വിഷയം: ‍ സ്വർണക്കുറി

ജ്വല്ലറികളിലെ സ്വർണക്കുറിയിൽ കൂടുന്നതിന്റെ ഇസ്ലാമിക വിധി എന്ത്?

ചോദ്യകർത്താവ്

Farhana pp

Jun 24, 2026

CODE :Fin16346

അല്ലാഹുവിന്റെ തിരുനാമത്തിൽ, അവനാണ് സർവ്വ സ്തുതിയും. പ്രവാചകരുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ.

പല ജ്വല്ലറികളിലും നിലവിലുള്ള ഒരു തരം സമ്പാദ്യ പദ്ധതിയാണ് സ്വർണ്ണക്കുറി. ഇതിൽ ഉപഭോക്താക്കൾ ഓരോ മാസവും ഒരു നിശ്ചിത തുക അടച്ചുവരുന്നു. നിശ്ചിത കാലാവധി അവസാനിക്കുമ്പോൾ, അതുവരെ അടച്ച പണത്തിന് പകരമായി ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം വാങ്ങുകയാണ് ഇതിന്റെ രീതി.

ഇസ്ലാമിക ഫിഖ്ഹ് നിയമപ്രകാരം, ഇന്നത്തെ കറൺസികളെ 'നഖ്ദ്' (നാണയങ്ങൾ) അഥവാ വ്യാപക വിനിമയ മാധ്യമങ്ങളുടെ (جنس الإثمان غالبا) കൂട്ടത്തിലാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ, പണം കൊടുത്ത് സ്വർണ്ണം വാങ്ങുമ്പോൾ പ്രധാനമായും രണ്ട് നിബന്ധനകൾ പാലിക്കേണ്ടതുണ്ട്:

  1. തഖാബുള് : സ്വർണ്ണം വാങ്ങുമ്പോൾ പണവും സ്വർണ്ണവും ഇടപാട് നടക്കുന്ന സദസ്സ് പിരിയുന്നതിനു മുൻപ് തന്നെ പരസ്പരം കൈമാറിയിരിക്കണം.

  2. ഹുലൂൽ : ഇടപാട് ഉടനടിയുള്ളതായിരിക്കണം, അവധി നിശ്ചയിച്ചുള്ളതാകരുത്.

മാസമാസം പണമടച്ച്, പിന്നീട് എപ്പോഴോ സ്വർണ്ണം കൈപ്പറ്റുന്ന ഇത്തരം സ്വർണ്ണക്കുറികളിൽ മേൽപറഞ്ഞ നിബന്ധനകൾ പാലിക്കപ്പെടാത്തതുകൊണ്ട് തന്നെ, ഭൂരിഭാഗം പണ്ഡിതന്മാരും (ആലിമീങ്ങളും) ഈ ഇടപാടിനെ അസാധുവായി (ബാത്വിലായി) പരിഗണിക്കുന്നു.

എന്നാൽ, ആധുനിക കറൺസികൾ പഴയകാല നഖ്ദിന്റെ (സ്വർണ്ണ-വെള്ളി നാണയങ്ങളുടെ) പരിധിയിൽ പെടുന്നതല്ലെന്നും, അതിനാൽ മേൽപറഞ്ഞ കർശന നിബന്ധനകൾ ഇവിടെ ബാധകമല്ലെന്നും വാദിച്ചുകൊണ്ട് ഇത്തരം ഇടപാടുകൾ സാധുവാണെന്ന് അഭിപ്രായപ്പെടുന്ന മറുകക്ഷികളും ഉണ്ട്.

ഇത്തരം ശക്തമായ അഭിപ്രായവ്യത്യാസങ്ങളുള്ള കാര്യങ്ങളിൽ, സംശയമുള്ളതിനെ വെടിഞ്ഞ് സൂക്ഷ്മത (തഖ്‌വ) പാലിച്ചുകൊണ്ട് മാറിനിൽക്കലാണ് ഒരു മുഅ്മിനിന് ഏറ്റവും ഉചിതം.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥൻ തുണയ്ക്കട്ടെ. ആമീൻ.

ASK YOUR QUESTION

Voting Poll

Get Newsletter