വിഷയം: അല്ലാഹുവിന്റെ തീരുമാനവും (ഖദ്ർ) മനുഷ്യന്റെ സ്വാതന്ത്ര്യവും (ഇഖ്തിയാർ)
മനുഷ്യരുടെ (ധാർമികവും അധാർമികവുമായ) പ്രവർത്തികളത്രെയും, പൂർണ സ്വാതന്ത്ര്യത്തോടെയാണോ നാം ചെയ്യുന്നത്?അതോ, (നേരത്തെ രേഖപ്പെടുത്തപ്പെട്ട പോലെ) അല്ലാഹുവിന്റെ തീരുമാനപ്രകാരം ചെയ്യുന്നതാണോ? കർമങ്ങളിൽ മനുഷ്യന് ഇഷ്‍ടാനുസരണം (choice) ഉണ്ടെന്നു പറയുന്നതും, എല്ലാം പടച്ചവന്റെ തീരുമാന പ്രകാരം നടക്കുന്നുവെന്ന് പറയുന്നതും പരസ്പര വൈരുധ്യമല്ലേ?
ചോദ്യകർത്താവ്
MUHAMMED RASHID N
Oct 17, 2025
CODE :Aqe15842
അല്ലാഹുവിന്റെ തിരു നാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരുദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ.
അല്ലാഹുവിന്റെ തീരുമാനവും (ഖദ്ർ) മനുഷ്യന്റെ സ്വാതന്ത്ര്യവും (ഇഖ്തിയാർ) പരസ്പര വൈരുധ്യങ്ങളല്ലേ എന്നത്, കാലങ്ങളായി ഇസ്‌ലാം വിമർശകർ ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണ്; പലപ്പോഴും വിശ്വാസികളെയും ഈ സംശയം അസ്വസ്ഥപ്പെടുത്താറുണ്ടെന്നത് സത്യമാണ്.
യഥാർത്ഥത്തിൽ, എന്താണ് മനുഷ്യന് നൽകപ്പെട്ട സ്വാതന്ത്ര്യം (اختيار / Choice). അല്ലാഹു പറയുന്നു: “നിശ്ചയം, നാമവന് മാർഗം കാണിച്ചു കൊടുത്തു; ഒന്നുകിൽ അവൻ നന്ദിയുള്ളവനായിരിക്കും, അല്ലെങ്കിൽ നന്ദികേട് കാണിക്കുന്നവനായിരിക്കും” (76:3), മറ്റൊരിടത്ത് കാണാം: “നാം അവനു രണ്ടു വഴികളും കാണിച്ചുതന്നു”. (90:10).
നന്മയുടെയും തിന്മയുടെയും മാർഗരേഖകൾ വളരെ സ്പഷ്ടമായി മനുഷ്യനു ബോധ്യപ്പെടുത്തിയെന്നു സൂചിപ്പിക്കുന്ന സമാനാർത്ഥത്തിലുള്ള നിരവധി വിശുദ്ധ വാക്യങ്ങൾ ഖുർആനിൽ പലയിടങ്ങളിലും കാണാവുന്നതാണ്. അല്ലാഹു നൽകിയ ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയാണ് മനുഷ്യൻ നന്മ / തിന്മ ചെയ്യുന്നതെന്നാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസം. ചോയ്സ് ഉപയോഗിക്കാനുള്ള കഴിവ് നൽകിയത് അല്ലാഹുവാണെങ്കിലും, രണ്ടിലൊരു മാർഗം തെരെഞ്ഞെടുക്കുന്നതും അതുപ്രകാരം ജീവിതം ക്രമീകരിക്കുന്നതും ഓരോ വ്യക്തിയുമാണ്. അതിനനുസരിച്ചാണ് പിന്നീട് പാരത്രിക ലോകത്ത് സ്വർഗ-നരകങ്ങൾ തീരുമാനിക്കപ്പെടുന്നത്. നിർബന്ധിക്കപ്പെട്ടു ചെയ്യിക്കുന്നതാണെങ്കിൽ പ്രതിഫലത്തിനു പ്രസക്തിയുണ്ടാവില്ലല്ലോ.
മനുഷ്യ-ജിന്നു വർഗ്ഗത്തിന് മാത്രമുള്ള ഈ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം മലക്കുകൾക്ക് ഇല്ലാത്തത് കൊണ്ടാണ് അല്ലഹുവിന്റെ കല്പനകൾ മാത്രം ശിരസാവഹിച്ചിട്ടും ആ വിഭാഗത്തിന് സ്വർഗ പ്രവേശം ഇല്ലാതെ പോയത്.
ഏതൊരു കാര്യം ചെയ്യാൻ നാം തുനിഞ്ഞിറങ്ങുന്ന പക്ഷവും - അതൊരുപക്ഷേ, അനുവദിക്കപ്പെട്ട / നിഷിദ്ധമാക്കപ്പെട്ട കാര്യമായിരിക്കാം- തൊട്ടു മുമ്പ് ആ നിശ്ചിത കാര്യം ചെയ്യാനും അതിൽ നിന്ന് പിൻവലിയാനും നമുക്ക് സാധിക്കില്ലേ, നമ്മുടെ ഇച്ഛാശക്തിക്ക് വിരുദ്ധമായി ബലമായി അതിലേക്ക് തള്ളിവിടുന്ന ബാഹ്യ ശക്തിയൊന്നും അവിടെ പ്രവർത്തിക്കാറില്ലല്ലോ. അത് തന്നെയാണ് മനുഷ്യന് നല്കപ്പെട്ട ചോയ്സ് എന്നു പറയുന്നത്.
അതേസമയം, അല്ലാഹു കാലാതീതനാണ്. അവന്റെ അറിവുകളാവട്ടെ കാലാതീതവും. ഭൂതം/വർത്തമാനം/ഭാവി (ഇന്നലെ / ഇന്ന് / നാളെ) എന്നീ കാലസൂചകങ്ങൾ അല്ലാഹുവിനെയോ അവന്റെ അറിവിനേയോ ബാധിക്കുന്നില്ല. മനുഷ്യനാണെങ്കിൽ സർവ കാര്യങ്ങളും കാലബന്ധിതമായേ മനസ്സിലാക്കാനും ചെയ്യാനുമൊക്കുകയുള്ളു.
മനുഷ്യൻ തന്റെ സ്വ ഇഷ്ടപ്രകാരം (ഇഖ്തിയാർ) ഭാവിയിൽ എന്ത് തിരഞ്ഞെടുക്കുമെന്ന് അല്ലാഹുവിന് അനാദികാലം മുതലേ കൃത്യമായി അറിയും. നമുക്ക് 'നാളെ/ ഭാവി‘ എന്നത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഒന്നുതന്നെയാണ്. നമ്മുടെ പ്രവൃത്തികളെക്കുറിച്ചും തിരഞ്ഞെടുപ്പു രീതികളെക്കുറിച്ചും കൃത്യമായി അറിയുന്ന പടച്ചവൻ അതു ‘മുൻകൂട്ടി രേഖപ്പെടുത്തി’വെക്കുക മാത്രമാണ് ചെയ്തത്.
ആ ജ്ഞാനമാകട്ടെ മനുഷ്യന്റെ സ്വാതന്ത്ര്യത്തോട് ഒരു നിലക്കും വൈരുധ്യമാകുന്നില്ല തന്നെ. പക്ഷേ മനുഷ്യന്റെ പരിമിതമായ ബുദ്ധി കൊണ്ട്, മനസ്സിലാക്കുന്നിടത്തു വരുന്ന പ്രയാസം മാത്രമണിത്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റോൾ ചെയ്യപ്പെട്ട മൊബൈൽ ഫോണുകളിൽ, ഐയോസ് ഫീച്ചേഴ്‌സ് വർക്ക് ചെയ്യില്ലെന്നത് പുതിയ കാലത്ത് നമുക്ക് സുപരിചിതമാണല്ലോ. അതു പോലെയാണ്, അല്ലാഹുവിന്റെ അനാദിയായ അറിവിനെ (Foreknowledge), കാലബന്ധിതമായ നമ്മുടെ ബുദ്ധിക്കകത്തു നിന്നു കൊണ്ട് മനസ്സിലാക്കാൻ ശ്രമിക്കുന്നതും.
നമുക്ക് മനസ്സിലാകുന്ന രൂപത്തിൽ ഒരുദാഹരണം പറഞ്ഞാൽ: തന്റെ വിദ്യാർത്ഥികളുടെ പഠന നിലവാരത്തെക്കുറിച്ചു ശരിയായ ധാരണയുള്ള ഒരു അധ്യാപകൻ, പരീക്ഷയുടെ തലേ ദിവസം, ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പരീക്ഷാഫലം ഒരു കുറിപ്പിൽ രേഖപ്പെടുത്തിയെന്ന് വെക്കുക. വിജയിക്കുന്ന വിദ്യാർഥികളെയും തോൽക്കുന്ന വിദ്യാർത്ഥികളെയും പ്രത്യേകം അടയാളപ്പെടുത്തിവെക്കുകയും ചെയ്തു.
പരീക്ഷാ ഫലം വന്നപ്പോൾ അദ്ദേഹം കുറിച്ച് വെച്ചതു പോലെ തന്നെ വിദ്യാർത്ഥികളുടെ ജയപരാജയങ്ങൾ സംഭവിച്ചിരിക്കുന്നു. ഇതടിസ്ഥാനത്തിൽ, അദ്ദേഹം രേഖപ്പെടുത്തി വെച്ചത് കൊണ്ടാണ് വിദ്യാർത്ഥികളുടെ ജയ-പരാജയങ്ങൾ സംഭവിച്ചതെന്നു പറയാനൊക്കുമോ.
ഓരോ വിദ്യാർത്ഥിയെക്കുറിച്ചുമുള്ള അധ്യാപകന്റെ മുൻധാരണ കുട്ടികളുടെ പരീക്ഷായെഴുത്തിനെ ഒരുനിലക്കും ബാധിച്ചിട്ടില്ല തന്നെ.
ചുരുക്കത്തിൽ, അല്ലാഹുവിന് നമ്മുടെ തിരഞ്ഞെടുപ്പുകളെ കുറിച്ച് നേരത്തെ അറിയാം എന്നത് നമ്മെ അത് ചെയ്യാൻ നിർബന്ധിക്കുന്നു എന്നതിനർത്ഥമില്ല. നമ്മുടെ ഇഷ്ടപ്രകാരം നാം ചെയ്യുന്ന കാര്യങ്ങൾ അല്ലാഹുവിന്റെ അറിവിലും നിയന്ത്രണത്തിലും ഒതുങ്ങുന്നതാണ് എന്നതാണ് ഇസ്‌ലാമിലെ ഖദ്‌റിന്റെ സങ്കല്പം. അതുകൊണ്ട് നാം സ്വയം തിരഞ്ഞെടുക്കുന്ന കാര്യങ്ങൾ അവൻ രേഖപ്പെടുത്തി വെച്ചു എന്നത് നമ്മുടെ സ്വാതന്ത്ര്യത്തിന് എതിരാകുന്നില്ല.
കാര്യങ്ങൾ യഥാവിധി മനസ്സിലാക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ. സർവ്വകാര്യങ്ങളെ കുറിച്ചും ഏറ്റവും നന്നായി അറിയുന്നൻ അവൻ മാത്രമാകുന്നു.


