സാധാരണ 8 ദിവസം ഹൈളുണ്ടാവാറുള്ള സ്ത്രീക്ക് അതിൽ കൂടുതൽ ദിവസം രക്തം കണ്ടാൽ ഇസ്തിഹാളത് ആണോ? അതോ 15 ദിവസത്തിൽ കൂടുതൽ രക്തം കണ്ടാൽ മാത്രമേ ഇസ്തിഹാളത് ആവുകയുള്ളൂ? ഇസ്തിഹാളത് ഉള്ളവൾക്ക് ഹലാലും ഹറാമും എന്തൊക്കെ എന്ന് വിശദീകരിക്കുമോ?
ചോദ്യകർത്താവ്
ഫായിസ
Apr 25, 2020
CODE :Fiq9731
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഇസ്തിഹാളത് എന്നാല്‍ ഹൈളിന്‍റെയും നിഫാസിന്‍റെയും സമയത്തല്ലാതെ പുറപ്പെടുന്ന രക്തമാണ്. അഥവാ, ഒമ്പത് വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് രക്തം കാണുക, അല്ലെങ്കില്‍ ഹൈള് പുറപ്പെടുന്ന വയസായ ശേഷം ഹൈള് പുറപ്പെട്ട സമയം ഹൈളിന്‍റെ ചുരുങ്ങിയ സമയമായ 24 മണിക്കൂറിനേക്കാള്‍ കുറയുക, അല്ലെങ്കില്‍ ഹൈളിന്‍റെ പരമാവധി സമയമായ 15 ദിവസത്തേക്കാള്‍ കൂടുക, അല്ലെങ്കില്‍ ഹൈള് കഴിഞ്ഞു ശുദ്ധിയുടെ ചുരുങ്ങിയ കാലയളവ് പൂര്‍ത്തിയാകുംമുമ്പ് വീണ്ടും രക്തം വരിക എന്നിവയൊക്കെയാണ് ഇസ്തിഹാളത് (രോഗരക്തം) ആയി പരിഗണിക്കപ്പെടുന്നത് (ഇആനതുത്വാലിബീന്‍ 1-127).
ചോദ്യത്തില്‍ ഹൈളിന്‍റെ പരമാവധി സമയം കഴിയുന്നതിന് മുമ്പാണല്ലോ രണ്ടാമതായും രക്തം കണ്ടത്. ആയതിനാല്‍ അത് ഹൈളായിട്ടാണ് പരിഗണിക്കപ്പെടുക.
രോഗരക്തക്കാരി നിത്യഅശുദ്ധിക്കാരിയാണ്. എങ്കിലും ഹൈളുകാരിക്കും നിഫാസുകാരിക്കും ഹറാമാകുന്ന കാര്യങ്ങളൊന്നും അവള്‍ക്ക് ഹറാമാവുകയില്ല. രക്തം പുറപ്പെടുമ്പോള്‍ തന്നെ നിസ്കരിക്കുകയും നോമ്പെടുക്കുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയുമൊക്കെ ചെയ്യാവുന്നതാണ്.
രോഗരക്തക്കാരി നിസ്കരിക്കാനുദ്ദേശിക്കുമ്പോള്‍ സമയം പ്രവേശിച്ച ശേഷം ഗുഹ്യസ്ഥാനം നജസില്‍ നിന്ന് ശുദ്ധിയാക്കി അവിടെ പഞ്ഞിവെച്ചുകെട്ടി രക്തം പുറത്തുവരാത്ത രീതിയില്‍ ബന്ധാക്കല്‍ നിര്‍ബന്ധമാണ്. കെട്ടില്‍ വീഴ്ച വരുത്താതെ നല്ല രീതിയില്‍ കെട്ടിയ ശേഷം പിന്നെയും രക്തം പുറത്തുവന്നാല്‍ അതുകൊണ്ട് കുഴപ്പമില്ല. കെട്ടിബന്ധാക്കിയ ശേഷം ഉടനെ വുളൂ ചെയ്ത് നിസ്കരിക്കണം. ഓരോ ഫര്‍ള് നിസ്കാരത്തനും ഇത് ചെയ്യേണ്ടതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.