വിഷയം: ഭർത്താവിന്റെ മാതാവിന്റെ സംരക്ഷണം
വിവാഹ ശേഷം ഭർത്താവിന്റെ മാതാവിനെ സംരക്ഷിച്ചു പരിപാലിക്കേണ്ടത് ഭാര്യയുടെ ഉത്തരവാദിത്തമാണോ? മതപരമായ വീക്ഷണം ഒന്നു വിശദീകരിച്ചാലും
ചോദ്യകർത്താവ്
Faisal
Aug 21, 2025
CODE :Par15356
അല്ലാഹുവിന്റെ തിരു നാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരു ദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ!
വിശ്രുത പണ്ഡിതൻ ഇമാം ഗസ്സാലി (റ) തന്റെ പ്രസിദ്ധമായ “അയ്യുഹൽ വലദ്” എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നു:
പടച്ചവൻ ഉത്തരം നൽകുമെന്നുറപ്പു നൽകിയ മൂന്ന് ദുആകളിലൊന്ന്, മാതാ പിതാക്കൾ മക്കൾക്കു വേണ്ടി ചെയ്യുന്ന പ്രാർത്ഥനയാണ്.
ഭൂമിയിൽ നമ്മുടെ ജീവിതത്തിന് ഹേതുകമായവരാണല്ലോ നമ്മുടെ മാതാപിതാക്കൾ. ഏറെ യാതനകളനുഭവിച്ച് പ്രസവിച്ചു പരിലാളിച്ചു വളർത്തിയ മാതാവും, പ്രയാസപ്പെട്ട് നമുക്ക് വേണ്ട ഭൗദ്ധിക സുഖ-സൗകര്യങ്ങളൊരുക്കിത്തന്ന പിതാവും ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അതു കൊണ്ട് തന്നെയാണ് വിശുദ്ധ ഇസ്‌ലാം മാതാപിതാക്കൾക്ക് അതിപ്രധാന സ്ഥാനവും അംഗീകാരവും നൽകിയത്. പുതു തലമുറ ഇരുവരെയേം ശരിയാംവിധം മനസ്സിലാക്കുന്നത് അവരുടെ വിയോഗത്തിന് ശേഷമാണെന്നത് ഒരു ദുഃഖ സത്യമാണ്.
മാതാപിതാക്കൾക്ക് ഗുണം ചെയ്യേണ്ടതിനെക്കുറിച്ചും അവരെ പരിചരിക്കേണ്ടതിനെ കുറിച്ചും വിശുദ്ധ ഖുർആനും തിരു ഹദീസും അനവധി സ്ഥലങ്ങളിൽ വിശ്വാസികളെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. ജനിച്ചു വീണ സമയം മുതൽ പക്വതയെത്തുന്നത് വരെ നമ്മെ വളർത്തിയ പോലെ, തിരിച്ചു അവരെയും സംരക്ഷിക്കേണ്ട ബാധ്യത (നിർബന്ധ കർമ്മം) മക്കളുടേതാണ്; വിശിഷ്യാ ആൺമക്കളുടെ ചുമതലയാണ്.
സ്നേഹവും പരിരക്ഷയും നൽകേണ്ട വാർദ്ധക്യ സമയം ഉത്തരവാദിത്തം പതിന്മടങ്ങായി വർദ്ധിക്കുന്നു.
ഖുർആനിൽ വന്ന
ربّ ارحمهما كما ربّياني صغارا
(ചെറുപ്പത്തിൽ എന്നോട് കരുണ ചെയ്തത് പോലെ, നാഥാ നീ അവരോടും കരുണ ചെയ്യണേ) എന്ന നിർബന്ധ പ്രാർത്ഥന പതിവാക്കുന്നതോടൊപ്പം മാതാപിതാക്കൾക്ക് വേണ്ട രീതിയിലുള്ള സ്നേഹവും പരിഗണനയും നൽകുന്നുണ്ടോ എന്നുകൂടി നാം പരിചിന്തനം നടത്തണം. അവരെ മാനസികമായി പ്രയാസപ്പെടുത്തുന്ന ചെറു പ്രവൃത്തി പോലും നമ്മിൽ നിന്നുണ്ടാവാൻ പാടില്ല തന്നെ.
رضا الله في رضا الوالدين
(മാതാപിതാക്കളുടെ പെരുത്തത്തിലാണ് നാഥന്റെ പൊരുത്തം) എന്നാണ് നബി (സ്വ) വചനം.
അതേസമയം, തന്റെ ഭർത്താവിന്റെ മാതാപിതാക്കളെ ശ്രുശ്രൂഷിക്കേണ്ടതോ അവർക്ക് വേണ്ട പരിചരണം നൽകേണ്ടതോ, കർമ്മ ശാസ്ത്ര പരമായി ഭാര്യയുടെ ഉത്തരവാദിത്തമോ നിർബന്ധ കാര്യമോ അല്ല. ഭർത്താവിന് ജോലിയാവശ്യാർത്ഥം പുറത്ത് പോകേണ്ടി വരികയും, ഭർത്താവിന്റെ മാതാപിതാക്കളെ പരിചരിക്കാൻ ഭാര്യ അസൗകര്യം അറിയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വേതനത്തിന് മറ്റു സേവകരെ നിശ്ചയിക്കൽ ഭർത്താവിന് നിർബന്ധമാണെന്നതാണ് ഫിഖ്ഹ് പറഞ്ഞു വെക്കുന്നത്. എന്നിരുന്നാലും സ്വന്തം മാതാപിതാക്കളെപ്പോലെ ഭർത്താവിന്റെ മാതാപിതാക്കളെ പരിചരിക്കലും അവരെ സംരക്ഷിക്കലും കുടുംബത്തിനകത്തെ സന്തോഷത്തിനും ആത്മ നിർവൃതിക്കും നിമിത്തമാവുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭാര്യാഭർത്താക്കൾ ഇങ്ങനെ പരസ്പരം സ്നേഹം കൈമാറ്റം ചെയ്യുമ്പോഴേ, ഇത് കണ്ടു വളരുന്ന നമ്മുടെ മക്കളിലും പിൽക്കാലത്ത് നമ്മെ സംരക്ഷിക്കണമെന്ന ചിന്ത ഉണ്ടാവുകയുള്ളൂ.
മാതാ പിതാക്കളുടെ ഇഷ്ടത്തിലായി ജീവിക്കാനും മരണ സമയം അവരുടെ പൊരുത്തത്തിലായി മരണപ്പെടാനും നാഥൻ നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ ആമീൻ


