫിഈ മദ്ഹബിന്റെ വക്താക്കളായി വന്ന മുഴുവന്‍ പണ്ഡിതന്മാരും വിശ്വാസ രംഗത്ത് അശ്അരി സരണി സ്വീകരിക്കുകയാണ് ചെയ്തത്. ഹമ്പലി, മാലിക്കി മദ്ഹബുകളിലെ മിക്ക പണ്ഡിതന്മാരും അശ്അരി സരണി അവലംബിച്ചവരായിരുന്നു. മുസ്‌ലിം ഉമ്മത്തിന്റെ വളര്‍ച്ചയുടെ നാള്‍ വഴികളില്‍ വെളിച്ചം വീശിയ അശ്അരീ പണ്ഡിതരുടെ നിര നീണ്ടതാണ്. അവരെ അവഗണിച്ചുകൊണ്ട് മുസ്‌ലിംകളുടെ ചരിത്രവും രേഖപ്പെടുത്താന്‍ ആര്‍ക്കും സാധ്യമല്ല.

(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter