രിഫാഈ റാത്തീബിന്റെ ഇസ്ലാമിക മാനമെന്ത്
ചോദ്യകർത്താവ്
sanoof
Aug 23, 2019
CODE :Aqe9412
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ദിനേനയോ ആഴ്ച തോറുമോ മാസാന്തമോ ഒക്കെ പതിവായി ചൊല്ലുപ്പെടുന്ന വിര്‍ദുകള്‍ക്കാണ് റാതിബ്, റാതിബത്ത്, റാത്തീബ് എന്നൊക്കെ പറയപ്പെടുന്നത്. ഫര്‍ള് നിസ്കാരങ്ങള്‍ക്ക് ശേഷം പതിവായി നിസ്കരിക്കുന്ന സുന്നത്ത് നിസ്കാരത്തിന് റാത്തിബത്ത് എന്നാണ് പറയുക. അത് പോലെ മാസം പൂര്‍ത്തിയാകുമ്പോള്‍ പതിവായി ലഭിക്കുന്ന ശമ്പളത്തിനും റാതിബ് എന്ന പദമാണ് ഉപയോഗിക്കുന്നത്.
ദീനിനെ നന്നായി മനസ്സിലാക്കകുയും അത് അക്ഷരം പ്രതി പാലിച്ച് ഇഖ്ലാസ്വോടെ കര്‍മ്മങ്ങളനുഷ്ഠിച്ച് ജീവിതം നേര്‍വഴിയില്‍ നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുമെന്നും തുടര്‍ന്ന് അവന്‍ അവരുടെ കൈകാലുകളും കണ്ണും കാതുമൊക്കെയാകുമെന്നും (സ്വഹീഹുല്‍ ബുഖാരി) ലദുന്നിയായ അറിവ് അവര്‍ക്ക് നല്‍കുമെന്നും (അബു നുഐം) അല്ലാഹുവിന്റെ റസൂല്‍ (സ്വ) അരുള്‍ ചെയ്തിട്ടുണ്ട്. മാത്രവുമല്ല നമ്മുടെ കാര്യത്തില്‍ കഠിനമായി പ്രയത്നിക്കുന്നവര്‍ക്ക് നമ്മുടെ വിവിധ വഴികളിലേക്ക് നാം മാര്‍ഗ ദര്‍ശനം ചെയ്യുമെന്ന് അല്ലാഹു തആലാ വിശുദ്ധ ഖുര്‍ആനില്‍ (സൂറത്തുല്‍ അൻകബൂത്ത്) വ്യക്തമാക്കിയിട്ടുണ്ട്. ഈ രീതിയില്‍ അനുഗ്രഹീതരായവരെയാണ് നാം ഔലിയാക്കള്‍ എന്നു വിളിക്കുന്നത്. സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിലെ മികവിനനുസരിച്ച് അല്ലാഹുവിങ്കല്‍ നിന്ന് സ്രേഷ്ഠമായ ഇല്‍ഹാമുകളും ലഭിച്ചു കൊണ്ടിരിക്കും (ഫതാവല്‍ ഇസ്സ്). അതു കൊണ്ട് തന്നെ പ്രസിദ്ധരായ പല ഔലിയാക്കളും വിശുദ്ധ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും തങ്ങളുടെ ആത്മീയ ഗുരുക്കളിൽ നിന്നും തങ്ങള്‍ക്ക് ലഭിച്ച ലദുന്നിയായ അറിവിൽ നിന്നും സല്‍ സ്വപ്ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലും മനസ്സിലാക്കുകയും പതിവാക്കുകയും തങ്ങളുടെ ശിഷ്യഗണങ്ങളോട് പതിവാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ള ഒരു പ്രത്യേക രീതിയില്‍ ക്രോഡീകൃതമായ ആയത്തുകളും ദിക്റുകളും സ്വലാത്തുകളും ദുആകളും അടങ്ങുന്ന വിര്‍ദുകളാണ് റാത്തീബുകള്‍.
ഇത്തരത്തിൽ, സുൽത്വാനുൽ ആരിഫീൻ എന്ന പേരിൽ അറിയപ്പെടുന്ന ശേഖ് അഹ്മദുൽ കബീർ അർരിഫാഈ (റ) എന്നവരുടെ ആത്മീയ പരമ്പരിയിൽ പ്രസിദ്ധമായ റാത്തീബാണ് രിഫാഈ റാത്തീബ്. ഇത് പല സ്ഥലങ്ങളിലും കുത്ത് റാത്തീബ് എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. ഈ റാതീബിനിടയിൽ ചില ആയുധാഭ്യാസങ്ങൾ നടത്തപ്പെടുന്നതിനാലാണ് ഇതിനെ കുത്ത് റാത്തീബ് എന്ന് വിളിക്കപ്പെടുന്നത്.
രിഫാഈ ശൈഖിന്റെ ആത്മീയ പിന്തുടർച്ചക്കാർ പല തരത്തിലുള്ള അത്ഭുതങ്ങളും അമാനുഷിക കാര്യങ്ങളും കാണിച്ചതായി വിവരിക്കപ്പെട്ടിട്ടുണ്ട്. ജീവനുള്ള പാമ്പിനെ തിന്നുക, തീച്ചൂളയിലേക്ക് നേരെ കയറിച്ചെന്ന് തീ കെടുത്തുക, ആളിക്കത്തുന്ന തീ കൊണ്ട് കളിക്കുക, സിംഹത്തിന്റെ പുറത്ത് കയറി യാത്ര ചെയ്യുക തുടങ്ങിയവ അതിൽ ചിലതാണ് (വഫിയ്യാത്തുൽ അഅ്യാൻ).
അല്ലാഹുവിന്റെ ഔലിയാക്കളിലൂടെ അല്ലാഹു അത്ഭുത സിദ്ധികൾ മാലോകർക്ക് കാണിച്ചു കൊടുക്കുന്നതാണല്ലോ കറാമത്ത്. ഇവിടേയും അതാണ് സംഭവിക്കുന്നത്. അത് മരണം ശേഷവും നില നിൽക്കും (ഫതാവാ റംലീ). രിഫാഈ ശൈഖിന് അല്ലാഹു നൽകിയ കറാമത്താണ് പിൽക്കാലത്ത് മഹാനവർകളുടെ ശിഷ്യരിലൂടെയും മറ്റും വെളിപ്പെടുന്നത്. ഇത് ചിലപ്പോൾ ശിഷ്യനിലൂടെത്തന്നെ ആകണമെന്നില്ല. ഏതെങ്കിലും ഫാസിഖിലൂടെയും കാഫിറിലൂടെ പോലും വെളിപ്പെടാം (ഫതാവൽ കുബ്റാ). ഇതിന് ഇസ്തിദ്റാജ് എന്ന് പറയപ്പെടുന്നു.
ശരീരത്തെ അപടകപ്പെടുത്തുന്ന കാര്യങ്ങൾ സാധാരണ ചെയ്യാൻ പാടില്ല. എന്നാൽ സാധാരണ അപകടം പിണയുന്ന കാര്യം തന്നെ കറാമത്ത് ആയ കാരണത്താലോ പ്രാക്റ്റീസ് കാരണമോ മറ്റോ അപകടമില്ലാതെ ചെയ്യാൻ ഒരാൾക്ക് സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുന്നതിന് വിരോധവുമില്ല. ഉദാഹരണത്തിന് വിഷം കഴിക്കൽ ഹറാമാണ്. കാരണം അത് ഉപദ്രവകരമാണ്. എന്നാൽ വിഷം കഴിക്കുന്നത് കൊണ്ട് തനിക്ക് ഒരു ഹാനിയും സംഭവിക്കില്ലെന്ന് ഉറപ്പുള്ളവർക്ക് അത് കഴിക്കുകയും ചെയ്യാം (തുഹ്ഫ). ഖാലിദു ബിൻ വലീദ് (റ) എന്നവർക്ക് ഹീറത്ത് എന്ന സ്ഥലത്ത് വെച്ച് വിഷം കൊണ്ട് വന്നു നൽകിയപ്പോൾ മഹാനവർകൾ അത് എടുത്ത് ബിസ്മി ചൊല്ലി കുടിച്ചെന്നും തന്മൂലം ഒന്നും സംഭവിച്ചില്ലെന്നും ചരിത്രത്തിൽ കാണാം (മുസ്വന്നഫ്). നമ്മുടെ നാട്ടിൽ പല പാമ്പു പിടുത്തക്കാരും പരസ്യമായി ലൈവായും പാമ്പിൻ വിഷം കുടിക്കുന്നത് പലപ്പോഴും നമുക്ക് കാണാം. അത്തരക്കാർക്ക് അതും കുടിക്കാം.
ചുരുക്കത്തിൽ രിഫാഈ ത്വരീഖത്ത് പിന്തുടരുന്നവർ നടത്തന്ന രിഫാഈ റാത്തീബ് ചൊല്ലുന്ന സമയത്ത് അതിൽ പങ്കെടുക്കുന്ന പലരും കാണിക്കുന്ന മാരകമായ ആയുധാഭ്യാസങ്ങൾ രിഫാഈ ശൈഖിന്റെ ആത്മീയ ശിഷ്യന്മാരിലൂടെ നിലനിന്നു പോരുന്ന കറാമത്തുളുടെ വളരേ ചെറിയ അംശങ്ങളാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതു കൊണ്ട് തന്നെ അത് ചെയ്യുന്നവരുടെ ജീവിതവും നിലവാരവും മാത്രം നോക്കി രിഫാഈ ശൈഖിനേയോ ആ റാത്തീബിനേയോ വിലകുറച്ച് കാണരുത്. കാരണം വലിയ്യിന്റെ കറാമത്ത് ഫാസിഖിലൂടെയും കാഫിറിലൂടെയും വെളിപ്പെടാം (അൽ ഇഖിതിസ്വാദ്).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.